Thursday, June 27, 2024

അയോദ്ധ്യ സംഘപരിവാർ പ്രൊജക്ട് © കെ.ജെ.ജേക്കബ്

© കെ.ജെ.ജേക്കബ്
പ്രാണപ്രതിഷ്ഠയ്ക്കു ശേഷം അയോദ്ധ്യ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. അതിലൊന്ന് അവിടെയുള്ള ക്ഷേത്രത്തിന്റെ മുകൾ ഭാഗം ചോരുന്നു എന്ന് മുഖ്യപൂജാരി പറഞ്ഞതാണ്.

എന്നാൽ അങ്ങോട്ടുള്ള വണ്ടി വാഹനങ്ങളുടെ ഒഴുക്ക് കുറഞ്ഞു എന്നതാണ് ശരിയായ വാർത്ത. അത് നമ്മുടെ നാട്ടിൽ രാമഭക്തി കുറഞ്ഞതു കൊണ്ടല്ല, മര്യാദാ പുരുഷത്തമനായ രാമന്റെ ക്ഷേത്രമല്ല മറിച്ച് ആ നിർമ്മിതി ഒരു ആർഎസ്എസ് പ്രോജക്ടാണെന്നു മനുഷ്യർ തിരിച്ചറിഞ്ഞു എന്നതു കൊണ്ടാണ്. ഇപ്പോൾ അത് മറ്റൊരു കേശവകുഞ്ജ് ആയി; പരിവാര മനുഷ്യരുടെ വ്യവഹാര കേന്ദ്രം. 

നാൽപതു കൊല്ലം കൊണ്ട് പരിവാരം കെട്ടി പൊക്കിയ, ആയിരം കൊല്ലം ഈ നാടിന്റെ അജണ്ട തീരുമാനിക്കാനുള്ള അവകാശം കിട്ടാൻ അവർ നടത്തിയ സ്‌ഥിര നിക്ഷേപമാണ് ഇപ്പോൾ അവർക്കൊരു ബാധ്യതയായി തീർന്നത്.

അതിനുള്ള ക്രെഡിറ്റ് വിശ്വാസികളും, അവിശ്വാസികളുമായ ഈ നാട്ടിലെ മതേതര മനുഷ്യർക്കാണ്. അതിനെ കുറിച്ചു പണ്ടേ പറഞ്ഞു കൊണ്ടിരുന്ന ഇടതു പാർട്ടികൾക്കു അതിലൊരു പങ്കുണ്ട്; പണ്ട് വിഭജന യാത്രക്കാരനായ അദ്വാനിയെ അറസ്റ്റ് ചെയ്തു ജയിലിലിട്ട, ഒരിക്കലും ആർഎസ്സിനോട് സമരസപ്പെടാത്ത ലാലുവിനും പാർട്ടിക്കും ഉണ്ട്; ഹിന്ദി ഹൃദയ ഭൂമിയിൽ നിൽക്കുമ്പോഴും ഭക്തിയല്ല നമ്മുടെ പ്രധാന പ്രശ്നം എന്ന് മനുഷ്യരെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്ന സമാജ്‌വാദി പാർട്ടിക്കും ഉണ്ട്.

പക്ഷെ തിരിച്ചറിയേണ്ട പങ്ക് കോൺഗ്രസിന്റേതാണ്. ആ പ്രോജക്ടിന്റെ  കാര്യത്തിൽ പലപ്പോഴും ആടിക്കളിച്ച, പലപ്പോഴും അതിനെ പ്രോത്സാഹിപ്പിച്ച, എന്നാൽ നിർണ്ണായക നിമിഷത്തിൽ കടുത്ത ഭീഷണിക്ക് ഇടയിലും അതൊരു ആർഎസ്എസ് പ്രോജക്ടാണെന്നു തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞ കോൺഗ്രസിന്റെ പങ്ക്.

പണി തീരുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് കണക്കാക്കി ഉൾഘാടനം തീരുമാനിക്കുക മാത്രമല്ല പരിവാരം ചെയ്തത്; അതു വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ശ്രമവും നടത്തി. പ്രാണ പ്രതിഷ്ഠക്കുള്ള ക്ഷണം അതിനുള്ള ആയുധമാക്കി. ക്ഷണം സ്വീകരിക്കാത്തവർ രാമന്റെ എതിരാളികളാണെന്നും ഹിന്ദു വിരുദ്ധരാണെന്നും മുസ്ലിങ്ങളെ പ്രീണിപ്പിക്കാനാണ് പ്രാണപ്രതിഷ്ഠയിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ മാറി നിൽക്കുന്നതെന്നും നാടുനീളെ പറഞ്ഞു നിന്നു.

