Sunday, July 30, 2023

ശാസ്ത്ര ചിന്തകൾക്കെതിരെ മതമൗലിക വാദികൾ

വർഗ്ഗീയതയും ധ്രുവീകരണവും ശക്തിപ്പെടുമ്പോൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ച ഒരു കാര്യമുണ്ട്; എന്തു പറയുന്നു എന്നതല്ല, ആരു പറയുന്നു എന്നതാണ് പ്രസക്തം. അഭിപ്രായ പ്രകടനം നടത്തുന്നയാളുടെ ജാതി മത സൂചകങ്ങൾക്കാണ് ഇന്നു കൂടുതൽ പ്രസക്തി ലഭിക്കുന്നത്. 

പറയുന്ന കാര്യത്തിന്റെ കാമ്പും ക‍ഴമ്പും പരിശോധിച്ചു നോക്കുക എന്ന അടിസ്ഥാന സമീപനം ഉപേക്ഷിക്കുന്നു എന്നുള്ളതാണ് നമ്മുടെ സാമൂഹിക പരിസരത്തിന്റെ ഇന്നത്തെ പ്രധാന മൂല്യച്യുതി. മതഭ്രാന്ത് തിമിരമായി ഭവിക്കുന്ന ഏതൊരു സമൂഹത്തിലും കണ്ടുവരുന്ന പ്രവണതയാണിത്. വ്യക്തികളെ മതത്തിന്റെ കള്ളികളിൽ പിടിച്ചിട്ട് ആക്രമിക്കുന്ന രീതിക്ക് സമൂഹമാധ്യമങ്ങളും ഉലയൂതുന്നുണ്ട്. സുതാര്യത സൃഷ്ടിക്കുമെന്ന് നമ്മൾ കരുതിയ നവമാധ്യമങ്ങൾ വെറുപ്പും വിദ്വേഷവും വിതറുന്നു എന്ന് പഠനങ്ങൾ സംശയലേശമെന്യെ തെളിയിച്ചിട്ടുണ്ട്.

സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശങ്ങളെ മുൻനിർത്തി നമ്മുടെ സമൂഹത്തിൽ നടക്കുന്ന വാദകോലാഹലങ്ങൾ…പത്തു വർഷം മുമ്പായിരുന്നെങ്കിൽ ശരാശരി മലയാളി മൂക്കത്തു വിരൽ വച്ചേനെ. ശാസ്ത്ര ബോധത്തോടെയും വിചാര വിവേക ബുദ്ധിയോടെയും കാര്യങ്ങളെ ഗ്രഹിക്കുകയും അപഗ്രഥിക്കുകയും ചെയ്യുക എന്ന നമ്മുടെ രീതികൾക്ക് തേയ്മാനം സംഭവിച്ചതു കൊണ്ടാണ് ഷംസീറിന്റെ വാക്കുകൾ വിവാദമായത്.

മിത്തുകളും വിശ്വാസങ്ങളും കേട്ടുകേൾവികളും പ‍ഴങ്കഥകളുമെല്ലാം അവിയൽ പരുവത്തിലാക്കി ചരിത്രവും ശാസ്ത്രവുമായി വിളമ്പുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്. പൊള്ളയായ ദേശസ്നേഹത്തിന് അടിവരയിടാൻ പൊങ്ങച്ചങ്ങൾ പറയുമ്പോൾ അതിനെ എതിർക്കുന്നത് ദേശവിരുദ്ധമായി കാണുന്ന രീതികൂടി നമുക്കിടയിലുണ്ട്. വിമാനവും ആധുനിക ചികിത്സാരീതികളും, എന്തിനേറെ റോക്കറ്റ് വിദ്യപോലും, നമ്മുടെ സ്വന്തമെന്നു പറയുന്നതിന് ഭരണാധികാരിൾക്ക് യാതൊരു മടിയുമില്ല. ലോകത്തിലെ ആദ്യ നയതന്ത്രജ്ഞൻ ഹനുമാൻ ആണെന്നു പറയുന്നത് മറ്റാരുമല്ല, നമ്മുടെ വിദേശ കാര്യ മന്ത്രി തന്നെയാണ്. ചാണകം കൊണ്ട് ഭേദമാകാത്ത ഒരസുഖവുമില്ലെന്നു നമ്മളെ വിശ്വസിപ്പിക്കുന്നത് ഉന്നതപദവികൾ അലങ്കരിക്കുന്നവരാണ്. ഇന്ത്യൻ അറിവ് പ്രചരിപ്പിയ്ക്കണമെന്ന പേരിൽ കൈനോട്ടം മുതൽ കൺകെട്ടുവരെ സർവ്വകലാശാലകളുടെ സിലബസുകളിൽ ഉൾപ്പെടുത്തുന്ന കാലമാണിത്. ഭൂമി പരന്നതാണെന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ട്. ശാസ്ത്ര ബോധത്തിലൂടെയാണ് മനുഷ്യൻ ഭൂമിയെ ഉരുട്ടിയെടുത്തത്. എന്നാൽ, ഇന്ന് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് അറിവിന്റെയും അന്വേഷണത്തിന്റെയും മുനകൾ പരത്തിയെടുത്തു കളയാനാണ് ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്നത്. നമ്മുക്ക് അർഹതപ്പെട്ട നേട്ടങ്ങൾ ഉണ്ട് . അവ പറഞ്ഞു പോകുന്നതിനെ ആരും എതിർക്കില്ല. 

