Saturday, November 3, 2012

ചരിത്രം നമ്മെ കുറ്റക്കാര്‍ എന്നു വിധിക്കാതിരിക്കാന്‍


 • മണര്‍കാട് വി:മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ 2013 മാനേജിംഗ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 25 ഞായറാഴ്ച വിവിധ കരകളിലായി നടക്കുകയാണല്ലോ . മുന്‍കാലങ്ങളില്‍ നടന്ന മറ്റേതൊരു തെരഞ്ഞെടുപ്പിനെക്കാള്‍ അതീവ പ്രാധാന്യമുള്ളതാണ്  ഈ തെരഞ്ഞെടുപ്പ് .                                                                                    2012 -ലെ ഐക്യമുന്നണി വിജയം അക്ഷരാര്‍ഥത്തില്‍ ജനവിധി അട്ടിമറിച്ച് കുടില തന്ത്രങ്ങളില്‍ കൂടി  നേടിയെടുത്തതായിരുന്നു.'ഒരാള്‍ക്ക് ഒരു വോട്ട് 'എന്ന ജനാധിപത്യ തത്ത്വം മറികടന്ന്‍ പണവും ,മദ്യവും എല്ലാം  ലോഭമില്ലാതെ വിതരണം ചെയ്ത് വിലക്ക് വാങ്ങിയ വോട്ടുകള്‍ കൂട്ടമായി ഐക്യമുന്നണി നേതാക്കള്‍ തന്നെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ചായിരുന്നു അന്ന് അവര്‍ ജനവിധിയെ അട്ടിമറിച്ചത് . 
 • സംശുദ്ധരായ പലരും ഐക്യമുന്നണി മാനേജിംഗ് കമ്മറ്റിയില്‍ ഉണ്ടായിരുന്നിട്ടും അവരെയെല്ലാം തഴഞ്ഞു ,2007-ലെ ഐക്യമുന്നണി ഭരണകാലത്തെ സാമ്പത്തിക തിരിമറി സംബന്ധിച്ച ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്  അന്വേഷണത്തില്‍ ,പള്ളിക്ക് നഷ്ടപ്പെട്ടതായി പ്രത്യക്ഷമായി കണ്ടെത്തിയ 3,11,754. 56 രൂപ നാളിതുവരെ പള്ളിയില്‍ തിരിച്ചടക്കാത്ത അന്നത്തെ ട്രസ്റ്റി ആയിരുന്ന  "പരമ പരിശുദ്ധനെ"തന്നെ വീണ്ടും മുഖ്യ ട്രസ്റ്റി ആക്കിയും, ഈ പെരും കൊള്ള അന്വേഷണം നടത്തി ഇടവക പൊതുയോഗത്തെ അറിയിക്കാതെ മറച്ചു വച്ച അന്നത്തെ കണക്കു പരിശോധകനെ പള്ളി സെക്രട്ടറി ആക്കിയും ആലി ബാബയുടെ യഥാര്‍ത്ഥ അവതാരങ്ങളാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചു ."പള്ളിയുടെ വസ്തുക്കളില്‍ നിന്നും വില്‍ക്കുകയോ സ്വന്ത ആവശ്യത്തിനു അപഹരിക്കുകയോ ചെയ്യുന്നവന്‍ തിരികെ കൊടുക്കുന്നത് വരെ ശപിക്കപ്പെട്ടവനായിരിക്കും "എന്ന ഹൂദായ കാനോന്‍ വ്യവസ്ഥ തങ്ങള്‍ക്കു ബാധകമല്ല എന്നായിരിക്കും ഭരണക്കാര്‍ ധരിച്ചിരിക്കുന്നത്‌. അടിമുടി അഴിമതിയും, സ്വജന പക്ഷപാതവും പൌരോഹിത്യ അനാദരവും കൈമുതലാക്കിയ ഭരണമുന്നണി ഇതിനകം തന്നെ ഇടവകാംഗങ്ങളുടെ മനം മടുപ്പിച്ചു കളഞ്ഞു .
 • പള്ളി ഭരണഘടനയും ,സഭാ കാനോന്‍ വ്യവസ്ഥകളും ,രാജ്യത്തിലെ പൊതു നിയമങ്ങളും എല്ലാം ഈ ദുര്‍ഭരണത്തില്‍ നിരന്തരമായി അപമാനിക്കപ്പെട്ടു . നമ്മുടെ പള്ളിയുടെ ഭരണഘടനാ സ്ഥാപനങ്ങളായ ഇടവക പൊതുയോഗവും, പള്ളി മാനേജിംഗ് കമ്മറ്റിയും , സ്ഥാപനങ്ങളുടെ മാനേജിംഗ് ബോര്‍ഡുകളും എല്ലാം ഇതുപോലെ നോക്കു കുത്തികളായി മാറ്റപ്പെട്ട മറ്റൊരു കാലം ഇല്ല . അതുകൊണ്ട് തന്നെ  ഇടവകാംഗങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമായി  ഈ തെരഞ്ഞെടുപ്പിനെ നാം കാണണം . സഭാ പാരമ്പര്യങ്ങളെയും , കാനോന്‍ വ്യവസ്ഥകളെയും നിര്‍ലജ്ജം വെല്ലുവിളിച്ച് പുരോഹിതന്മാരെ നിരന്തരം അപമാനിച്ച ദുഷ്ട ശക്തികള്‍ക്കെതിരായ വിധിയെഴുത്തിനുള്ള ഈ സുവര്‍ണ്ണ അവസരം ഇടവകാംഗങ്ങള്‍ പാഴാക്കില്ലെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .
 • നമ്മുടെ പള്ളി ഭരണ ഘടന വകുപ്പ്  68 അനുശാസിക്കുന്നത്  കുറഞ്ഞത്‌ മൂന്നുമാസത്തില്‍ ഒരിക്കല്‍ പള്ളിയുടെ വരവു - ചെലവു കണക്കുകള്‍ പള്ളി മാനേജിംഗ് കമ്മറ്റിയില്‍  അവതരിപ്പിക്കണം എന്നതാണ് . ഇത് കൃത്യമായി നടപ്പിലാക്കിയാല്‍ സ്വാഭാവികമായി ഇടവക പൊതുയോഗത്തിനും വര്‍ഷത്തില്‍ നാല്  പ്രാവശ്യം വരവ് - ചെലവ് കണക്കുകള്‍ ചര്‍ച്ച ചെയ്യുവാന്‍ അവസരം ലഭിക്കുമായിരുന്നു. അമ്പത്തിനാല് വര്‍ഷം മുന്‍പ് വളരെ കുറഞ്ഞ വരുമാനം മാത്രം  ലഭിച്ചിരുന്ന കാലത്തു , സാമ്പത്തിക ക്രമക്കേട് ഒഴിവാക്കുന്നതിനും , ഭരണ സുതാര്യത ഉറപ്പു വരുത്തുന്നതിനും നമ്മുടെ പിതാക്കന്മാര്‍ രൂപം കൊടുത്തതാണ്  ഈ ഭരണഘടനാ വ്യവസ്ഥ. ഇത് പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ട് ദശ കോടികളുടെ വരവ് - ചിലവു കണക്കുകള്‍ അധികാരം ഏറ്റെടുത്തു പത്തു മാസം കഴിഞ്ഞ് , ഒക്ടോബര്‍ 28 പള്ളി പൊതുയോഗത്തിന് രണ്ടു ദിവസം മുന്‍പ്  മാത്രമാണ് പള്ളി മാനേജിംഗ് കമ്മറ്റിയില്‍ അവതരിപ്പിച്ചത്. പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൊതുയോഗ അംഗങ്ങളുടെ അറിവിലേക്ക് പൊതുയോഗത്തിന് ഒരാഴ്ച മുന്‍പെങ്കിലും പള്ളിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം എന്ന ഭരണ ഘടനാ വ്യവസ്ഥയും ബോധപൂര്‍വം ലംഘിച്ചു . ഇതേ മാനേജിംഗ് കമ്മറ്റിയില്‍ തന്നെ ആയിരുന്നു ജൂലൈ 31 -നു മുന്‍പ് അവതരിപ്പിക്കേണ്ടിയിരുന്ന അര്‍ദ്ധവാര്‍ഷിക കണക്കു പരിശോധനാ റിപ്പോര്‍ട്ടും , പെരുനാള്‍ കഴിഞ്ഞു രണ്ടാഴ്ചക്കുള്ളില്‍ അവതരിപ്പിക്കേണ്ടിയിരുന്ന എട്ടുനോമ്പ് പെരുനാള്‍ വരവ് ചിലവു കണക്കും , വോട്ട് ഓണ്‍ അക്കൗണ്ട്‌ കണക്കും എല്ലാം അവതരിപ്പിച്ചത് എന്നതോര്‍മ്മിക്കുക.ഓരോന്നും ഇനം തിരിച്ച്  , വിശദമായി സമയം എടുത്തു പരിശോധിച്ച്  ചര്‍ച്ച ചെയ്യുവാനുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെയും , പൊതുയോഗ അംഗങ്ങളുടെയും അവകാശം അതിവിദഗ്ദ്ധമായി കവര്‍ന്നെടുത്തു .യാതൊരു ചര്‍ച്ചയും കൂടാതെ എല്ലാം ചൂടപ്പം പോലെ പാസാക്കി എടുക്കുന്നതിനും, ദുര്‍ഗന്ധം വമിക്കുന്ന സാമ്പത്തിക അഴിമതികള്‍ മൂടി വക്കുന്നതിനായിരുന്നു ഭരണക്കാരുടെ ഈ പൊറാട്ടു നാടകം . നിലവിലുള്ള  മാനേജിംഗ് കമ്മറ്റിയില്‍  45 - ല്‍ 32 അംഗങ്ങളുടെ  സുഖകരമായ ഭൂരിപക്ഷം തങ്ങള്‍ക്കു ഉണ്ടായിരുന്നിട്ടും ഇതിനകം കുറഞ്ഞത്‌ മൂന്നു പ്രാവശ്യമെങ്കിലും വരവ് ചിലവു കണക്കുകള്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശം എന്തു കൊണ്ടാണ്  മാനേജിംഗ്  കമ്മറ്റി അംഗങ്ങള്‍ക്ക് നിഷേധിച്ചത് എന്നു ഐക്യ മുന്നണി ട്രസ്റ്റിമാര്‍ മറുപടി പറയുമോ ? സ്വന്തം അംഗങ്ങളില്‍ നിന്നു പോലും മറച്ചു വക്കാന്‍ ഏറെ ഉണ്ട് എന്നത് കൊണ്ടായിരുന്നില്ലേ ഈ ഒളിച്ചോട്ടം ? നമ്മുടെ പരമാധികാര സഭ ആയ ഇടവക പൊതുയോഗവും , മാനേജിംഗ് കമ്മറ്റിയും എല്ലാം കേവലം അജാഗള സ്തനങ്ങള്‍ മാത്രമാണെന്ന് ഭരണക്കാര്‍ നമുക്ക് കാണിച്ചു തന്നു.നിയമപ്രകാരം "പബ്ലിക് ട്രസ്റ്റ്" എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ആരാധനാലയങ്ങളുടെ ധന വിനിയോഗം എങ്ങിനെ എന്ന് അറിയാനുള്ള ഭക്ത ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത് ?