ക്ഷണം കിട്ടിയ ഇടതു പാർട്ടികൾ ആദ്യമേ നയം വ്യക്തമാക്കി. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും ആർഎസ്എസ് അതിനെ രാഷ്ട്രീയവൽക്കരിക്കുക ആണെന്നും അവർ നിലപാടെടുത്തു. ക്ഷേത്രത്തിൽ  പോകും, പക്ഷെ അത് ആർഎസ്എസ് പറയുമ്പോഴല്ല എന്ന് സമാജ്‌വാദി പാർട്ടിയും പറഞ്ഞു.

കോൺഗ്രസിന് മേൽ വലിയ സമ്മർദ്ദമാണ് പരിവാരം ചെലുത്തിയത്. മൃദു ഹിന്ദുത്വ വാദികൾക്കും രാമക്ഷേത്രം പണിയാൻ കാരണക്കാർ തങ്ങളാണെന്ന് അഭിമാനിക്കുന്ന പ്രിയങ്ക ഗാന്ധി വാദ്രയെ പോലെ ഉള്ളവർക്കും ആ പാർട്ടിയിൽ കുറവൊന്നുമില്ല. അതൊന്നും ഇല്ലെങ്കിലും രാമവിരുദ്ധരായി ലേബലടിക്കുമെന്ന ഭീഷണി ഒട്ടു മിക്ക കോൺഗ്രസുകാരെയും ഉത്തരേന്ത്യയിൽ ഭയപ്പെടുത്തേണ്ടതാണ്.

എങ്കിലും കോൺഗ്രസ് ഒരു നിലപാടെടുത്തു: ഇന്ത്യയിൽ കോടി കണക്കിന് ആളുകൾ രാമനെ ആരാധിക്കുന്നുണ്ട്. മത വിശ്വാസം ആളുകളുടെ സ്വകാര്യ വിഷയമാണ്; പക്ഷെ അയോധ്യയിലെ രാമക്ഷേത്രം ആർഎസ്എസും ബി ജെ പി യും ചേർന്ന് രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി. പ്രാണപ്രതിഷ്ഠ ഒരു ആർഎസ്എസ് - ബി ജെ പി പരിപാടിയും. അതു കൊണ്ട് ഞങ്ങൾ അങ്ങോട്ടില്ല. 

ദളിതനായ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ദക്ഷിണേന്ത്യയിലെ രാഷ്ട്രീയം എന്നിവ അതിന്റെ പങ്കു വഹിച്ചിട്ടുണ്ടാകും. എങ്കിലും രാജ്യത്തെ  അവസാനത്തെ ഗ്രാമത്തിലും ഒരു കോൺഗ്രസുകാരൻ എങ്കിലും ഉണ്ട്, അയാളോടും ആ പാർട്ടിയ്ക്ക് ഉത്തരവാദിത്തമുണ്ട്.

അയാളോട് ആ പാർട്ടി പറഞ്ഞു, അതൊരു ആർഎസ്എസ് പ്രോജക്ടാണെന്ന്.

എന്നിട്ടെന്തായി?

രാമനെ മുന്നിൽ നിർത്തി, രാമ ഭക്തിയെ മുൻ നിർത്തി നടത്തിയ  പ്രചാരണത്തിൽ  ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ 370 സീറ്റാണ് ബിജെപി ആവശ്യപ്പെട്ടതെങ്കിലും ഒരു നിയമം പാസാക്കാൻ ആവശ്യമായ 272 സീറ്റു പോലും ജനം കൊടുത്തില്ല. മോദിജി കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും അയോധ്യയിലടക്കം ബി ജെ പി സ്‌ഥാനാർത്ഥികൾ നിരന്നു നിന്നു തോറ്റു.
സംഘ പരിവാർ പരിപാടി സംഘപരിവാർ പരിപാടിയിൽ ഒതുങ്ങി.

