Sunday, December 17, 2023

ഗുരു നിത്യ ചൈതന്യ യതിയും ഗോൾവാർക്കറും (യതിയുടെ ആത്മകഥയിൽ നിന്ന് ഒരേട്)


“പുരുഷോത്തമൻറെ സ്‌നേഹനിർഭരമായ പ്രേരണയ്ക്കു വിധേയനായി ഞാൻ ആർ.എസ് .എസ്സിൽ അംഗമായി ചേർന്നു.

സംഘത്തിലെ എന്റെ അംഗത്വത്തിൽ ആദ്യമൊക്കെ ഞാൻ അഭിമാനിച്ചിരുന്നതായി ഓർക്കുന്നു.

പക്ഷെ താമസംവിനാ ഞാൻ അവരിൽ സംശയാലു ആയി തീർന്നു.

അഹിന്ദുക്കളുടെ പ്രത്യേകിച്ച് മുസ്ലിംകളുടെയും
 ക്രിസ്ത്യാനികളുടെയും നേർക്ക് ആരിലും പകയും വിദ്വേഷവും ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു അവർ വായിക്കാൻ തന്ന സാഹിത്യം. 

അത് മത ഐക്യം  എന്ന എന്റെ ആദർശവുമായി പൊരുത്തപ്പെടുന്നവ അല്ലായിരുന്നു.

ഞാൻ കേട്ടറിഞ്ഞതായാലും വായിച്ചറിഞ്ഞതായാലും എനിക്കതെല്ലാം എന്റെ പ്രിയ സ്നേഹിതൻ യുസുഫുമായി പങ്കു വയ്ക്കണമായിരുന്നു.

ആയിടയ്ക്കായിരുന്നു സംഘത്തിന്റെ പരമോന്നത നേതാവായിരുന്ന ഗുരു ഗോൾവർക്കാർ എറണാകുളത്തു സന്ദര്ശനത്തിനെത്തിയത്. 

ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നടത്തിയ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കാൻ പോയി. ഒരു സൈനിക കമാണ്ടറെ പോലെയാണ് അദ്ദേഹം ഞങ്ങളുടെ  അഭിവാദ്യം  സ്വീകരിച്ചത്.

ജനങ്ങൾ  ഇത്ര  അച്ചടക്കത്തോടെ  പെരുമാറുന്നത്  ഒരു  നല്ല  കാര്യമായി തോന്നി.

പക്ഷെ  അവരുടെ  അന്യമത  വിരോധത്തെ  എനിക്ക്  മനസ്സിലാക്കാൻ  കഴിഞ്ഞില്ല. 

അവസാനം എല്ലാവരും ഗുരുവുമായുള്ള പ്രത്യേക കൂടികാഴ്ചക്കായി അണിനിരന്നു.

കൂടിക്കാഴ്ചക്ക് മുമ്പ് എല്ലാവരും അവരുടെ പേരും മേൽവിലാസവും ജനന തീയതിയും ഒരു കടലാസ്സിൽ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. 

മുഹമ്മദ് യൂസുഫ് എന്ന പേര് കണ്ടതും അവിടെ നിന്നിരുന്ന സംഘം പ്രതിനിധി മുഖത്തടിച്ചപോലെ പറഞ്ഞു,

”നിങ്ങൾക്ക് പോകാനാവില്ല .നിങ്ങൾ മുസ്ലിം ആണ്”.

അത് കേട്ടപ്പോൾ തീയിൽ ചവുട്ടിയ അനുഭവമാണ് എനിക്ക് ഉണ്ടായത്.

ഒരാൾ മുസ്ലിം ആയതുകൊണ്ട് ഗുരുവിനെ കാണാൻ കഴിയില്ല എന്ന് പറയുന്നതിന്റെ ഔചിത്യം എനിക്കൊട്ടും മനസ്സിലായില്ല.

തനിക്കു നേരിട്ട അപമാനത്തിൽ വിഷണ്ണനായി മുഹമ്മദ് യൂസുഫ് രണ്ടു ചുവടു പിന്നോക്കം മാറിനിന്നു.വേദന കടിച്ചമർത്തികൊണ്ടു അവൻ എന്റെ കാതിൽ പറഞ്ഞു.

