Wednesday, June 26, 2024

വികസനവും ക്ഷേമവും കയ്യൊഴിഞ്ഞ് ഇന്ത്യ©ഡോ. പി എസ്‌ ശ്രീകല


 

വികസനമെന്നാൽ മനുഷ്യ ജീവിതത്തിനുണ്ടാകുന്ന പുരോഗതിയാണ് എന്നറിയാതെയല്ല ഇന്ത്യയുടെ ഭരണാധികാരികൾ കാലങ്ങളായി വികസനത്തെക്കുറിച്ച് വാചാലരാകുന്നത്. മാനവവികസന സൂചികയിൽ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്ഥാനം മറച്ചുവച്ചു കൊണ്ടാണ് രാജ്യം വികസിക്കുന്നുവെന്ന വാദം ഉയർത്തുന്നത്.

അസമത്വം വർദ്ധിക്കുകയാണെന്ന് 1922 മുതൽ 2023 വരെയുള്ള നൂറു വർഷത്തെ സ്ഥിതിവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠന റിപ്പോർട്ട് പറയുന്നു. (വേൾഡ് ഇനിക്വാലിറ്റി ലാബ് -മാർച്ച് 2024). വരുമാനവും സ്വത്തും ആസ്പദമാക്കി നടത്തിയ പഠന റിപ്പോർട്ടാണിത്. മനുഷ്യ വിഭവ ശേഷിയുടെ ശരിയായ വിനിയോഗവും പൗരരുടെ ക്ഷേമവും പ്രധാന അജൻഡയായി ഭരണാധികാരികൾ കാണേണ്ടതുണ്ടെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ കേവലം 15% മാത്രമാണ് താഴെ തട്ടിലുള്ള 50% ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നത്. 2022‐-23ലെ സ്ഥിതിയാണിത്. അതിസമ്പന്നരായ 1% ഇന്ത്യക്കാർ ശരാശരി 5.3 ദശലക്ഷംരൂപ വരുമാനമുള്ളവരാണ്. ഇത് ദേശീയ ശരാശരിയെക്കാൾ 23 ഇരട്ടി കൂടുതലാണ്. താഴെത്തട്ടിലുള്ള 50% പേരുടെയും ഇടത്തട്ടിലുള്ള 40% പേരുടെയും വരുമാനം യഥാക്രമം 71,000 രൂപയും 1,65,000 രൂപയുമാണ്. 92 കോടി വരുന്ന പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ ഏറ്റവും മേൽത്തട്ടിലുള്ള 10000 സമ്പന്നരുടെ വരുമാനം 48 കോടി രൂപയാണ്. ഇത് ദേശീയ ശരാശരിയെക്കാൾ 2069 ഇരട്ടിയാണ്.!

ഐക്യരാഷ്ട്രസഭ 2022 ൽ പ്രസിദ്ധീകരിച്ച മാനവവികസന റിപ്പോർട്ടിൽ 192 രാജ്യങ്ങളുടെ പട്ടികയിൽ 134‐ാം സ്ഥാനത്താണ് ഇന്ത്യ. 1990 മുതൽ 2022 വരെയുള്ള മാനവവികസനസൂചിക പരിശോധിച്ചാൽ കേവലം 0.434 മാത്രമാണ് സൂചികയിൽ ഇന്ത്യയുടെ വളർച്ച. ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങളെക്കാൾ പുറകിലാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം. മ്യാന്മാർ, ഘാന, അംഗോള, കെനിയ, കോംഗോ എന്നീ രാജ്യങ്ങൾക്കൊപ്പവുമാണ് നമ്മുടെ രാജ്യത്തിന്റെ നില.

