Wednesday, June 25, 2025

ഏകാധിപതികളോട് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല !© ജീവൻ കുമാർ

"പണ്ടാരിക്കൽ ഡിന്നർ പാർട്ടിയിൽ വെച്ച് മകൻ തല്ലിയപ്പോൾ നിസംഗതയോടെ ഇരുന്ന  ഇന്ദിര സഞ്ജയുടെ മൃതദേഹത്തിന് അരികിൽ നിന്നപ്പോൾ തൻ്റെ ചുമന്ന് കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു"

ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെയും ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി രാജ്യത്ത് നടത്തിയ ക്രൂരതയെയും കുറിച്ച് മുൻ പത്രപ്രവർത്തകനായിരുന്ന ജീവൻ കുമാർ ഫേസ്ബുക്കിൽ എഴുതിയ ഒരു ലേഖനം പങ്കുവെക്കുകയാണ്.

ഇടത്തെ കവിളിൽ  ആദ്യത്തെ അടി കൊണ്ടിട്ടും ഇന്ദിരക്ക് ഭാവഭേദം ഒന്നും ഉണ്ടായിരുന്നില്ല , ഒന്നിന് പുറകെ ഒന്നായി  ഇടത് കവിൽ തടത്തിൽ ആറ് അടികൾ !!
സാക്ഷികളായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ പലതും ഇന്ദിരയെ ദൈവമായി കാണുന്നവർ
സിൻഡിക്കേറ്റുക്കാർ പണ്ട് കളിയാക്കി വിളിച്ച 'ഗൂങ്കി ഗുടിയ' ആയിരുന്നില്ല അന്ന് ഇന്ദിര !!
അന്ന് ഇന്ദിരയെന്നാൽ ഇന്ത്യയും ഇന്ത്യയെന്നാൽ ഇന്ദിരയും ആയിരുന്നു !!
അണുബോംബ് പൊട്ടിച്ച് ബുദ്ധനെ ചിരിപ്പിച്ച ഇന്ദിര !
72000 പാക് സൈനികരെ ആയുധം വെച്ച്  കീഴടക്കിയ ഇന്ദിര !!
സർവ്വസംഹാരികയും സർവ്വശ്വൈര്യവരദായിനിയുമായ ഇന്ദിര !!
നിജലിംഗപ്പ മുതൽ കാമരാജ് വരെയുളള സിൻഡിക്കേറ്റുക്കാരെ  തൂത്ത് എറിഞ്ഞ ഇന്ദിര !!

ഇന്ത്യൻ പ്രസിഡന്റ് മുതൽ തമിഴ്നാട്ടിലെ ഏതെങ്കിലും കുഗ്രാമത്തിലെ ഗ്രാമീണന്റെ വരെ തലകുറി മായ്ക്കാനും മാറ്റി മറ്റൊന്ന്  എഴുതാനും തക്ക അധികാരവും കൈകരുത്തും ഉളള ഏഷ്യൻ ഗ്ലോബിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്ന ഇന്ദിര  !!

എന്നിട്ടും ഇന്ദിര ഗാന്ധി എന്തിന് സ‍ഞ്ജയ് ഗാന്ധിയുടെ തല്ല് കൊണ്ടു എന്നത് ഇന്നും ഒരു പ്രഹേളികയാണ്.

അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി സ്വന്തം അമ്മയെ തല്ലി എന്ന വാർത്ത ഏതെങ്കിലും മഞ്ഞപത്രക്കാരന്റെ ഭാവനാ സൃഷ്ടിയായിരുന്നില്ല
പുലിസ്റ്റർ പ്രൈസ് ജേതാവായ വാഷിങ്ടൺ പോസ്റ്റിന്റെ ഇന്ത്യയിലെ കറസ്പോണ്ടന്റ് ആയ  ലൂയീസ് എം. സിമെൻസ് ആണ് ആ വാർത്ത പുറത്തെത്തിച്ചത് . ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹം 2015 ൽ  നൽകിയ അഭിമുഖത്തിലും ആ കാര്യം ആവർത്തിച്ചിട്ടുണ്ട്. മാത്രമല്ല അതിന് ശേഷം താൻ ഇന്ദിരയെ കണ്ടപ്പോഴൊന്നും ഭാവഭേദം ഇല്ലാതെ പെരുമാറിയെന്നും മകൻ രാജിവ് ഗാന്ധി സൗഹൃദത്തോടെ നോക്കി ചിരിച്ചു എന്നും കൂടി പറയുമ്പോഴാണ് അത് സത്യമെന്ന് വിശ്വസിക്കേണ്ടി വരുന്നത്

ഏതൊരു ഏകാധിപധിയുടെയും മുഖ്യശത്രു അവരുടെ കൂടെ നിള്‍ക്കുന്നരായിരിക്കും .എല്ലാ ഏകാധിപതികളെയും പോലെ ഇന്ദിരാഗാന്ധിയും മുഖ്യസ്തുതികളെ മുഖവിലക്കെടുത്തു. പരദൂഷണങ്ങളെ ആധികാരികമാക്കി. അവര്‍ക്ക് ചുറ്റും ഉപജാപകസംഘങ്ങള്‍ ഇത്തിള്‍കണ്ണികളെ പോലെ പറ്റി കൂടി.

എം എൽ ഫോത്തോദാർ
ധീരേന്ദ്ര ബ്രഹ്മചാരി
പൂപൾ ജയ്ക്കർ
ഓം മേത്ത
ആർ കെ ധവാൻ
ബൻസിലാൽ
ടി വി നരസിംഹൻ
ഡി.പി ധർ

പേരുകൾ ഒരുപാട് ഉണ്ട്

ഇന്ദിരയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും , ശത്രുവും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു

അമ്മ ഇന്ദിരക്ക് പുറമേ സഞ്ജയ് ഗാന്ധിക്ക് വേറെ ഒരു കിച്ചൺ ക്യാബിനറ്റ് ഉണ്ടായിരുന്നു .
ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷൻ ജഗ് മോഹൻ ..
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷയായിരുന്ന അംബികാ സോണി...റുക്സാന സുൽത്താന..
നവീൻ ചാവ്‌ല..പിഎസ് ഭിന്ദൻ ...

പേരുകൾ അവിടെയും അവസാനിക്കുന്നില്ല

സഞ്ജയ് ഗാന്ധിക്കു ചുറ്റും കറങ്ങുകയായിരുന്നു ഇന്ദിരയുടെ ഇന്ത്യ . ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപർ ഖുശ്വന്ത് സിങ്ങ് ഇന്ദിരാഗാന്ധിയുടെ ഇളയ മകനെ പ്രകീർത്തിച്ച് നെടുങ്കൻ ലേഖനങ്ങൾ എഴുതി .  

ഏറ്റവും മികച്ച ഇന്ത്യൻ ആയി സഞ്ജയ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ആയി അഞ്ഞൂറിലേറെ വാർത്തകളാണ് സഞ്ജയ് ഗാന്ധിയെ പറ്റി മാത്രം പ്രക്ഷേപണം ചെയ്തത്.

ലക്നൗ വിമാനത്താവളത്തിൽ വച്ച് സഞ്ജയുടെ കാലിൽ നിന്നും ഊരിത്തെറിച്ച ചെരുപ്പ് യുപി മുഖ്യമന്ത്രി എൻ ഡി തിവാരി വിനയപൂർവ്വം എടുത്ത് അദ്ദേഹത്തിന് തിരികെ നൽകി.

സഞ്ജയ് പറയുന്നതെന്തും ഇന്ത്യയിൽ നടക്കുമായിരുന്നു
അല്ലെങ്കിൽ അയാൾ പറയുന്നത് മാത്രമേ നടക്കുമായിരുന്നുളളു എന്ന് പറയുന്നതാവും കൂടുതൽ ശരി

വന്ധ്യംകരണത്തിന് പണം കണ്ടെത്താനുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ മഹാഗായകൻ ആയ കിഷോർ കുമാർനോട് സഞ്ജയ് ഗാന്ധി ആജ്ഞാപിച്ചു . വഴങ്ങാതിരുന്ന കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് ഓൾ ഇന്ത്യ റേഡിയോ വിലക്കി.

