Friday, April 5, 2024

ജനാധിപത്യത്തെ അട്ടിമറിക്കാൻ ഇ ഡി - കെ ജെ ജേക്കബ്‌ എഴുതുന്നു ©കെ ജെ ജേക്കബ്‌  


ജനാധിപത്യത്തെ അട്ടിമറിക്കാൻ ഇ ഡി - കെ ജെ ജേക്കബ്‌ എഴുതുന്നു

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് ആ സംസ്‌ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ്. സർക്കാർ നയം മാറ്റി നിശ്ചയിക്കുകവഴി സ്വകാര്യ കമ്പനികൾക്ക് വൻതോതിൽ ധനലാഭമുണ്ടാക്കിയെന്നും അതിലൊരു ഭാഗം കൈപ്പറ്റിയെന്നും അത് ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നുമാണ് കേസ്.

രണ്ടു മാസങ്ങൾക്കു മുൻപാണ് ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ ഡി അറസ്റ്റു ചെയ്തത്. ബലം പ്രയോഗിച്ചും സർക്കാർ രേഖകൾ കൃത്രിമമായി ചമച്ചും സ്‌ഥലങ്ങൾ കൈയേറിയെന്നും അങ്ങിനെ കൈയേറിയ സ്‌ഥലങ്ങൾ വിറ്റ് പണമാക്കിയെന്നും ആ പണം കൊണ്ട് വേറെ ഭൂമി വാങ്ങിയെന്നുമൊക്കെയാണ് ആരോപണങ്ങൾ.

സർക്കാർ നയത്തിൽ മാറ്റമുണ്ടാക്കി സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുക എന്നത് അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ്. ആ കേസ് സി ബി ഐ അന്വേഷിക്കുന്നുണ്ട്.

സർക്കാർ സ്‌ഥലം കൈയേറുന്നതും അത് വിറ്റു ലാഭമുണ്ടാക്കുന്നതും കുറ്റകരമായ കാര്യങ്ങളാണ്. അത് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കേണ്ടതുണ്ട്.
എന്നാൽ ശ്രദ്ധിച്ചുനോക്കിയാൽ ഒരു കാര്യം നിങ്ങൾക്കു കാണാം: ഈ കേസുകൾ അന്വേഷിക്കുന്ന ബന്ധപ്പെട്ട ഏജൻസികളല്ല സോറനെയോ കെജ്രിവാളിനെയോ അറസ്റ്റു ചെയ്തിരിക്കുന്നത്; മറിച്ച് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ്.

 

എന്താണ് എൻഫോഴ്‌സ്‌മെന്റ് 
ഡയറക്ടറേറ്റ്?


കേന്ദ്ര സർക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രധാനമായും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(Prevention of Money Laundering Act, 2002) 2002) ത്തിന്റെ നടത്തിപ്പുകാരാണ് ഇ ഡി.

ഈ നിയമപ്രകാരം ഒരാൾ ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടു സമ്പാദിക്കുന്ന പണം ഒളിപ്പിക്കുകയോ, കൈവശം വയ്ക്കുകയോ, ഉപയോഗിക്കുകയോ, നല്ല പണമാണെന്നു അവകാശപ്പെടുകയോ ചെയ്യുന്നത് കുറ്റകരമാണ്. അങ്ങിനെ ഒരാൾ അനധികൃതമായി പണം സമ്പാദിച്ചാൽ, അത് ഒളിപ്പിച്ചു വച്ചാൽ അത് കണ്ടുപിടിക്കുക എന്നതാണ് ഇ ഡിയുടെ ജോലി.

 

എന്തുകൊണ്ട് ഇ ഡി?


മറ്റു മിക്കവാറും നിയമങ്ങളിൽ നിന്നു വ്യത്യസ്തമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. ലോകമെങ്ങും നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള ഒരു അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമായി മിക്കവാറും രാജ്യങ്ങൾ ഇതേപോലുള്ള നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൃത്യമായ അറിവോടെയും ആസൂത്രണത്തോടെയും നടത്തുന്നതാകയാൽ ഇതിൽ ഏർപ്പെടുന്നവരുടെ നേരെ നിയമം കർക്കശമായിത്തന്നെയാണ് പെരുമാറുക.

