Wednesday, March 20, 2024

പുടിന്റെ അഞ്ചാം വരവ് പാശ്ചാത്യചേരിക്ക് പരവേശം ©എ എം ഷിനാസ്


മൂന്നു ദിവസം നീണ്ടു നിന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയ ഈ മാസം 17ന് അവസാനിച്ചു. പുടിൻ 88 ശതമാനം വോട്ട് നേടി ഉജ്വല വിജയത്തോടെ  വീണ്ടും പ്രസിഡന്റാകുകയാണ്‌. ഔദ്യോഗിക ഫലപ്രഖ്യാപനം മെയ് ഏഴിനാണ് ഉണ്ടാകുക. യുദ്ധമധ്യേ നടന്ന ഈ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒരേ അച്ചിൽ  വാർത്തെടുത്ത പാശ്ചാത്യ മാധ്യമ ഭാഷ്യങ്ങളിലൂടെ കടന്നു പോയപ്പോൾ 28 വർഷം മുമ്പ്‌, 1996ൽ നടന്ന മറ്റൊരു റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഓർമയിൽ എത്തിയത്. അതും മറ്റൊരു യുദ്ധ കാലത്ത് (ചെചൻ യുദ്ധം) നടന്ന തെരഞ്ഞെടുപ്പായിരുന്നു. 1996ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും മാസം മുമ്പ്‌ മോസ്കോയിൽ  ഉണ്ടായിരുന്ന ഈ ലേഖകന് ഒട്ടും ലഘുവായ ഓർമകളല്ല അക്കാലത്തെ റഷ്യയെപ്പറ്റിയുള്ളത്. അതി ഭീകരമായിരുന്നു അന്നത്തെ റഷ്യയിലെ സാമൂഹ്യ– -സാമ്പത്തിക പരിതോവസ്ഥ.
ഗോർബച്ചേവിനു ശേഷം അമേരിക്കൻ ചേരിയുടെ പൊന്നോമനയായി മാറിയ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ രണ്ടാമൂഴം തേടുന്ന തെരഞ്ഞെടുപ്പു കാലം. അമേരിക്കൻ സാമ്പത്തിക കുറിപ്പടി അനുസരിച്ചുള്ള ‘ഷോക്ക് തെറാപ്പി’ റഷ്യൻ സമ്പദ് വ്യവസ്ഥയെ തവിടു പൊടിയാക്കിയിരുന്നു. പണപ്പെരുപ്പം റൂബിളിനെ തൃണമാക്കി മാറ്റി. 100 ഡോളർ മാറ്റിയാൽ ഒരു സഞ്ചി നിറയെ റഷ്യൻ റൂബിൾ കിട്ടുമായിരുന്നു. (അന്ന് ഒരു ഡോളറിന് 5000 റഷ്യൻ റൂബിൾ) ശമ്പളവും പെൻഷനും കുടിശ്ശികയായി കെട്ടിക്കിടന്ന, രാഷ്ട്രസ്വത്തെല്ലാം ചുളുവിലയ്ക്ക് സ്വന്തക്കാർക്ക് (‘ഫാമിലി’ എന്നാണ് അവരെ വിളിച്ചിരുന്നത്) കൈമാറിയ കാലം. സോവിയറ്റ് കാലത്ത് ബഹിരാകാശ മേഖല തൊട്ട് നാനാവിധ തൊഴിൽത്തുറകളിൽ  വ്യാപരിച്ചിരുന്ന റഷ്യൻ വനിതകളിൽ പലർക്കും വയറ്റിലെ കത്തലടക്കാൻ ശരീരം അടിയറ വയ്‌ക്കേണ്ടി വന്ന ആസുര കാലം. സർവോപരി അതിഭീതിദമായ കുറ്റകൃത്യനിരക്ക്. നാടൊട്ടുക്കും ചെറുതും വലുതുമായ മാഫിയാ സംഘങ്ങൾ. നട്ടുച്ചയ്ക്കു പോലും പിടിച്ചുപറിയും കൊള്ളയും കൊലപാതകവും. (ഒരു ദിവസം വൈകിട്ട്‌ മോസ്കോയിലെ കൊളമെൻസ്കയ മെട്രോ സ്റ്റേഷനിൽ ഇറങ്ങി സുഹൃത്തിനോടൊപ്പം അവന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ രണ്ടു റഷ്യൻ ചെറുപ്പക്കാർ കത്തികാട്ടി കൂളായി ഞങ്ങൾ ധരിച്ചിരുന്ന, ഡൽഹിയിലെ പാലികാ ബസാറിൽ നിന്ന് ചെറിയ വിലയ്ക്ക് വാങ്ങിയ ലെതർ ജാക്കറ്റ് ഊരിക്കൊണ്ടു പോയത് തിക്താനുഭവങ്ങളിൽ ഒന്നുമാത്രം)
1996ലെ തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പു വരെ ബോറിസ് യെൽസിന്റെ റേറ്റിങ് എട്ട്‌ ശതമാനമായിരുന്നു. മറുവശത്ത് ഗെന്നഡി ഷ്യുഗാനോവ് നയിച്ചിരുന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർടി 1995 ഡിസംബറിൽ നടന്ന പാർലമെന്റ് വോട്ടിങ്ങിൽ മേൽക്കൈ നേടിയിരുന്നു. കൂടാതെ, ഗ്രാമീണ മേഖലകളിലും ചെറു നഗരങ്ങളിലും കമ്യൂണിസ്റ്റ് പാർടിക്ക് ദൃഢമായ വേരോട്ടവുമുണ്ടായിരുന്നു. സോവിയറ്റ് കാലത്തെ നിയമവാഴ്ചയും  രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതാപവും സോവിയറ്റ് നിഷ്ക്രമണത്തിനു ശേഷം പൊടുന്നനെ പോയ്‌മറഞ്ഞ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും യെൽസിൻ ഭരണകാലം റഷ്യൻ ജനതയെ പേർത്തും പേർത്തും ഓർമിപ്പിച്ചു കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാർടിക്കുണ്ടായിരുന്ന പിന്തുണയുടെ പ്രധാന കാരണവും ഇവ തന്നെ.

