Sunday, September 18, 2022

ബാങ്കുകളെ അദാനിമാർ വിഴുങ്ങുമ്പോൾ - പ്രഭാത് പട്‌നായിക് എഴുതുന്നു

കൊളോണിയൽ കാലത്ത് കർഷകർ സ്വകാര്യ വട്ടിപ്പലിശക്കാരിൽ നിന്ന് പണം കടം വാങ്ങാൻ നിർബന്ധിതരായിരുന്നു. പ്രൊവിൻഷ്യൽ ബാങ്കിങ്‌ എൻക്വയറി സമിതി റിപ്പോർട്ട് പ്രകാരം ഈ വട്ടിപ്പലിശക്കാർ പണം കടമെടുത്തത് വാണിജ്യ ബാങ്കുകളിൽ നിന്നാണ്. കർഷകർക്ക് വായ്പ നൽകുമ്പോൾ കനത്ത പലിശ ഈടാക്കിയിരുന്നെങ്കിലും ഈ ഇടപാടുകളുടെ റിസ്ക് അത്രയും ഏറ്റെടുത്തത് പലിശക്കാരൻ തന്നെയായിരുന്നു. വായ്പ തിരിച്ചടയ്‌ക്കാൻ കർഷകർക്ക് കഴിയാതെ വന്നാൽ പലിശക്കാർക്ക് പണം കടം നൽകിയ ബാങ്കുകൾ ഒരു റിസ്കും ഏറ്റിരുന്നില്ല. കടക്കാരുമായി ബാങ്കിന് ഒരുബന്ധവും ഉണ്ടായിരുന്നില്ല എന്നർഥം.

എന്നാൽ, പുതുതായി രൂപം കൊണ്ട സംവിധാനത്തിൽ കാര്യങ്ങൾ ഇങ്ങനെയല്ല. അദാനി കാപിറ്റലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇടപാട് ഉദാഹരണം. അവിടെ കോ ലെൻഡിങ്ങാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 80 ശതമാനം നൽകുമ്പോൾ അദാനി കാപ്പിറ്റൽ പോലുള്ള ബാങ്കിംഗ്.ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) വായ്പയുടെ 20 ശതമാനം നൽകും. ആർക്കൊക്കെ എന്തൊക്കെ ഉപാധിയിൻ മേൽ വായ്പ നൽകണമെന്ന് എൻബിഎഫ്സി തീരുമാനിക്കും. അത് ആർബിഐ ചുമത്തിയ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കി ആണെന്നാണ് പലരും അനുമാനിക്കുക

അതേ സമയം, അവസാനത്തെ കടക്കാരൻ വായ്പ തിരിച്ചടയ്‌ക്കാൻ പരാജയപ്പെട്ടാൽ നഷ്ടം ബാങ്കും എൻബിഎഫ്സിയും സഹിക്കണം. അവസാനത്തെ കടക്കാരനിൽ ഒരു നിയന്ത്രണവും  ഇല്ലാതെ വായ്പ നൽകുന്ന ബാങ്ക് എല്ലാ റിസ്കും സഹിക്കണം. (കടമെടുക്കുന്നവരിൽ ബാങ്കിന് നിയന്ത്രണമുണ്ടെങ്കിൽ അത്  നേരിട്ടുള്ള ഉഭയകക്ഷി ഇടപാട് ആകുമായിരുന്നു). കോ ലെൻഡിങ് ആവശ്യവും ഉണ്ടാകില്ല.