കുറ്റകൃത്യം തെളിയിക്കുക എന്നത് നന്നേ പ്രയാസമായതുകൊണ്ടു കുറ്റാന്വേഷണ ഏജൻസി എന്ന നിലയിൽ ഇ ഡി ഉദ്യോഗസ്‌ഥർക്ക്‌ ചില ആനുകൂല്യങ്ങളുണ്ട്. അതിലൊന്ന് മുതിർന്ന ഉദ്യോഗസ്‌ഥരുടെ മുൻപാകെ നൽകുന്ന മൊഴിയ്ക്കു തെളിവ് മൂല്യം ഉണ്ട് എന്നതാണ്. അതുമാത്രമല്ല.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ അയാൾക്ക്‌ ജാമ്യം കിട്ടുക മിക്കവാറും അസാധ്യമാണ്. ജാമ്യവുമായി ബന്ധപ്പെട്ട നിയമത്തിലെ 45–ാം വകുപ്പുതന്നെയാണ് അതിനു കാരണം. ആ വകുപ്പുപ്രകാരം ഒരാൾ ജാമ്യാപേക്ഷ സമർപ്പിച്ചാൽ കോടതി ഇ ഡി അഭിഭാഷകനെ കേൾക്കണം.

അയാൾ ജാമ്യാപേക്ഷ എതിർത്താൽ പ്രതിയ്ക്ക് ജാമ്യം കൊടുക്കണമെങ്കിൽ കോടതിയ്ക്ക് രണ്ടു നിബന്ധനകൾ പരിഗണിക്കണം. ഒന്ന്, പ്രതി കുറ്റക്കാരനല്ലെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യം വരണം; രണ്ട്, പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അയാൾ പിന്നീട് ഒരു കുറ്റവും ചെയ്യില്ല എന്ന് കോടതിയ്ക്ക് ബോധ്യമാകണം.

വിചാരണ നടക്കാത്ത ഒരു കേസിൽ, അന്വേഷണം നടന്നുകൊണ്ടിരിക്കുക മാത്രം ചെയ്യുമ്പോൾ ഇക്കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്തുക ഏതു ജഡ്ജിയ്ക്കും അസാധ്യമായിരിക്കും; അതു കൊണ്ടു തന്നെ ജാമ്യം ദുഷ്കരവും.
മറ്റുകേസുകളിൽ ഇങ്ങിനെയൊരു നിബന്ധനയില്ല.

ഉദാഹരണത്തിന് സി ബി ഐ അന്വേഷിക്കുന്ന ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്‌താൽ അദ്ദേഹം പ്രാഥമികമായി കുറ്റം ചെയ്തിട്ടുണ്ടെന്നു തെളിയിക്കേണ്ടതു അന്വേഷണ ഏജൻസിയായ സി ബി ഐ ആണ്; അല്ലാതെ താൻ നിരപരാധിയാണെന്ന് കോടതിയെ അദ്ദേഹം ബോധ്യപ്പെടുത്തേണ്ടതില്ല.

അതു കൊണ്ടാണ് ഈ നാട്ടിൽ പൊലീസും വിജിലൻസും സി ബി ഐ യുമൊക്കെ ഉള്ളപ്പോഴും ആളുകളെ വേട്ടയാടിപ്പിടിക്കാനും ജയിലിലിടാനും ഇ ഡി യെ ഉപയോഗിക്കുന്നത്.

ജാമ്യം കിട്ടാത്ത വിധത്തിൽ രാഷ്ട്രീയ എതിരാളികളെ ജയിലിൽ തള്ളാൻ ഈ നിയമം ഉപയോഗിക്കാമെന്ന കണ്ടുപിടുത്തമാണ് എൻ ഡി എ സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ “നേട്ടം’.

നമ്മുടെ ജനാധിപത്യ ബോധത്തിനും നീതിബോധത്തിനും യുക്തി ബോധത്തിനും കളങ്കമായ ഈ കരിനിയമം, പൗരരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ മേലുള്ള സർക്കാരിന്റെ കടന്നു കയറ്റത്തിനു ഒത്താശ ചെയ്യുന്ന ഈ നിയമവ്യവസ്‌ഥ ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതി 2017ൽ റദ്ദാക്കിയതാണ്.

