Tuesday, October 30, 2012

വിമാനത്താവളത്തില്‍ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു; സുനന്ദ കരണത്തടിച്ചു



തിരു: സത്യപ്രതിജ്ഞ കഴിഞ്ഞുവരുന്ന കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാര്യ സുനന്ദ പുഷ്കറിനെ അപമാനിച്ചു. വൃത്തികെട്ട പെരുമാറ്റത്തില്‍ രോഷാകുലയായ സുനന്ദ ഒരു പ്രവര്‍ത്തകന്റെ കരണത്തടിച്ചു. തിങ്കളാഴ്ച പകല്‍ ഒന്നോടെ തരൂരും ഭാര്യയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു  പ്രവര്‍ത്തകരും മന്ത്രിക്ക് അഭിവാദ്യം വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രിയെ വളഞ്ഞ് അനുമോദക്കുന്നതിനിടെയാണ് തിരക്കില്‍ പെട്ട സുനന്ദയ്ക്കു നേരെ പ്രവര്‍ത്തകരുടെ "കൈ" നീണ്ടത്.

നിസ്സഹായയായ സുനന്ദ ശബ്ദമുയര്‍ത്തി അപമാനിക്കുന്നവരെ അകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ നിലവിളിക്കുന്ന സ്ഥിതിയായെങ്കിലും പ്രവര്‍ത്തകര്‍ക്ക് "വിടാന്‍" ഭാവമില്ലായിരുന്നു. സഹിക്കാനാവാതെ വന്നപ്പോള്‍ അവര്‍ ഒരാളുടെ കരണത്തടിച്ചു. "ബെഗേഴ്സ്... ഡോഗ്സ്... (തെണ്ടികളേ...പട്ടികളേ) എന്നു ചീത്തവിളിച്ചു. വീണ്ടും അടിക്കാന്‍ മുതിര്‍ന്നെങ്കിലും സുനന്ദയുടെ "കൈ അടയാളം" മുഖത്ത് പതിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കമുള്ളവര്‍ മുങ്ങി. ഏറെ പണിപ്പെട്ടാണ് ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുനന്ദയ്ക്ക് സംരക്ഷണവലയം തീര്‍ത്തത്.

മന്ത്രിയെയും സ്വീകരിച്ച് വാഹനവ്യൂഹം ഡിസിസി ഓഫീസിലേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ലഭിച്ച വരവേല്‍പ്പിന്റെ ഞെട്ടലില്‍, ഡിസിസിയുടെ സ്വീകരണത്തിലേക്ക് കയറാന്‍പോലും സുനന്ദ തയ്യാറായില്ല. നേതാക്കള്‍ ഇടപെട്ടിട്ടും വഴങ്ങാതായതോടെ അവരെ കാറില്‍ വീട്ടിലെത്തിച്ചു. പൊലീസ് കാവലിലാണ് കോണ്‍ഗ്രസുകാര്‍ കേരളത്തെയാകെ അപമാനിക്കുംവിധം വിമാനത്താവളത്തില്‍ അഴിഞ്ഞാടിയത്. കേന്ദ്രമന്ത്രിയെയും ഭാര്യയെയും സുരക്ഷിതമായി എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസ് എല്ലാം കണ്ടുനിന്നു.

No comments:

Post a Comment