മേല്പറഞ്ഞ റിപ്പോർട്ടുകളിലെ സ്ഥാനം ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തിലേക്കുള്ള നേർസൂചനയാണ്. ഈ അസമത്വമാകട്ടെ മനുഷ്യവികസനത്തിനു തടസ്സമാകുന്ന പ്രധാന ഘടകവുമാണ്. ലിംഗപരമായ അസമത്വത്തിൽ 108 ആം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. തൊഴിൽപങ്കാളിത്തത്തിലെ സ്ത്രീ -പുരുഷ അനുപാതത്തിൽ ലോകത്ത് ഏറ്റവും മോശമായ സ്ഥിതിയിലാണ് രാജ്യം – പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തം 76.1% ആയിരിക്കവേ, സ്ത്രീകളുടേത് കേവലം 28.3% മാത്രമാണ്.

മാനവവികസന സൂചികയിൽ ഏറ്റവും മുകളിലും താഴെയും ഉൾപ്പെടുന്ന രാജ്യങ്ങൾ തമ്മിലുള്ള അന്തരവും 2020 മുതൽ വർദ്ധിച്ചുവരികയാണ്. സമ്പത്തിന്റെ കേന്ദ്രീകരണമാണ് ഇതിനു പ്രധാന കാരണം. ആഗോള വ്യാപാരത്തിന്റെ 40 ശതമാനവും രണ്ടോ മൂന്നോ രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം, 2021ൽ സാങ്കേതിക വിദ്യയിൽ ഊന്നുന്ന മൂന്ന് വൻകിട കമ്പനികളിൽ ഓരോന്നിന്റെയും കമ്പോളമൂല്യം 90% രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തെക്കാൾ കൂടുതലായിരുന്നു എന്നതാണ്.

വരുമാനത്തിൽ നിലനിൽക്കുന്ന ഇപ്പറഞ്ഞ അന്തരങ്ങൾ ഉപഭോഗത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തിൽ പ്രതികൂലമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും മുകൾതട്ടിലുള്ള 10% പേർ തമ്മിലുള്ള അന്തരം തന്നെയും വളരെ വലുതാണ്. 2014 മുതൽ 2022 വരെയുള്ള സ്ഥിതി പരിശോധിക്കുമ്പോൾ കാണുന്നത്, ഇടത്തട്ടിലുള്ളവരുടെ വളർച്ചയിൽ കുറവ് വരുന്നുവെന്നാണ്. അതേസമയം, ഏറ്റവും മേൽത്തട്ടിലും മേലെയുള്ളവരുടെ വരുമാനത്തിൽ വർധന കാണുകയും ചെയ്യുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം ശക്തമാകുകയാണ് എന്നർത്ഥം. ഇതിലൂടെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വർദ്ധിക്കുകയാണ്.

അതോടൊപ്പം, ഇന്ത്യയുടെ ഗാർഹിക കടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 40 % ആയി ഉയർന്ന് സർവകാല റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, സമ്പാദ്യം (savings) മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കേവലം 5.2% ആയി മുങ്ങിത്താണിരിക്കുന്നു (2023 ഡിസംബർ). സ്വതന്ത്ര ഇന്ത്യയിൽ ഇത്തരമൊരു സ്ഥിതിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.

താഴ്ന്ന മാനവ വികസനം, ഉയർന്ന അസമത്വം, താഴ്ന്ന സമ്പാദ്യം, ഉയർന്ന തോതിലുള്ള കടം തുടങ്ങി അപകടകരവും ആശങ്കാജനകവുമായ സ്ഥിതിവിശേഷത്തിലാണ് രാജ്യം നിലകൊള്ളുന്നത്. വികസനത്തെ സംബന്ധിക്കുന്ന വികലമായ കാഴ്ചപ്പാടും സാമ്പത്തിക വിതരണം സംബന്ധിക്കുന്ന തലകീഴായ സമീപനവും അവസാനിപ്പിച്ചേ മതിയാവൂ. ♦

(ആധാരം: ഐക്യരാഷ്ട്ര സഭാ റിപ്പോർട്ടുകൾ, Giving primacy to human development by M Suresh Babu, The Hindu, May 9, 2024)



No comments:

Post a Comment