എന്നാൽ ഒരു നിയമ ഭേദഗതിയിലൂടെ കോടതിയുടെ കണ്ണുവെട്ടിച്ച് സർക്കാർ ഈ വ്യവസ്‌ഥകൾ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു, അതിനെതിരേയുള്ള ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നു. പൗരന്റെ മൗലികാവശങ്ങളുടെ സംരക്ഷകരാകേണ്ട കോടതികൾ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടിട്ടും നിശ്ശബ്ദരായിരിക്കുന്നു.

 

**********

കേരള സർക്കാരിന്റെ അടിസ്‌ഥാന സൗകര്യ വികസന ഏജൻസിയായ കിഫ്‌ബി വിദേശത്തു നിന്നും പണം ലഭ്യമാക്കാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കുമൊക്കെ ചേർന്ന് നടപ്പിലാക്കിയ മസാല ബോണ്ട് പദ്ധതിയുടെ പേരിൽ സിപിഐ എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെതിരെ ഇ ഡി നടപടിയുമായി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

ഇ ഡി യുടെ ഓരോ നടപടിയും ഡോ ഐസക് കോടതിയിൽ ചോദ്യം ചെയ്തു. ഇ ഡി നടപടികൾ ദുരുപദിഷ്ടമാണെന്നു കോടതിയെ ബോധ്യപ്പെടുത്താൻ ആയതു കൊണ്ടു മാത്രം ഇപ്പോഴും അദ്ദേഹം പുറത്തുണ്ട്.

എന്നാൽ കർണ്ണാടക കോൺഗ്രസ് അധ്യക്ഷനും ഇപ്പോൾ അവിടത്തെ ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന് ആ ഭാഗ്യമുണ്ടായില്ല. ഒരു കേസിൽ അറസ്റ്റിലായ അദ്ദേഹം 50 ദിവസത്തോളമാണ് ജയിലിൽ കിടന്നത്. ഒടുവിൽ രണ്ടാഴ്ച മുൻപ് അദ്ദേഹത്തിനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. എന്തിനാണ് ഇത്രയും മുതിർന്ന ഒരു നേതാവ് ഇക്കാലമൊക്കെ ജയിലിൽ കിടന്നത്?

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുത്തിടെയുണ്ടായ ഒരു വെളിപ്പെടുത്തൽ പ്രകാരം മഹാരാഷ്ട്രയിലെ ഒരു മുൻമുഖ്യമന്ത്രി പാർട്ടി വിട്ട്‌ ബി ജെ പി യിൽ ചേർന്നു. അതിനു മുമ്പായി അദ്ദേഹം സോണിയ ഗാന്ധിയെ കണ്ടു തീരുമാനം ധരിപ്പിച്ചു. ജയിലിൽ പോകാതിരിക്കാനാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം കണ്ണീരോടെ സോണിയ ഗാന്ധിയോട് പറഞ്ഞു എന്ന് രാഹുൽ പറയുന്നുണ്ട്.

ഡോ. ഐസക് നിയമം ഉപയോഗിച്ചു ചെറുത്തു നിന്നു; ശിവകുമാറിന് ജയിലിൽ പോകേണ്ടി വന്നു; മറ്റുപലരും അതിനു മുമ്പു തന്നെ ബി ജെ പി യിൽ ചേർന്നു സ്വന്തം വാർദ്ധക്യ കാലം സുരക്ഷിതമാക്കി.

നിയമത്തിലെ 45–ാം വകുപ്പ് അവിടെ നിലനിൽക്കുന്ന കാലത്തോളം കേന്ദ്ര സർക്കാരിന് ഇ ഡി യെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാം, പിടിച്ചു ജയിലിലിടാം, കുറച്ചു പേരൊഴികെ ആരെയും വരുതിയിലാക്കാം.

 

**********

ഇലക്ടറൽ ബോണ്ട് വിഷയം വന്നപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി: കേന്ദ്ര സർക്കാരിന്റെ ഒരു ഗുണ്ടാപിരിവ് സംഘമായി പ്രവർത്തിക്കുകയായിരുന്നു ഇ ഡി.
ഇപ്പോൾ കെജ്രിവാളിനെയടക്കമുള്ള ആപ് നേതാക്കളെ അറസ്റ്റു ചെയ്ത കേസിൽ മാപ്പുസാക്ഷിയായ ബിസിനസുകാരനെ ഇ ഡി ഈ കേസിൽ ആദ്യം അറസ്റ്റ് ചെയ്തു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കമ്പനി അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ബി ജെ പി യ്ക്ക് സംഭാവന നൽകി. അതിനു ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു, പിന്നീട് മാപ്പുസാക്ഷിയുമായി.