മുതിര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന മന്ത്രിമാരും കേവലം എംപിയായ സഞ്ജയുടെ ആഞ്ജക്കായി കാത്തോര്‍ത്തു നിന്നു

സ്ഞ്ജയ് ഗാന്ധിക്ക് കാമുകിമാര്‍ക്ക് പഞ്ഞം ഇല്ലായിരുന്നു. രാജ്യസഭാ അംഗവും ഓള്‍ഡ് മങ്ക്റം നിര്‍മ്മാതാവുമായ വി ആര്‍ മോഹന്‍റെ മകള്‍ മാരുതി മോഹനുമായുളള കുപ്രസിദ്ധമായ പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു.

അപ്പേ‍ാ‍ഴാണ് ബോംബേ ഡെയിങ്ങിന്‍റെ മോഡലായിരുന്ന മനേകാ ഗാന്ധി സഞ്ജയ് ഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പക്ഷെ തന്‍റെ സ്വപ്ന പദ്ധതിയായ 'ജനങ്ങളുടെ കാറിന്' തന്‍റെ പ‍ഴയ പ്രണയിനിയുടെ പേര് നല്‍കി മാരുതിയോട് നിഗൂഢമായ പ്രണയം സഞ്ജയ് നിലനിര്‍ത്തി . അങ്ങനെ മാരുതി ഉദ്യേഗ് ലിമിറ്റഡ് എന്ന ചെറുകാര്‍ സംരഭം താജ്മഹലിന് ശേഷമുളള മറ്റൊരു പ്രണയസ്മാരകം കൂടിയായി മാറി!..

14 അപേക്ഷകള്‍ തളളി കോണ്‍ഗ്രസ് നേതാവ് ബന്‍സിലാല്‍ 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാര്‍ കമ്പനി തുടങ്ങാന്‍ നല്‍കിയത് മുതലിങ്ങോട്ട് അ‍ഴിമതിയില്‍ നടന്നാടുകയായിരുന്നു ഇന്ദിരാസര്‍ക്കാര്‍.

ദില്ലിയിലെ ചേരികളും വൃത്തിയാക്കാൻ സഞ്ജയ് ഗാന്ധി
അസഫലി റോഡിനു പുറകിലുള്ള തുർക്ക്മാൻ ഗേറ്റ് പ്രദേശം ബുൾഡോസർ കൊണ്ടു ഇടിച്ച് നിരത്തി . ചേരി നിവാസികളായ മുസ്ലിങ്ങളുടെ ചെറുത്തു നിൽപ്പിനെ പോലീസിൻ്റെ തോക്കുകൾ കൊണ്ട് കഥ പറഞ്ഞു . നൂറിലധികം ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.

രാജ്യത്തെ 80 ലക്ഷത്തിലേറെ ആളുകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി . നിർബന്ധിത കുടുംബാസൂത്രണത്തിൽ പല യുവാക്കൾക്കും സന്താന ഉൽപ്പാദനശേഷി എന്നെക്കുമായി നഷ്ടമായി . ഇന്ദിരാഗാന്ധിയോട് അനുഭവമുണ്ടായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പോലും രോഷത്തോടെ കൂടി ഇതിനെതിരെ പ്രതികരിക്കേണ്ടതായി വന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണത്തിന് ഉള്ള ടാർജറ്റ് നിശ്ചയിരുന്നത് സജ്ജയ് ഗാന്ധി ആയിരുന്നു

സ‍ഞ്ജയ് ഗാന്ധി തന്റെ ബാല്യകാലത്ത് ഒരു അണ്ണാൻ കുഞ്ഞിനെ വാലിൽ പിടിച്ച് തൂക്കിയെടുത്തു, പ്രാണ വെപ്രാളത്തിൽ അത് കുതറിയപ്പോൾ വട്ടം കറക്കി, അതൊരു മിണ്ടാപ്രാണിയല്ലേ വിട്ടേക്കു എന്ന് പരിചാരകർ പറഞ്ഞിട്ടും സ‍ഞ്ജയ് കേട്ടില്ല. മരണം ഉറപ്പാക്കിയ ശേഷം അതിനെ വലിച്ചെറിഞ്ഞു.

