Sunday, June 23, 2024

ഉയരാം ഒത്തുചേർന്ന് ... കരുതലിൻ്റെ നാളുകളിലൂടെ..

നവകേരള നിര്‍മ്മിതിക്കായി കാലാനുസൃത വികസന പദ്ധതികളുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ ചേര്‍ത്തുപിടിച്ച നാളുകളാണിത്.
വിദ്യാഭ്യാസ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച സമഗ്ര ഇടപെടലുകളും ക്ഷേമ-വികസന-തൊഴില്‍ പദ്ധതികളും എല്ലാവര്‍ക്കും മികച്ച നിലയില്‍ലഭ്യമാക്കിയ 3 വര്‍ഷങ്ങളാണ് മന്ത്രിയെന്ന നിലയിൽ പൂര്‍ത്തിയാക്കിയത്. 
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം പട്ടികജാതി-
പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് നല്‍കിയ വികസനത്തിന്റെയും, കരുതലിന്റെയും അടയാളപ്പെടുത്തലുകള്‍ സമസ്ത മേഖലയിലും കാണാം. "ഉയരാം ഒത്തുചേര്‍ന്ന്" എന്ന മുദ്രാവാക്യത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത്പിടിച്ച് ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ സര്‍ക്കാര്‍.  

ഭൂമി വിതരണം 

സ്വന്തമായി ഭൂമിയും, വീടും എന്നത് ഓരോ കുടുംബങ്ങളുടെയും അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. 2026 നകം എല്ലാ ഭൂരഹിത ഭവനരഹിത പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഭൂമിയും, വീടും നല്‍കുന്നതിനുള്ള പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കി. വകുപ്പിന്റെ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിന് രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി. ഈ സര്‍ക്കാര്‍ 3 വര്‍ഷം കൊണ്ട് 11,358 പട്ടികജാതിക്കാര്‍ക്ക് 607 ഏക്കര്‍ ഭൂമി നല്‍കി.
ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം  8278 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 4138 ഏക്കര്‍ ഭൂമി 8 വര്‍ഷം കൊണ്ട് വിതരണം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ 3 വര്‍ഷം കൊണ്ട് ഇതുവരെ 3717 കുടുംബങ്ങള്‍ക്കായി 4247.42 ഏക്കര്‍ ഭൂമി നല്‍കി. തിരുവനന്തപുരം ജില്ലയിലെ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും വിവിധ പദ്ധതികളിലൂടെ ഭൂമി നല്‍കി. എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി.

എല്ലാവര്‍ക്കും ഭൂമി 

എല്ലാവര്‍ക്കും സ്വന്തമായി ഭൂമി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55 ല്‍ നിന്നും 70 ആക്കി ഉയര്‍ത്തുകയും, വരുമാന പരിധി 50,000/- ല്‍ നിന്നും 1,00,000/- രൂപയായി ഉയര്‍ത്തുകയും ചെയ്തു.  അരുന്ധതീയര്‍, ചക്ലിയന്‍, നായാടി, കളളാടി, വേടന്‍ എന്നീ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭൂമിക്കൊപ്പം പാര്‍പ്പിടമൊരുക്കാന്‍ 7.5 ലക്ഷം രൂപ വരെ
നല്‍കുന്നുണ്ട്. തൊഴില്‍ സംരംഭത്തിന് 5 ലക്ഷം രൂപവരെയും നല്‍കുന്നുണ്ട്.

'സ്വന്തം ഭൂമി' എല്ലാ അര്‍ത്ഥത്തിലും 

ഭവന നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി സര്‍ക്കാര്‍ അനുമതിയോടെ പണയപ്പെടുത്താനുള്ള അനുമതി നല്‍കി. 
ഇതിനുപുറമേ ഭൂരഹിത പുനരധിവാസ പദ്ധതി ചൂഷണരഹിതവും, സുതാര്യവുമായി നടപ്പാക്കാന്‍ കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ഭവന നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമി കൈവശമുള്ള ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി പുതിയ ഭൂമിക്ക് അര്‍ഹതയുണ്ടായിരിക്കും. വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഗുണഭോക്താവിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ നേരിട്ട് പരിശോധിച്ച് മനസ്സിലാക്കണം. 
പ്രസ്തുത ഭുമി ഭവന നിര്‍മ്മാണത്തിന് അനുയോജ്യമാണെന്നും, നിലം, ഡാറ്റാ ബാങ്ക് എന്നിവയില്‍ ഉള്‍പ്പെട്ടതോ, പാറക്കെട്ട്/വെള്ളക്കെട്ടുള്ള ഭൂമി, സര്‍ക്കാര്‍ ഭൂമി പദ്ധതികള്‍ക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്‍ഞാപനം ചെയ്ത ഭൂമി എന്നിവയില്‍ ഉള്‍പ്പെട്ടതോ, റെയില്‍വേ, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമി അല്ല എന്നും ഉറപ്പ് വരുത്തേണ്ടത്
നിര്‍വഹണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്.  ഭൂമി രജിസ്റ്റര്‍ ചെയ്ത് കരമടച്ച് പേരിലാക്കുന്നതുവരെ നിര്‍വഹണ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമുണ്ടാകണ മെന്നതും ഉറപ്പാക്കി. 

ഭവന പദ്ധതിക്കൊരു ലൈഫ് 

പട്ടികവിഭാഗക്കാരുടെ ഭവന നിര്‍മ്മാണത്തിനായി 418 കോടി രൂപ
2021-22 ല്‍ ലൈഫ്മിഷന് കൈമാറി.  2022-23 ല്‍ പട്ടികജാതി വികസന വകുപ്പ് 300 കോടി രൂപയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 140 കോടി രൂപയും ലൈഫ് മിഷന് കൈമാറി. ഇവരുടെ ഭവന നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി തുടരുന്നു. ഇതിനുപുറമെ അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരുടെ ഭവന
നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ഇടപെടലും നടത്തിവരുന്നു.
2023-24 ലും 220കോടി രൂപ കൈമാറി. 2024-25 ല്‍ 440കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ 3 വര്‍ഷത്തിനിടെ 30,117 പട്ടികജാതി കുടുംബങ്ങള്‍ക്കും, 4811 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ലൈഫില്‍ വീട് പൂര്‍ത്തിയാക്കി വരുന്നു. 
പട്ടികജാതി വിഭാഗത്തില്‍ 98,317 വും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 39,998 വീടുകളും പൂര്‍ത്തിയായി. ഇതിനുപുറമേ ട്രൈബല്‍ പുനരധിവാസ മിഷന്‍ 1806 വീടുകളുമടക്കം ആകെ 1,40.121 വീടുകള്‍ 8 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. ട്രൈബല്‍ പുനരധിവാസ മിഷനില്‍ 742 വീടുകള്‍ പൂര്‍ത്തിയാക്കിയതും 296 വീടുകള്‍ അനുവദിച്ചതും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്.
 
പുതുമോടിയുടെ പുഞ്ചിരിയില്‍
 17,829 വീടുകള്‍

സാങ്കേതികമായി മാത്രം പൂര്‍ത്തീകരിക്കപ്പെട്ടതും, എന്നാല്‍ അടച്ചുറപ്പും,
പൂര്‍ണ്ണ സുരക്ഷിതത്വവും ഇല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം ജനങ്ങളുടെ വീടുകളെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് സേഫ്. മേല്‍ക്കൂര ബലപ്പെടുത്തല്‍, പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, വയറിങ് എന്നിവ പൂര്‍ത്തീകരിച്ച് വീട് പൂര്‍ണ്ണമായും വാസയോഗ്യമാക്കുവാന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. രണ്ടാം പിണറായി സര്‍ക്കാരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് സേഫ്. ഈ പദ്ധതി നടപ്പില്‍ വരുത്തി രണ്ടുവര്‍ഷം കൊണ്ട് 17,829 ഭവനങ്ങള്‍ പൂര്‍ത്തി യാക്കുവാന്‍ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്. 

പഠനമുറി 

നിലവില്‍ 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന പഠനമുറി പദ്ധതി 5 മുതല്‍ 7-ാം ക്ലാസ് വരെയുള്ള
വിദ്യാര്‍ത്ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും കൂടി
ഉള്‍പ്പെടുത്തി വിപൂലീകരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം മാത്രം 5000
വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി അനുവദിച്ചു. മൂന്ന് വര്‍ഷത്തിനിടെ 9811 പഠനമുറികള്‍ പൂര്‍ത്തീകരിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി 364 സാമൂഹ്യ പഠനമുറികളും ഇതുവരെ പൂര്‍ത്തീകരിച്ചു.

മണികിലുക്കി മണിതൂക്കി ഊര്

ആദിവാസി ഊരിലെ തൊഴില്‍രഹിതരായ നാല്‍പ്പതോളം പേരെ സംരംഭകരാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പും, കേരള സര്‍വകലാശാലയും, തിരുവനന്തപുരം വിതുര മണിതൂക്കി ഊരില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതി നടപ്പാക്കി. തൊഴില്‍രഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഊരിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാല്പത് പേര്‍ക്ക് പരിശീലനം നല്‍കി സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചു. ബാംബു ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, സുവനീറുകള്‍ എന്നിവയാണ് നിര്‍മ്മിക്കുക. വിപണനവും, മറ്റ് സാങ്കേതിക സഹായങ്ങളും കേരള സര്‍വകലാശാല ലഭ്യമാക്കുന്നു. സമാന പദ്ധതികള്‍ മറ്റു ഊരുകളിലും പരിഗണിച്ച് വരികയാണ്.

എ ബി സി ഡി പദ്ധതി 

ആധികാരിക രേഖകള്‍ സുരക്ഷിതമാക്കി 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ ഒരു പ്രധാന പദ്ധതിയാണ് എ.ബി.സി.ഡി. (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍). പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വിദ്യാഭ്യാസ രേഖകള്‍, കൈവശ രേഖ,
പെന്‍ഷന്‍ രേഖ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ ആധികാരിക രേഖകള്‍ എക്കാലത്തേക്കുമായി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയും, വിവിധ കാരണങ്ങളാല്‍ മതിയായ ആധികാരിക രേഖകല്‍ ഇല്ലാത്തവര്‍ക്കും രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രേഖകള്‍ അനുവദിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയാക്കി. മറ്റു ജില്ലകളില്‍ പദ്ധതി ദ്രുതഗതിയില്‍ തുടര്‍ന്നു വരുന്നു. ബഹു. രാഷ്ട്രപതി ദ്രൗപതി 
മുര്‍മുവാണ് തിരുവനന്തപുരത്ത് എ.ബി.സി.ഡി പദ്ധതി ഉദ്ഘാടനം ചെയ്തത്.
 