യെൽസിനും ഷ്യുഗാനോവും തമ്മിലാണ് മത്സരമെങ്കിൽ യെൽസിൻ നിലം തൊടില്ല എന്ന പരമാർഥം പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർക്കു പോലും അച്ചട്ടായിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കി ഭരണം തുടരാൻ വരെ യെൽസിനെ പല പ്രമുഖരും ഉപദേശിച്ചിരുന്നു. ഷ്യുഗാനോവിന്റെ വിജയം എന്ന ‘അപകടത്തിന്റെ ആസന്നത’ മനസ്സിലാക്കിയ പാശ്ചാത്യചേരി പിന്നീട് ആറുമാസം എണ്ണയിട്ട യന്ത്രത്തെ പോലെ പ്രവർത്തിച്ചു. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, റഷ്യൻ പ്രസിഡന്റിന്റെ ക്യാമ്പയിൻ ടീമിലേക്ക് പുതിയ ‘ഇലക്ടറൽ ടെക്നിക്കുകൾ’ പഠിപ്പിക്കാൻ ഒരു വിദഗ്ധസംഘത്തെ അയച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി അലെയ്ൻ ജുപ്പെയും ജർമൻ ചാൻസലർ ഹെൽമുട്ട് കൗളും മോസ്കോ സന്ദർശിച്ച് യെൽസിന് ഐക്യദാർഢ്യം രേഖപ്പെടുത്തി. അന്താരാഷ്ട്ര നാണ്യനിധി സത്വരം 1020 കോടി ഡോളർ പാസാക്കി, ശമ്പള–-പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാൻ. മറ്റു പല യൂറോപ്യൻ സർക്കാരുകളും താന്താങ്ങൾക്ക് ആവും വിധമെല്ലാം സഹായ ഹസ്തം നീട്ടി. അക്കാലത്ത് ‘ബാൻഡിറ്റ് ക്യാപ്പിറ്റലിസം’ എന്നറിയപ്പെട്ടിരുന്ന, ഒരു കൂട്ടം ഒലിഗാർക്കുകളെ മാത്രം സൃഷ്ടിച്ച ‘കിടിലൻ’ സാമ്പത്തിക പരിഷ്കാരങ്ങളിൽ പലതും തൽക്കാലം നിർത്തിവച്ചു. എന്നിട്ടും ഒന്നാം റൗണ്ടിൽ യെൽസിന് 50 ശതമാനം വോട്ട് കിട്ടിയില്ല. പണം കുത്തിയൊലിച്ച രണ്ടാം റൗണ്ടിൽ യെൽസിന് 53.8 ശതമാനവും ഷ്യുഗാനോവിന് 40.7 ശതമാനവും വോട്ട് കിട്ടി. കൗതുകകരമായ വസ്തുത, ഇതേ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗോർബച്ചേവിന് മൊത്തം വോട്ടിന്റെ അര ശതമാനമാണ് ലഭിച്ചത് എന്നതത്രേ.
1999ൽ യെൽസിൻ തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തത് വ്ലാദിമിർ പുടിനെയാണെങ്കിലും പാശ്ചാത്യ ചേരിയുടെ പ്രതീക്ഷകൾക്കൊത്തോ എന്തിന് യെൽസിന്റെ പ്രത്യാശകൾക്ക്‌ അനുസരിച്ചു പോലുമോ പ്രവർത്തിക്കുന്ന റഷ്യൻ ഭരണാധികാരിയായല്ല അദ്ദേഹം മുന്നോട്ടു പോയത്. ചെചൻ ഇസ്ലാമിസ്റ്റ്  വിഘടന വാദത്തെ നിശ്ശേഷം അടിച്ചമർത്തിയ ശേഷമാണ് 2000ൽ പുടിൻ പ്രസിഡന്റാകുന്നത്. 2000ൽ പുടിൻ നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെ കോവണിപ്പടിക്കിടയിൽ രക്ഷാമാർഗമില്ലാതെ പെട്ടുപോയ ഒരു വലിയ എലിയെ കണ്ട കാര്യം സൂചിപ്പിച്ച് രാഷ്ട്രം മൂലയിൽ ഒതുക്കപ്പെട്ടാലുള്ള ദുർഘട ഭൗമരാഷ്ട്രീയ സ്ഥിതി വിശേഷത്തിലേക്ക് വിരൽ ചൂണ്ടിയിരുന്നു. 2007ൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ  അമേരിക്കയുടെ പേരെടുത്തു പറഞ്ഞ്  ‘ഒരു രാജ്യം അതിന്റെ ദേശീയാതിർത്തികൾ അതിലംഘിച്ച് ലോകകാര്യങ്ങളിൽ അഭംഗുരം അതിക്രമം കാണിക്കുന്ന’ വസ്തുതയും പുടിൻ തുറന്നടിച്ചു. മധ്യ യൂറോപ്പിൽ  മിസൈൽവേധ സംവിധാനം സ്ഥാപിക്കാനുള്ള വാഷിങ്ടണിന്റെ പദ്ധതി പുറത്തു വന്നതായിരുന്നു സന്ദർഭം. ‘ബർലിൻ മതിലിന്റെ കല്ലുകൾ സ്മാരക സമ്മാനങ്ങളായി നിങ്ങൾ വിതരണം ചെയ്യുകയുണ്ടായി. ഇപ്പോൾ പുതിയ മതിലുകൾ ഉയർത്താനും അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്’–- പുടിൻ കൂട്ടിച്ചേർത്തു. 2005 ‘സോവിയറ്റ് യൂണിയന്റെ പതനം 20–-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമ രാഷ്ട്രീയദുരന്തമായിരുന്നു’  എന്നു പറഞ്ഞ പുടിൻ 2015ൽ തന്റെ ജന്മനഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലെ തെരുവുകളിൽ നിന്ന് താൻ പഠിച്ച ഒരു പാഠം, ‘അടിപിടി അനിവാര്യമായാൽ ആദ്യത്തെ ഇടി നമ്മുടേതു തന്നെയായിരിക്കണം’ എന്ന് ക്രിമിയ റഷ്യയോട് ചേർത്തതിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു.
2024 മെയ് ഏഴിന് പുടിൻ വീണ്ടും പ്രസിഡന്റായി അധികാരം ഏൽക്കുമെന്ന കാര്യത്തിൽ ഒരൊറ്റ പാശ്ചാത്യ മാധ്യമത്തിനും അണുവിട സംശയമില്ല. പക്ഷേ, ഈ അസന്ദിഗ്ധവും അനിവാര്യവുമായ ഫലശ്രുതിക്ക് പാശ്ചാത്യ ലോകം നിരത്തുന്ന കാരണങ്ങൾ, കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായ നിക്കൊളായ് ഖരിതൊനോവിനും  ലിബറൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ലിയോണിഡ് സ്ലട്സ്കിക്കും ന്യൂ പീപ്പിൾ പാർടി സ്ഥാനാർഥി പ്ലാദിസ്ലാവ് ദാവൻകോവിനും റഷ്യൻ സമൂഹത്തിലുള്ള പരിവേഷക്കുറവ് ചൂണ്ടിക്കാണിച്ചല്ല. ഇവരൊക്കെ യുദ്ധാനുകൂലികളും പരോക്ഷമായി പുടിൻ അനുകൂലികളുമാണ് പാശ്ചാത്യ മാധ്യമങ്ങൾക്ക്. ഫെബ്രുവരി 16ന് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ അന്തരിച്ച കടുത്ത പുടിൻ വിമർശകനായ അലക്സി നാവ്ലാനിയെപ്പോലുള്ള വ്യക്തികളുടെയും മറ്റുള്ള വിയോജന ശബ്ദങ്ങളുടെയും അഭാവത്തിലൂന്നി തെരഞ്ഞെടുപ്പു തന്നെ ഉദ്ദിഷ്ടഫലം ഉണ്ടാക്കാനുള്ള തട്ടിപ്പും നാടകവുമാണെന്നാണ് പറഞ്ഞുറപ്പിക്കുന്നത്.