 • സാമ്പത്തിക അഴിമതിയുടെയും , സ്വജന പക്ഷപാതത്തിന്റെയും ദുര്‍ഗന്ധം വമിക്കുന്ന വാര്‍ത്തകള്‍ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.  കോളേജ് അധ്യാപക നിയമനത്തിന് സംഭാവന ആയി കോടികള്‍ ലഭിച്ചിട്ടും ലഭിച്ച പണം എത്ര എന്ന് നാളിതു വരെ കോളേജ് മാനേജിംഗ് ബോര്‍ഡില്‍ ട്രസ്റ്റിമാര്‍ വ്യക്തമാക്കിയിട്ടില്ല ."പള്ളി മാനേജിംഗ്  കമ്മറ്റിയില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും അതുകൊണ്ടു നിങ്ങളിതൊന്നും അറിയണ്ട "എന്ന ധാര്‍ഷ്ട്യം ആണ്   ട്രസ്റ്റിമാര്‍ പുലര്‍ത്തുന്നത് . നിയമനത്തിന് അധ്യാപകര്‍ നല്‍കിയതായി പുറത്തു പറഞ്ഞ തുകയും ലഭിച്ചതായി  ട്രസ്റ്റിമാര്‍ ഇടവക പൊതുയോഗത്തെ അറിയിച്ച തുകയും തമ്മില്‍ കടലും , കടലാടിയും തമ്മിലുള്ള അന്തരം ആണ്.നമ്മുടെ പള്ളി ഭരണഘടന വകുപ്പ്  97 പ്രകാരം ഓരോ ദിവസത്തെയും വരവ് ചെലവു കണക്കുകള്‍ അതാതു ദിവസം തന്നെ നാള്‍വഴി , പേരേഡ് ബുക്കുകളില്‍ വരവ് വക്കുവാന്‍ ട്രസ്റ്റിമാര്‍ ബാദ്ധ്യസ്ഥരാണെങ്കിലും അധ്യാപക നിയമനത്തില്‍ ലഭിച്ചതായി ട്രസ്റ്റിമാര്‍ സമ്മതിക്കുന്ന പണം പോലും യഥാസമയം പള്ളി കണക്കില്‍ വരവ് വയ്ക്കാതെ മാസങ്ങളായി ഭരണക്കാര്‍ ഒളിച്ചു കളിക്കുകയാണ് . നമ്മുടെ നേര്‍ച്ച പണം ഇവരുടെ പോക്കറ്റിലിട്ടു അമ്മാനമാടാനുള്ളതല്ല എന്നു ഇവരെ പഠിപ്പിക്കാന്‍ ഏതു 'ധ്യാനഗുരു ' ആണോ ഇനിയും എഴുന്നള്ളേണ്ടതു ? 
 •  കോളേജ് അധ്യാപക നിയമനത്തില്‍ കൂടി കോടികള്‍ സ്വന്തം പോക്കറ്റില്‍ ആക്കാനുള്ള ദുഷ്ടലാക്കോട് കൂടി ആയിരുന്നു കോളേജ് മാനേജര്‍ ആയിരുന്ന നമ്മുടെ ഇടവക വികാരിയെ കാലാവധി അവസാനിക്കാന്‍ രണ്ടര വര്‍ഷം കൂടി അവശേഷിക്കെ ഭരണഘടനാ വിരുദ്ധമായി അപമാനിച്ചു പുറത്താക്കിയത്. നമ്മുടെ പള്ളിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്  ഒരു വൈദികന്‍ ഇതുപോലെ പരസ്യമായി അവഹേളിക്കപ്പെട്ടത്‌ .ഇവര്‍ ഏല്‍പ്പിച്ച മാനസികക്ഷതം മൂലം അവശനായി  പൊതുയോഗ നടപടി പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഇടവക വികാരിക്ക് ചികിത്സ തേടേണ്ടി വന്ന ക്രൂരതക്കും നാം സാക്ഷ്യം വഹിച്ചു .നമ്മുടെ പള്ളിയുടെ ഭരണഘടന വകുപ്പ്  56 പ്രകാരം  ഇടവകാംഗങ്ങളെ ശാസിക്കാനും ശിക്ഷിക്കാനും ഉള്ള ഉന്നത അധികാര പദവിയിലിരിക്കുന്ന ഇടവക വികാരിക്കു പോലും ഈ ദുര്‍ഭരണത്തില്‍ അനുഭവം ഇതാണെങ്കില്‍ , നാം പാവം ഇടവകാംഗങ്ങളുടെ സ്ഥിതി എന്താകും?
 • ഇവരുടെ ഭരണത്തില്‍ ഇടവക വികാരി മാത്രമല്ല അപമാനിക്കപ്പെട്ടത്.ശ്രേഷ്ഠ കാതോലിക്കാ ബാവാതിരുമേനിയും ,സുന്നഹദോസ് സെക്രട്ടറി ജോസഫ്‌ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും , ഇടവക മെത്രാപ്പോലീത്തയും എല്ലാം അപമാനിക്കപ്പെട്ടു. തനിക്കും, സഭക്കും എതിരായി ഭരണ ചുമതലക്കാര്‍ ഇടവകാംഗങ്ങളുടെ ഇടയില്‍ കുപ്രചരണം നടത്തുന്നു എന്ന് ആരോപിച്ചു ശ്രേഷ്ട കാതോലിക്കാ ബാവാതിരുമേനി പള്ളിക്ക് അയച്ച കല്‍പ്പന തന്നെ മതിയാകും ഇവരുടെ ദുര്‍ഭരണത്തിനു സാക്ഷിപത്രം . ശ്രേഷ്ഠ കാതോലിക്കാ ബാവാതിരുമേനിയെയും സുന്നഹദോസിനെയും പരസ്യ വിചാരണ നടത്താന്‍ , അടിയന്തിര പൊതുയോഗവും , മാനേജിംഗ് കമ്മറ്റിയും വിളിച്ചു ചേര്‍ക്കുവാന്‍ ഒരു മനസാക്ഷിക്കുത്തും ഈ ഭരണക്കാര്‍ക്ക് ഇല്ലായിരുന്നു എന്നതാണ് നമ്മെ അതിശയപ്പെടുത്തുന്നത്‌ . നമ്മുടെ പള്ളി ഭരണഘടനയില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ അധികാരത്തെ കുറിച്ച്  വ്യവസ്ഥ ഇല്ല എന്ന ദുര്‍യുക്തി ഉന്നയിച്ചു ശ്രേഷ്ഠബാവാ തിരുമേനിയോട്  കൂറ് പുലത്തുന്ന സത്യവാങ്ങ്മൂലം നല്കാന്‍ തയ്യാറല്ല എന്ന്  2008-ല്‍ നമ്മുടെ ഇടവക പൊതുയോഗത്തില്‍ പരസ്യമായി പറഞ്ഞവരില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടത് .
 • ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനിയുടെയും , ഇടവക മെത്രാപ്പോലീത്തയുടെയും കല്‍പനകള്‍ നടപ്പിലാക്കാതെ അനുസരണക്കേടിന്റെ അവതാരങ്ങളായി മാറാന്‍ ഇവര്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു എന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു .നമ്മുടെ പള്ളി ഭരണഘടന വകുപ്പ് 1 പ്രകാരം പ :അന്ത്യോക്യാ സിംഹാസനത്തില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള മെത്രാപ്പോലീത്താമാരെ അനുസരിക്കാത്തവര്‍ക്ക് പള്ളിയിന്മേലോ , സ്വത്തുക്കളിന്മേലോ യാതൊരു അവകാശവും ഇല്ല എന്നതും ,അവര്‍ക്ക് പള്ളിയുടെ അംഗത്വം നഷ്ടപ്പെടുമെന്നതും മറന്നവര്‍ക്ക് എങ്ങിനെ നമ്മുടെ പള്ളിയെ ഭരിക്കാന്‍ കഴിയും.
 • പൌരോഹിത്യ അനാദരവില്‍ മാത്രം അല്ല ഗുരുക്കന്മാരെ അനാദരിക്കുന്നതിലും അതിമിടുക്ക് ഉള്ളവരാണ് തങ്ങളെന്ന് സേവകാസംഘത്തില്‍ നിന്നും സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരെ പടി ഇറക്കി അവര്‍ നമുക്കു കാണിച്ചു തന്നു .സാധുജന സംരക്ഷണ രംഗത്തു നിരാക്ഷേപകരമായി ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ വന്‍ സമ്പത്ത് മാലോകരരിയാതെ സ്വന്തം പോക്കറ്റിലാക്കാന്‍ ഉള്ള ദുഷ്ടലാക്കു  ആയിരുന്നു സേവകാസംഘത്തില്‍ നിന്നും അതിന്റെ സ്ഥാപകരായ  സണ്‍‌ഡേസ്കൂള്‍ അദ്ധ്യാപകരേ പടി അടിച്ചു പുറത്താക്കിയതിനു പിന്നില്‍ .  സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകര്‍ ഭരണം നടത്തിയിരുന്ന 2011എട്ടുനോമ്പ് പെരുനാള്‍ കാലത്തു 16 ലക്ഷം രൂപ അധിക വരുമാനം ലഭിച്ചു എങ്കില്‍ ഈ വര്‍ഷം 9 ലക്ഷം  ആയി കുറഞ്ഞതിന്റെ പിന്നിലെ ഗുട്ടന്‍സ്  ഒന്നു വ്യക്തമാക്കുമോ ?
 •  വര്‍ഷങ്ങളായി നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയാനുണ്ടായിരുന്ന നമ്മുടെ ആശുപത്രി ദീര്‍ഘ വീക്ഷണത്തോടെ , ഭാവനാപൂര്‍ണ്ണമായ നിരവധി പദ്ധതികളില്‍ കൂടി മൂന്നാം മുന്നണി ലാഭത്തില്‍ എത്തിച്ചു എങ്കില്‍ ഇപ്പോള്‍ തകര്‍ച്ചയിലേക്ക്‌ നീങ്ങുകയാണ്.ദുര്‍ഭരണം കണ്ട് മനം മടുത്ത് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പലരും സേവനം മതിയാക്കി പിരിഞ്ഞു പോകുകയാണ്‌ .ഫാര്‍മസി പ്രവര്‍ത്തിക്കണമെങ്കില്‍ കെട്ടിടനിര്‍മ്മാണ ലൈസന്‍സ് ലഭിച്ചിട്ടുള്ള ഒരു കെട്ടിടം എങ്കിലും ഉണ്ടായിരിക്കണം. ലൈസന്‍സ്  ഉള്ള പഴയ കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന്  കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും യാതൊരു അനുമതിയും തേടാതെ, നിയമം ലംഘിച്ചു , അനധികൃത കെട്ടിടനിര്‍മ്മാണം നടത്തി അവര്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ തന്നെ ധിക്കാരപൂര്‍വ്വം വെല്ലുവിളിക്കുകയാണ്.നിര്‍മ്മാണ ലൈസന്‍സ് ലഭിക്കാതെ കെട്ടിട നിര്‍മ്മാണം നടത്തരുത് എന്ന പൊതുയോഗ തീരുമാനത്തിന് പുല്ലുവില പോലും കല്‍പ്പിക്കാതെ ആയിരുന്നു  ഭരണക്കാരുടെ ഈ അതിക്രമം .  നിയമ ലംഘനം ബോധപൂര്‍വം മറച്ചുവെച്ചു , നമ്മുടെ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു നിയമം ലംഘിച്ചു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിപ്പിക്കാന്‍ എങ്ങിനെ ഭരണക്കാര്‍ക്ക് ധൈര്യം വന്നു എന്നതാണ് അത്ഭുതകരം.അധികാരികളുടെ മുന്‍പില്‍ ഈ പുണ്യ ദേവാലയത്തിന്റെ വിശ്വാസ്യത ആണ് ഇവര്‍ തകര്‍ത്തു കളഞ്ഞത് . നിയമ പ്രകാരം ലൈസന്‍സ് ഉള്ള ഒരു കെട്ടിടം പോലും ഇല്ലാത്തതിന്റെ പേരില്‍ നമ്മുടെ ആശുപത്രിയുടെ നിലവിലുള്ള  പ്രവര്‍ത്തനംപോലും അസാദ്ധ്യമാക്കി കഴിഞ്ഞിരിക്കുകയാണ് ഭരണക്കാര്‍ . ഈ നിയമ ലംഘനത്തിന് നാളെ കയ്യും കെട്ടിനിന്നു ചെയ്യാത്ത കുറ്റത്തിന്  ഉത്തരം പറയേണ്ടി വരിക ആശുപത്രിയുടെ പ്രസിഡണ്ട്‌ പദവി വഹിക്കേണ്ട ബ: പുരോഹിതന്മാര്‍ ആയിരിക്കും എന്നതും ഞങ്ങളെ ദുഖിപ്പിക്കുന്നു .ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരം ഒരു മത സ്ഥാപനത്തിനും രാജ്യത്ത് ഒരു നിയമത്തെയും ലംഘിക്കാന്‍ അവകാശം ഇല്ലാതിരിക്കെ ആണ് ഭരണക്കാരുടെ ഈ അതിക്രമം എന്നത് ഓര്‍മ്മിക്കുക .
