Sunday, November 12, 2023

സെപ്തംബർ 17: തന്തൈ പെരിയാർ ജന്മവാർഷിക ദിനം

വർണ്ണാശ്രമ ധർമ്മത്തിനെതിരെ മാനവിക പോരാട്ടം നയിച്ച, ഇ വി രാമസ്വാമി നായ്ക്കർ

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രാഹ്മണാധീശത്വത്തിന്റെ അപകടം മനസ്സിലാക്കി അതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ചിന്തകനും സംഘാടകനുമായിരുന്നു ഇ വി രാമസ്വാമി നായ്ക്കർ. സ്വാഭിമാനമുള്ള മനുഷ്യൻ സ്വന്തം ബുദ്ധി തെളിയിക്കുന്ന വഴിയിലൂടെയാണ് മുന്നേറേണ്ടത്, ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല എന്ന യുക്തിവാദത്തെ അടിസ്ഥാനമാക്കി 'സുയമരിയാദൈ ഇയക്കം'  എന്ന സാംസ്കാരിക പ്രസ്ഥാനം ആരംഭിക്കുകയും, ജാതിവ്യവസ്ഥയും ഹിന്ദുമതവും ഒന്നാണെന്നും ജാതി നശിക്കണമെങ്കിൽ ഹിന്ദുമതം നശിക്കണമെന്ന് വാദിക്കുകയും, 1944-ൽ ദ്രാവിഡകഴകം സ്ഥാപിച്ച് ദ്രാവിഡ നാടിനുവേണ്ടി നിലകൊള്ളുകയും ചെയ്ത സാമൂഹിക പ്രവർത്തകനായിരുന്നു പെരിയോർ.

 വഴിവക്കിൽ വച്ചിരുന്ന ഗണപതിവിഗ്രഹങ്ങൾ ചവുട്ടിത്തള്ളിയിട്ടിരുന്നു പെരിയാറും കൂട്ടരും. തമിഴിൽ ‘പിള്ളയാർ’ എന്നാണ്‌ ഗണപതിയുടെ പേര്‌. അങ്ങ്‌ എന്തിനാണ്‌ ഇത്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോൾ മറുപടി: ‘‘ഞാൻ ചവുട്ടിത്തള്ളുന്നത്‌ ഗണപതിയെയല്ല; തമിഴന്റെ അന്ധതയെയാണ്‌.’’ എന്നായിരുന്നു. 

തമിഴ്‌നാട്ടിൽ ധാരാളം ആരാധകരുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. എവിടെ അനീതി കണ്ടാലും എതിർക്കാൻ അദ്ദേഹമെത്തും.

ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള പെരിയാറെ ഒരിക്കൽ ഇംഗ്ലണ്ടിൽനിന്ന്‌ നാടുകടത്തിയിട്ടുണ്ട്‌, കറുത്ത വംശജരായ സ്‌ത്രീകളുടെ അവകാശപ്പോരാട്ടത്തിൽ പങ്കെടുത്തതിന്‌.

1924‐25 കാലത്തെ വൈക്കം സത്യഗ്രഹത്തിൽ മുന്നണിപ്പോരാളിയായി പങ്കെടുത്ത പെരിയാറെ ചങ്ങലയ്‌ക്കിട്ടാണ്‌ ജയിലിലടച്ചത്‌.

കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാഘടക ത്തിന്റെ പ്രസിഡന്റായിരിക്കെ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെടുകയും സത്യാഗ്രഹത്തിനുശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ആ നിലപാട് മരണംവരെ തുടരുകയും ചെയ്ത നേതാവാണ് ഈ വി രാമസ്വാമി നായ്ക്കര്‍.

സമരത്തിനു പുതുരക്തവും ഊര്‍ജ്വസ്വലതയും നല്‍കുവാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും 1924 ഏപ്രില്‍ 13 ആം തിയതി അദ്ദേഹത്തെ ഇവിടെ വരുത്തിയത്. അന്ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാ പ്രസിഡന്റായിരുന്നു. തമിഴ്‌നാട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ഇന്നത്തെ തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും ചേര്‍ന്ന പ്രവിശ്യ – അവിടത്തെ പ്രസിഡന്റ് സ്ഥാനം സി രാജഗോപാലാചാരി യെ ഏല്പിച്ച ശേഷമാണ് അദ്ദേഹം വൈക്കത്ത് എത്തിയത്. (ഈ വി ആര്‍ വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഗാന്ധിജി എതിരായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും നിങ്ങളും’ എന്നഗ്രന്ഥത്തില്‍ കാണാം).

ഇവിടെ വന്നതിനുശേഷം സത്യാഗ്രഹം അവസാനിക്കുന്നതുവരെ അദ്ദേഹം ഇവിടെത്തന്നെ താമസിച്ചു. സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. 

വൈക്കം സത്യാഗ്രഹത്തിന്റെ പരാജയത്തിനുവേണ്ടി വൈക്കത്തെ സവര്‍ണര്‍ പലതും ചെയ്തിരുന്നു. പലരേയും മര്‍ദ്ദിച്ചു കണ്ണിൽ ചുണ്ണാമ്പ് ഒഴിച്ചു....അങ്ങനെ പലതും. 