ഇതേ ബിസിനസുകാരന്റെ ഒരു കുറ്റസമ്മത മൊഴിയാണ് ഇപ്പോൾ ആപ് നേതാക്കൾക്ക് എതിരായ തുറുപ്പുചീട്ട്. അതോടൊപ്പം ഒരു പാറ്റേൺ കൂടി തെളിഞ്ഞു വരുന്നു: ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ കുപ്രസിദ്ധമായ രാഷ്ട്രീയ കുതിരക്കച്ചവടം വഴി പ്രതിപക്ഷ നേതാക്കളെ പണം കൊടുത്ത് പാർട്ടി മാറ്റും. അതിനുള്ള പണം വ്യവസായികളെ വിരട്ടിയുണ്ടാക്കും; അതിനു വഴങ്ങാത്തവരെ ഇ ഡി യെ ഉപയോഗിച്ച് കേസിൽ കുടുക്കും.

എന്നു വച്ചാൽ നിയമവിരുദ്ധം എന്നതോ ഭരണഘടനാ വിരുദ്ധമെന്നതോ ജനാധിപത്യ വിരുദ്ധമെന്നതോ പോട്ടെ, മനുഷ്യത്വ വിരുദ്ധം തന്നെയായ പല പരിപാടികൾക്കും ഇന്ന് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഉപകരണമാണ് ഇ ഡി.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കള്ളപ്പണ വ്യാപാരികളെ നീതിന്യായ വ്യവസ്‌ഥയുടെ മുന്പിലെത്തിക്കാൻ നിർമ്മിച്ച ഒരു നിയമവും അത് നടപ്പാക്കാൻ രൂപം കൊടുത്ത ഏജൻസിയും ഇന്ന് ഇന്ത്യയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടി  കോണ്ടിരിക്കുകയാണ്.

 

ബ്യൂറോക്രസിയെ 
നശിപ്പിക്കുന്നതെങ്ങനെ?


കഴിഞ്ഞ വർഷം അവസാനത്തോടു കൂടി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥനെ കൈക്കൂലി വാങ്ങിയെന്ന പേരിൽ തമിഴ്നാട് വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ദിണ്ടിഗലിലെ ഒരു ഡോക്ടറുടെ കൈയിൽനിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അയാളെ അറസ്റ്റു ചെയ്തത്. അതിനു ഒരു മാസം മുൻപ് ഒരു ഇ ഡി ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസിൽ രാജസ്താൻ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ഇതിൽനിന്നും നമ്മൾ, സാധാരണ ജനങ്ങൾ, മനസിലാക്കേണ്ടത് സ്വന്തം രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനു വഴങ്ങി നിയമത്തെ ദുരുപയോഗിച്ചു ഇന്ത്യൻ ജനാധിപത്യ വ്യവസ്‌ഥയെത്തന്നെ അട്ടിമറിക്കുന്ന ഇ ഡിയുടെ ഉദ്യോഗസ്‌ഥർ തന്നെ നേരിട്ട് കൈക്കൂലിക്കേസിൽ പ്രതികളാകുന്ന അവസ്‌ഥ ഇപ്പോൾ നമ്മുടെ നാട്ടിലുണ്ട് എന്നതാണ്.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ചിലരെ പിടികൂടി എന്നതിന്റെ അർഥം ഈ സിസ്റ്റത്തിന്റെ അകത്തു വ്യാപകമായി അഴിമതി കടന്നു കൂടി ഇതിനെ അകത്തു നിന്നു തുരന്നു കൊണ്ടിരിക്കുന്നു എന്നതാണ്. മുതലാളിയുടെ ഗുണ്ടകൾ സ്വന്തമായി പിരിവു തുടങ്ങുന്നതു പോലെ.

 

കോടതികൾ നിസ്സഹായരോ?


മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി ഇ ഡി കേസിന്റെ പൊള്ളത്തരം തുറന്നു കാട്ടി. മദ്യനയം മാറ്റിയെഴുതി സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കി എന്നതു വച്ചു സിസോദിയയെ കള്ളപ്പണ നിരോധന നിയമത്തിന്റെ പേരിൽ കുറ്റക്കാരനെന്ന് വിധിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.