തൊഴിലും പരിശീലനവും ഉറപ്പാക്കി 
കോരള എംപവര്‍മെന്റ് സൊസൈറ്റി 
ട്രേസ് (TRACE- Training for Career Excellence)
ജ്വാല (JWALA – Justice Welfare And Legal Assistance) 

യുവജനങ്ങളെ ഒരേസമയം തൊഴില്‍ സംരംഭകരും, തൊഴില്‍ ദാതാക്കളുമാക്കാന്‍ ഉന്നതി കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപീകരിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, നവ സംരംഭങ്ങള്‍, നിര്‍മ്മാണ സേവന പദ്ധതികള്‍ തുടങ്ങി എല്ലാത്തരം സംരംഭങ്ങളും എംപവര്‍മെന്റ് സൊസൈറ്റികളിലൂടെ ആരംഭിച്ചു വരുന്നു. 
പട്ടികവിഭാഗത്തില്‍ നിന്നുളള പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ ഹോണറേറിയത്തോടെ തൊഴില്‍ പരിശീലനം നല്‍കുന്ന നൂതന പദ്ധതിയാണ് ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്). സിവില്‍ എ‍ഞ്ചിനീയറിംഗ്/ഡിപ്ലോമ പാസ്സായ 500 പട്ടികവിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി. പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ 250പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഹോണറേറിയത്തോടെ ആശുപത്രികളില്‍ നിയമിച്ചു. 5 ജില്ലകളില്‍ പട്ടികജാതിക്കാര്‍ക്കും പാരാമെഡിക്കല്‍ മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കി വരുന്നു.
MSWയോഗ്യതയുള്ള 60 പട്ടികജാതി വിഭാഗക്കാരെ പട്ടികജാതി വികസന വകുപ്പിലും 54 പേരെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിലും സോഷ്യല്‍
വര്‍ക്കര്‍മാരായി നിയമുച്ചു.
പട്ടികജാതി വിഭാഗത്തില്‍ 1216 പേരെയും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 1182 പേരെയും ചേര്‍ത്ത് ആകെ 2398 പ്രമോട്ടര്‍മാരെ തദ്ദേശ സ്ഥാപനാടി സ്ഥാനത്തില്‍ നിയമിച്ചു. ഇതിനു പുറമേ 380 പേരെ മാനേജ്മെന്റ് ട്രെയിനികളായും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ തദ്ദേശ സ്ഥാപനങ്ങളിലുമായി നിയമിച്ചു. നിയമ ബിരുദം നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ യുവതീ യുവാക്കളെ അഡ്വക്കേറ്റ് ജനറല്‍, ഗവ.പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരുടെ ഓഫീസുകളിലും, സ്പെഷ്യല്‍ കോടതികളിലും, ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലും പരിശീലനത്തിന് നിയമിച്ചു. തൊഴില്‍ വൈദഗ്ധ്യത്തിനൊപ്പം പട്ടിക വിഭാഗക്കാര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് ജ്വാല (ജസ്റ്റീസ് വെല്‍ഫയര്‍ & ലീഗല്‍ അസിസ്റ്റന്റ്സ്) എന്ന പദ്ധതി ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 87 പേരും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 25 പേരും ഉള്‍പ്പെടെ 112
പേര്‍ ജ്വാലയെ സജീവമാക്കുന്നു.

ചരിത്രം തിരുത്തിയ നിയമനം
വനം കാക്കാന്‍ 500 വനാശ്രിതര്‍ 

‌പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനാശ്രിതരായ 500 പേര്‍ക്ക് പ്രത്യേക നിയമന നടപടികള്‍ സ്വീകരിച്ച് PSC വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നടത്തി.  ഇവരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 പേര്‍ (372 പുരുഷന്മാര്‍, 88 വനിതകള്‍) ഫെബ്രുവരി 11 ന് പാസിംഗ് ഔട്ട് നടത്തി.
ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ സമയത്ത് തദ്ദേശവാസികളായ 500 പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. ആദിവാസികളെ സ്വയംപര്യാപ്ത രാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. തൊഴിലും, വരുമാനവും ഉണ്ടാക്കി കൊടുക്കുന്നതു വഴി സുസ്ഥിര വികസനത്തി ലേക്ക് ഇവരെ നയിക്കാനാകും.

IIT യിലും IIM ലും സ്കോളര്‍ഷിപ്പ് 

മുന്‍കൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ SC-ST 
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി.  വിദൂര ഓണ്‍ലൈന്‍/പാര്‍ടൈം/ ഈവനിംഗ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും നടപ്പിലാക്കി. രണ്ടര ലക്ഷത്തിനു മേല്‍ വരുമാനമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് നിഷേധിച്ചപ്പോള്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.‌
IIM, IIT, NIFT ഉള്‍പ്പെടെയുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും CA, ICWA, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകള്‍ക്കും കല്‍പ്പിത
സര്‍വകലാശാലകളിലും സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല കളിലും വൊക്കേഷണല്‍ ട്രെയിനിംഗ് സ്ഥാപനങ്ങളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും മെറിറ്റ്, റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കുകൂടി സ്കോളര്‍ഷിപ്പ് ലഭ്യമാക്കി മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ചു
.
വിദേശ വിദ്യാഭ്യാസം
ഇതുവരെ പറന്നത് 696 പേര്‍ 

ലോകത്തിന്റെ ഏതുകോണിലുമുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും, അവസരങ്ങളും,പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥി
കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പി.ജി പഠനത്തിന് പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വരെയും ഗ്രാന്റ് നല്‍കും.  കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 3 സ്ലാബുകളായി തിരിച്ചാണ് പഠനസഹായം നല്‍കുക. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 25 ലക്ഷം രൂപ വരെയും, 12 മുതല്‍ 20  ലക്ഷം വരെയുള്ളവര്‍ക്ക് 15 ലക്ഷവും, വിസ, ടിക്കറ്റ്, ചെലവും നല്‍കും. 20 ലക്ഷത്തിനു മേല്‍ 15 ലക്ഷവും നല്‍കും. 
619 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 41 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും 36 പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 696 കുട്ടികള്‍ക്ക് വിദേശ
സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി. ഓരോ
വര്‍ഷവും 310 പേര്‍ക്ക് വീതം വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കി
ഒഡേപെക് വഴി വിദേശത്തേക്ക് അയക്കും. ആദ്യവര്‍ഷങ്ങളില്‍ പോയ പലര്‍ക്കും വിദേശത്ത് തൊഴിലും, സ്ഥിര താമസ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. 

