Thursday, March 21, 2024

റിലയൻസ്‌ ഗ്രൂപ്പ് ബിജെപിക്ക് സമ്മാനിച്ചത് ശതകോടികൾ

മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇലക്ടറൽ ബോണ്ട്‌ രൂപത്തിൽ ബിജെപിയുടെ ഖജനാവിലേക്ക്‌ ഒഴുക്കിയത്‌ ശതകോടികൾ. ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ നമ്പരുകളടക്കം എസ്‌ബിഐ വ്യാഴാഴ്‌ച കൈമാറിയ വിവരങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ്‌ റിലയൻസ്‌ അടക്കമുള്ള കുത്തക സ്ഥാപനങ്ങൾ ഏതെല്ലാം വിധം ബിജെപിയെ സഹായിച്ചെന്ന വിവരങ്ങൾ പുറത്തായത്‌. മൂന്നു റിലയൻസ്‌ കമ്പനിക്ക്‌ 50 ശതമാനം ഓഹരിയുള്ള ക്വിക്‌ സപ്ലൈ ചെയിൻ എന്ന സ്ഥാപനം വഴിയാണ്‌ ബിജെപിയിലേക്ക്‌ ശതകോടികൾ ഒഴുകിയത്‌. 

പല ഘട്ടങ്ങളിലായി 375 കോടി രൂപ ബിജെപിക്ക്‌ ലഭിച്ചെന്ന്‌ ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ നമ്പർ സഹിതമുള്ള പരിശോധനയിൽ വ്യക്തമായി. 2022 ജനുവരി അഞ്ചിന്‌ 200 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ റിലയൻസ്‌ അനുബന്ധ കമ്പനി ബിജെപിക്ക്‌ കൈമാറി. 2022 നവംബർ 11ന്‌ 125 കോടിയുടെ ബോണ്ടുകളും 2023 നവംബർ 17ന്‌ 50 കോടിയുടെ ബോണ്ടുകളും റിലയൻസ്‌ ബന്ധമുള്ള ക്വിക്‌ സപ്ലൈ ബിജെപിക്ക്‌ നൽകി. 

2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 24 വരെയുള്ള ഇലക്ടറൽ ബോണ്ട്‌ വിവരങ്ങളാണ്‌ തിരിച്ചറിയൽ നമ്പരുകൾ സഹിതം എസ്‌ബിഐ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറിയത്‌. വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ തിരിച്ചറിയൽ നമ്പരുകൾ സഹിതം ബോണ്ടുകളുടെ പൂർണ വിവരങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി എസ്‌ബിഐക്ക്‌ അന്ത്യശാസനം നൽകിയിരുന്നു. 
ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിനിൽ നിന്ന്‌ ഇലക്ടറൽ ബോണ്ട്‌ രൂപത്തിൽ കോടികൾ ബിജെപിക്ക്‌ ലഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ മുകേഷ്‌ അംബാനി സഹായിച്ചതിന്റെ വിശദാംശങ്ങൾ പുറത്തായത്‌. സാന്റിയാഗോ മാർട്ടിനിൽ നിന്ന്‌ ബിജെപിക്കു പുറമെ തൃണമൂൽ കോൺഗ്രസ്‌, വൈഎസ്‌ആർ,എസ്‌പി തുടങ്ങിയ കക്ഷികൾക്കും ഇലക്ടറൽ ബോണ്ട്‌ രൂപത്തിൽ കോടികൾ ലഭിച്ചു. ആകെ 16,518 കോടി രൂപയാണ്‌ ഇലക്ടറൽ ബോണ്ടുകളിലൂടെ ഇടതുപക്ഷമൊഴികെയുള്ള രാഷ്ട്രീയ പാർടികൾക്ക്‌ ലഭിച്ചത്‌. ഇതിൽ 50 ശതമാനത്തിലേറെയും ബിജെപിക്കാണ്‌ ലഭിച്ചത്‌.

ഡൽഹി മദ്യനയക്കേസ്‌ 
പ്രതിയുടെ കമ്പനി ബിജെപിക്ക്‌ 
നൽകിയത്‌ 34 കോടി

ഡൽഹി മദ്യനയക്കേസ്‌ 
പ്രതിയുടെ കമ്പനി ബിജെപിക്ക്‌ 
നൽകിയത്‌ 34 കോടി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയ്‌ക്കൊപ്പം പ്രതിയായിരുന്ന പി ശരത് ചന്ദ്ര റെഡ്ഡിയുടെ  അരബിന്ദോ ഫാർമ ലിമിറ്റഡ്‌ ബിജെപിക്ക്‌ ആകെ നൽകിയത്‌ 34. 5 കോടി രൂപ. ഇതിൽ 5 കോടി രൂപയുടെ ബോണ്ട്‌ മദ്യനയക്കേസിൽ 2022 നവംബർ 10 ന് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ അഞ്ചു ദിവസത്തിനുള്ളിലാണ്‌ കമ്പനി വാങ്ങിയത്‌. നവംബർ 21ന്‌ ബിജെപി അത്‌ പണമാക്കി. കമ്പനി 52 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ആകെ വാങ്ങിയതിൽ 34.5 കോടിയും ബിജെപിക്കാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്ത്‌ വിട്ട ബോണ്ട്‌ വിവരങ്ങളിലാണ്‌ ഇതുള്ളത്‌.  പിന്നീട്‌ കേസിൽ ശരത്‌ ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായി. ഭാരത് രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്ക് ദേശം പാർടിക്ക് 2.5 കോടി രൂപയും കമ്പനി സംഭാവന നൽകി.

No comments:

Post a Comment