Friday, September 16, 2022

അംബേദ്കറും നേതാജിയും ഹിന്ദുത്വയുടെ സഹയാത്രികർ അല്ല. ജോൺ ബ്രിട്ടാസ് എം.പി

ചരിത്രം സൃഷ്ടിക്കുകയും പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബി.ആർ.അംബേദ്കറിന്റെ ആശയങ്ങളാണ് നരേന്ദ്രമോദി നടപ്പിലാക്കുന്നത് എന്നാണ് പുതിയ വാദം. ഇതു സംബന്ധിച്ച് ഒരു പുസ്തകം തലസ്ഥാനത്ത് പ്രകാശനം ചെയ്തു. ഇന്ത്യ ഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി സംസാരിച്ചത് ഏവരും ശ്രദ്ധിച്ചു കാണും.

അംബേദ്കറും നേതാജിയും ഹിന്ദുത്വയുടെ സഹയാത്രികർ എന്ന പ്രതീതിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. ഇവർ രണ്ടുപേർക്കും ആർഎസ്എസിന്റെ ആശയത്തോട് പുലബന്ധം പോലും ഉണ്ടായിരുന്നില്ലെന്നത് മാത്രമല്ല വിഭജനത്തിന്റെ ആശയധാരയെ ശക്തിയായി എതിർക്കുകയും ചെയ്തിരുന്നു. ആർഎസ്എസിന്റെ ഹിന്ദുരാജ് എന്നത് ഈ രാജ്യത്തിന് വലിയ കെടുതി ആയിരിക്കുമെന്നും ജനാധിപത്യവുമായി അത് പൊരുത്തപ്പെടുന്നില്ല എന്നുമാണ് അംബേദ്കർ പറഞ്ഞത്. 

നേതാജിയാകട്ടെ മുസ്ലിം സഹോദരന്മാരെ ചേർത്തു പിടിച്ചാണ് തന്റെ പോരാട്ടം നടത്തിയത്. ഹിന്ദു-മുസ്ലിം ഐക്യമായിരുന്നു നേതാജിയുടെ പ്രമാണം. തന്റെ അപകടം നിറഞ്ഞ അന്തർ വാഹിനിയാത്രയിൽ സഹയാത്രികനായി കൂട്ടിയത് അബിദ് ഹസനെ ആയിരുന്നു. തന്റെ സേനയ്ക്ക് ഇട്ട പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു. തന്റെ അവസാന യാത്രയിൽ കൂടെ കൂട്ടിയത് കേണൽ ഹബീബുർ റഹ്മാനെയായിരുന്നു.  സിംഗപ്പൂർ തീരത്ത് ആസാദ് ഹിന്ദ് ഫൗജിന്റെ രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ നേതാജി ഏൽപ്പിച്ചത് കേണൽ സിറിൽ ജോൺ സ്റ്റ്രാസി എന്ന ആംഗ്ലോ ഇന്ത്യൻ ക്രിസ്ത്യാനിയായിരുന്നു. 1941ൽ ബ്രിട്ടീഷ് ചാരവലയത്തിൽ നിന്ന് രക്ഷപ്പെട്ട് പെഷവാറിലേക്ക് പോകുമ്പോൾ നേതാജിയുടെ  കൂടെ പോയത് മിയൻ അക്ബർ ഷാ ആയിരുന്നു. നേതാജിയെ കാബൂളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചുമതല ഏറ്റെടുത്ത ഭാഗത് റാം തൽവാർ എന്നയാൾ ബ്രിട്ടീഷ് ചാരനായിരുന്നു എന്നത് മറ്റൊരു കാര്യം.  

ജാതിക്കും മതത്തിനും അതീതമായി സാഹോദര്യത്തിലാണ് അംബേദ്കറും നേതാജിയുമൊക്കെ വിശ്വസിച്ചിരുന്നത്. ഇവരെയൊക്കെ തങ്ങളുടെ ചേരിയിലേയ്ക്ക് ഹിന്ദുത്വ ചേർത്ത് നിർത്തുമ്പോൾ അത് ചരിത്രത്തോടും അവരോടും ചെയ്യുന്ന ക്രൂരതയാണെന്ന് പറയേണ്ടി വരും.
https://www.facebook.com/100044465318316/posts/pfbid0NC4qJUq26y6d2HxuAkysYa14gcmCwH9ndPUYacJVyaFEyqWELAy1VWjnDMtPetGkl/

No comments:

Post a Comment