കാര്യങ്ങൾ പക്ഷേ, അത്ര സരളമല്ല. 1991ൽ സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ റഷ്യ വിപണിസമ്പദ്‌ വ്യവസ്ഥയെ പരിരംഭണം ചെയ്തു എന്നത് ശരി. എന്നാൽ, പാശ്ചാത്യ ചേരി ആഗ്രഹിച്ചതു പോലുള്ള ഒരു ലിബറൽ ജനാധിപത്യ സംക്രമണം റഷ്യയിൽ ഉണ്ടായില്ല. ഭാവത്തിലും രൂപത്തിലും ബാഹ്യമായി മാറ്റം വന്നെങ്കിലും പഴയ സോവിയറ്റ് വ്യവസ്ഥയുടെ മർമപ്രധാനമായ പല സ്വഭാവ വിശേഷങ്ങൾ റഷ്യയിൽ ഇപ്പോഴും ശേഷിക്കുന്നു. വിപണി വ്യവസ്ഥയെ ആശ്ലേഷിച്ചെങ്കിലും റഷ്യൻ രാഷ്ട്രീയത്തെ ഇപ്പോഴും ഏറെക്കുറെ നിയന്ത്രിക്കുന്നത് സോവിയറ്റ് ശൈലി പിന്തുടരുന്ന ഭരണസംഘവും സ്ഥാപനങ്ങളുമാണ്. പോയ്‌മറഞ്ഞ ഈ സോവിയറ്റ് വ്യവസ്ഥയുടെ വർത്തമാന പരിച്ഛേദവും പ്രതിനിധിയുമാണ് പുടിൻ. തൊണ്ണൂറുകളിൽ റഷ്യയെ ചൂഴ്‌ന്നു നിന്ന വിവരണാതീതമായ അരാജകത്വവും അവ്യവസ്ഥയും ഇല്ലാതാക്കി രാജ്യത്ത് നിയമവാഴ്ച പുനഃസ്ഥാപിച്ചത് ക്രെംലിനിൽ പുടിൻ എത്തിയതോടെയാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുണ്ടായ ക്രൂഡ് ഓയിൽ വിലവർധനയുടെ തണലിൽ റഷ്യൻ സമ്പദ്‌ വ്യവസ്ഥയെ കരയ്ക്കടുപ്പിച്ചതും  സോവിയറ്റാനന്തര റഷ്യയിലെ പരമ ദയനീയ ജീവിത നിലവാരത്തെ ഒരുവിധം ഉയർത്താനായതും പുടിന്റെ ഭരണകാലത്താണ്.