എന്നാല്‍ ശത്രുനിഗ്രഹയാഗം നടത്തി വധിക്കാന്‍ ശ്രമിച്ചത് ഈ വി ആറിനെ മാത്രമാണ്. മന്നത്ത് പത്മനാഭപിള്ളയെയോ കെ കേളപ്പനേയോ കെ പി കേശവമേനോനെയോ ടി കെ മാധവനെയോ പോലും അതിലേക്ക് ലക്ഷ്യമാക്കിയില്ല. വൈക്കം സത്യാഗ്രഹത്തിലെ ഈ വി ആറിന്റെ പങ്കാളിത്തത്തിന്റെ അര്‍ഹമായ തെളിവ് അതുതന്നെയാണ്. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവ് സനാതനികൾക്ക്  പണ്ടേ ഉണ്ടായിരുന്നു.

കൊക്കിനുവെച്ചത് ചക്കിനാണ് കൊണ്ടത് എന്നുമാത്രം. യാഗം നടത്തിയത് ഈ വി ആറിനെ നിഗ്രഹിക്കാനാണ്. പക്ഷെ, മരിച്ചത് മൂലംതിരുനാള്‍ രാമവര്‍മ്മരാജാവാണ്. 1924 ആഗസ്റ്റ് 16 ആം തിയതി മൂലംതിരുനാള്‍ രാമവര്‍മ്മ നാടുനീങ്ങി. ഇത് യാഗത്തിൻറെ പ്രതിപ്രവർത്തനമായി അന്ധവിശ്വാസികളായ കൊട്ടാരത്തിലുള്ളവർ കരുതി. 

രാജാവിനുപകരം പിന്നീട് അധികാരത്തില്‍ വന്ന റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല്‍ സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സത്യാഗ്രഹം തുടങ്ങി 139 ദിവസം കഴിഞ്ഞാണ് രാജാവ് മരിച്ചത്. പിന്നേയും 464 ദിവസം കഴിഞ്ഞാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെങ്കിലും അതിനുത്തരവാദി  റാണി ലക്ഷ്മീഭായി അല്ല, രാഘവയ്യാ എന്ന ബ്രാഹ്മണ ദിവാന്റെ നിര്‍ബന്ധബുദ്ധിമൂലവും സനാതന കോൺഗ്രസിൻറെ ഉഡായിപ്പ് മൂലവുമായിരുന്നു.

സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനെപ്പറ്റി അബ്രാഹ്മണരുമായി സംസാരിക്കാന്‍ തയാറില്ലാതെ ബ്രാഹ്മണ ദിവാൻ  സി രാജഗോപാലാചാരിയെ ക്ഷണിക്കുകയും അദ്ദേഹം ആ പദവി ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. ഗാന്ധിക്ക് ഇവിടെ വന്നെത്താന്‍ കഴിഞ്ഞത് 1925 മാര്‍ച്ച് 9 ആം തിയതിയാണ്. ഗാന്ധിജിയുടെ വരവിന് വേണ്ടി മാത്രം 205 ദിവസമാണ് ഒരു കാര്യവുമില്ലാതെ സത്യാഗ്രഹികളെ പട്ടിണി കിടത്തിയത്. ബാക്കി 159 ദിവസങ്ങളില്‍ മാത്രമാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടന്നത്. 159 ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടാണെങ്കിലും സത്യാഗ്രഹം അവസാനിപ്പിച്ചത് മൂലംനാള്‍ രാജാവ് മരണപ്പെട്ടതുകൊണ്ടും ലക്ഷ്മീഭായി അധികാരത്തിൽ എത്തിയതുകൊണ്ടുമാണ്.  മൂലംനാള്‍ രാജാവ് അധികാരത്തിൽ ഇരുന്നപ്പോൾ സത്യാഗ്രഹം ഒന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്നു മാത്രമല്ല സത്യാഗ്രഹികളെ പരമാവധി ദ്രോഹിക്കുകയായിരുന്നു. ഇ വി ആർ നെ കൊല്ലാൻ യാഗം നടത്തുകയും രാജാവ് മരിക്കാതിതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ  വൈക്കം സത്യാഗ്രഹം 603 ദിവസത്തിനു പകരം വീണ്ടും നീളുമായിരുന്നു.

സത്യത്തിൽ വൈക്കം സത്യാഗ്രഹം നടന്നത് കേരളത്തിൽ ആണെങ്കിലും അതിൻറെ ഗുണമുണ്ടായത് തമിഴ്‌നാടിനാണ്. വൈക്കം സത്യാഗ്രഹമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ ഈ വി ആര്‍ നാട്ടില്‍ ചെന്നശേഷം ആദ്യം ചെയ്ത പ്രവൃത്തി സനാതന കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വം രാജിവെക്കുക എന്നതാണ്. 1925 ല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. 

അങ്ങനെ ഗാന്ധിജി കേരളത്തിൽ നടത്തിയ മറ്റൊരു ഇടപെടലായ 1921 ലെ മലബാർ കലാപത്തിന് ശേഷം കോൺഗ്രസുകാർ എന്നുപറഞ്ഞു പുറത്തിറങ്ങിനടക്കാൻ പറ്റാതിരുന്ന കാലത്ത്, 1924 ഫെബ്രുവരി 29 ആം തിയതി ദലിതരെ വഞ്ചിച്ചു കോണ്‍ഗ്രസിന് ആളെക്കൂട്ടാന്‍വേണ്ടി കെ പി കേശവമേനോന്‍ നടത്തിയ ശ്രമം 1925 നവംബര്‍ 25 ആം തിയതി മുതല്‍ തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ മാത്രം ഉപകരിച്ചു. ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

സെപ്തംബർ 17: 145-മത് തന്തൈ പെരിയാർ ജന്മവാർഷിക ദിനം

No comments:

Post a Comment