 • സിബിഎസ്‌ സി നിയമ പ്രകാരം സ്കൂള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത്‌ മൂന്നര ഏക്കര്‍ സ്ഥലമെങ്കിലും അനുബന്ധമായി ഉണ്ടാകണം .കണിയാംകുന്നില്‍ ഉള്ള നാലര ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യം ഉള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപ്രോച്ച്  റോഡിനു വേണ്ടി സ്ഥലം വാങ്ങാന്‍ മൂന്നാം മുന്നണി ഭരണകാലത്ത് നടത്തിയ നീക്കത്തിനെതിരെ ലഹള ഉണ്ടാക്കിയവര്‍, അശാസ്ത്രീയ മണ്ണ് ഘനനം നടത്തി കോടികള്‍ വിലമതിക്കുന്ന ആ പുരയിടം ഉപയോഗശൂന്യമാക്കി. ദീര്‍ഘവീക്ഷണം ഇല്ലാത്ത ഈ നടപടി മൂലം ആവശ്യമായ പശ്ചാത്തല സൌകര്യം ഇല്ല എന്നതിനാല്‍ സ്കൂള്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ സിബിഎസ്‌ സി സ്കൂളും അടച്ചുപൂട്ടലിന്റെ വക്കത്തെത്തി .
 • ആശുപത്രി , സിബിഎസ്‌ സി സ്കൂള്‍ ,ഐ ടി സി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ മിമിമം കൂലി നിഷേധിക്കുന്ന മാനേജുമെന്റുകള്‍ ക്രിമിനല്‍ നടപടിക്കു  വിധേയരാകേണ്ടി വരും എന്ന ഹൈക്കോടതി വിധി പുറത്തു വന്നു കഴിഞ്ഞു .സിബിഎസ്‌ സി സ്കൂള്‍ ഭരണം നിയമത്തിനു കീഴ്പ്പെട്ടു നടത്താന്‍ നിയോഗിക്കപ്പെട്ട ഭരണ മുന്നണി നേതാവായ മാനേജിംഗ് ബോര്‍ഡ് സെക്രട്ടറി തൊട്ട് അപ്പുറത്തെ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ കൊടിയ മര്‍ദനം നാടിനെ ആകെ രോഷാകുലരാക്കി .വിവരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക്  മുന്‍പില്‍ ഭരണക്കാര്‍ നടത്തിയ അഴിഞ്ഞാട്ടം കണ്ടു ലോകം ഞെട്ടി. പാര്‍ലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വിദ്യാര്‍ത്ഥികളെ കായികമായി ശിക്ഷിക്കാന്‍ അദ്ധ്യാപകര്‍ക്ക് പോലും അവകാശം ഇല്ലാതിരിക്കെ ആണ് ഭരണ മുന്നണി നേതാവിന്റെ ഈ മുട്ടാളത്തരം . അവസാനം നേര്‍ച്ച പണം, ലക്ഷങ്ങള്‍ അനധികൃതമായി ചിലവഴിച്ചു കേസ് ഒതുക്കി തീര്‍ക്കാന്‍ ഭരണക്കാര്‍ സംഘ പരിവാറിന്റെ തിണ്ണ നിരങ്ങിയത് അങ്ങാടിപ്പാട്ടായി .
 •                                                                                                                                                                                                                       മിനിമം കൂലി നിഷേധത്തിന് പലപ്പോഴും പറയുന്ന ന്യായം കടുത്ത സാമ്പത്തിക ക്ലേശം ആണ് .സര്‍ക്കാരും ,പൊതു മേഖല സ്ഥാപനങ്ങളും ഒക്കെ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി വാടക വാഹനങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുമ്പോള്‍ ,നിലവിലുള്ള ജീവനക്കാര്‍ക്ക് പട്ടിണി കൂലി പോലും  നല്കാന്‍ പണം ഇല്ലാതിരിക്കെ എന്തിനാണ് നമ്മുടെ ട്രസ്റ്റിമാര്‍ ഊരു ചുറ്റാന്‍ പതിനഞ്ചു ലക്ഷത്തിന്റെ ആഡംബര വാഹനം വാങ്ങി കണ്ണുനീരിന്റെ നേര്‍ച്ച പണം ധൂര്‍ത്ത് അടിക്കുന്നത് ?