ഇന്നതൊരു ആർഎസ്എസ് നിർമ്മിതിയാണ്.
ദേശീയ പദ്ധതിയല്ല.   

ഒരൊറ്റ കോൺഗ്രസ് നേതാവ് അവിടെ പോയി നിന്നിരുന്നെങ്കിൽ അതൊരു ദേശീയ പരിപാടിയായി മാറിപ്പോയേനെ എന്ന് ഞാൻ കരുതുന്നു. കാരണം എന്നൊക്കെ കോൺഗ്രസിന് അക്കാര്യത്തിൽ കാലിടറിയോ അന്നൊക്കെ പരിവാരം അത് മുതലെടുത്തിട്ടുണ്ട്. 

അതൊരു സത്യമാണ്. 

***
അതിന്റെ നാൾവഴി ഇങ്ങിനെയാണ്‌.

1949-ൽ 'പ്രത്യക്ഷപ്പെട്ട' രാമവിഗ്രഹം അവിടെ നിന്നു മാറ്റാനാണ് അന്നു പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പറഞ്ഞത്. കോൺഗ്രസുകാരൻ ആയിരുന്നിട്ടും അന്നത്തെ യുണൈറ്റഡ് പ്രൊവിൻസ് മുഖ്യമന്ത്രി ജി ബി പാന്ത്‌ അത് ചെയ്തില്ല; എങ്കിലും നെഹ്‌റുവിനെ പൂർണ്ണമായും ധിക്കരിക്കാനുള്ള ധൈര്യം  ഇല്ലാത്തതു കൊണ്ട് ആയിരിക്കണം അതിനു പൂട്ടിട്ടു വച്ചു. ഗാന്ധി വധത്തിനു ശേഷം അസ്പ്രശ്യരായിരുന്ന ആർഎസ്എസിന് അതിന്റെ പേരിൽ ഒരു കലാപം ഉണ്ടാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.

പിന്നീട് ആ പൂട്ട് തുറക്കുന്നത് ഒരു കോൺഗ്രസ് പ്രധാനമന്ത്രിയാണ്:
നെഹ്രുവിന്റെ പൗത്രൻ രാജീവ് ഗാന്ധി.

മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീ  വിരുദ്ധമായ ഒരു ഘടകം കോടതികൾ എടുത്തു കളഞ്ഞത് പുനഃസ്‌ഥാപിച്ചു കൊടുത്തു കൊണ്ട് മുസ്ലിം യാഥാസ്‌ഥിതികരുടെ പ്രീതി പിടിച്ചു പറ്റാൻ നടത്തിയ ശ്രമം ഹിന്ദു യാഥാസ്‌ഥികരെ അരിശം കൊള്ളിക്കുമെന്നു ഭയപ്പെട്ടു അവരെയും പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് നെഹ്‌റു ഇട്ട പൂട്ട് തുറക്കാൻ  രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.

കോൺഗ്രസിന് കാലിടറിയ ആദ്യ മുഹൂർത്തം. 

രാമക്ഷേത്രത്തിനു ശിലാന്യാസം നടത്താൻ വിശ്വ ഹിന്ദു പരിഷത്തിന് അനുവാദം നൽകിയതും അതെ പ്രധാനമന്ത്രിയാണ്: രാജീവ് ഗാന്ധി.

പരിവാര അജണ്ടയ്ക്ക് കോൺഗ്രസ് വഴങ്ങിയ അടുത്ത ചുവട്.

അതോടെ രക്‌തം മണത്ത പരിവാരം അവരുടെ പ്രധാന രാഷ്ട്രീയ പരിപാടിയാക്കി അതിനെ മാറ്റി. വർഗീയത വിതച്ചു അതിനു മേൽ മനുഷ്യരക്തം തളിച്ച് ലാൽ കൃഷ്ണ അദ്വാനി എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയവാദി സോമനാഥിൽ നിന്നു  അയോധ്യയിലേക്കു  നടത്തിയ രഥയാത്ര അതിന്റെ പ്രഖ്യാപനമായിരുന്നു. 