അച്ഛന്റെ സ്നേഹമോ , അമ്മയുടെ കരുതലോ ലഭിക്കാതെ പോയതാവാം എന്ന് വിമർശകർ പറയുന്നു

പക്ഷെ ഒരു 'സൈക്കോപാത്തിനെ' പോലെ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാഷ്ട്രത്തെ തന്റെ ഇളയമകന് ഇന്ദിര പന്ത് തട്ടികളിക്കാൻ  കൊടുത്തതാണ് അപകടം . ഒരു പക്ഷെ ഒരിക്കൽ കരുണാകരൻ പറഞ്ഞതാവും
ശരി "മുജൻമത്തിലെ ശത്രുക്കൾ ഈ ജൻമത്തിൽ മക്കളായി പിറക്കും "!!

അടിയന്തിരാവസ്ഥ കാലത്തെ അറസ്റ്റുകളുടെ സ്വഭാവം തന്നെ നോക്കുക.  പ്രതിയോഗിയെ  ആദ്യം കസ്റ്റഡിയിലെടുക്കും  പിന്നെ മിസ സ്ലിപ്പ് പൂരിപ്പിച്ചു നൽകും . ബംഗാളിൽ ഖനിഘാൻ ചൗധരിയുടെ വിളിപേര് തന്നെ 'മിസാ മന്ത്രി' എന്നായിരുന്നു

പി എസ്സ് പി നേതാവായ അശോക് ദാസ് ഗുപ്തയെ അറസ്റ്റു ചെയ്ത രീതി മാത്രം നോക്കു , മരണാസന്നയായി കിടന്ന സ്വന്തം അമ്മയുടെ മുന്നിൽ വിലങ്ങുവെച്ച് കൊണ്ടുപോയി നിർത്തി ,  തന്നെ വിലങ്ങുവെച്ച്  കാണുന്നത് അമ്മക്ക് സഹിക്കില്ല എന്നു പറഞ്ഞിട്ടും  പോലീസ് കേൾക്കാൻ തയ്യാറായില്ല

പടിഞ്ഞാറൻ ബംഗാളിലെ അർത്ഥഫാസിസ്റ്റ് വാഴ്ച്ച കാലത്ത്  സിപിഐഎം പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തി, കൊലയും ,കൊളളിവെയ്പ്പും , ബലാൽസംഗവും  പടിഞ്ഞാറൻ ബംഗാളിൽ നിത്യസംഭവമായി. ബംഗാളിൽ  സാദാ പോലീസ് കോൺസ്റ്റബിൾമാർ വരെ മിസ, ഡി ഐ ആർ എന്നീവ  കൈയ്യിലിട്ട് അമ്മാനമാടി. ബംഗാൾ
സിദ്ധാർത്ഥ ശങ്കർ റേക്ക് കീഴിൽ തുറന്ന ജയിലും , കോൺസൻട്രേഷൻ ക്യാമ്പുമായി മാറി