 • നിലവിലുള്ള ജീവനക്കാര്‍ക്ക്  മിനിമം കൂലി പോലും നല്‍കാന്‍ പണം ഇല്ലെന്നു പറയുന്നവര്‍ വോട്ടു ബാങ്ക് സംരക്ഷിക്കാന്‍ ഇല്ലാത്ത തസ്തികകളിലേക്ക്  സ്വന്തക്കാര്‍ക്കായി നിയമന മാമാങ്കം നടത്തിയതിന്റെ യുക്തി എന്താണ് ? യാതൊരു സുതാര്യതയും ഇല്ലാതെ നടത്തിയ നിയമനത്തില്‍ തൊഴില്‍ ലഭിച്ച അനര്‍ഹരില്‍  നമ്മുടെ വിശ്വാസം ഉപക്ഷിച്ചു പെന്തക്കോസ്ത് വിശ്വാസ സ്നാനം ഏറ്റവരും ഉള്‍ക്കൊള്ളുന്നു. ഇങ്ങിനെ പിന്‍വാതില്‍ നിയമനം ലഭിച്ചവരില്‍ പലരുടെയും ബന്ധുക്കളാണ്  ഇക്കുറി ഐക്യമുന്നണി സ്ഥാനാര്‍ത്തി ലിസ്റ്റില്‍ ഇടം നേടിയത് .  സ്വന്തം നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാന്‍ നമ്മുടെ പള്ളിയുടെ സാമ്പത്തിക അടിത്തറ പോലും തകര്‍ക്കാന്‍ മടിയില്ലെന്ന് ഇവര്‍ നമുക്ക് കാണിച്ചു തന്നു .
 • എല്ലാം പൊളിച്ചടുക്കുക എന്നത്  ഭരണക്കാര്‍ക്ക് വല്ലാത്ത ഹരമുള്ള പ്രവര്‍ത്തി ആണ് . അധികാരമേറ്റെടുത്തു ആദ്യം അവര്‍ നമ്മുടെ പള്ളിയുടെ പ്രധാന കവാടത്തിനു സമീപം ഉണ്ടായിരുന്ന മനോഹര ശില്‍പ്പം പാതിരാവിന്റെ മറവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി .അതോടു ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന കുരിശടിയും , നേര്‍ച്ച പെട്ടിയും എല്ലാം യന്ത്ര കലപ്പയുടെ മുന്‍പില്‍ തകര്‍ന്നടിഞ്ഞു .ഭക്ത ജനങ്ങള്‍ സമര്‍പ്പിച്ച കണ്ണുനീരിന്റെ നേര്‍ച്ച പണം പെരുവഴിയില്‍ ചിന്നിച്ചിതറി കിടക്കുന്നത് കണ്ടു വി:ദൈവമാതാവും ,മണ്മറഞ്ഞ പിതാക്കന്മാരും, സുബോധം നശിക്കാത്ത ഭക്തരും എല്ലാം കണ്ണുനീര്‍ വീഴ്ത്തി .ഇപ്പോള്‍ പാപ പരിഹാരാര്‍ത്ഥം ,പൊതുനിരത്തു അനധികൃതമായി കയ്യേറി സ്ഥാപിച്ചിട്ടുള്ള നേര്‍ച്ച പെട്ടി നമ്മുടെ പള്ളിക്ക് തന്നെ അപമാനം ആയി മാറിയിരിക്കുന്നു .സ്വന്തമായി 65 ഏക്കര്‍ ഭൂമിയുടെ ഉടമ ആയ മണര്‍കാട് പള്ളിയുടെ നേര്‍ച്ചപെട്ടി ആണ് സര്‍ക്കാര്‍ റോഡ്‌ കയ്യേറി ഭരണക്കാര്‍ പെരുവഴിയില്‍  സ്ഥാപിച്ചതെന്ന് നാം ഓര്‍മ്മിക്കണം . നമുക്ക് ലജ്ജിച്ചു തല താഴ്ത്താം .
 • നമ്മുടെ ദേവാലയത്തിലെ പ്രശസ്തമായ എട്ടുനോമ്പ് പെരുനാള്‍ വിഭാഗീയതകള്‍ക്ക് അതീതമായി എല്ലാ ഇടവകാംഗങ്ങളെയും യോജിപ്പിച്ച് ഐക്യത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് നാം എന്നും പുലര്‍ത്തി വന്നിരുന്ന പാരമ്പര്യം .എന്നാല്‍ ഈ വര്‍ഷം ഭരണക്കാര്‍ എല്ലാം ഗോപ്യമായി നടത്തുക എന്ന ദുഷ്ട ലാക്കോട് കൂടി തങ്ങളുടെ ഏറാന്‍ മൂളികളെ മാത്രം പെരുനാള്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് എട്ടുനോമ്പ് പെരുനാള്‍ നടത്തിയത് .സംഘാടന പിഴവ് മൂലം എല്ലാം അലങ്കോലപ്പെട്ടു .കറി നേര്‍ച്ചക്ക്‌  മുന്‍കൂര്‍ പണം അടച്ച ആയിരങ്ങള്‍ക്ക് ഒഴിഞ്ഞ ചട്ടിയും,പലര്‍ക്കും വളിച്ച പായസവും  ,പുളിച്ച ശകാരവും ആണ്  ഭരണക്കാര്‍ നല്‍കിയത്‌ .നമ്മുടെ ഇടവകക്കാര്‍ വര്‍ഷങ്ങളായി പരമ്പരാഗതമായ പാചക രീതിയില്‍ തയ്യാറാക്കുന്ന പാച്ചോര്‍ രുചി ഭേദത്തില്‍ ഏറെ വൈശിഷ്ട്യം ഉള്ളതായിരുന്നു. എന്നാല്‍ ഇക്കുറി ഹൈന്ദവ ക്ഷേത്രങ്ങളിലെ പായസ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ ആയിരുന്നു ഇടവകക്കാരെ മാറ്റി നിര്‍ത്തി ഭരണക്കാര്‍ കറി നേര്‍ച്ച ചുമതല ഏല്‍പ്പിച്ചത് .ആഴ്ചകളോളം കേടുകൂടാതെ ഭക്തജനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത നേര്‍ച്ച പാച്ചോറിനു പകരം മോഹനന്‍ നമ്പൂതിരിയുടെ ചൂടാറിയാല്‍ നിമിഷങ്ങള്‍ക്കകം അഴുകി പോകുന്ന "പ്രസാദ പായസം" നല്‍കിയതിനു എന്തു ന്യായം ആണ് ഭരണക്കാര്‍ക്ക് പറയാനുള്ളത് .? അവസാനം അപകടം മണത്തറിഞ്ഞു ഓടിയെത്തിയ ഇടവകക്കാര്‍ അത്യദ്ധ്വാനം ചെയ്തു പാചകം ചെയ്ത പാച്ചോര്‍ വേണ്ടി വന്നു നേര്‍ച്ച വിളമ്പു മുടങ്ങാതിരിക്കാന്‍ .