അതിൽ നിന്നു മന്ത്രി പണം പറ്റിയെന്നു തെളിയിക്കാനാവണം. ഇപ്പോൾ ഉള്ളത് മാപ്പുസാക്ഷികളുടെ പ്രസ്താവനകൾ മാത്രമാണ്; അതു തന്നെ വിചാരണ വേളയിൽ പ്രതിഭാഗത്തിന്റെ രണ്ടു ചോദ്യങ്ങൾക്കു മുമ്പിൽ പൊളിഞ്ഞു പോകുമെന്നും കോടതി ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇ ഡി അഭിഭാഷകനോട് പറഞ്ഞു. എന്നിട്ടും കോടതി സിസോദിയയ്‌ക്കു ജാമ്യം നിഷേധിച്ചു.

കേസിൽ അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്ന പരിപാടി ശരിയല്ലെന്ന് മറ്റൊരു കേസിൽ കഴിഞ്ഞയാഴ്ച സുപ്രീം കോടതി പറഞ്ഞു. ചാർജ്ഷീറ്റ് പുതുക്കി നൽകി പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനുള്ള ഇ ഡിയുടെ തന്ത്രത്തെ കോടതി നിശിതമായി വിമർശിച്ചു എന്നു മാത്രമല്ല അത് ജാമ്യം കൊടുക്കാവുന്ന കേസാണ് എന്നും പറഞ്ഞു.


രണ്ടു കേസിലും പക്ഷേ പ്രതികൾക്ക് കോടതി ജാമ്യം കൊടുത്തില്ല. ഒരു കൊല്ലത്തോളമായി അന്വേഷണത്തിൽ ഒരു തുമ്പും കണ്ടു പിടിക്കാനായില്ലെങ്കിലും ഒരു രൂപയെങ്കിലും അനധികൃതമായി കൈപ്പറ്റിയിട്ടില്ലെന്നു കോടതിയ്ക്ക് ബോധ്യമായി എങ്കിലും ജാമ്യം ഒരു സ്വപ്നമാണവയ്ക്ക്. കള്ളപ്പണ നിരോധനനിയമത്തിന്റെ 45–ാം വകുപ്പ് നിലനിൽക്കുന്ന കാലത്തോളം കോടതികൾ, പ്രത്യേകിച്ച് വിചാരണക്കോടതികളും ഹൈക്കോടതികളും, പ്രായേണ നിസ്സഹായരാണ്.

പൗരരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന ഈ നിയമത്തിന്റെ വകുപ്പുകൾ റദ്ദാക്കുകയോ നീതി ഉറപ്പാക്കാനുള്ള പ്രത്യേക അവകാശം ഉപയോഗിച്ച് പ്രതികളിൽ അർഹരായവർക്ക്‌ ജാമ്യം നൽകുകയോ ചെയ്യാൻ സുപ്രീം കോടതി തീരുമാനിക്കുന്നതു വരെ ഈ കരിനിയമം നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന് ഒരു കളങ്കമായും ഭീഷണിയായും തുടരും.

അത്തരം ഒരവസ്‌ഥ ചോദ്യം ചെയ്യപ്പെടാതെ തുടരാൻ അനുവദിക്കുക എന്നാൽ ഇന്ത്യ എന്ന ജനാധിപത്യ മതനിരപേക്ഷ പരമാധികാര രാഷ്ട്രത്തിന്റെ അവസാനമായിരിക്കും. അതുകൊണ്ട് ജനാധിപത്യ വിരുദ്ധമായ നിയമത്തിനെതിരെയും നിയമ പ്രയോഗത്തിനെതിരെയും അതിശക്തമായി പ്രതികരിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്; പ്രത്യേകിച്ചും രാഷ്ട്രം ഒരു പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഈ ഘട്ടത്തിൽ. ആ ബാധ്യത നിറവേറ്റിയില്ലെങ്കിൽ വരും തലമുറയ്ക്ക് നമ്മൾ വച്ചുപോകുന്നത് ഫാസിസ്റ്റുകളുടെ ഭരണരൂപമായിരിക്കും.

 

(ചിന്ത വാരികയിൽ നിന്ന്)


No comments:

Post a Comment