എൻബിഎഫ്‌സിയുടെ അവസ്ഥ കോളനിക്കാലത്തെ വട്ടിപ്പലിശക്കാരുടെ അവസ്ഥയേക്കാൾ എത്രയോ മെച്ചമാണ്‌. ഏതൊക്കെ വ്യവസ്ഥയിൽ ആർക്കൊക്കെ പണം നൽകാമെന്ന്‌ അവർക്ക്‌ നിശ്ചയിക്കാം. കൊളോണിയൽ കാലത്തെ വട്ടിപ്പലിശക്കാരുടെ അത്ര റിസ്‌ക്‌ ഒട്ടില്ലതാനും.  അവസാനത്തെ വായ്‌പക്കാരനിൽ ബാങ്കുകൾക്ക്‌ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയുണ്ടാകുകയും ഒപ്പം വായ്‌പ നൽകുന്നതിന്റെ റിസ്‌ക്‌ വർധിക്കുകയും ചെയ്യുന്നു. എൻബിഎഫ്‌സികളുടെ ഉടമകളായ മുതലാളിമാരെ സഹായിക്കുകയാണ്‌ നരേന്ദ്ര മോദി സർക്കാർ ഇതുവഴി ചെയ്‌തത്‌. ആ മുതലാളിമാരുടെ ബിസിനസ്‌ പൊടുന്നനെ വിപുലീകരിക്കപ്പെടുകയും കാര്യമായ റിസ്‌ക്‌ സാധ്യതയില്ലാതെ തന്നെ ലാഭം കുന്നു കൂടുകയും ചെയ്യുന്നു. ദേശസാൽക്കൃത ബാങ്കുകളുടെ ചെലവിലാണ്‌ എൻബിഎഫ്‌സികൾക്ക്‌ ഈ സഹായം ലഭിക്കുന്നത്‌.

ദേശസാൽക്കൃത ബാങ്കുകളിലെ നിക്ഷേപകർക്ക്‌ ഈ റിസ്‌കിന്റെ ഭാരം കൈമാറാനുള്ള പദ്ധതികളാണ്‌ തുടങ്ങി വച്ചിട്ടുള്ളത്‌. ഇത്തരം ബാങ്കുകൾക്ക്‌ ഉണ്ടാകുന്ന നഷ്ടം നികത്താൻ ബജറ്റിൽ ഒരു പദ്ധതിയും ഇല്ലാതെയാകുന്നതു കൊണ്ട്‌ നഷ്ടം നിക്ഷേപകർക്ക് ആയിരിക്കും. നഷ്ടം കുന്നു കൂടുമ്പോൾ ചുളു വിലയ്‌ക്ക്‌ സ്വകാര്യവൽക്കരിക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങും. ഈ സംവിധാനത്തിൽ എൻബിഎഫ്‌സി ഉടമകളായ മുതലാളിമാർക്കല്ലാതെ കർഷകർക്കോ, എംഎസ്‌എം ഇ (മീഡിയം, സ്‌മാൾ ആൻഡ്‌ മൈക്രോ എന്റർപ്രൈസസ്‌)കൾക്കോ ദേശസാൽക്കൃത ബാങ്കുകൾക്കോ ഗുണത്തിന്റെ ഒരംശമെങ്കിലും കിട്ടുന്നുണ്ടോ? -ഇല്ലെന്ന  ഉത്തരമാണ്‌ ലഭിക്കുക.  അദാനി കാപിറ്റലുമായുള്ള കോ ലെൻഡിങ്‌ ഉടമ്പടി ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും സഹായം ലഭിക്കാത്ത കാർഷിക മേഖലയുമായി ബന്ധം വയ്‌ക്കാനും അതുവഴി ഇന്ത്യൻ കാർഷിക സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ സംഭാവന നൽകാനും വേണ്ടിയാണെന്നാണ്‌ എസ്‌ബിഐയുടെ ഔദ്യോഗികമായ അവകാശവാദം. എന്നാൽ, ഇത്‌ ചിരിക്ക്‌ വക നൽകുന്നതാണ്‌. 