ജാഥ അന്ന് ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് തടഞ്ഞു;  അദ്വാനിയെ അറസ്റ്റ് ചെയ്തു; കേന്ദ്രത്തിൽ ജനതദൾ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയുടെ പ്രധാനമന്ത്രിയായി വിശ്വനാഥ് പ്രതാപ് സിംഗുണ്ടായിരുന്നു എന്നത് ലാലുവിന്റെ ഒരു ധൈര്യമായിരുന്നു.

അദ്വാനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു ബി ജെ പി വി.പി. സിങ്ങിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നു. ആകെ 85 അംഗളുണ്ടായിരുന്ന ബി ജെ പിയുടെ അവിശ്വാസ പ്രമേയം 142-നെതിരെ 346 വോട്ടിനു പാസായി; സിങ്  രാജിവച്ചു. ഒരു വർഗീയവാദിയെ വഴിയിൽ തടഞ്ഞതിന് ഒരു മതനിരപേക്ഷ  സർക്കാർ ബലിയായി. പ്രമേയം പാസാക്കാനാവശ്യമായ വോട്ടുകളിൽ ഭൂരിഭാഗവും വന്നത് അന്ന് 197 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിൽ നിന്നായിരുന്നു.

പരിവാര അജണ്ടയ്ക്ക് അനുകൂലമായി കോൺഗ്രസ് പാർലമെന്റിൽ  കൈപൊക്കിയ സന്ദർഭം.

പിന്നീട് രാജ്യം കണ്ടത് ഒരു കൂട്ടം അക്രമികൾ ബാബ്‌റി മസ്ജിദ് പൊളിച്ചു മണ്ണോടു മണ്ണാക്കുന്നതാണ്. ഒരു കോൺഗ്രസ് പ്രധാനമന്ത്രി  അദ്ദേഹത്തിന് അറിയാമായിരുന്ന 17 ഭാഷകളിൽ മൗനം ആചരിച്ചപ്പോൾ ഒരു കൂട്ടം വർഗീയവാദികൾ "അതീവ ഗുരുതരമായ  ക്രിമിനൽ കുറ്റ"മെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ച ആ സംഭവം നടന്നു.

പരിവാര പ്രോജക്ടിന് കോൺഗ്രസ് നിർണ്ണായക പിന്തുണ നൽകിയ അടുത്ത മുഹൂർത്തം. 

കോൺഗ്രസ് മൗനസമ്മതം മൂളിയ ആ കുറ്റകൃത്യത്തിനു മേൽ  സുപ്രീം കോടതിയുടെ അനുമതിയോടെ ഉയർന്നു വന്ന ക്ഷേത്രം കാണിച്ചാണ് കോൺഗ്രസിനെ പരിവാരം ഭീഷണിപ്പെടുത്തിയത് എന്നത് അതിലെ വിചിത്രമായ വസ്തുത.

What goes around comes around എന്ന് നമ്മൾ ഇംഗ്ലീഷിൽ പറയും. അല്ലെങ്കിൽ ക്രൂരമായ കാവ്യനീതി എന്നും. 

***
നമ്മുടെ നാട്ടിലെ ഒരു പ്രധാന ന്യൂനപക്ഷത്തിന്റെ ആരാധനാലയം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്ര ശേഷിപ്പ്, ഇന്നിപ്പോഴില്ല എന്നത് വസ്തുത.

എങ്കിലും,       

കോൺഗ്രസ് പ്രധാനമന്ത്രി പൂട്ടു തുറന്നു കൊടുത്ത,
കോൺഗ്രസ് പ്രധാനമന്ത്രി ശിലാന്യാസം അനുവദിച്ച,
മത നിരപേക്ഷ പ്രധാനമന്ത്രിയെ വീഴ്ത്തി കോൺഗ്രസ് സംരക്ഷിച്ച,
കോൺഗ്രസ് പ്രധാനമന്ത്രിയുടെ മൗനം കൊണ്ട് നിലമൊരുക്കിയ

ഒരു പ്രോജക്ടിന്റെ

ശരിയായ സ്വഭാവം അവസാന സമയത്തെങ്കിലും തിരിച്ചറിയുകയും ആ പ്രാണപ്രതിഷ്ഠ ആർഎസ്എസ്-ബി ജെ പി പരിപാടിയാണെന്ന് നാട്ടുകാരോട് പറയുകയും ചെയ്യുക വഴി ഈ വിഷയത്തിൽ ഇതുവരെ ചെയ്ത തെറ്റുകൾക്ക് കോൺഗ്രസ് പരിഹാരം ചെയ്തു എന്ന് ഞാൻ പറയും.

