Friday, July 29, 2022

കേരളത്തിൽ ഓർഡിനൻസ് രാജോ ? സത്യവും മിഥ്യയും


കേരളത്തിൽ ഓർഡിനൻസ് രാജെന്ന മലയാള മനോരമ വാർത്ത വസ്തുതാവിരുദ്ധമാണ്. വാർത്തയിൽ പറയുന്നതു പോലെ കഴിഞ്ഞ വർഷം ഒരു സമയത്തും 144 ഓർഡിനൻസുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ആകെ 43 ഓർഡിനൻസുകൾ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. അതിൽ  34 എണ്ണവും തൊട്ടടുത്ത് ചേർന്ന നിയമസഭാ സമ്മേളങ്ങളിൽ ബില്ലുകൾ അവതരിപ്പിച്ച് നിയമമാക്കി. നിയമ നിർമ്മാണത്തിന് മാത്രമായി ഒക്ടോബർ-നവംബർ മാസങ്ങളിൽ സഭ ചേർന്നു. നിലവിൽ 11 ഓർഡിനൻസുകൾ മാത്രമാണ് പ്രാബല്യത്തിൽ ഉള്ളത്.
https://m.facebook.com/story.php?story_fbid=pfbid02mJbKudWCUUHqCMV63oNdiqeU6xpF9psBo8YZvuw4VNvLBTDqZdAX7GQysJJn8mGgl&id=100044230786277

'കേരളത്തിൽ ഓർഡിനൻസ് രാജ്'' 
എന്ന മനോരമ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന പോസ്റ്റിന് ഇന്ന് പത്രം  വിശദമായ മറുപടി നൽകിയിട്ടുണ്ട്. 
പി ആർ എസ് റിപ്പോർട്ട് 
നിയമസഭാ വെബ് സൈറ്റിനെ അടിസ്ഥാനമാക്കിയാണെന്ന് പറയുന്ന മനോരമ, പി ആർ എസ് പ്രസിഡന്റ് 
ശ്രീ മാധവൻ്റെ ഉദ്ധരണി കൂടി കൊടുത്ത് പ്രൊഫഷണൽ സ്വഭാവം കൂടി പ്രകടിപ്പിച്ചിട്ടുണ്ട്. 
എന്തുകൊണ്ട് ആ വാർത്ത വസ്തുതാ വിരുദ്ധമാകുന്നതെന്ന് വിശദീകരിക്കാം.
 
1 പി ആർ എസ്സിനെ ചാരിയാണ് മനോരമ ന്യായീകരണം.

എന്തായിരുന്നു വാർത്താ തലക്കെട്ട്? 'കേരളത്തിൽ ഓർഡിനൻസ് രാജ് ' . 

ഇങ്ങനെ ഒരു പ്രയോഗം ഈ പറയുന്ന പി ആർ എസ് റിപ്പോർട്ടിലില്ല!. 
അത് മനോരമയുടെ മാത്രം സംഭാവനയാണ്. 
വായനക്കാരനെ പരിഭ്രമിപ്പിക്കുന്ന ഈ  തലക്കെട്ടോടെയുള്ള വാർത്തയുമായി പത്രം ഇറങ്ങിയ ദിവസം കേരളത്തിലുണ്ടായിരുന്നത് കേവലം 11 ഓർഡിനൻസുകൾ മാത്രമാണ്. 

2. കിട്ടുന്ന വിവരങ്ങൾ അതേ പോലെ നൽകലാണ് മാധ്യമ പ്രവർത്തനം എന്നു കരുതുന്നില്ല. 

വാർത്തയിൽ പറയുന്നതുപോലെ ഇത്ര ദിവസം സഭ കുടിയിട്ടും ഇത്രയും അധികം ഓർഡിനൻസുകൾ എങ്ങിനെ വന്നുവെന്ന സ്വഭാവിക ചോദ്യം വരും; 
പത്ര പ്രവർത്തകർക്ക് പ്രത്യേകിച്ചും. 
അപ്പോൾ ആരോടെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ 2021 ഒക്ടോബർ 4 മുതൽ നവമ്പർ 21 വരെ ഓർഡിനൻസുകൾ പാസാക്കാൻ മാത്രം നിയമസഭ ചേർന്നിരുന്നെന്നും അന്ന് ഉണ്ടായിരുന്ന 45 ഓർഡിനൻസുകളിൽ 6 എണ്ണം ഒഴികെ എല്ലാം നിയമമായി മാറിയെന്നും അറിയാമായിരുന്നു. 