”നിങ്ങൾ പോയി ഗുരുവിനെ കണ്ടു നമസ്കരിച്ചിട്ടു വരൂ .ഞാൻ ഇവിടെ കാത്തു നിൽക്കാം “

ഞാൻ എന്റെ സ്നേഹിതനോട് പറഞ്ഞു.

”നിങ്ങൾ ഇല്ലാതെ ഞാൻ ആരെയും എവിടെയും പോയി കാണുന്നില്ല”. 

പക്ഷെ യൂസുഫ് വീണ്ടും നിർബന്ധപൂർവം പറഞ്ഞു 

“തീർച്ചയായും നിങ്ങൾ പോണം.നിങ്ങൾക്കെങ്കിലും ഗുരുജിയെ കാണാനുള്ള അവസരം ഉണ്ടാകട്ടെ .എന്ത് കൊണ്ടാണ് ഒരു ഭാരതീയന്, അയാൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു പോയി എന്നത് കൊണ്ട് മാത്രം അദ്ദേഹത്തെ കാണാൻ കഴിയാത്തതു എന്ന് നിങ്ങൾ ചോദിക്കുക “

ഞാൻ ഗുരുജിയെ കാണാൻ തന്നെ തീരുമാനിച്ചു .

ഞാൻ അകത്തു കയറി .നീണ്ടു ചുരുണ്ട മുടിയും നര ബാധിച്ച താടിയുമുള്ള ഒരു ദീർഘ കായനായിരുന്നു ഗുരുജി .ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വം അദ്ദേഹം കാരുണ്യത്തോടെ എന്നെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു .”നമസ്കാരം “

പക്ഷെ ഉപചാരത്തിനൊന്നും കാത്തു നിൽക്കാൻ എനിക്ക് ക്ഷമയില്ലായിരുന്നു.ഞാൻ നേരെ എന്റെ ചോദ്യം ഗുരുജിയുടെ മുന്നിൽ അവതരിപ്പിച്ചു

”രാഷ്ട്രീയ സ്വയം സേവക് സംഘം എന്നൊരു പ്രസ്ഥാനത്തെ വിളിക്കുകയും എന്നാൽ ചില വിഭാഗങ്ങളോട് അവർ ഈ രാഷ്ട്രത്തിൽ ഉൾപെടാത്തവരെ പോലെ വിവേചനം കാണിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്”?

“അതിരിക്കട്ടെ ,ഇപ്പോൾ എന്തുണ്ടായി?” അദ്ദേഹം ആരാഞ്ഞു .

“എന്റെ സ്നേഹിതൻ മുഹമ്മദ് യൂസുഫിനോടൊത്താണ് ഞാൻ ഇവിടെ വന്നത് അങ്ങയെ കാണാൻ അയാളെ അനുവദിക്കുന്നില്ല .അത് വിവേചനമാണ്”

അത് കേട്ടപ്പോൾ ഗുരുജി പറഞ്ഞു

”നിങ്ങളുടെ സ്നേഹിതനോട് വിവേചനം കാണിച്ചെന്നു നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ അത് തെളിയിക്കുന്നത് നിങ്ങളിൽ തന്നെ ഒരു വിവേചന മനസ്ഥിതി ഉണ്ടെന്നാണ് .അത് എന്ത് കൊണ്ടെന്നാൽ നിങ്ങളുടെ മനസ്സിൽ തന്നെ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന മനോഭാവം ഉണ്ടായിരിക്കുന്നതിനാലാണ്.
 അത് നിങ്ങളുടെ പ്രശ്നമാണ്”.

കൂടുതൽ സംസാരിക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ലെന്നു എനിക്ക് മനസ്സിലായി .ഞാൻ അവിടെനിന്നും യൂസുഫിനെയും വിളിച്ചു കൊണ്ട് സ്ഥലം വിട്ടു.അതോടെ സംഘത്തിന്റെ പരിപാടികളിൽ പങ്കെടുക്കാനുള്ള താല്പര്യം എനിക്ക് ഇല്ലാതായി”  

(യതിചരിതം, പ്രസാധനം: മലയാള പഠന ഗവേഷണ കേന്ദ്രം തൃശൂർ)
              കടപ്പാട് Umesh Pk

No comments:

Post a Comment