അദാനി കാപിറ്റലിന്‌ 60 ശാഖയുള്ളപ്പോൾ എസ്‌ബിഐ എന്ന രാജ്യത്തെ ഏറ്റവും വലിയ ഭീമൻ ബാങ്കിന്‌ ഇന്ത്യയിലെമ്പാടും 22,000 ശാഖയാണുള്ളത്‌. എസ്‌ബിഐക്ക്‌ 1.4 കോടി ക്രെഡിറ്റ്‌ അക്കൗണ്ടും രണ്ടു ലക്ഷം കോടിയുടെ കാർഷികവായ്‌പയും ഉള്ളപ്പോൾ അദാനി കാപിറ്റലിന്‌ ഇത്‌ യഥാക്രമം  28,000 രൂപയും 1300 കോടിയുമാണ്‌. എസ്‌ബിഐയുടെ ഉപഭോക്തൃ അടിത്തറ അദാനി കാപിറ്റൽ വിപുലമാക്കുമെന്ന്‌ പറയുന്നത്‌ ഐഎസ്‌ആർഒ (ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷൻ)യുടെ റോക്കറ്റ്‌ വിക്ഷേപണശേഷി വർധിപ്പിക്കാനായി ശിവകാശിയിലെ പടക്കക്കമ്പനിയുമായി കരാർ ഒപ്പിടുന്നതു പോലെയാണ്‌. ഇതിനെ പൊതു–- സ്വകാര്യ പങ്കാളിത്തമെന്ന നിർവചനത്തിൽപ്പെടുത്തുന്നതുതന്നെ കടുപ്പമാണ്‌. പൊതു–- സ്വകാര്യ പങ്കാളിത്തത്തിന്റെ ഒരു സവിശേഷത പൊതുമേഖലയുടെ റിസ്‌കിൽ സ്വകാര്യമേഖല ലാഭമുണ്ടാക്കുക എന്നതാണ്‌. സ്വകാര്യമേഖല ഉടമ്പടിക്കായി വരുമ്പോൾ  വെറും കൈയോടെ വരാറുമില്ല. എന്നാൽ, ഇവിടെ സ്ഥിതി അങ്ങനെയല്ല. എസ്‌ബിഐയുമായി അദാനി കാപിറ്റൽ കരാറിൽ ഏർപ്പെടുമ്പോൾ വെറുംകൈയോടെ വന്നാണ്‌. എസ്‌ബിഐ അതിന്റെ സാമ്പത്തിക ശേഷി ഉപയോഗിച്ച്‌ അദാനി കാപിറ്റലിനെ സഹായിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഈ കരാറിന്റെ എല്ലാ റിസ്‌കും ഏറ്റെടുക്കുന്നത്‌ എസ്‌ബിഐ അല്ലാതെ മറ്റാരുമല്ല. മാത്രവുമല്ല, അദാനി കാപിറ്റൽ അതിന്റെ ബിസിനസ്‌ വിപുലമാക്കുമ്പോൾ എസ്‌ബിഐക്ക്‌ പകരമായി ഒന്നും ലഭിക്കുന്നുമില്ല. 

സർക്കാർ അതിന്റെ കൂട്ടാളികൾക്കു വേണ്ടി ഒരു പൊതുമേഖലാ ബാങ്കിനെ ദുരുപയോഗിക്കുന്ന നഗ്നമായ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും നിന്ദ്യമായ ഉദാഹരണമാണ്‌. ഇത്തരം കെണിയിൽ എസ്‌ബിഐ വീണത്‌ അങ്ങേയറ്റം അപമാനകരവും. രാജ്യത്തെ ബാങ്കിങ്‌ മേഖലയുടെ മൊത്തത്തിലുള്ള മേൽനോട്ടത്തിന്‌ ചുമതലപ്പെട്ട ആർബിഐ ഈ ഉടമ്പടിക്ക്‌ അനുമതി നൽകിയത്‌ അതിലേറെ നിന്ദ്യമായ പ്രവൃത്തിയാണ്‌. എസ്‌ബിഐയുടെ ചെയർപേഴ്‌സൺ വിരമിച്ച ശേഷം അദാനിമാരുടെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.  ഈ പരിപാടി വെറും ചങ്ങാത്ത മുതലാളിത്തമായോ എൻബിഎഫ്‌സിയുടെ മുതലാളിമാരായ കോർപറേറ്റുകൾക്ക്‌ ഗുണമുണ്ടാക്കുന്ന ഉടമ്പടിയായോ മാത്രമല്ല കാണേണ്ടത്‌. ഈയിടെ റദ്ദാക്കിയ കാർഷിക നിയമങ്ങളുടെ പ്രധാന ലക്ഷ്യം തന്നെ കൃഷി ഭൂമി ഉപയോഗത്തിന്റെ ഘടന മാറ്റി മറിക്കുകയും ഭക്ഷ്യോൽപ്പാദനത്തിൽ നിന്ന്‌ അകറ്റുകയുമാണ്‌. മെട്രോപൊളിറ്റൻ രാജ്യങ്ങളുടെ ദീർഘകാലത്തെ ഈ ആവശ്യം വിശ്വസ്‌തതയോടെ ഏറ്റുപിടിച്ചത്‌ കോർപറേറ്റ്‌ ഭീമൻമാരും സാമ്രാജ്യത്വാനുകൂല സാമ്പത്തിക വിദഗ്‌ധരുമായിരുന്നു. ഇന്ത്യയിലെ കാർഷികമേഖല ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്‌ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിനാണ്‌. തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ അവർക്കാവശ്യമായ ഉൽപ്പന്നങ്ങൾക്കായി ഈ ഭൂമിയെ ഉപയോഗിക്കണമെന്ന ആവശ്യമാണ്‌ സമ്പന്ന രാജ്യങ്ങൾ ഉന്നയിച്ചത്‌. അവർക്കാകട്ടെ  കുന്നു കൂടിയ ഭക്ഷ്യ ധാന്യശേഖരം ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ വിറ്റഴിക്കുകയും വേണം. ആ രാജ്യങ്ങൾക്കു വേണ്ട  ഉൽപ്പാദിപ്പിക്കാനുള്ള കോളനിയായി ഇന്ത്യയെ മാറ്റിയെടുക്കണം. 