സിവില്‍ സര്‍വ്വീസ് പരിശീലനം 

പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിലേയ്ക്ക് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ പദ്ധതി പുനക്രമീകരിച്ചു.
സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖീകരിക്കുന്നതിനുമായുള്ള എല്ലാ ചെലവുകളും പട്ടികജാതി പട്ടികവര്‍ഗ്ഗ വികനസ വകുപ്പുകള്‍ വഹിക്കും.

വിദ്യാവാഹിനി

പട്ടികവര്‍ഗ്ഗ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പു വരുത്തുന്നതിനും, കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമായുള്ള വിദ്യാവാഹിനി പദ്ധതി  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്നു.
വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിന്ന് സ്കൂളുകളിലേയ്ക്കും, തിരികെ വീടുകളിലും എത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
പട്ടികവര്‍ഗ്ഗക്കാരുടെ ഉടമസ്ഥതയിലുള്ള വാഹനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി യതു വഴി അവര്‍ക്ക് തൊഴിലും ഉറപ്പാക്കി.
100 അധിക തൊഴില്‍ദിനങ്ങള്‍ ട്രൈബല്‍ പ്ലസ് 
‌തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ക്ക് പുറമേ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 100 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി ബജറ്റില്‍ തുക വകയിരുത്തി അനുവദിച്ചു. 8 വര്‍ഷം കൊണ്ട് 53,18,521 തൊഴില്‍ ദിനങ്ങളാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി അധികമായി സൃഷ്ടിച്ചത്.

ആകാശ വീഥികളിലേക്ക് 
കേരളത്തിന്റെ വിങ്സ്
    
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് ചേരുന്നവരില്‍ നിന്ന് തെരഞ്ഞെടുക്ക പ്പെടുന്ന 6 പേര്‍ക്കാണ് വിംഗ്സ് പദ്ധതിയിലൂടെ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 3 എസ്.സി., 2 എസ്.ടി., 1ഒ.ഇ.സി. കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 33 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നല്‍കും. നിലവില്‍ 2 ബാച്ചുകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി. CPL ലൈസന്‍സിന് ശേഷം ഡബിള്‍ എഞ്ചിന്‍ പരിശീലനത്തിനും 6 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്.
ഇതിന് പുറമേ 150 പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ലൈന്‍ മാനേജ്മെന്റ്  കോഴ്സുകളില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കി. ക്യാബിന് ക്രൂ. സപ്ലൈ ചെയിന്‍ & ട്രാന്‍സ്പോര്‍ട്ടേഷന്‍, മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ എന്നീ കോഴ്സുകളിലും പരിശീലനം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു. 

രാജ്യത്തിന് മാതൃകയായി 
എം. ആര്‍.എസ്

പട്ടികജാതി വകുപ്പിന്റെ 9 എം.ആര്‍.എസുകളിലും, പട്ടികവര്‍ഗ്ഗ വകുപ്പിന്റെ 17 എം.ആര്‍.എസുകളിലുമായി 872 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം SSLC പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചു. 42 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ 15 ഉം, പട്ടികജാതി വകുപ്പിന്റെ 7 ഉം  എം.ആര്‍.എസുകളിലായി 1256 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതിയതില്‍ 1074 പേര്‍ വിജയിച്ചു. 29 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു.
ഹെല്‍ത്ത് കാര്‍ഡ് 
സംസ്ഥാനത്തിലെ എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ആവിഷ്കരിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പദ്ധതി അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹാരം കാണുന്നതിന് സഹായകരമാണ്.

ചലചിത്ര ക്യാമ്പ് 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര പഠനക്യാമ്പ്  സംഘടിപ്പിച്ചു വരുന്നു. അഭിനയം, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി സിനിമകളുടെ സമസ്ത മേഖലകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്ന വിധത്തിലാണ് ക്യാമ്പ് ക്രമീകരിച്ചത്. ഇതിനുപുറമെ എല്ലാ MRS കളിലും വിദ്യാര്‍ത്ഥികളുടെ കലാ-സാംസ്കാരിക- വിദ്യാഭ്യാസ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉന്നതി സ്റ്റുഡന്‍സ് ക്ലബ്ബും രൂപീകരിച്ചിട്ടുണ്ട്.

മുഖാമുഖം 

സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലോകപരിചയം കിട്ടുന്നതിനായി പ്രശസ്ത വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മുഖാമുഖ പദ്ധതി ആരംഭിച്ചു. യു.എന്‍.ഡി.പിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി, IAS/IPS ഓഫീസര്‍മാര്‍ വിവിധ മുഖാമുഖങ്ങളില്‍ പങ്കെടുത്തു. 
ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുവാനും, അവര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കുവാനും മുഖാമുഖം വളരെ പ്രയോജനകരമാകുന്നു.