1999ൽ പുടിൻ റഷ്യൻ പ്രധാനമന്ത്രിയായപ്പോൾ നിർവഹിച്ച ആദ്യകൃത്യം ഇന്നത്തെ പുടിനിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. മോസ്കോയിലെ ലുബ്യാൻസ്കയർ ചത്വരത്തിലെ കെജിബി (ഇപ്പോൾ ഫെഡറൽ സെക്യൂരിറ്റി സർവീസ്) ആസ്ഥാനത്തിനു മുമ്പിൽ  കെജിബിയുടെ മുൻ മേധാവിയും പിന്നീട് സോവിയറ്റ് പ്രസിഡന്റുമായ യൂറി ആന്ദ്രോപ്പോവിന്റെ സ്മാരകഫലകം പുനഃസ്ഥാപിക്കുകയായിരുന്നു പുടിൻ. പുടിൻ, ആന്ദ്രോപ്പോവിന്റെ ആരാധകനാണെന്നതോ പുടിൻ തന്നെ മുൻ കെജിബി കേണലാണെന്നതോ എന്ന മട്ടിൽ അന്നൊരു മാധ്യമവും ഈ ഫലക പുനഃസ്ഥാപനത്തെ ലഘൂകരിച്ചില്ല. ആന്ദ്രോപ്പോവിന്റെ വിദേശനയം പൊതുവിലും ഭൗമരാഷ്ട്രീയ പരിപ്രേക്ഷ്യം വിശേഷിച്ചും ഉയർത്തിപ്പിടിക്കുന്ന വർത്തമാന റഷ്യൻ ഭരണാധികാരിയുടെ പ്രതീകാത്മക നടപടിയെന്ന നിലയിലാണ്  ഈ വാർത്ത റഷ്യക്കകത്തും പുറത്തുമുള്ള മാധ്യമങ്ങൾ നൽകിയത്.

