ഡോ. യൊഹായി ഹകാക്
മാനസികാരോഗ്യ പദാവലി കൊണ്ട് അക്രമണങ്ങളെ ന്യായീകരിക്കുമ്പോൾ ഒക്കെ കുറ്റവാളികൾ ഒഴിവാക്കപ്പെടുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുകയാണ് പതിവ്. ഇസ്രയേൽകാരനോ പലസ്തീൻകാരനോ ആരുമാകട്ടെ, നിരായുധരായ മനുഷ്യർക്കെതിരെ കരുതിക്കൂട്ടി നടക്കുന്ന ഒരു ആക്രമണത്തെയും നീതീകരിക്കാനാകില്ല. ന്യായീകരണം ഇല്ലാത്ത മനുഷ്യാവകാശ ലംഘനമാണത്. ഇത്തരം ആക്രമണങ്ങൾ ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും എതിർക്കപ്പെടേണ്ടതുമാണ്.
വാഗ്ദത്ത ഭൂമിയിലേക്കുള്ള ഇസ്രയേലിൻ്റെ മടങ്ങി വരവിനുള്ള മുന്നേറ്റമായാണ് സയണിസം ഉത്ഭവകാലം മുതൽ സ്വയം വിശേഷിപ്പിച്ചത്. തങ്ങൾക്ക് ഇടയിലെ ഭൂരഹിതർക്കുള്ള മണ്ണായി അവർ പലസ്തീനെ വിഭാവനം ചെയ്തു. അവിടെ ജീവിച്ചിരുന്നവരെ ഉന്മൂലനം ചെയ്ത് അത് സ്വായത്തമാക്കുക എന്നതായിരുന്നു സുപ്രധാന ലക്ഷ്യം. ക്രിസ്ത്യൻ പദ്ധതിയായിരുന്നു ജൂത സയോണിസ കുടിയേറ്റം, കൊളോണിയൽ യുക്തിയാൽ അടിമുടി മൂടപ്പെട്ടതുമായിരുന്നു അത് . വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കം സ്വപ്നം കണ്ടിരുന്ന അവർ പലസ്റ്റീൻ സ്വന്തം രാജ്യമായി കാണുന്നവരെ അംഗീകരിക്കുന്നില്ല.
ഉന്മൂലനം എപ്പോഴും വൈകാരികവും സാംസ്കാരികവും മനഃശാസ്ത്രപരവുമായി ഊട്ടി ഉറപ്പിക്കപ്പെട്ടിരിക്കും, അത് അക്രമങ്ങളെ ന്യായീകരിക്കാൻ വേണ്ടിയുള്ളതും ആയിരിക്കും നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിനാൽ രൂപപ്പെട്ടതാണ് ജൂത സയണിസം. യൂറോപ്പിനകത്തും പുറത്തുമായി ജൂതവംശജർ അരികുവൽക്കരണത്തിനും നാടുകടത്തപ്പെടലിനും വംശഹത്യകൾക്കും എല്ലാം വിധേയമാക്കപ്പെട്ടതായാണ് ചരിത്രം. ഇത്തരത്തിൽ ഇരയാക്കപ്പെടേണ്ടി വന്നത് അവരിൽ പ്രത്യേക തരത്തിലുള്ള ജൂതബോധം ഉടലെടുക്കാൻ കാരണമായിട്ടുണ്ട്. ആ വികാരത്തെ ബോധപൂർവം പലസ്‌തിനെതിരെ തീവ്രമായി ആളിക്കത്തിക്കുകയും ആയുധവൽക്കരിക്കുകയുമാണ് ഇസ്രയേൽ ഭരണകൂടം ചെയ്തത്. ജൂതർ അനുഭവിക്കേണ്ടി വന്ന സഹനങ്ങളെ കുറിച്ചുള്ള ആഖ്യാനത്തിൽ മുഴുകാനുള്ള സാഹചര്യമാണ് ഓരോ ഇസ്രയേലി കുഞ്ഞിനു പോലും അവർ ഒരുക്കി നൽകുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പഠിപ്പിക്കുന്ന 'ഹോളോകോസ്റ്റ് വിദ്യാഭ്യാസം' പൂർവികർ അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടതകളെ കുറിച്ചുള്ള ചിന്തകൾ ഇസ്രയേലികൾക്ക് ഇടയിൽ രൂഢമൂലമാക്കുന്നു. മുൻകാല പീഡനങ്ങളും ഭീതിയും കുട്ടിക്കലർത്തിയ പാഠപുസ്തകങ്ങൾ കുട്ടികൾക്കുള്ളിൽ സഹാനുഭൂതിക്ക് പകരം