മുഖ്യമന്ത്രിമാർ തക്കസമയം നോക്കി ഹിറ്റ്ലറും മുസോളനിയും ആയി
ബംഗാൾ  മുഖ്യമന്ത്രിയും  ഭരണഘടനാ വിദഗ്ദനുമായ സിദ്ധാർത്ഥ ശങ്കർ റേ കവി കൂടിയായിരുന്നു,  കമ്മ്യൂണിസ്റ്റുകാരെ
അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ചുട്ടുപൊളളുന്ന ലൈറ്റ് ദേഹത്തേക്ക് അടിക്കും , പിന്നീട് ഉച്ചത്തിൽ ചെവിക്ക് അരികിൽ പാട്ട്  വെച്ച് ഉറങ്ങാൻ അനുവദിക്കില്ല. ഉറങ്ങിയാൽ തണുത്തവെളളം ഒഴിച്ച് ഉണർത്തും. ഭക്ഷണമോ വെളളമോ കൊടുക്കാതെ മൂത്രം കുടിക്കാൻ പറയും ചിത്രമെഴുത്തുകാരനായ കെ കരുണാകരന്റെ കേരളത്തിൽ നടന്നത്  100 പുസ്തകമാക്കാൻ ഉണ്ട്.  ജെ വെങ്കൽ റാവുവിന്റെ ആന്ദ്രയിലും, പി സി സേത്തിയുടെ മധ്യപ്രദേശിലും , ഹരിദേവ് ജോഷിയുടെ രാജസ്ഥാനിലും , ജഗനാഥ മിശ്രയുടെ ബീഹാറിൽ നടന്ന അതിക്രമങ്ങൾ എഴുതിയാലും തീരില്ല. ഉത്തർപ്രദേശിലെ എച്ച് എൽ ബഹുഗുണയെ ഇന്ദിരക്ക് വിശ്വാസമില്ലായിരുന്നു. അവിടെ അതിക്രമങ്ങളുടെ ചുമതല മറ്റ് ചിലർക്കായിരുന്നു.ലോക്കപ്പിലിട്ട് എതിരാളിയെ തല്ലിച്ച ശേഷം അവന്റെ  കരച്ചിൽ ഫോണിലൂടെ കേട്ട് നിർവൃതി അടയുന്ന എറണാകുളത്തെ പഴയ ട്രേഡ് യൂണിയൻ നേതാവ് വരെയുളള മനുഷ്യർ അന്ന് ഈ നാട്ടിലുണ്ടായിരുന്നു.

ഒന്നും പുറത്തറില്ല. ട്രെയിനുകൾ സയമത്ത് ഓടിയതും ,സർക്കാർ ജീവനക്കാർ സീറ്റിലുണ്ടാവുന്നതും ചൂണ്ടികാട്ടി
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് ഇന്ദിരയെ പുകഴ്ത്തി. അന്ന് ലണ്ടൻ ഹൈക്കമീഷണറായ ബി എൽ
നെഹ്രു ലണ്ടൻ ടൈംസി’ നോട് പറഞ്ഞു  “ അമ്മ മക്കളെ നോക്കുന്നതു പോലെയാണ് ഭരണകൂടം തടവുകാരെ കണക്കാക്കുന്നത്. നല്ല വാസസ്ഥലം. നല്ല ഭക്ഷണം. നല്ല പെരുമാറ്റം തടവുകാരുടെ തൂക്കം വർദ്ധിച്ചിട്ടുണ്ട് .”

മദർതെരേസയും , വിനോഭാഭാവെയും അടിയന്തിരവസ്ഥയെ പുകഴ്ത്തി

ആംനസ്റ്റി ഇൻറർനാഷനൽ ചെയർമാൻ ഇവാൻ മോറിസ് പറഞ്ഞു : “ മനുഷ്യാവകാശങ്ങൾ ഒട്ടും പരിഗണിക്കാത്ത ഇന്ദിരഗാന്ധിയുടെ ഭരണം ഏകാധിപത്യരാഷ്ട്രങ്ങൾ പോലെ തന്നെയാണ്..

അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ ഇടിയുന്നു എന്ന് കണ്ടതോടെ വിദേശകാര്യ മന്ത്രി വൈ ബി ചവാനെ ഇന്ദിര അടിയന്തിരാവസ്ഥയെ പറ്റി വിശദീകരിക്കാൻ ചിക്കാഗോയിൽ അയച്ചു. സ്വാമി വിവേകാനന്ദൻ പ്രസംഗിച്ച ചിക്കാഗോയിൽ  വിദ്യാർത്ഥികളുടെ കൂവൽ മൂലം പ്രസംഗിക്കാൻ കഴിയാതെ  വൈ.ബി ചവാൻ പ്രസംഗം അവസാനിപ്പിച്ചു

