Saturday, November 18, 2023

രാജസ്ഥാനിൽ ഇടത് പക്ഷം ശക്തിപ്പെടുന്നു

ലാൽ ലാൽ ലഹർ ആയേഗ, ഷോപ്പത്ത്‌ ജയ്‌പുർ ജായേഗാ’ ; കർഷകരുടെ ശബ്‌ദമായി ഷോപ്പത്ത്‌ റാം


ലാൽ ലാൽ ലഹർ ആയേഗ, ഷോപ്പത്ത്‌ ജയ്‌പുർ ജായേഗാ’.- ഇന്ത്യ–- പാക്ക്‌ അതിർത്തിയോടു ചേർന്നുള്ള ഖ്യാലിവാല ഗ്രാമത്തിലേക്ക്‌ വോട്ട്‌ അഭ്യർഥിച്ചെത്തിയ സിപിഐ എം സ്ഥാനാർഥി ഷോപ്പത്ത്‌ റാം മെഘ്‌വാളിനെ ഗ്രാമീണർ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. സിഖ്‌ വംശജരായ കർഷകരാണ്‌ ഗ്രാമത്തിലേറെയും. ശ്രീഗംഗാനഗർ, അനൂപ്‌ഗഢ്‌ ജില്ലകളുടെ പാകിസ്ഥാനോടു ചേർന്നുള്ള മേഖലയാകെ നിലവിൽ സിഖുകാരുടെ കൃഷിയിടങ്ങളാണ്‌.

രാജസ്ഥാനിലെ ശെഖാവതി മേഖലയ്‌ക്ക്‌ സമാനമായി ഗംഗാനഗർ–- അനൂപ്‌ഗഢ്‌ മേഖലയിലും തെരഞ്ഞെടുപ്പിൽ പ്രധാനമായും ഉയരുന്നത്‌ കാർഷിക പ്രശ്‌നങ്ങളാണ്‌. റായ്‌സിങ്‌നഗറിലെ കർഷകർക്കൊപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഷോപ്പത്ത്‌ റാമുണ്ട്‌.2004ൽ കനാൽ വെള്ളത്തിനായി ഗംഗാനഗർ, അനൂപ്‌ഗഢ്‌ മേഖലകളിലെ കർഷകർ മാസങ്ങൾ നീണ്ട സമരം സംഘടിപ്പിച്ചു. കിസാൻസഭയായിരുന്നു നേതൃത്വത്തിൽ. പൊലീസ്‌ വെടിവയ്‌പിൽ ഏഴുകർഷകർ കൊല്ലപ്പെട്ടു. എന്നാൽ, സമരം ജയിക്കുംവരെ കർഷകപോരാട്ടം തുടർന്നു. സമരത്തെ തുടർന്ന്‌ ഇന്ദിരാ കനാലിലൂടെ കൂടുതൽ വെള്ളം ഗംഗാനഗർ, അനൂപ്‌ഗഢ്‌ മേഖലകളിലേക്ക്‌ ഒഴുകി. ഷോപ്പത്ത്‌ സിങ്‌ അടക്കമുള്ള നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചു. തുടർന്നിങ്ങോട്ട്‌ കർഷകർക്കായി ഒട്ടനവധി ഐതിഹാസിക സമരങ്ങൾക്ക്‌ ഷോപ്പത്ത്‌ സിങ്‌ നേതൃത്വമേകി. 

   2018ലെ തെരഞ്ഞെടുപ്പിൽ റായ്‌സിങ്നഗറിൽ 43,000ത്തിലേറെ വോട്ട് പിടിച്ച്‌ ഷോപ്പത്ത്‌ സിങ്‌ രണ്ടാമതായി. സംവരണ മണ്ഡലമായ റായ്‌സിങ്‌നഗറിൽ ബിജെപിയുടെ സിറ്റിങ്‌ എംപി ബൽവീർ സിങ്‌ ലൂത്രയും കോൺഗ്രസിന്റെ സൊഹൻ ലാലുമാണ്‌ എതിരാളികൾ.


മങ്കേജ്‌ ചൗധുരി ; നോഹറിന്റെ കോമ്രേഡ്‌

.

ചുരുവിലെ താരാ നഗറിൽനിന്ന്‌ അനൂപ്‌ഗഢിലെ രായ്‌സിങ്‌ നഗറിലേക്കുള്ള യാത്രയ്‌ക്കിടെ പെട്രോൾ നിറയ്‌ക്കുന്നതിനായി ഒരു പമ്പിലേക്ക്‌ വാഹനം കയറ്റി. പമ്പിലെ യുവാവിനോട്‌ ‘ഇദർ ചുനാവ്‌ മാഹോൽ കൈസാ ഹേ’ എന്ന ചോദ്യമെറിഞ്ഞു. കോൺഗ്രസ്‌–-  ബിജെപി സ്ഥാനാർഥികളുടെ പേര്‌ പറഞ്ഞു. ഒപ്പം മറ്റൊരു പേരുകൂടി–- കോമ്രേഡ്‌ മങ്കേജ്‌ ചൗധുരി.  കൗതുകത്തോടെ മണ്ഡലം ഏതെന്ന്‌ ചോദിച്ചു. നോഹർ. ഹനുമാൻഗഢ്‌ ജില്ലയിലാണ്‌. രാജസ്ഥാനിൽ സിപിഐ എമ്മിന്‌ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ നോഹർ എന്ന പേര്‌ കേട്ടിരുന്നില്ല. പമ്പുകാരൻ യുവാവ്‌ മങ്കേജിനെക്കുറിച്ച്‌ ആവേശത്തോടെ സംസാരിച്ചു. കിസാൻ നേതാവാണ്‌. നോഹറിൽ ത്രികോണ മത്സരമാണെന്നും യുവാവ്‌ അവകാശപ്പെട്ടു.

