Tuesday, July 25, 2023

സ്‌പീക്കർക്ക് എതിരായ കള്ളക്കഥ മണിപ്പുരിലെ രക്തക്കറ മായ്‌ക്കാൻ


സ്‌പീക്കർ എ എൻ ഷംസീർ ഹിന്ദുദൈവങ്ങളെ  അധിക്ഷേപിച്ചെന്ന നിലയിൽ സംഘപരിവാർ വ്യാപകമായി കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌ മണിപ്പുരിലെ രക്തക്കറ മായ്‌ക്കാൻ. മണിപ്പുർ വംശഹത്യയിൽ തീർത്തും ഒറ്റപ്പെട്ട ബിജെപി, ദൈവങ്ങളുടെ പേരുപറഞ്ഞ്‌ ജനങ്ങളെ ഇളക്കിവിടാനാണ്‌ ശ്രമിക്കുന്നത്‌. സ്‌പീക്കറുടെ കുന്നത്തുനാട്‌ പ്രസംഗം കേട്ടവരാരും സംഘപരിവാറിന്റെ കെണിയിൽ വീഴില്ല. പ്ലാസ്‌റ്റിക്‌ സർജറിയിലൂടെയാണ്‌ ഗണപതിക്ക്‌ ആനത്തല കിട്ടിയതെന്നതുൾപ്പെടെ മിത്തുകളെ ശാസ്‌ത്രമായി അവതരിപ്പിക്കുന്നതിനെ കൃത്യമായി തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം. 

‘‘വിമാനം കണ്ടുപിടിച്ചത്‌ ആരാണെന്ന ചോദ്യത്തിന്‌ എന്റെ കാലത്ത്‌ ഉത്തരം റൈറ്റ്‌ സഹോദരന്മാരാണെന്നാണ്‌. ഇപ്പോൾ റൈറ്റ്‌ സഹോദരന്മരല്ല, അത്‌ തെറ്റാണ്‌. ഹിന്ദുത്വകാലത്ത്‌ ലോകത്തെ ആദ്യത്തെ വിമാനം പുഷ്‌പക വിമാനമാണ്‌. പാഠപുസ്‌തകത്തിൽ ശാസ്‌ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്‌റ്റിക്‌ സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്‌. എന്നാൽ, പ്ലാസ്‌റ്റിക്‌ സർജറി പുരാതനകാലത്തേയുള്ളതാണെന്ന്‌ പ്രചരിപ്പിക്കുന്നു’’–- സ്‌പീക്കറുടെ ഈ വാക്കുകളെ വളച്ചൊടിച്ചാണ്‌ ആർഎസ്‌എസ്സും വിശ്വഹിന്ദു പരിഷത്തും കള്ളക്കഥ പ്രചരിപ്പിക്കുന്നതും കേരളത്തിലെ എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും പരാതി നൽകാനൊരുങ്ങുന്നതും.

ശാസ്‌ത്രവസ്‌തുതകളുടെ സ്ഥാനത്ത്‌ ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും പ്രതിഷ്‌ഠിക്കുന്നതിനെ വിമർശിക്കുന്നത്‌ എങ്ങനെ തെറ്റാകും. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്നനിലയിൽ സമൂഹത്തിൽ ശാസ്‌ത്രബോധം പകരാനുള്ള ഉത്തരവാദിത്വത്തമാണ്‌ സ്‌പീക്കർ നിർവഹിച്ചത്‌. ഹിന്ദുവിശ്വാസത്തെയോ ദൈവങ്ങളെയോ നിന്ദിക്കുന്ന ഒരു പരാമർശവും അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. യഥാർഥ വിശ്വാസികൾ സംഘപരിവാറിന്റെ കാപട്യം തിരിച്ചറിയുകതന്നെ ചെയ്യും


Read more: https://www.deshabhimani.com/news/kerala/news-kerala-25-07-2023/1106508

No comments:

Post a Comment