അട്ടപ്പാടി അഗളിയിലും, കാസര്‍ഗോഡും പുതിയ ഏകലവ്യ സി.ബി.എസ്.ഇ സ്കൂള്‍
 
അട്ടപ്പാടിയിലെ സമഗ്ര പുരോഗതിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത വികസനത്തിന്റെ ഭാഗമായി 60 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ താമസിച്ച് പഠിക്കാന്‍ കഴിയുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ സ്കൂള്‍ അഗളിയില്‍ ആരംഭിച്ചു. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ കിനാനൂര്‍ കരിന്തളത്താണ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍. നിലവില്‍ വയനാട് പൂക്കോടും, ഇടുക്കി പൈനാവിലുമാണ് മറ്റ് ഏകലവ്യ സി.ബി.എസ്.ഇ എം.ആര്‍.എസുകള്‍
പ്രവര്‍ത്തിക്കുന്നത്.

പറന്നുയര്‍ന്ന സ്വപ്നം 
സര്‍ക്കാരിന്റെ കൈത്താങ്ങിലൂടെ ഉന്നതിയിലേക്ക് സങ്കീര്‍ത്തനയും, ഗോപികയും

ആകാശം മോഹിപ്പിക്കാത്ത മനുഷ്യരുണ്ടാകില്ല. ഒരിക്കലെങ്കിലും ഒന്നു പറന്നുയരണമെന്ന ആഗ്രഹം ഉള്ളിലൊതുക്കുന്നവരുമാകും പലരും. എന്നാല്‍ അങ്ങനെയൊരു സ്വപ്നം മനസ്സിലുണ്ടെങ്കില്‍ അതിനെ പിന്തുടരണമെന്നും ആകാശത്തോളം ഉയരങ്ങളിലാണെങ്കിലും അതിനെ കയ്യിലൊതുക്കാമെന്നും ഈ സര്‍ക്കാരിന്റെ സഹായത്തോടെ ഗോപികയും, സങ്കീര്‍ത്തനയും തെളിയിച്ചിരിക്കുകയാണ്. കേരളത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുളള ആദ്യ എയര്‍ഹോസ്റ്റസ് എന്ന നേട്ടമാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഗോപിക ഗോവിന്ദന്‍ സ്വന്തമാക്കിയത്. വിങ്സ് പദ്ധതിയിലൂടെ CPL ലൈസന്‍സ് നേടിയ ആദ്യ പട്ടികജാതി യുവതിയായി തളിപ്പറമ്പ് സ്വദേശി സങ്കീര്‍ത്തന ദിനേശ്. ഇരുവരുടെയും ജീവിതവിജയം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകു കയാണ്. 

ഉയരെ … ഉയരെ
ഉന്നതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ 

പട്ടികവിഭാഗത്തിലെ യുവാക്കളെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് സജീവമാക്കുന്നതിനായി ഉന്നതി സ്റ്റാര്‍ട്ട്പ്പ് മിഷന് തുടക്കമായി. ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റിയും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ കേരള എംപവര്‍മെന്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് സ്റ്റാര്‍ട്ടപ്പ് മിഷനും, എംപവര്‍മെന്റ് സൊസൈറ്റിയും ധാരണാപത്രം കൈമാറി. തിരവനന്തപുരം മണ്ണന്തലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കറില്‍ 5000 ചതുരശ്ര അടിയില്‍ ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റി സ്ഥാപിക്കും. ഐടി, ഇലക്ട്രോണിക്സ്, കൃഷി, ടൂറിസം, പൊതുസേവനം എന്നീ മേഖലകളില്‍ പട്ടികവിഭാഗം സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യവും പിന്തുണയും ലഭിക്കും. നിലവിലുള്ള സംരംഭകര്‍ക്ക് വായ്പാ സൗകര്യം, സംരംഭകത്വ വികസന പരിപാടികള്‍, നേതൃശില്പശാലകള്‍, മെന്റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. 311 അപേക്ഷ കരില്‍ നിന്ന് 250 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തെര‍ഞ്ഞെടുത്തിട്ടുണ്ട്.

ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍, വയനാട്
ഊരുകളിലെ ഡിജിറ്റല്‍ വിപ്ലവം

പട്ടികവര്‍ഗ്ഗ മേഖലകളിലെ ജനതയുടെ ആരോഗ്യത്തിനും തൊഴിലിനും, വിദ്യാഭ്യാസത്തിനും  ഊന്നല്‍ നല്‍കി വയനാട് ജില്ലയിലെ സാമൂഹ്യ പഠനമുറികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്ടറ്റഡ് ട്രൈബല്‍ (Digitally Connected Tribal). ആരോഗ്യ മേഖലയില്‍ പ്രത്യേക രോഗനിര്‍ണ്ണയ ക്യാമ്പ് തുടരുകയാണ്. ഇതുവരെ 4000 കുടുംബങ്ങളിലെ 16000 പേരെ പരിശോധനകള്‍ക്ക് വിധേയരാക്കി.
വയനാട് ജില്ലയിലെ 46സാമൂഹ്യ പഠന മുറികളെയും മറ്റ് പൊതു ഇടങ്ങളെയും
ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി. റീജിയണല്‍ കാന്‍സര്‍ സെന്റര്‍,  റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, CSIR-NIIST എന്നിവയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണയം, തൊഴിലവസരം എന്നിവയ്ക്ക് സഹായകമാകുന്ന കേന്ദ്രങ്ങളായി സാമൂഹ്യ പഠനമുറികളെ ഉയര്‍ത്തി. 
അതാത് പ്രദേശത്തുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയാണ് ആരേഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേവലം രോഗനിര്‍ണ്ണയത്തിനപ്പറം പൊതു ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തല്‍, മദ്യം, മയക്കുമരുന്ന് പോലുള്ള ദുശ്ശീലങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം തുടങ്ങിയവ ഇതുവഴി നടത്തും. ഈ പദ്ധതി അട്ടപ്പാടിയില്‍ അടുത്തുതന്നെ നടപ്പാക്കാനും തുടര്‍ന്ന് കേരളമാകെ വ്യാപിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമം

പട്ടികവര്‍ഗ്ഗ സമൂഹ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ് വയനാട്ടില്‍ 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമത്തിലുള്ളത്. തദ്ദേശീയ ജീവിത കാഴ്ചകളെ വിനോദ സഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതിയാണിത്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്ന 25 ഏക്കറിലാണ്. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച സംസ്ഥാനത്തെ ആദ്യ ട്രൈബല്‍ ടൂറിസം പദ്ധതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 50
പേര്‍ക്ക് പരോക്ഷമായും 'എന്‍ ഊര്' തൊഴില്‍ നല്‍കുന്നു. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള തദ്ദേശീയര്‍ക്കും ഇവിടെയെത്തി ഉല്‍പന്നങ്ങള്‍
വില്‍ക്കാനും, പ്രദര്‍ശിപ്പിക്കാനും കഴിയും.

ഹരിതവരുമാനത്തില്‍ 
നാടുണരുന്നു

പട്ടികജാതി വികസന വകുപ്പ് അനെര്‍ട്ടു മുഖേന നടപ്പാക്കിയ ഹരിത വരുമാനപദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് തുണയാകുന്നു. സൗരോര്‍ജ്ജ പദ്ധതികള്‍ പട്ടികവിഭാഗം കുടുംബങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതുവഴി നിറവേറ്റുന്നത്.‌‌ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയും, അധിക വരുമാനവും ഇതിലൂടെ  ലഭ്യമാകുന്നു. 
തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി 1010 പട്ടികജാതി ഭവനങ്ങളില്‍ 3 കിലോ വാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. 36 കോടി രൂപയാണ് മുതല്‍മുടക്ക്. 
അഗളി ചാളയൂരില്‍ 3 സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുകയും, ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഊരുകൂട്ട സമിതിയ്ക്ക് ലഭിക്കുകയും ചെയ്തു. കൂടുതല്‍ ഊരുകളില്‍ സോളാര്‍ വൈദ്യുതി സ്ഥാപിക്കാന്‍ നടപടികളായിട്ടുണ്ട്. 

വൈത്തിരിയില്‍ മ്യൂസിയം

ആദിവാസി ജനതയുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം വിശദമാക്കുന്നതും പട്ടികവര്‍ഗ്ഗ മേഖലകളില്‍ കൂടുതല്‍ തൊഴിലും, വരുമാനവും സാധ്യമാക്കുന്നതുമായ പട്ടികവര്‍ഗ്ഗ സ്വാതന്ത്യസമരസേനാനി മ്യൂസിയം വയനാട്ടില്‍ നിര്‍മ്മാണം തുടങ്ങി. വൈത്തിരി സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയിലാണ് മ്യൂസിയം ഒരുക്കുന്നത്.
16.66 കോടി രൂപയാണ് നിര്‍മ്മാണചെലവ്. വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരിനോടും പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിനോടും ചേര്‍ന്ന് മ്യൂസിയം കൂടി വരുന്നത് ഈ മേഖലയുടെ വന്‍ പുരോഗതിക്ക് സഹായിക്കും.
കേരളത്തിലെ തദ്ദേശീയ പോരാളികളില്‍ പ്രമുഖനും പഴശ്ശിരാജയോടൊപ്പം  ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ തലക്കല്‍ ചന്തു അടക്കമുള്ളവരോടുള്ള ആദരവ് പരിഗണിച്ചാണ് വയനാട്ടില്‍ മ്യൂസിയം സ്ഥാപിക്കുന്നത്. 

ആറളത്ത് ഉയരുന്നു ആന മതില്‍ 

ആറളം ഫാമിലെ ആന പ്രതിരോധ മതില്‍ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ആന മതില്‍ പൂര്‍ത്തിയാവുന്നതോടെ ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് സാധ്യമാക്കുന്നത്. കൃഷിയും, മനുഷ്യജീവനും സംരക്ഷിക്കുന്നതിന് 53കോടി രൂപ ചെലവിലാണ് മതില്‍ നിര്‍മ്മിക്കുന്നത്.
വളയഞ്ചല്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്നും തുടങ്ങി പരിപ്പ്തോട് 55 എന്ന സ്ഥലം വരെ 10.50 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് തൂണുകളും, കരിങ്കല്‍ ഭിത്തിയും കോണ്‍ക്രീറ്റ് ബെല്‍റ്റും ചേര്‍ന്ന സംയുക്ത നിര്‍മ്മിതിയാണ് ഉണ്ടാവുക. ബാക്കി വരുന്ന 550 മീറ്റര്‍ ചെങ്കുത്തായ പ്രദേശത്ത് റെയില്‍ ഇരുമ്പു വേലിയും 200 മീറ്റര്‍ ചതുപ്പ് പ്രദേശത്ത് പൈലിംഗ് നടത്തി മതില്‍ നിര്‍മ്മാണവും നടത്തും. 2.50 മീറ്ററാണ് മതിലിന്റെ ഉയരം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 