ഓർഡിനൻസുകളുടെ എണ്ണം വർദ്ധിച്ച
പ്രശ്നം അതിനു മുമ്പ് ചേർന്ന സമ്മേളനത്തിൽ തന്നെ ചർച്ച ചെയ്തിരുന്നു. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് അഭിലഷണീയമല്ലെന്ന നിലപാടാണ് സർക്കാരും സ്വീകരിച്ചത്. അങ്ങനെയാണ് പ്രത്യേക സമ്മേളനം തന്നെ നിയമ നിർമ്മാണത്തിനായി ചേർന്നത്. 
അതായത് 2021 ഒക്ടോബറിന് മുമ്പ് ഇങ്ങനെയൊരു തലക്കെട്ട് കൊടുത്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ ന്യായീകരണത്തിന് ഒരു 'ന്യായം ' ഉണ്ടായിരുന്നേനേ!. 
പത്രം പത്തുമാസം പിന്നിലായി പോയി! 

3. ഒരേ സമയം 144 എണ്ണമുണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ലെന്നതാണ്  
വിശദീകരണത്തിലെ പ്രധാന വാദം. തത്വത്തിൽ ശരിയെന്നു തോന്നുമെങ്കിലും  ആ ലിസ്റ്റ് വാർത്ത എഴുതിയ ആൾ  കണ്ടിരുന്നെങ്കിൽ ഒരേ ഓർഡിനൻസ് പല തവണ ആവർത്തിക്കുന്നത് കാണുമായിരുന്നു. 
ഒരു ഓർഡിനൻസ് അടുത്ത സമ്മേളനത്തിൽ പാസാക്കാൻ പറ്റാതെ പോയാൽ അത് റീ പ്രൊമുൽഗേറ്റ് ചെയ്യും. ലിസ്റ്റിൽ അത് വീണ്ടും ഇടംപിടിക്കും. ഇത് നല്ല പ്രവണതയല്ലെങ്കിലും വാർത്തയെടുത്തുകാരന് പിടി കിട്ടിയതായി കാണുന്നില്ല . അങ്ങനെ നോക്കാൻ സമയം കിട്ടിയിരുന്നെങ്കിൽ 58 ഓർഡിനൻസുകൾ  മാത്രം കണ്ണിൽപ്പെടുമായിരുന്നു. 

4 . ഇനി വാർത്ത കൊഴുപ്പിക്കാൻ കൊടുത്ത കിക്കർ നോക്കാം. 
'നിയമസഭ നോക്കുകുത്തി' . 

 പി ആർ എസ് റിപ്പോർട്ട് വായിച്ച ഒരാളാണെങ്കിൽ ഇങ്ങനെയൊരു പ്രയോഗം  നടത്തുമോ? 
യഥാർത്ഥത്തിൽ പി ആർ എസ് റിപ്പോർട്ട' അടിമുടി കേരളത്തെ പ്രകീർത്തിക്കുന്നതാണ്. എന്നാൽ, പിറന്ന നാടിനെതിരെ ഉപയോഗിക്കാൻ എന്തെങ്കിലും കിട്ടുമോയെന്നു നോക്കുന്നവരുടെ കണ്ണിൽ അതൊന്നും പെടില്ല. 2016 . 21  ലെ  ശരാശരി എടുത്താൽ കേരള നിയമസഭ സമ്മേളിച്ചത് 43 ദിവസമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണ്. 2021 ൽ സഭ സമ്മേളിച്ചത് 61 ദിവസമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ്വത. ആന്ധ്രയിലും ഡൽഹിയിലും ചേർന്നത് കേവലം 8 ദിവസവും ത്രിപുരയിൽ 7 ദിവസവുമാണ്.  
അങ്ങനെയെങ്കിൽ നിയമസഭ ചേരുമ്പോഴാണോ നോക്കുകുത്തിയായി മാറുന്നത് ? 
 
റിപ്പോർട്ട് വീണ്ടും 
വായിക്കുകയാണെങ്കിൽ നോക്കുകുത്തിയാകാതെ സജീവമായ ഇന്ത്യയിലെ നിയമസഭ കേരളത്തിലേതാണെന്നു കാണാം. കഴിഞ്ഞ വർഷം 36 നിയമങ്ങളാണ് കേരള നിയമസഭ 
 പാസാക്കിയത് '  ഇന്ത്യയിൽ എല്ലാ ബില്ലുകളും കമ്മിറ്റിക്ക് വിടുന്ന നിയമസഭ കേരളത്തിലേതാണെന്ന് പി ആർ എസ് റിപ്പോർട്ട് പറയുന്നു. ഗുജറാത്തും ബംഗാളും പഞ്ചാബും ഉൾപ്പെടെയുള്ള 8  നിയമസഭകളിൽ ബിൽ അവതരിപ്പിച്ച ദിവസം തന്നെ പാസാക്കിയെടുക്കുന്നു . എന്നാൽ, നോക്കുകുത്തിയാകാതെ കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലും  ചുരുങ്ങിയത് അഞ്ചു ദിവസങ്ങൾക്ക് ശേഷം മാത്രമേ നിയമമാകാറുള്ളു. ഈ കാലയളവിൽ ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ട ഏക നിയമസഭയും
കേരളത്തിലേതാണെന്ന് പി ആർ എസ് തന്നെ പറയുന്നു. അതു കൂടി വാർത്തയാകണ്ടേ?

No comments:

Post a Comment