ഇന്ദിരയുടെ അടുത്ത സുഹൃത്ത് ഡൊറോത്തി നോർമാൻ , ബ്രിട്ടണിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആർച്ചിബ്ലാദ് ഫെന്നർ ബോക്വേ , ചിന്തകനായ  നോം ചോംസ്കി, സാമ്പത്തിക ശാസ്ത്രജ്ഞൻ ഇ എഫ് ഷൂമാക്കർ,  വിഖ്യാത ടെന്നീസ് പ്ലെയർ ആർതർ ആഷെ, നടി ഗ്ലെൻഡ ജാക്സൺ, രാഷ്ട്രമീമാംസകൻ ഡബ്ല്യൂ എച്ച് മോറിസ് ജോൺസ് , വിഖ്യാത ഗായകൻ ജോൺ ബ്ലെയ്സ് , അമേരിക്കൻ നോവലിസ്റ്റ് റാൽഫ് എലിസൺ , യു എസ് അറ്റോർണി ജനറൽ റാംസി ക്ലാർക്ക് , നേബേൽ ജേതാവ് ലൈനസ് പോളിംഗ് , ചരിത്രകാരൻ എ പി ജെ ടെയ്ലർ, രാഷ്ട്രീയ കോളമിസ്റ്റായ  വിമർശകൻ കെന്നത്ത് പീക്കോക്ക് ടൈനാൻ ,  കവി അലൻ ഗിൻസ്ബർഗ്, അമേരിക്കൻ ചരിത്രകാരൻ ലൂയീസ് മേംഫോർഡ്, തുടങ്ങി എൺപതിലേറെ ലോകപ്രസിദ്ധരായ ആളുകൾ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.

നെഹ്രു ജീവിച്ചിരുന്നുവെങ്കിൽ ഇന്ദിരക്കെതിരെ സമരം ചെയ്ത് ആദ്യം ജയിലിൽ പോകുന്നത് അദ്ദേഹമായിരിക്കുമെന്ന് വിഖ്യാത പത്രപ്രവർത്തനും , എഡിറ്ററുമായ  റോസൻ താൾ ന്യുയോർക്ക് ടൈംസിൽ ലേഖനമെഴുതി.

ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരനും, അമേരിക്കൻ പ്രസിഡന്റ് ജെറാൾഡ് ഫോൾഡും  ഇൻഡ്യാ സന്ദർശനം റദ്ദുചെയ്തു. അമിത അളവിൽ മരുന്ന് കുത്തിവെച്ച് ജയ്പ്രകാശ് നാരായണനെ ഇന്ദിര വധിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ  ജർമ്മൻ ചാൻസലർ ബില്ലിബ്രാണ്ട്, ഐറീഷ് മന്ത്രി കോണർ ക്രൂസ് ഓബ്രിയൻ എന്നിവരെ അയക്കാൻ വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഇൻറർനാഷനൽ തീരുമാനിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് ഇന്ദിര തിരിച്ചടിച്ചു. പ്രസിദ്ധ അഭിഭാഷകൻ രാംജത്ത് മലാനിയും, സുബ്രമണ്യ സ്വാമിയും ഇന്ത്യയിൽ നിന്ന് ഒളിച്ചോടി.