പുരാണങ്ങളും ഐതിഹ്യങ്ങളും മാനിക്കുന്നവർ അതു മാനിച്ചോട്ടെ. അതു കൊണ്ടാണല്ലോ, നമ്മൾ എല്ലാ വിശ്വാസധാരയെയും ബഹുമാനിക്കുന്നത്. എന്നാൽ, വിശ്വാസത്തിന്റെ ഭാഗമായ ഐതിഹ്യങ്ങളെ രാഷ്ട്രവ്യ വഹാരങ്ങളിലേക്കു വലിച്ചുനീട്ടുമ്പോ‍ഴാണ് നമ്മുടെ രാജ്യം ഇരുണ്ട യുഗത്തിലേക്കു പ്രവേശിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും അവൻ ബോധവാനാകരുത് എന്ന ഗൂഢതന്ത്രമാണ് ഈ മിശ്രിതം സമൂഹത്തിൽ വിതറുന്നതിനു പിന്നിലുള്ളത്.

വടക്കുകി‍ഴക്കൻ മേഖലയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ എങ്ങനെയാണ് ഐതിഹ്യങ്ങളെ സംഘ് പരിവാർ കൂട്ടുപിടിക്കുന്നതെന്ന് ക‍ഴിഞ്ഞ ദിവസം ഒരു ലേഖനത്തിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അരുണാചലിലെ രാജകുമാരിയായ രുക്മിണിയെയാണ് ശ്രീകൃഷ്ണൻ ഭാര്യയാക്കിയതെന്നു പറഞ്ഞ്, പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ  തന്നെ വലിയൊരു മേള സംഘടിപ്പിക്കപ്പെട്ടു – വടക്കുകി‍ഴക്കിനെ ഗുജറാത്തുമായി കൂട്ടിക്കെട്ടാനുള്ള മാധവ്പുർ മേള. മുൻകാലങ്ങളിൽ സംഘ് പരിവാർ വക്താക്കൾ തന്നെ പ്രചരിപ്പിച്ചിരുന്ന ഐതിഹ്യ പ്രകാരം രുക്മിണി വരുന്നത് മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നാണ്!

വ്യക്തികളെ മതത്തിന്റെ കള്ളികളിലേയ്ക്കു മാറ്റിയുള്ള ആക്രമണം നേരിട്ട വ്യക്തിയാണ് ഞാനും. മാതാ അമൃതാനന്ദമയിയെയും അവരെക്കുറിച്ച് പുസ്തകമെ‍ഴുതിയ വ്യക്തിയെയും ഞാൻ അഭിമുഖം ചെയ്തിട്ടുണ്ട്. ഉടൻ വരും ചോദ്യം, നിങ്ങൾ എന്തു കൊണ്ട് ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട വിമർശകരെ അഭിമുഖം ചെയ്യുന്നില്ല എന്ന് ! കത്തോലിക്കാ സഭയെ ഏറ്റവും കൂടുതൽ വിമർശിച്ച സിസ്റ്റർ ജസ്മിയെ ഞാൻ അഭിമുഖം ചെയ്തിട്ടുണ്ട്; വിമർശനാത്മകമായി ശിഹാബ് തങ്ങളെ അഭിമുഖം ചെയ്തിട്ടുണ്ട്; ലൗ ജിഹാദ് പോലൊരു മാരക വൈറസ് കഥ പ്രചരിപ്പിക്കുന്നതിനെതിരേ ക്രൈസ്തവ വേദികളിൽ ശക്തമായി ഞാൻ സംസാരിച്ചിട്ടുണ്ട്. എന്റെ അഭിപ്രായം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേതോ അല്ല എന്ന് ഒരുകൂട്ടം വർഗ്ഗീയവാദികളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല. പക്ഷേ, നവമാധ്യമകാലഘട്ടത്തിൽ ചതിക്കു‍ഴികളിൽ വീ‍ഴുന്ന നിഷ്കളങ്കരെ ഓർത്താണ് ഇത്രയും പറഞ്ഞത്.

സ്പീക്കർ എ എൻ ഷംസീർ കൃത്യമായ ധാരണകളും രാഷ്ട്രീയ ബോധവുമുള്ള സാമൂഹിക ജീവിയാണ്. സംസ്ഥാനത്തിന്റെ ധിഷണാപരമായ ചക്രവാളത്തെ ദീപ്തമാക്കുന്ന ലക്ഷങ്ങളിലൊരാൾ. കേരളം വ്യത്യസ്തമായി നില്ക്കുന്നതിനുള്ള ഒരു കാരണം ശാസ്ത്രബോധം സമ്മാനിച്ച പരിസരമാണ്. അന്ധവിശ്വാസവും ഭീകരതയും ഏതു വിഭാഗക്കാർ പ്രചരിപ്പിച്ചാലും അവരെ നേരിടാനുള്ള ആർജ്ജവം കേരളസമൂഹത്തിനുണ്ട്.
---
ജോൺ ബ്രിട്ടാസ്

No comments:

Post a Comment