മണ്ഡലത്തിൽ സിപിഐ എം ആദ്യമായി മത്സരിക്കുന്നത്‌ 2013ൽ ആണ്‌. കിട്ടിയ വോട്ട്‌ 2278. 2018ൽ വോട്ടുനില പതിനായിരത്തിന്‌ അടുത്തെത്തി. മത്സരിച്ചത്‌ മങ്കേജ്‌ ചൗധുരി.
യാത്ര തുടരുന്നതിനിടെ പല്ലു എന്ന ചെറുപട്ടണത്തിൽ സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ്‌ ഓഫീസ്‌ കണ്ടു. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകനെന്ന്‌ പരിചയപ്പെടുത്തിയപ്പോൾ യുവാക്കൾക്ക്‌ സന്തോഷം. സിപിഐ എം പടിപടിയായി അടിത്തറ വിപുലപ്പെടുത്തുന്ന മണ്ഡലമാണ്‌. മണ്ഡലത്തിലെ 210 ഗ്രാമത്തിലും കിസാൻസഭയ്‌ക്ക്‌ കമ്മിറ്റികളുണ്ട്‌. ജില്ലാ പഞ്ചായത്തിലും പഞ്ചായത്ത്‌ സമിതികളിലും സിപിഐ എമ്മിന്‌ പ്രതിനിധികളുണ്ട്‌. കാർഷിക വിഷയങ്ങളും മറ്റു ജനകീയ വിഷയങ്ങളും ഉയർത്തി നിരന്തരം പ്രക്ഷോഭത്തിലാണ്‌ പാർടിയും കിസാൻസഭയും. പ്രക്ഷോഭങ്ങളുടെയെല്ലാം മുൻനിരയിൽ മങ്കേജുണ്ട്‌. സമരങ്ങളുടെ പേരിൽ 27 കേസാണ്‌ പൊലീസ്‌ ചുമത്തിയിട്ടുള്ളത്‌. പലവട്ടം ജയിൽവാസം അനുഭവിച്ചു. മണ്ഡലത്തിലെ ഭൂരിഭാഗം കർഷകരുടെയും പിന്തുണ മങ്കേജിനായിരിക്കുമെന്ന്‌ യുവാക്കൾ പറഞ്ഞു.

കർഷകർക്കൊപ്പം നിന്നത്‌ 
കിസാൻസഭ: മങ്കേജ്‌ 
നോഹറിൽ ഇത്തവണ കർഷകർ ജാതിക്കപ്പുറം ചിന്തിക്കുമെന്ന്‌ സിപിഐ എം സ്ഥാനാർഥി  മങ്കേജ്‌ ചൗധുരി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. രാജസ്ഥാനിൽ സ്ഥാനാർഥിയുടെ ജാതിയാണ്‌ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും നിർണായകമാകുക. അതിനൊരു മാറ്റം ഇത്തവണ ഉണ്ടാകുമെന്നും കർഷകർ കൈവിടില്ലെന്നുമുള്ള പ്രതീക്ഷയിലാണ്‌ മങ്കേജ്‌. 
നോഹറിൽ മങ്കേജിന്റെ എതിരാളികൾ സിറ്റിങ്‌ എംഎൽഎയായ കോൺഗ്രസിന്റെ അമിത്‌ ചച്ചാനും 2008ലും 2013ലും എംഎൽഎയായിരുന്ന ബിജെപിയുടെ അഭിഷേക്‌ മടോറിയയുമാണ്‌. 2018ൽ തോറ്റശേഷം ബിജെപി സ്ഥാനാർഥിയെ നോഹറുകാർ കണ്ടിട്ടില്ലെന്ന്‌ മങ്കേജ്‌ പറഞ്ഞു. സിറ്റിങ്‌ എംഎൽഎക്കെതിരായി അഴിമതിയടക്കം ഗുരുതര ആക്ഷേപങ്ങളുണ്ട്‌. വിള ഇൻഷുറൻസ്‌ നേടിയെടുക്കാനും വ്യാജവളം കർഷകർക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും കിസാൻസഭ മാത്രമാണ്‌ പോരാടിയത്‌. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും–- മങ്കേജ്‌ പറഞ്ഞു.


.



No comments:

Post a Comment