 • 2007- ല്‍ മുന്‍പ് ഇവര്‍ ഭരിച്ചപ്പോള്‍ എട്ടുനോമ്പ് പെരുനാള്‍ റാസയില്‍ കാവി വേദക്കാരുടെ "കുംഭകുടം തുള്ളല്‍" നടത്തി നമ്മുടെ മഹത്തായ പാരമ്പര്യത്തെ വെല്ലുവിളിച്ചു എങ്കില്‍ ഇക്കുറി പരിപാവനമായ 'കറി നേര്‍ച്ച ' തന്നെ  കാവി വേദക്കാരെ ഏല്‍പ്പിച്ചു വീണ്ടും അവര്‍ ചരിത്രം സൃഷ്ടിച്ചു .
 • മുന്‍വര്‍ഷത്തെ എട്ടുനോമ്പ് പെരുനാളിനു സെപ്റ്റംബര്‍ 1 മുതല്‍ നട അടക്കുന്ന സെപ്റ്റംബര്‍ 14 വരെ അഭി: മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ വി:മൂന്നിന്മേല്‍ കുര്‍ബാനയും, ധ്യാനവും കാര്യക്ഷമമായി നടത്തിരുന്നു.സാധാരണ പെരുനാള്‍ ദിവസങ്ങളെ പോലെ തന്നെ ,പെരുനാള്‍ കമ്മറ്റിയുടെയും ,ക്രമ സമാധാന പാലനത്തിന് പോലീസിന്റെയും സേവനം സെപ്റ്റംബര്‍ 9 -നു ശേഷവും ഏര്‍പ്പെടുത്തിയിരുന്നു എങ്കില്‍ ഈ വര്‍ഷം എല്ലാം താറുമാറാക്കി , സെപ്റ്റംബര്‍ 9 മുതല്‍ നമ്മുടെ പള്ളിയും പരിസരങ്ങളും സാമൂഹ്യ വിരുദ്ധന്‍മാരുടെ താവളം ആയി മാറി .
 • നമ്മുടെ ഇടവക പൊതുയോഗവും ,മാനേജിംഗ് കമ്മറ്റിയും എല്ലാം എതിര്‍ ശബ്ദങ്ങളെ തടയിടാന്‍ ഗുണ്ടാ വിഹാര കേന്ദ്രങ്ങളാക്കി  മാറ്റുന്നതിനായിരുന്നു ഭരണക്കാരുടെ വ്യഗ്രത .നാളത്തെ നമ്മുടെ സഭയെയും പള്ളിയെയും ,നാടിനെയും നയിക്കേണ്ട നമ്മുടെ യുവതലമുറയെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വീടിനും , നാടിനും അപകടകാരികളായ കൊടും ക്രിമിനലുകളായി എങ്ങിനെ വാര്‍ത്തെടുക്കാം എന്നതാണ് ഭരണക്കാരുടെ ആലോചന.ഇതിനായി നേര്‍ച്ച പണം ലോഭമില്ലാതെ ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും ഇല്ല. 
 • നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളെ പുറമ്പോക്കില്‍ നിര്‍ത്തി, പടിക്ക് പുറത്തു നിറുത്തേണ്ട റിയല്‍ എസ്റ്റേറ്റ്‌- ബ്ലേഡ്  മാഫിയകള്‍ പിന്‍ സീറ്റിലിരുന്നു പള്ളി ഭരിക്കുന്ന ദയനീയ നിലയിലേക്ക് ഈ പുണ്യ ദേവാലയത്തെ അവര്‍ മാറ്റി. ധര്‍മ്മത്തോടും ,നീതിയോടും നിയമ വ്യവസ്ഥകളോടും,വിശ്വാസത്തോടും എല്ലാം തികഞ്ഞ അനാദരവ് ആയിരുന്നു എന്നും അവര്‍ക്ക് . 