സാമ്രാജ്യത്വ ശക്തികൾക്കു മാത്രമല്ല, ധനാഢ്യരായ ആഭ്യന്തര കോർപറേറ്റ്‌ മുതലാളിമാർക്കും ഈ വിഷയത്തിൽ താൽപ്പര്യം  ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല. മാത്രവുമല്ല, ഈ താൽപ്പര്യ സംരക്ഷണത്തിനു വേണ്ടി മിനിമം താങ്ങുവില റദ്ദാക്കണമെന്നും താങ്ങു വിലയുടെ അടിസ്ഥാനത്തിൽ സർക്കാർ ഭക്ഷ്യധാന്യം സംഭരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും വാദിക്കുന്ന സാമ്പത്തിക വിദഗ്‌ധർക്ക്‌ രാജ്യത്ത്‌ ഒരു പഞ്ഞവുമില്ല. കർഷകരോട്‌ ഭക്ഷ്യധാന്യം ഉൽപ്പാദനം നിർത്തണമെന്ന്‌ അവർ  ഉപദേശിച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിലവിലുള്ള സംവിധാനത്തെ മാറ്റാനാണ്‌ മൂന്ന്‌ കാർഷികനിയമം കൊണ്ട്‌ മോദി സർക്കാർ ലക്ഷ്യമിട്ടത്‌. കർഷകരുടെ ധീരോദാത്തമായ ചെറുത്തു നിൽപ്പിനെ തുടർന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിച്ചത്‌ സർക്കാരിനെയും അന്താരാഷ്‌ട്ര കാർഷിക ബിസിനസ്‌ ലോബിയെയും അവരെ പിന്തുണയ്‌ക്കുന്ന ആഭ്യന്തര കോർപറേറ്റ്‌ ഭീമന്മാരെയും രോഷാകുലരാക്കിയിരുന്നു.  അതു  കൊണ്ടാണ്‌ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിന്റെ ഘടന മാറ്റാനും ഭൂമി വിനിയോഗം അട്ടിമറിക്കാനും ശ്രമിച്ചവർ ഇപ്പോൾ സർക്കാരിന്റെ വായ്‌പാരീതികൾ എൻബിഎഫ്‌സികളിലൂടെ ആഭ്യന്തര കോർപറേറ്റ്‌ പ്രഭുക്കളിലേക്ക്‌ മാറ്റാൻ നോക്കുന്നത്‌.

വായ്പയെന്നത് കൃഷിഭൂമിയുടെ വിനിയോഗം മാറ്റുന്നതിനുള്ള ഒരു ഉപാധിയാണെന്നിരിക്കെ, അദാനി–-എസ്ബിഐ കരാർ രാജ്യത്തെ ഭൂമി വിനിയോഗത്തിന്റെ ഘടന മാറ്റാനുള്ള വഴിതേടലാണ്. മൂന്ന് കാർഷികനിയമം വഴി നേടാൻ കഴിയാത്ത ലക്ഷ്യമാണ് ദേശസാൽക്കൃത ബാങ്കുകളും എൻബിഎഫ്സികളും തമ്മിലുള്ള ഉടമ്പടിയിലൂടെ നേടാൻ സർക്കാർ ശ്രമിക്കുന്നത്. കാർഷികനിയമങ്ങളെ ഒറ്റമനസ്സോടെ ചെറുത്ത അതേ തീവ്രതയോടെ ഈ കരാറുകളെയും എതിർക്കണം.


Read more: https://www.deshabhimani.com/articles/prabhath-patnaik-article/1044559



No comments:

Post a Comment