അടിയന്തിരാവസ്ഥയുടെ അഞ്ചാം വാർഷികം ആചരിക്കുന്നതിന് കേവലം രണ്ട് ദിവസം മുൻപ് ( 1980 ജൂൺ 23 ന് ) സഞ്ജയ് ഗാന്ധി വിമാനം തകർന്ന് മരിച്ച് വീണു. 
മരണത്തിന് മൂന്ന് ദിവസം മുൻപ് വരെ സഞ്ജയ് ഗാന്ധി നടത്തിയിരുന്ന സാഹസിക  പറക്കലുകൾ സംബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരക്ക് തന്നെ നിരവധി പരാതികൾ ലഭിച്ചു. പുത്ര വാൽസല്യത്താൽ അന്ധയായ അവർ അതൊന്നും ചെവി കൊണ്ടില്ല , സത്യത്തിൽ പറക്കൽ അല്ല , പതിറ്റാണ്ടുകളുടെ വൈദഗ്ദ്യം ഉള്ള എയർഫോഴ്സ് യുദ്ധ പൈലറ്റുകളെ പോലെ ആകാശ അഭ്യാസമാണ് സഞ്ജയ് നടത്തിയത്. ദില്ലി ഫ്ലൈയിംഗ് ക്ലബ്ബ് അടുത്തിടെ സ്വന്തമാക്കിയ വിമാനത്തിൽ 
അക്രോബാറ്റിക് ഫ്ലൈയിംഗിൻ്റെ അപകട സാധ്യതകൾ കണക്കിലെടുക്കാതെ അയാൾ സ്വയം താനൊരു അതിമാനുഷികൻ ആണെന്ന് കരുതി. അശോക ഹോട്ടലിന് മുകളിലൂടെ പലവട്ടം വിമാനം തലകുത്തനെ ഓടിച്ചു ,  12, വില്ലിംഗ്ടൺ ക്രസൻറിൽ നിന്ന് അൽപ്പം മാറി വിമാനം തകർന്ന് വീണു. ക്യാപ്റ്റൻ സുഭാഷ് സക്സേനയെ കൂടി കുരുതി കൊടുത്ത ശേഷം സഞ്ജയ് തൽക്ഷണം മരിച്ച് വീണു. ചിന്നി ചിതറി പോയ മൃതദേഹങ്ങൾ വാരി കൂട്ടി തുന്നിയെടുക്കാൻ 
പോസ്റ്റ്മോർട്ടം സർജന് നാല് മണിക്കൂറിലധികം ബുദ്ധിമുട്ടേണ്ടി വന്നു 

പണ്ടാരിക്കൽ ഡിന്നർ പാർട്ടിയിൽ വെച്ച് മകൻ തല്ലിയപ്പോൾ നിസംഗതയോടെ ഇരുന്ന  ഇന്ദിര സഞ്ജയുടെ മൃതദേഹത്തിന് അരികിൽ നിന്നപ്പോൾ തൻ്റെ ചുമന്ന് കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു. 
 

അടുത്ത ദിവസം തന്നെ കാണാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാവും ഓക്സ്ഫോർഡിലെ സഹപാഠിയുമായ  ഭൂപേഷ് ഗുപ്തയോട് ഇന്ദിര ഇങ്ങനെ പറഞ്ഞ് പോലും  

"ഭൂപേഷ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഫിറോസ്, പിന്നെ ഞാനും.' ഞങ്ങളുടെ മകനെ നിങ്ങള്‍ സ്വന്തം മകനെപ്പോലെ കണക്കാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അവന്‍ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയാല്‍ അവനെ ശാസിക്കാനും, തെറ്റുതിരുത്തിപ്പിക്കാനും നിങ്ങള്‍ക്ക് ചുമതലയില്ലേ. ഉണ്ട് എന്നാണ് ഞാന്‍ എന്നും കരുതിയത്. എന്റെ മകനും നിങ്ങളോട് സ്‌നേഹവും ബഹുമാനവുമായിരുന്നു.'പക്ഷേ, നിങ്ങളവനെ ശാസിച്ചില്ല. തെറ്റുതിരുത്താന്‍ പ്രേരിപ്പിച്ചില്ല. നിങ്ങളും എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയാണ് ചെയ്തത്.' ഒന്നു നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു: 'ഭൂപേഷ് ഈ ദുരന്തത്തില്‍ നിങ്ങള്‍ ഉത്തരവാദിയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.'

ഏകാധിപതികൾ ആരോടും  ഇഷ്ടം കാണിക്കാറില്ല , ഇഷ്ടം ഉണ്ടെന്ന് ഭാവിക്കുകയേ ഉള്ളു. അവർ സ്വന്തം തെറ്റുകൾ അംഗീകരിക്കാറില്ല ,  മറ്റുള്ളവരെ പഴി പറയുകയേ ഉള്ളു. 

പക്ഷെ ,ഏകാധിപതികളോട്  കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല !

No comments:

Post a Comment