സൈനിക സേവനത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥയാണ് നിർമിക്കുന്നത്. ഹോളോ കോസ്റ്റ് പ്രദേശങ്ങളിലേക്ക് സർക്കാർ സ്റ്റോൺസർ ചെയ്യുന്ന തീർഥാടനങ്ങളുണ്ട്. ഇവിടെ എത്തുന്നവർക്ക് നൽകുന്ന വൈകാരിക വിവരണങ്ങൾ യുവജനങ്ങൾക്ക് ഇടയിൽ തീവ്രബോധം ഒന്നു കൂടി വർധിപ്പിക്കുന്നവയാണ്. ഇസ്രയേലി വിദ്യാഭ്യാസ സമ്പ്രദായത്തിൽ രൂപപ്പെടുത്തിയെടുത്ത ഇത്തരം യാത്രകൾ എപ്രകാരം ഒരു വൈകാരിക പ്രതലം സൃഷ്ടിക്കുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ ഡോ. ജാക്കി ഫെൽഡ്‌മാൻ്റെ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഹോളോകോസ്റ്റിനെ കേവലം അനുസ്മരിക്കുക മാത്രമല്ല, ആചാരമാക്കിയും ഭീതി നിറഞ്ഞ ഒരു അഭിമാനമാക്കിയും മാറ്റിയെടുക്കാനാണ് ഈ സന്ദർശനവേളകൾ പ്രയോജനപ്പെടുത്തുന്നത്. സാർവത്രിക നീതിയോ സഹാനുഭൂതിയോ ഇവിടെ വളരുന്നില്ല. പകരം തങ്ങളുടെ ദേശിയ ആഖ്യാനത്തിൻ്റെ അന്തർദേശീയവൽക്കരണമാണ് സംഭവിക്കുന്നത്. ഇല്ലാത്ത അപകടങ്ങൾ ഉണ്ടെന്ന് കാണാനും അളവിൽ കവിഞ്ഞ് പ്രതികരിക്കാനും വൈകാരികമായി ഇടപെടാനും നിതിയെ വളച്ചൊടിക്കാനും ഇത് ഉപയോഗിക്കുന്നുവെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തികച്ചും മാനുഷികമായ ഒരു ദുരന്തമാണ് നാം ഇന്ന് ഗാസയിൽ കാണുന്നത്. വംശഹത്യയും ബോംബാക്രമണവും പട്ടിണിയും സമ്പൂർണ ഉപരോധവും മാത്രം. മനുഷ്യത്വരഹിതമായ വിശദീകരണത്തിലൂടെയാണ് ഇസ്രയേൽ ഇതിനെയെല്ലാം ന്യായീകരിക്കുന്നത്. അതിനെ പൊതു ലേബലാക്കി കുഞ്ഞുങ്ങൾ മുതൽ വയോധികർവരെ എല്ലാ പലസ്തീനികൾക്കും എതിരെ തീവ്രവിദ്വേഷം വിവേചനരഹിതമായി ഇസ്രയേൽ പ്രയോഗിക്കുന്നു.
ഗാസയിൽ നിന്ന് പലസ്തീൻ ജനതയെ പുറത്താക്കണമെന്നാണ് 82 ശതമാനം ഇസ്രയേലികളും ആഗ്രഹിക്കുന്നതെന്നാണ് കഴിഞ്ഞ മാർച്ചിൽ ഇസ്രയേലി പണ്ഡിതനായ തമിർ സോറെക്സ് നടത്തിയ വോട്ടെടുപ്പിൽ കണ്ടെത്തിയത്. ഗാസയിലെ മുഴുവൻ മനുഷ്യരെയും കൊല്ലണമെന്ന് അഭിപ്രായപ്പെട്ട 47 ശതമാനം ആളുകളും ഉണ്ടായിരുന്നു. ക്രൂരതയും മനുഷ്യത്വരഹിതവൽക്കരണവും സംഭവിക്കുന്നത് ആകസ്മികമായല്ല. വ്യവസ്ഥാപിതവും പ്രത്യയശാസ്ത്രപരവുമായ മാനസികാവസ്ഥയുടെ പരിണതഫലമാണത്. പ്രാഥമിക വിദ്യാഭ്യാസം മുതൽ സൈനികസേവനം വരെയുള്ള കാലത്ത് തങ്ങൾ നിത്യ ഇരകളാണെന്ന ബോധ്യമാണ് ഇസ്രയേലികൾക്കുള്ളിൽ ബോധപൂർവം നിറയ്ക്കുന്നത്. സഹാനുഭൂതി വളർത്തിയെടുക്കുന്നതിന് പകരം ഭയത്തെയും അക്രമത്തെയും സാമാന്യവൽക്കരിക്കാനാണ് ഇസ്രയേൽ ഭരണകൂടം പൂർവകാല പീഡന സ്മരണകൾ ഉപയോഗപ്പെടുത്തുന്നത്.
