Monday, October 15, 2012

ഐ എസ് ആര്‍ ഒ ചാരക്കേസ് : സിബിഐ ആവശ്യം തടഞ്ഞത് ഉമ്മന്‍ചാണ്ടി




തിരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന സിബിഐ ആവശ്യം തടഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട്. ഇക്കാര്യത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംബന്ധിച്ച് രേഖകള്‍ പുറത്തായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആഴ്ചകള്‍ക്കുള്ളില്‍തന്നെ അന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഉത്തരവിറക്കുകയായിരുന്നു. അതീവ രഹസ്യമായിരുന്നു ഇത്.

ചാരക്കേസ് വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായിരുന്ന ഡിഐജി സിബി മാത്യൂസ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ കെ ജോഷ്വാ, എസ്ഐ എസ് വിജയന്‍ എന്നിവര്‍ കുറ്റക്കാരാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. നീതിയുക്തമല്ലാതെയും തൊഴില്‍പരമായ സത്യസന്ധത പുലര്‍ത്താതെയുമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞു. ഇവര്‍ക്കെതിരെ ശിക്ഷാനടപടി നിര്‍ദേശിച്ച് സിബിഐ ഡിഐജി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് യുഡിഎഫ് അധികാരത്തിലെത്തി രണ്ടുമാസം തികയുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി തീരുമാനിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയത് 2011 മെയ് 17നാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി തടഞ്ഞ് ഉത്തരവിറങ്ങിയത് ജൂണ്‍ 29നും( ജിഒ (ആര്‍ടി)നമ്പര്‍ 1923/2011/ഹോം തീയതി 29-06-2011) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി വേണമെന്ന സിബിഐ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അത് നിയമപരമല്ലെന്നും ഉത്തരവിലുണ്ട്. സിബിഐ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും വിശ്വാസ്യതയില്ലാത്തതാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പതിനഞ്ചുവര്‍ഷം കഴിഞ്ഞ കാര്യമായതിനാല്‍ നടപടിക്കാര്യം പ്രസക്തമല്ലെന്നും ഉത്തരവില്‍ പറഞ്ഞു.
മുഖ്യമന്ത്രി ഒളിച്ചോടുന്നു: മുരളീധരന്‍

തിരു: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് അവഗണിച്ചാല്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പ്രശ്നത്തില്‍നിന്ന് ഒളിച്ചോടുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തിനും ഏതിനും സിബിഐ അന്വേഷണവും അതിന്റെ ഗുണവും ചൂണ്ടിക്കാട്ടുന്നവര്‍ സിബിഐ കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതെന്താണെന്നും മുരളി ചോദിച്ചു. ""പുനരന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിനോ പാര്‍ടിക്കോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അക്കാര്യം വ്യക്തമാക്കണം. അല്ലാതെ കത്തിന്മേല്‍ ഒരു നടപടിയുമെടുക്കാതെ പ്രശ്നത്തില്‍നിന്ന് മാറിനില്‍ക്കുകയല്ല വേണ്ടത്. ചാരക്കേസിനെ ചാരംമൂടാന്‍ ആരെയും അനുവദിക്കില്ല. ഞാന്‍ നല്‍കിയ കത്തില്‍ എന്ത് നടപടിയെടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കത്ത് സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ആഭ്യന്തരമന്ത്രിക്ക് കൈമാറിയെന്നാണ് മാധ്യമങ്ങളിലൂടെ പറഞ്ഞത്. കത്ത് സംബന്ധിച്ച് എന്നോട് ഇന്നുവരെ ഫോണില്‍ ബന്ധപ്പെടാന്‍പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നിയമോപദേശം തേടിയശേഷം കത്ത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ആകാം. എന്നാല്‍, ഇതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ശരിയല്ല. ചാരക്കേസിന്റെ വസ്തുത പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. ചില കേന്ദ്രങ്ങളിലുള്ള ചില ആള്‍ക്കാര്‍ക്ക് ഭയമുള്ളതുകൊണ്ടാണ് പാര്‍ടി നേതാക്കള്‍പോലും പ്രതികരിക്കാത്തത്. മുന്‍ മുഖ്യമന്ത്രിയും എന്റെ പിതാവുമായ കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കും. അതിന് ഏതറ്റംവരെയും പോകും. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ ചില നേതാക്കള്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടുണ്ട്. നരസിംഹറാവുവിന്റെ അറിവോടെയായിരുന്നു അട്ടിമറി. തെളിവ് കിട്ടിയതുകൊണ്ടാണ് റാവുവിനെതിരെ പ്രതികരിച്ചത്. കരുണാകരനൊപ്പംനിന്ന് ആനുകൂല്യങ്ങള്‍ നേടിയ പലരും ഇന്ന് മൗനം പാലിക്കുന്നു. കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധാരണ പാര്‍ടി പ്രവര്‍ത്തകരുടെ പിന്തുണ എനിക്കുണ്ട്. എ കെ ആന്റണിയുടെ പേര് ഒരിക്കലും ഞാന്‍ വലിച്ചിഴച്ചിട്ടില്ല. ആന്റണിയെക്കുറിച്ച് ഒരു ശതമാനംപോലും സംശയമില്ല. എന്നാല്‍, പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ശരിയായില്ല. എന്തടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്""- മുരളീധരന്‍ ചോദിച്ചു. ചാരക്കേസ് സംബന്ധിച്ച് ആത്മപരിശോധന നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തയ്യാറാകണമെന്ന് പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment