Friday, November 24, 2023

.നമ്മൾ തോറ്റത് കളിക്കളത്തിലോ അതിനു പുറത്തോ ? കെ എസ് രഞ്ജിത്ത്  

അന്താരാഷ്ട്ര പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റുകൾ സർവ്വസാധാരണമായിരിക്കുന്ന കാലത്ത് ഒരു കളിയിലെ തോൽവി, അത് ഫൈനൽ മത്സരമാണെങ്കിൽ കൂടി, ഏറെ ആലോചന അർഹിക്കുന്നുവോ എന്നൊരു ചോദ്യം പ്രസക്തമാണ്. എങ്കിൽ കൂടി കഴിഞ്ഞ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയയോട് തോറ്റത് അതിന്റെ സ്വഭാവം കൊണ്ട് തന്നെ ശ്രദ്ധയർഹിക്കുന്ന ഒന്നാണ്. അതിനാലാണ് ഈ കുറിപ്പ്. ഒന്നാമത്തെ കാര്യം, ഇത്ര കരുത്തേറിയ, സന്തുലിതമായ, ഒരു ഏകദിന ടീം ഒരു പക്ഷെ ഇന്ത്യയ്ക്കുവേണ്ടി ഒരു ലോകകപ്പ് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയിട്ടുണ്ടാവില്ല എന്നതാണ്. 2011 ൽ കപ്പടിച്ച ധോണിയുടെ ടീമിനെ മറന്നിട്ടല്ല ഇത് പറയുന്നത്. ഇത്തവണത്തെ പോലെ എല്ലാവരും ഒരു പോലെ പീക് ഫോമിൽ നിന്ന ടീമായിരുന്നില്ല അന്നത്തേത്. രണ്ടാമത്തെ കാര്യം, ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ഇന്ത്യ കളിച്ച് ജയിച്ച രീതിയാണ്. പത്തിൽ പത്തു കളിയും ആധികാരികമായി ജയിക്കുക, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് കാട്ടുക, ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളറും ഇന്ത്യക്കാരാവുക, ഇവർക്കൊക്കെ കൃത്യമായ പിന്തുണ കൊടുക്കാൻ പറ്റുന്ന രീതിയിൽ മറ്റുള്ളവരെല്ലാം കളിക്കുക. ഇങ്ങനെയൊക്കെയാണ് ഇത്തവണ ഇന്ത്യ ഫൈനൽ കളിയ്ക്കാൻ വരുന്നത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ. അതെ സമയം ലോകകപ്പ് ചരിത്രത്തിലാദ്യമായി അണ്ടർ ഡോഗ്സ് ആയി ഒരു ഓസ്ട്രേലിയൻ ടീം ഇന്ത്യയോട് കളിയ്ക്കാൻ വരുക. എന്നിട്ടും നമ്മൾ എന്ത് കൊണ്ട് നിസാരമായി തോറ്റു ? ഈ അന്വേഷണം ആദ്യം ചെന്നെത്തി നില്കുന്നത് ഇന്ത്യ ആദ്യം ബാറ്റു ചെയ്ത രീതിയിലാണ്. അതിനിടയാക്കിയ കാരണങ്ങളിലേക്കാണ്. ആദ്യ പത്തോവറിൽ 80 റൺസ്, തുരുതുരാ ബൗണ്ടറികൾ. അതിനു ശേഷം നാല്പതാം ഓവർ വരെ രണ്ടേ രണ്ട് ബൗണ്ടറികൾ. ക്രിക്കറ്റെന്നാൽ 20 - 20 ആയി മാറിയ, ബാറ്റർമാരുടെ വിളയാട്ടമായി മാറിയ ഇന്നത്തെ കാലത്ത് ഇങ്ങനെ ബൗണ്ടറി അടിക്കാതെ കളിക്കാൻ എങ്ങനെ പറ്റും. ഒരു എസ്‌‌യു‌വി ആറുവരി പാതയിലൂടെ 30 കിലോമീറ്റർ സ്പീഡിലേ ഓടിക്കാവൂ എന്ന് നിർബന്ധിക്കുന്ന പോലത്തെ ഒരു പരിപാടിയാണിത്. ഗവാസ്കറുടെ പഴയ ഇന്നിങ്സ് ഓർക്കുന്നില്ലേ. 60 ഓവറിൽ 36 റൺസ്, അതും 334 റൺസ് ചെയ്സ് ചെയുമ്പോൾ. ഏതാണ്ട് അതിനെ ഓർമിപ്പിക്കുന്ന ബാറ്റിങ്. ഇവിടെ കളിച്ചത് പക്ഷെ പഴയ ഗവാസ്കറല്ല , 62 പന്തിൽ സെഞ്ചുറി കഴിഞ്ഞ മത്സരത്തിലടിച്ച രാഹുലും, ഒരു ഫോറുപോലും അടിച്ചില്ലെങ്കിലും 90 റൺറേറ്റിൽ ബാറ്റു ചെയ്ത് സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും ഏതു പിച്ചിലും അടിക്കാൻ മിടുക്കുള്ള കോലിയും 360 ഡിഗ്രിയിലും ഷോട്ടുകൾ ഒരേ പോലെ പായിക്കാൻ കഴിവുള്ള സൂര്യകുമാറുമൊക്കെയാണ്. ഇവരാണ് ഇങ്ങനെ ഇഴഞ്ഞും മുടന്തിയും നീങ്ങി അവസാന 40 ഓവറിൽ 160 റൺസ് അടിച്ചത്. പാവം രോഹിത് ശർമ്മ ആദ്യ ഓവറുകളിൽ പന്ത് തുടർച്ചയായി ബൗണ്ടറിക്ക് പായിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ 200 കടക്കില്ലായിരുന്നു. എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നത് ആദ്യം വിരൽ ചൂണ്ടുന്നത് എന്തുകൊണ്ട് അഹമ്മദാബാദിൽ ഫൈനൽ നടത്തി എന്നതിലേക്കാണ്. പഴയ സർദാർ പട്ടേൽ സ്റ്റേഡിയമാണ് 800 കോടി മുടക്കി 2021ൽ പുനർനാമകരണം ചെയ്ത് നരേന്ദ്ര മോദി സ്റ്റേഡിയമാക്കിയത്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ജീവിച്ചിരിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ പേര് ഒരു സ്റ്റേഡിയത്തിനിടുന്നത്. 3000 കോടി മുടക്കി സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചവർ തന്നെയാണ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പേര് മാറ്റി മോദി സ്റ്റേഡിയമാക്കിയതെന്നോർക്കുക. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഭ്രാന്ത് ക്രിക്കറ്റാണെന്ന് മനസിലാക്കി തന്നെയാണ് കളിക്ക് പുറത്തെ ഈ കളി. കളിയെ രാഷ്ട്രീയവൽക്കരിക്കുക, അതിൽ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യുക. മോദി എന്ന് പേരുള്ള സ്റ്റേഡിയത്തിൽ കളി നടന്നതുകൊണ്ട് ഇന്ത്യ തോറ്റു എന്നല്ല പറയാൻ ഉദ്ദേശിക്കുന്നതെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. ഒന്നേകാൽ ലക്ഷം പേർക്ക് മോദി സ്റ്റേഡിയത്തിലിരിക്കാം. ഏരിയൽ ദൃശ്യങ്ങളെടുക്കുക വളരെ സുഗമമായ ഇക്കാലത്ത് മോദി സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം അതി മനോഹരമാണ്. പക്ഷെ ക്രിക്കറ്റെന്നാൽ സ്റ്റേഡിയമല്ല പിച്ചാണ്. മൈതാനത്തിന്റെ നടുക്കുള്ള പ്രത്യേക രീതിയിൽ കളിമണ്ണുപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ബാറ്റിംഗ് നടക്കുന്ന ദീർഘ ചതുരാകൃതിയിലുള്ള സ്ഥലമാണ് ഏതൊരു ക്രിക്കറ്റ് മത്സരത്തിന്റെ ഗതിയെയും ആത്യന്തികമായി സ്വാധീനിക്കുന്ന ഘടകം എന്ന് കളി അറിയാവുന്ന എല്ലാവർക്കും അറിയാം. 2021ലെ സ്റ്റേഡിയം നവീകരണത്തിനൊപ്പം പുതിയ പിച്ചും മോദി സ്റ്റേഡിയത്തിൽ തയാറാക്കി. അഹമ്മദാബാദ് പിച്ചിന് പണ്ടേ തന്നെ ഒരു സ്വഭാവമുണ്ട്. ഫാസ്റ്റ് ബൗളർമാർക്ക് ഏറ്റവും സഹായകമായ പിച്ചാണ് പണ്ട് മുതൽക്കേ അഹമ്മദാബാദ് പിച്ച്. 83ൽ ലോക കപ്പ് പരാജയത്തെ തുടർന്ന് ഇന്ത്യയിൽ പര്യടനം നടത്തി ഇന്ത്യയെ തകർത്ത വെസ്റ്റ് ഇൻഡീസ് അഹമ്മദാബാദിൽ അന്ന് നടന്ന കളിയിൽ 183 റൺസിന് വിജയിച്ചപ്പോഴും കപിൽ ദേവ് 83 റൺസിന് 9 വിക്കറ്റ് ഒരിന്നിംഗ്സിൽ ഇവിടെ നേടിയിരുന്നു എന്നോർക്കുക. അന്ന് ഇന്ത്യ രണ്ടാമത്തെ ഇന്നിങ്സിൽ 101 റൺസിനാണ് എല്ലാവരും പുറത്തായത്. പുതുക്കി പണിതതിനുശേഷം 2021 ൽ ഇന്ത്യയും ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റിൽ ആദ്യ മൂന്ന് ഇന്നിംഗ്സ് 150 സ്കോർ കടന്നിട്ടില്ല. പ്രവചനാതീതമായ ഒരു സ്വഭാവം അഹമ്മദാബാദ് പിച്ചിന് എന്നുമുണ്ടായിരുന്നു. ഇന്ത്യക്ക് പിഴച്ചതും ആദ്യം ഇവിടെയാണ്. ഫൈനൽ പോലെ നിർണായകമായ ഒരു മത്സരം പാതി വെന്ത ഒരു പിച്ചിൽ നടത്തുക. കളിയുടെ വിധി നിർണയിക്കാനുള്ള അവകാശം കളിക്കാരിൽ നിന്ന് എടുത്തു മാറ്റി പിച്ചിന് വിട്ടുകൊടുക്കുക. ഏതു നോർമൽ പിച്ചിലും നിസംശയമായും ജയിക്കാവുന്ന ഒരു ഇന്ത്യൻ ടീം തോറ്റത് ഇവിടെയാണ്. റണ്ണെടുക്കുക അനായാസം നടത്താവുന്ന ഒരു പിച്ചിൽ പോലും ഈ ഇന്ത്യൻ ടീമിനിതിരെ ആരും ഈ ടൂർണമെന്റിൽ മര്യാദക്ക് ഒരു സ്കോർ പടുത്തുയർത്തിയില്ല എന്ന് കൂടി ഓർക്കുമ്പോഴാണ് ഇത് കൂടുതൽ ബോധ്യമാവുക. ഒരൊറ്റ തവണയാണ് മറ്റൊരു ടീം ഇന്ത്യക്കെതിരെ 300 സ്കോർ കടന്നത്. അത് 397 ഇന്ത്യ അടിച്ച് ജയം ഉറപ്പാക്കിയ കളിയിൽ. സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും ഇന്ത്യക്കെതിരെ പുറത്തായത് 100 റൺസിന് താഴെയാണ്. പാക്സിതാനും ഇംഗ്ലണ്ടും 200 റൺസ് തികച്ചില്ല ഈ ബൗളിംഗിനെതിരെ. ഏതു ബാറ്റിങ് പിച്ചിലും എതിരാളികളെ ചുരുട്ടിക്കൂട്ടാൻ കെല്പുള്ള ഒരു ബൗളിംഗ് നിരയെ ആണ് തീർത്തും പ്രവചനാതീത സ്വഭാവമുള്ള പിച്ചിലേക്ക് കളിയ്ക്കാൻ വിട്ടത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത് ഞങ്ങളാണെങ്കിലും ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ്. എന്ന് വെച്ചാൽ ഇന്ത്യൻ ക്യാപ്റ്റന് പോലും ഒരു പിടിയും മോദി സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചില്ലായിരുന്നു എന്നർത്ഥം. പിച്ച് എങ്ങിനെ പെരുമാറുമെന്ന് ഒരു ധാരണയും ഇന്ത്യയുടെ തിങ്ക് ടാങ്കിനു പോലുമില്ലായിരുന്നു എന്നാണ് രോഹിതിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ബോൾ പ്രതീക്ഷിച്ചതു പോലെ ബാറ്റിലേക്ക് എത്താത്തത് കൊണ്ട് ആദ്യം തന്നെ ഔട്ടായ ഗില്ലും അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത സ്ലോ ബോളിൽ പ്ലേയേഡ് ഓൺ ആയ കോലിയും, തലയ്ക്കു മുകളിൽ വരുന്ന ഏതു പന്തും അനായാസം കീപ്പർക്കു മുകളിലൂടെ പറത്താൻ ശേഷിയുള്ള സൂര്യകുമാർ യാദവ് ഏതാണ്ട് ഇളിഭ്യനായി ഓരോ ബോൾ തന്നെ കടന്നു പോകുമ്പോഴും ബീറ്റൻ ആകുന്നതുമൊക്കെ ഈ പിച്ചാണ് കളിയുടെ വിധി നിശ്ചയിച്ചതെന്ന് അടിവരയിട്ടു പറയുന്നു. വെയിലുള്ളപ്പോൾ ഒരു സ്വഭാവവും അല്ലാത്തപ്പോൾ മറ്റൊന്നും കാട്ടിയ പാതി വെന്ത പിച്ച്. അന്തരീക്ഷത്തിലെ ചൂടിന്റെ അളവിനനുസരിച്ച് സ്വഭാവം മാറുന്ന പിച്ച്, ഇത്തരമൊരു പിച്ചിൽ വളരെ കുറഞ്ഞ സ്കോറിൽ ഇന്ത്യ ഔട്ട് ആയപ്പോൾ തന്നെ കളിയുടെ വിധി’എഴുതപ്പെട്ടിരുന്നു. സ്റ്റേഡിയത്തിൽ ഫൈനൽ കാണാനെത്തിയ പ്രധാമനന്ത്രി നരേന്ദ്രമോദി എങ്കിൽ എന്തിന് പുകൾപെറ്റ ഇന്ത്യൻ ബാറ്റർമാരെ ഇത്രകണ്ട് നിസ്സഹായമായ ഒരു പിച്ചിലേക്ക് ലോക കപ്പ് അടിക്കാൻ ഇറക്കി വിട്ടു ? പരമ്പരാഗത ഇന്ത്യൻ സ്റ്റേഡിയങ്ങളായ കൽക്കട്ടയിലെ പുകൾ പെറ്റ ഈഡൻ ​ഗാർഡനോ , ഇന്ത്യൻ സ്പിന്നർമാരെ ഉറപ്പായും സഹായിക്കാൻ സാധ്യതയുള്ള ബാഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയമോ തമിഴ്നാട്ടിലെ ചെപോകോ ഫൈനൽ വേദിയായി തിരഞ്ഞെടുത്തില്ല ? ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന് അപ്രിയരായവരാണ് ഇവിടെയൊക്കെ ഭരിക്കുന്നത് എന്നതുകൊണ്ടാണോ ഫൈനൽ വേദിയായി ഇതൊന്നും മാറാഞ്ഞത് ? അതിനുത്തരം പറയേണ്ടത് കളിക്കാരല്ല. മോദി മഹിമ മാത്രം ഒരേയൊരു ലക്ഷ്യമാക്കി മാറ്റുന്ന ഇന്ത്യൻ ഭരണ കൂടമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ അവർ കുടിയിരുത്തിയിരിക്കുന്നവരാണ്. മോദി സ്റ്റേഡിയത്തിൽ ഇന്ത്യ കപ്പടിക്കുമ്പോൾ ഒന്നേകാൽ ലക്ഷം ആൾക്കാർ നേരിട്ടും 100 കോടി ഇന്ത്യക്കാർ ടെലിവിഷനിലൂടെയെയും കളി കണ്ടു ദേശാഭിമാനത്താൽ ഉന്മത്തരാകുമ്പോൾ അതിൽ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാമെന്നു കരുതി വി ഐ പി ഗാലറിയിൽ ഇരുന്ന രാഷ്ട്രീയ നേതൃത്വമാണ്, അവരുടെ അപക്വമായ സ്പോർട്സ്മാൻഷിപ്പില്ലാത്ത തീരുമാനങ്ങളാണ് ഇന്ത്യയ്ക്ക് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നഷ്ടമാക്കിയത്.

No comments:

Post a Comment