പതിനെട്ട് വർഷമായി യുകെയിൽ ജീവിക്കുന്ന ഇസ്രയേലി പൗരനെന്ന നിലയിൽ ഞാൻ കഴിഞ്ഞ ഒന്നര വർഷത്തെ സംഭവ വികാസങ്ങൾ മറ്റു പലരെയും പോലെ ഭീതിയോടെയാണ് കാണുന്നത്. ഇസ്രയേലിലെ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള അടുപ്പത്തിൽ പോലും അകൽച്ച ഉണ്ടായിരിക്കുന്നു. ചിലതെല്ലാം നികത്താനാകാത്ത വിടവായി തീരുകയും ചെയ്തു. പുരോഗമന നിലപാടുണ്ടെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരിൽ പലർക്കും പലസ്തീൻ ജനതയെ സഹാനുഭൂതിയോടെ വീക്ഷിക്കാനാകുന്നില്ല. 'ഹിറ്റ് പാച്ചി ഔട്ട് എന്നറി യപ്പെടുന്ന ഈ പൊതുബോധം വലിയ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കും. പലസ്തീനിൽ ഉള്ളവർ മനുഷ്യരല്ല, മൃഗങ്ങളാണെന്നും ജൂതരെയാകെ കൊന്നൊടുക്കുന്നവരാണ് അവരെന്നുമുള്ള ചിന്തയാണ് 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രയേലിക ൾക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. പലസ്തീൻ ജനത അനുഭവിക്കുന്ന കഷ്‌ടതകൾ അനിവാര്യമാണെന്ന ചിന്തയെ രാഷ്ട്രീയമായി ഉപയോഗിക്കാനും ആധിപത്യം നേടാനുള്ള ഉപകരണമാക്കി മാറ്റാനും ഇസ്രയേലിന് സാധിച്ചിട്ടുണ്ട്.
പൂർവകാലത്തുണ്ടായ അടിച്ചമർത്തപ്പെടലുകൾ നയതന്ത്രജ്ഞതയെ പോലും എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ഗാഡ് യായിറിൻ്റെ നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നു. ഹോളോകാസ്റ്റിനു ശേഷം ഉടലെടുത്ത സ്വഭാവ വിശേഷങ്ങൾ പരമ്പരാഗതമായ നയതന്ത്രജ്ഞതയെ നിരസിച്ച് 'ധിക്കാര നയതന്ത്രജ്ഞ'തയിലേക്കാണ് നയിച്ചിരിക്കുന്നത്. ഇസ്രയേലി നയതന്ത്രജ്ഞരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഇടപെടൽ പലപ്പോഴും പ്രകോപനപരവും ഏറ്റുമുട്ടലുകളിൽ ആനന്ദിക്കും വിധത്തിലുള്ളതുമായി മാറിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും നയതന്ത്രജ്ഞതയെയും ബഹുമാനിക്കുകയെന്നത് ദൗർബല്യമായാണ് അവർ കരുതുന്നത്. കുടിയേറ്റക്കാരുമായി ഇസ്രയേലിൻ്റെ ബന്ധവും
പരിശോധനാർഹമാണ്. അന്തർദേശീയതലത്തിൽ കുടിയേറ്റക്കാരെ തീവ്രവാദികളായാണ് ഇസ്രയേൽ മുദ്രകുത്തുന്നത്. എന്നാൽ, ആഭ്യന്തരമായി ഒരുവിഭാഗത്തെ സംരക്ഷിക്കുകയും സൈനിക സഹായങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. ഭരണകുടം ഉത്തരവാദിത്വമേൽക്കാത്ത കലാപങ്ങൾ ഏറ്റെടുക്കുന്നതാകട്ടെ ഇവരും. കുടിയേറ്റക്കാരെ ഇസ്രയേൽ ഉപയോഗപ്പെടുത്തുന്നതു പോലെയാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് തിരിച്ചുള്ള മനോഭാവം. തന്ത്രപരമായ ഔട്ട്പോസ്റ്റായാണ് പാശ്ചാത്യ രാജ്യങ്ങൾ ഇസ്രയേലിനെ പരിഗണിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന 'വികൃതിക്കുട്ടി'യാണെങ്കിലും തങ്ങളോട് കുറുള്ളവനായും ഏഷ്യക്കെതിരായ യുറോപ്യൻ മതിലായുമാണ് അവർ ഇസ്രയേലിനെ കാണുന്നത്. ഈ അർഥത്തിൽ പാശ്ചാത്യ ശക്തികൾ ഇസ്രയേൽ സൃഷ്‌ടിക്കുന്ന സംഘർഷങ്ങളെ ക്രൂരതയായി കാണുന്നില്ല.