ഇടമലക്കുടി യാത്ര ഇനി ഈസി 

പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് 13.70 കോടി രൂപയും, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് 4.31 കോടി രൂപയും നല്‍കി. റോഡ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഉള്‍പ്രദേശമായ വെട്ടിവിട്ടകാട് പട്ടികവര്‍ഗ്ഗ ഗ്രാമത്തിലും 92.48 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. 
ഇടമലക്കുടിയില്‍ 2ജി/4ജി സര്‍വീസ് സജ്ജമാക്കി. 4.31 കോടി ചെലവിട്ട് മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇട്ടാണ് BSNL, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എത്തിച്ചത്. 
ഇതിനുപുറമെ വൈദ്യുതി എത്താത്ത 19 പട്ടികവര്‍ഗ്ഗ കോളനികളില്‍ എത്തിക്കുകയും, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത 1284 കോളനികളില്‍ 1137 എണ്ണത്തിലും കണക്ടിവിറ്റി ലഭ്യമാക്കുകയും ചെയ്തു.  അതിവിദൂരമായ 147 കോളനികളില്‍ കണക്ടിവിറ്റി എത്തിക്കാനും നടപടി തുടങ്ങി. 

കാറ്റാടിത്തണലില്‍ ഭിന്നശേഷിക്കാര്‍ 

സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് "കാറ്റാടി "(KATTADII- Kerala Accelerated Tribal Ability Development & Inclusion Initiative). .ചലന സഹായികളും, ശ്രവണ സഹായികളും ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കി പുനരധിവസിപ്പിക്കുന്നതിനും
അവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണിത്. 

രാജ്യാന്തര നിലവാരത്തിലേക്ക് 
നമ്മുടെ കുട്ടികളും 
വേള്‍ഡ് വൈഡ് ഫ്ളൈറ്റ് സര്‍വീസില്‍ അവസരം

സംസ്ഥാനത്തെ പട്ടിക വിഭാഗം യുവജനങ്ങള്‍ക്ക് മികച്ച ജോലിയും, ശമ്പളവും ഉറപ്പാക്കുന്നതിനായി രാജ്യാന്തര നിലവാരമുള്ള നൈപുണ്യ പരിശീലന പരിപാടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നു. ഡിജിറ്റല്‍ സര്‍വകലാശാല, എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തെ അതികായകരായ ബേഡ് വേള്‍ഡൈഡ് ഫ്ളൈറ്റ് സര്‍വീസ് ഇന്ത്യ (ബിഡബ്ലൂ.എപ്.എസ്) എന്നിവയുമായി ചേര്‍ന്നാണ് പരിശീലനം.
ഇതിനായി ബ്ലോക്ക്ചെയിന്‍ ആര്‍ക്കിടെക്ട് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് ഇന്‍ പിസിബി ഡിസൈന്‍, പിജി ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി എന്നീ പോഗ്രാമുകളാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് കാമ്പസില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്നത്. ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിഡബ്ലൂഎഫ്.എസുമായി ചേര്‍ന്ന് എയര്‍ലൈന്‍ കസ്റ്റമര്‍
സര്‍വീസ് എക്സിക്യൂട്ടീവ് കോഴ്സിലും പരിശീലനം നല്‍കുന്നുണ്ട്. കൊച്ചിയിലാണ് പരിശീലനം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇതിന് അപേക്ഷിക്കാം. 

HCL ല്‍ ജോലിയും പഠനവും 

പ്ലസ്ടു പാസായ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി മേഖലയില്‍ ഒരു വര്‍ഷത്തെ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാന്‍ ഐ.ടി കമ്പനിയായ എച്ച് സി എല്‍ ടെക്നോളജീസുമായുമായി കേരള എംപവര്‍മെന്റ് സൊസൈറ്റി ധാരണയായി. ജോലിക്കൊപ്പം തുടര്‍ പഠനത്തിനും ഇവിടെ അവസരമുണ്ട്. ഇതുവഴി പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്ക് ജോലിയും,പഠനവും ലഭ്യമാകും. 

കൈത്താങ്ങ്

മാതാപിതാക്കള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്കുള്ള കൈത്താങ്ങ് പദ്ധതി പ്രതിമാസ സഹായം 2000 ആയി ഉയര്‍ത്തി. പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസഹായം 1,25,000രൂപയായി വര്‍ദ്ധിപ്പിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിത് 1.5 ലക്ഷം രൂപയായി ഉയര്‍ത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 60 കഴിഞ്ഞ
എല്ലാവര്‍ക്കും മുഖ്യമന്ത്രിയുടെ ഓണസമ്മാനമായ 100 രൂപ വീതം നല്‍കി വരുന്നു. ഏകവരുമാനദായകന്‍ മരണപ്പെട്ട കുടുംബത്തിന് ധനസഹായമായി 2ലക്ഷം രൂപ നല്‍കി വരുന്നു. 

പിന്നാക്ക വിഭാഗ വികസന 
കോര്‍പ്പറേഷന് ആസ്ഥാനമന്ദിരം 

22വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പേട്ടയില്‍
നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ പൊതുമേഖല ധനകാര്യസ്ഥാപന ങ്ങളില്‍ മുന്‍നിരയിലാണ് കെ.എസ്.ബി.സി.ഡി.സി.
കുടുംബശ്രീയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍, വിദ്യാഭ്യാസം, സ്വയംതൊഴില്‍, ഭവന നിര്‍മ്മാണമടക്കം വിവിധ മേഖലകളില്‍ കുറഞ്ഞ പലിശ നിരക്കിലാണ് കോര്‍പ്പറേഷന്റെ വായ്പാ വിതരണ പദ്ധതികള്‍. 