ആ നിലപാടിന് ജനം അംഗീകാരം നൽകി എന്നും. 

കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും പിന്നെ ഡൽഹിയിലും കോൺഗ്രസ് കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം അദ്‌ഭുതകരമാം വിധം മാറിയിട്ടുണ്ടായിരുന്നേനെ എന്നതും സത്യമായി അവശേഷിക്കുന്നു.

അപ്പോഴും കോൺഗ്രസ് "പ്രാണപ്രതിഷ്ഠ ഭീഷണി"യ്ക്കു വഴങ്ങാതിരിക്കുക വഴി അതൊരു ദേശീയ അജണ്ടയാക്കാനുള്ള പരിവാരശ്രമം തകർന്നു എന്നും ശരിയായ വിഷയങ്ങളിലേക്ക് മനുഷ്യരുടെ ശ്രദ്ധ തിരിയാൻ ഇടയാക്കി എന്നും ഞാൻ കരുതുന്നു.

നമ്മൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ "എടുത്തു കൊണ്ടു പോ" എന്ന് എന്നൊക്കെ കോൺഗ്രസ് പറഞ്ഞോ അന്നൊക്കെ ഹിന്ദുത്വ വർഗീയതയ്ക്ക് വാലും ചുരുട്ടി ഓടേണ്ടി വന്നിട്ടുണ്ട്. അവസാനത്തെ കർണ്ണാടക അസംബ്ലി തെരഞ്ഞെടുപ്പടക്കാം. 

എന്നൊക്കെ കോൺഗ്രസ് നേരിട്ടോ അല്ലാതെയോ ഹിന്ദുത്വ അജണ്ടയ്ക്ക്  കൂട്ടുനിന്നോ അന്നൊക്കെ പരിവാരം അതിൽ നിന്നു ലാഭം ഉണ്ടാക്കിയിട്ടുണ്ട്, കോൺഗ്രസിന്റെ ചെലവിൽ. പരിവാര അജണ്ടയെ വെല്ലുന്ന ഹിന്ദുത്വവുമായി കോൺഗ്രസിറങ്ങിയ മധ്യപ്രദേശിലടക്കം.

ചുരുക്കമിതാണ്: 

കോൺഗ്രസടക്കമുള്ള ഇന്ത്യൻ മതനിരപേക്ഷ ശക്തികൾ കുറുകെ നിന്നാൽ തീരുന്നതേയുള്ളൂ വർഗീയതയുടെ തേരോട്ടം.

***

പ്രാണപ്രതിഷ്ഠയിലേക്കു മടങ്ങാം

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ 
വലതുവശത്ത് രാഹുൽ ഗാന്ധിയ്ക്കും അഖിലേഷ്  യാദവിനും നടുക്ക് ഒരാൾ ഇരിക്കുന്നുണ്ട് : അവധേഷ് പ്രസാദ്. അയോധ്യയിരിക്കുന്ന ഫൈസാബാദിൽ നിന്നുള്ള ലോക്സഭാംഗം, ദളിതൻ.

എം പി മാരുടെ സംഘത്തിൽ പിറകിൽ വന്നിരുന്ന അദ്ദേഹത്തെ അഖിലേഷ് മുൻപിലേക്ക് കൈപിടിച്ചു കൊണ്ടു വന്നു; ഏറ്റവും മുൻ നിരയിലുള്ള ബെഞ്ചിലേക്കാനയിച്ചു. അവിടുണ്ടായിരുന്ന രാഹുൽ ഗാന്ധി അദ്ദേഹത്തിന് കൈകൊടുത്തു അഭിവാദ്യം ചെയ്തു.

പിന്നീട് നമ്മുടെ പുതിയ ലോക്‌സഭയുടെ മുൻനിരയിലെ ബെഞ്ചിൽ അദ്ദേഹം ഇരുന്നു.

മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ,
എന്റെ രാജ്യത്തിന്റെ,
പ്രാണപ്രതിഷ്ഠ.

നനയാതിരിക്കട്ടെ.

കെ. ജെ. ജേക്കബ്
ജൂൺ 27, 2024

No comments:

Post a Comment