പിന്നീട് 2008ൽ ജോർജിയയിലും 2014ൽ  ക്രിമിയയിലും 2015ൽ സിറിയയിലും 2022ൽ ഉക്രയ്നിലും പുടിന്റെ ഈ ആന്ദ്രോപ്പോവിയൻ നടപടികൾ ലോകം കണ്ടു. അമേരിക്കയുടെ ഭൗമരാഷ്ട്രീയ വീക്ഷണത്തെ തരിമ്പും അംഗീകരിക്കാത്ത ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ് ഈ മുൻ കെജിബിക്കാരൻ എന്നിടത്താണ് പുടിനോടുള്ള പാശ്ചാത്യചേരിയുടെ പകയും വെറുപ്പും കിടക്കുന്നത്. ഒരു രാജ്യം കമ്പോള സമ്പദ്‌ വ്യവസ്ഥ നടപ്പാക്കിയാൽ മാത്രം പോരാ, വാഷിങ്‌ടൺ മുന്നോട്ടു വയ്‌ക്കുന്ന ഭൗമരാഷ്ട്രീയ വ്യവസ്ഥയുടെ ജൂനിയർ പാർട്ണർ ആയിരിക്കുകയും വേണം. ഈ മെയ് ആദ്യം അഞ്ചാം വരവ് ഉറപ്പിച്ച പുടിനെ അതിന് കിട്ടില്ല. അതാണ് കാര്യം.

(മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം 
മേധാവിയാണ് ലേഖകൻ)


No comments:

Post a Comment