യൂറോപ്പിൽ വെള്ളക്കാരായി അംഗീകരിക്കപ്പെടാതിരുന്ന ജൂതന്മാർ വംശീയ അസമത്വം അനുഭവിക്കേണ്ടി വന്നിരുന്നു. സമകാലിക ഇസ്രയേലി ജൂതരിൽ ഭൂരിഭാഗവും അറബ് ലോകത്തും ഇന്ത്യയിലും ആഫ്രിക്കയിലും നിന്നുള്ളവരാണ്. എന്നാൽ, പടിഞ്ഞാറെത്തിയ ജൂതരുടെ സ്വത്വം വെള്ളക്കാർക്ക് സമമായി മാറ്റപ്പെട്ടു. ഇത് പാശ്ചാത്യ ശക്തികളുമായുള്ള ഇസ്രയേൽ സഖ്യത്തെ ശക്തിപ്പെടുത്തുകയും അസാധാരണമാം വിധത്തിലള്ള പിന്തുണയ്ക്ക് വഴിയൊരുക്കുകയും ചെയ്ത വംശീയമായ ഈ കാഴ്‌ചപ്പാട് ഇസ്രയേലിനെ സൈനികവൽക്കരിക്കപ്പെട്ട ഒരു ഭ്രാന്താക്കി മാറ്റി. ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊല, വർണ വിവേചനം എന്നിവയെയൊന്നും ന്യായീകരിക്കാൻ കഴിയില്ല. ഭയത്താലോ മിഥ്യാബോധത്താലോ അപകടകാരിയാകുന്ന ഒരാൾക്ക് ആയുധം നൽകുന്നതിന് പകരം നാമവരെ ശാന്തമാക്കുകയാണ് പതിവ്. എന്നാൽ, ഇസ്രയേലിൻ്റെ കാര്യത്തിൽ ഇതുണ്ടാകുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണ മനുഷ്യർക്കെതിരെ കഠിനമായ ആക്രമണങ്ങൾ അഴിച്ചു വിടുമ്പോൾ ഇസ്രയേലിന്റെ പാശ്ചാത്യ സുഹൃത്തുക്കൾ അവർക്ക് കൂടുതൽ ആയുധങ്ങൾ നൽകുകയാണ്. ഇത് കുറ്റകൃത്യത്തിലെ പങ്കാളിത്തമാണ്.
ആത്മപരിശോധനയുടെ ഒരു ലക്ഷണവും ഇസ്രയേലികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അയൽദേശക്കാരുടെ ജീവിതം ദുരിത പൂർണമാകുമ്പോഴും ഏതാനും മൈലുകൾക്കിപ്പുറം അവർ ജീവിതം ആഘോഷിക്കുന്നു. ക്രൂരതകൾക്ക് രക്ഷാ കവചമൊരുക്കുന്ന പ്രത്യയശാസ്ത്രപരവും സൈനികവും വംശീയവുമായ വ്യവസ്ഥകളെ തകർക്കുക തന്നെ വേണം. അതിന് എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളില്ല. അവകാശ നിഷേധത്താലോ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കിയോ നീതി കണ്ടെത്താനാകില്ല. ഇത്തരം ക്രൂരതകൾ നേരിടുന്നവരെയും അധികാരശക്തികളോട് ഏറ്റുമുട്ടേണ്ടി വരുന്ന ദുർബലരെയും സംരക്ഷിക്കുന്ന ആഗോള കൂട്ടായ്മയാണ് ഇന്നിന്റെ ആവശ്യം.
(ഇസ്രയേലിൽനിന്നുള്ള ജൂത വിഭാഗക്കാരനായ ലേഖകൻ ലണ്ടനിലെ ബ്രൂണോ സർവ്വകലാശാലയിലെ സീനിയർ ലക്ചററാണ്)
https://www.deshabhimani.com/epaper/newspaper/kottayam/2025-06-27?page=6&type=fullview
No comments:
Post a Comment