വികസന നിര്‍ദ്ദേശങ്ങളുമായി 
സ്റ്റുഡന്‍സ് സഭ 

പുതുതലമുറയിലേക്ക് ജനാധിപത്യ മൂല്യങ്ങള്‍ പകര്‍ന്ന് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴില്‍ നടത്തിവരുന്നത്. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും, സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമായ പാര്‍ലമെന്ററി ജനാധിപത്യമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്കൂള്‍, കോളേജ് തലങ്ങളില്‍ പുതിയ വേദി രൂപീകരിച്ചു.  ഫോറം ഫോര്‍ ഡെമോക്രസി ആന്റി സോഷ്യല്‍ ജസ്റ്റീസ്  (FDJS) എന്ന ഈ വേദി ഓരോ നിയോജക മണ്ഡലത്തിലും സ്റ്റുഡന്‍സ് സഭ സംഘടിപ്പിച്ച് വരികയാണ്. 
പാര്‍ലമെന്ററി മൂല്യങ്ങളുടെ പ്രചരണത്തിനൊപ്പം ഗ്രാമ വികസനത്തില്‍ വിദ്യാര്‍ത്ഥികളെ കൂടി ഭാഗമാക്കുകയാണ്. സംസ്ഥാനത്തെ ആദ്യ സ്റ്റുഡന്റസ് സഭ ചേലക്കര നിയോജക മണ്ഡലത്തില്‍ നടത്തി. ബാക്കി 139 നിയോജക മണ്ഡലത്തിലും സ്റ്റുഡന്‍സ് സഭ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

പരിവര്‍ത്തിത ക്രൈസ്തവ 
കോര്‍പ്പറേഷന് സബ് ഓഫീസ് 

കേരള പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ നൂതനമായ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയമാകുകയാണ്.
കോര്‍പ്പറേഷന്റെ ആദ്യ സബ് ഓഫീസ് മാവേലിക്കരയില്‍ ജനുവരി 9 ന് ഉദ്ഘാടനം ചെയ്തു. 44 വര്‍ഷത്തിനിടയുള്ള ആദ്യ സബ് ഓഫീസാണിത്. തൃശ്ശൂരില്‍ രണ്ടാമത്തെ സബ് ഓഫീസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 3 സബ് ഓഫീസുകള്‍ കൂടി ഉടന്‍ ആരംഭിക്കും. വിദേശ വിദ്യാഭ്യാസ വായ്പയടക്കം എല്ലാ മേഖലകളിലും കോര്‍പ്പറേഷന്‍ സജീവ സാന്നിധ്യമാണ്. 

കെടാവിളക്ക് 

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കി വന്നിരുന്ന സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ 9,10 ക്ലാസുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ചുരുക്കിയപ്പോള്‍ ഈ സര്‍ക്കാര്‍ പകരം ആവിഷ്കരിച്ചതാണ് കെടാവിളക്ക് പദ്ധതി.
OBC വിദ്യാര്‍ത്ഥികള്‍ക്ക് PG കോഴ്സുകള്‍ വിദേശത്ത് പഠിക്കാന്‍ 10 ലക്ഷം രൂപവരെ അനുവദിക്കും. 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പഠിക്കുന്നവരും, മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട OBC
പെണ്‍കുട്ടികള്‍ക്ക് 50,000/- രൂപ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു. 

ആരാധനയ്ക്കൊപ്പം 
ആതുരസേവനവും 

ആരാധനയ്ക്കൊപ്പം ആതുരസേവനവും ഉറപ്പാക്കി മലബാര്‍ ദേവസ്വത്തിന് കീഴില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 
ഒരു ദേവസ്വത്തിന്റെ കീഴില്‍ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. 6 ഏക്കര്‍ ഭൂമിയില്‍ വൃക്കയുടെ അകൃതിയിലാണ് പൂര്‍ണ്ണമായും ശിതീകരിച്ച അശുപത്രി മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. 
ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയിലും, കൊച്ചിന്‍ ദേവസ്വത്തിലും, സൗജന്യ ഡയാലിസിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല നിലയ്ക്കലില്‍ ബെയ്സ് ക്യാമ്പ് ആശുപത്രി ആരംഭിക്കാനും നടപടികളായി.
 
ശബരിമല തീര്‍ത്ഥാടനം 

വളരെ സുഗമവും സുരക്ഷിതവുമായ അനുഭവമായിരുന്നു ശബരിമല തീര്‍ത്ഥാടനം. രാജ്യത്തിനകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തി മടങ്ങിയത്. 
ദേശീയ തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാവുന്ന
തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നൊരുക്കിയ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് വളരെ പ്രയോജനപ്പെട്ടു.  2023-24 സീസണില്‍ എത്തിയവരില്‍ 30% ത്തിലേറെ കുട്ടികളും, പ്രായമായ സ്ത്രീകളുമായിരുന്നു. ശബരിമലയില്‍ കൂറെക്കൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ കടുവാ സംരക്ഷിത വനത്താല്‍ ചുറ്റപ്പെട്ട ശബരിമലയുടെ ഭാവി വികസനത്തിന് വനഭൂമി ആവശ്യമാണ്. വനഭൂൂമി കേന്ദ്ര സര്‍ക്കാര്‍ വിട്ടു തന്നാല്‍ മാത്രമേ വികസനം സാധ്യമാകൂ. അതിനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്.

https://www.facebook.com/share/p/RK2MaAXcs32bAoK1/?sfnsn=mo&mibextid=RUbZ1f

No comments:

Post a Comment