 • തങ്ങളുടെ ഭരണ കാലം വികസനത്തിന്റെ പെരുമഴ ആയിരുന്നു എന്ന പെരും നുണയാണ്  ഭരണക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . മൂന്നാം മുന്നണി 2011-ല്‍ അധികാരം വിട്ടൊഴിയുമ്പോള്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വമ്പന്‍ ബാങ്ക് കടം 40 ലക്ഷം രൂപ പൂര്‍ണ്ണമായി തീര്‍ത്ത്‌  18 ലക്ഷം രൂപയുടെ കാഷ് ബാലന്‍സ്  ആയിരുന്നു ഭരണക്കാരെ ഏല്‍പ്പിച്ചത് . ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നാലുനിലകളില്‍ മൂന്നുനിലകളും നിര്‍മ്മിച്ചത് മൂന്നാം മുന്നണി ഭരണ കാലത്തായിരുന്നുഎന്നതു അവര്‍ മറച്ചു വയ്ക്കുന്നു . നമ്മുടെപള്ളിയുടെ അഭിമാനം ആയ പാരിഷ് ഹാള്‍ കെട്ടിടങ്ങള്‍ മൂന്നാം മുന്നണി ഭരണ കാലത്തു നിര്‍മ്മിച്ചപ്പോള്‍ പരിഹസിച്ചവര്‍ , ഇപ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഗ്രാനൈറ്റ് പാകിയതില്‍ മേനിയടിക്കുന്നത് എത്ര വിരോധാഭാസം . മുന്‍പ് ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിച്ച നാടകശാലയിലെ നല്ല ഉറപ്പുള്ള മാര്‍ബിള്‍ തറ പൊളിച്ചെടുത്ത്  നിലവാരം കുറഞ്ഞ  ഗ്രാനൈറ്റ് പാകിയതില്‍ ചിലവായ പണം എത്ര എന്നു എന്തേ ഭരണക്കാര്‍ പറയാത്തത് ? ഹയര്‍ സെക്കണ്ടറി സ്കൂളിനു ഒരു ചെറിയ ലൈബ്രറി കെട്ടിടം പണിതു എന്ന് മേനിയടിക്കുന്നവര്‍ , ഈ സ്കൂളിന്റെ ബഹു നില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചത്  മൂന്നാം മുന്നണി ഭരണകാലത്ത് ആയിരുന്നു എന്നത് എന്തേ മറച്ചു വക്കുന്നു ? നമ്മുടെ പള്ളിയുടെയും സ്ഥാപനങ്ങളുടെയും സമഗ്ര വികസനത്തില്‍ മൂന്നാം മുന്നണി ഭരണകര്‍ത്താക്കള്‍ നല്‍കിയ സംഭാവനകള്‍ ഇവര്‍ എത്ര മറച്ചു വച്ചാലും ചരിത്ര താളുകളില്‍ എന്നും നക്ഷത്ര സമാനം തിളങ്ങും എന്നത് ഉറപ്പ് .  
 • ഇടവക അംഗങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് മനസ്സിലാക്കിയ ഭരണക്കാര്‍ വിശ്വാസം ഉപേക്ഷിച്ചു അന്യ സഭകളില്‍ ചേക്കേറിയ പലരെയും വീണ്ടും ഇടവക രജിസ്റ്ററില്‍ ഇടവക മെത്രാപ്പോലീത്തയോ , ഇടവക വികാരിയോ  പോലും അറിയാതെ അനധികൃതമായി ഉള്‍പ്പെടുത്തി എങ്ങിനെ ഭരണം പിടിച്ചെടുക്കാം എന്ന ആലോചനയില്‍ ആണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതു . പള്ളി ഭരണ ഘടന വകുപ്പ് 128 പ്രകാരം പുതുതായി ഇടവകയില്‍ ചേരുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തീരുമാനം എടുക്കുവാനുള്ള അധികാരി ഇടവക മെത്രാപ്പോലീത്ത മാത്രമായിരിക്കെ ആണ്  ഭരണക്കാരുടെ ഈ അതിക്രമം എന്നത് നാം ഓര്‍മ്മിക്കുക . തിരുവഞ്ചൂര്‍ കരയില്‍ വര്‍ഷങ്ങളായി മലങ്കര സുറിയാനി കത്തോലിക്ക സഭ അംഗമായി തുടരുന്ന ആള്‍ നിലവിലുള്ള ട്രസ്റ്റിയുടെ ബന്ധു ആണ് എന്ന ഒറ്റ കാരണത്താല്‍ ഇടവക പൊതുയോഗ അംഗരജിസ്റ്ററില്‍ അനധികൃതമായി പ്രവേശിച്ചിരിക്കുകയാണ്. സമാനമായി വിവിധ കരകളിലായി നൂറുകണക്കിന് കണക്കിന്  അന്യ സഭാംഗങ്ങളെ ആണു തങ്ങളുടെ ഭരണ കുത്തക ഉറപ്പിക്കാന്‍ ഇടവക രജിസ്റ്ററില്‍ അനധികൃതമായി ഉള്‍പ്പെടുത്താന്‍ ഭരണക്കാര്‍ ശ്രമിക്കുന്നത് . നീതി വിരുദ്ധമായി ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള ഭരണക്കാരുടെ നീക്കങ്ങള്‍ക്കെതിരായി ശക്തമായി പ്രതികരിക്കാന്‍ മാന്യ ഇടവകാംഗങ്ങള്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .
 • ഇതിനകം കവര്‍ന്നെടുത്ത പണം ഉപയോഗിച്ച്  ജനഹിതത്തെ വിലക്ക് വാങ്ങുവാന്‍ പ്രലോഭനങ്ങളും ,നിറം പിടിപ്പിച്ച നുണ പ്രചരണങ്ങളും ആയി ഭരണക്കാര്‍ വീണ്ടും രംഗത്ത് ഇറങ്ങും എന്നത് ഉറപ്പാണ്‌.  അവര്‍ നമ്മുടെ തലയെണ്ണി വില നിശ്ചയിച്ചിരിക്കുകയാണ് . നമ്മുടെ വോട്ടവകാശം ആര്‍ക്കും വില്‍ക്കാനുള്ള "വില്‍പ്പന ചരക്ക് "അല്ല എന്ന് ധീരമായി പ്രഖ്യാപിച്ചു , കരളുറപ്പോടെ , ആത്മ ധൈര്യം ഒട്ടും കൈ വിടാതെ അഴിമതി രഹിത ഭരണം ഉറപ്പു വരുത്തുവാന്‍,നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളും , പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച വിശ്വാസ പ്രമാണങ്ങളും സംരക്ഷിക്കുവാന്‍  മൂന്നാം മുന്നണി സ്ഥാനാര്‍ത്തികളെ വന്‍ ഭൂരിപക്ഷത്തോട്‌ കൂടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു . പ്രിയരേ, ഇതാണ് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൌത്യം എന്നത് നാം തിരിച്ചറിയുക .ഇവിടെ നമുക്കു അലംഭാവം ഉണ്ടായാല്‍ ചരിത്രം നമ്മെ കുറ്റക്കാര്‍ എന്നു വിധിക്കുമെന്നത് നിശ്ചയം.ജാഗ്രത ...ജാഗ്രത ...

No comments:

Post a Comment