Thursday, October 6, 2011

കൃഷ്ണകുമാര്‍ വധശ്രമം അപകടമെന്നു വരുത്താന്‍ ഗൂഢാലോചന


തിരു: വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മെനഞ്ഞ കള്ളക്കഥകള്‍ പൊളിഞ്ഞപ്പോള്‍ പുതിയ കഥകളുമായി പൊലീസ് രംഗത്തെത്തി. കൃഷ്ണകുമാറിന് പരിക്കേറ്റത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് പൊലീസിന്റെ പ്രചാരണം. അതിനാല്‍ സംഭവം അപകടമാകാമെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങളെക്കൊണ്ട് പൊലീസും ഉന്നത രാഷ്ട്രീയനേതൃത്വവും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. തന്നോടും കുടുംബത്തോടും വൈരാഗ്യമുള്ളത് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് മാത്രമാണെന്ന് അധ്യാപകന്‍ വ്യാഴാഴ്ച പൊലീസിന് മൊഴി നല്‍കി. എന്നാല്‍ , തന്നെ ആക്രമിച്ചത് ആരാണെന്നറിയില്ല. സംഭവദിവസം താന്‍ കടയ്ക്കലില്‍ പോയിരുന്നെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി. രണ്ട് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനിടയില്‍ കൃഷ്ണകുമാര്‍ ഇടയ്ക്കിടെ മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നു. പൊലീസുകാര്‍ തട്ടിവിളിച്ചാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പൂര്‍ണമായും അവശനിലയിലായിരുന്ന കൃഷ്ണകുമാറിന് ഇടയ്ക്കിടെ വെള്ളം കൊടുത്തുകൊണ്ടിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് നടന്നതെന്തെന്ന് പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നിട്ടും കൃഷ്ണകുമാര്‍ കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെ ശ്രമിക്കുന്നത്. ഇത്തരം ആക്ഷേപം ഉയര്‍ത്തിയിട്ടും കേസ് വഴിതിരിച്ചുവിടാന്‍ കഴിയാതായപ്പോഴാണ് അപകടമെന്ന പുതിയ കഥയിറക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടല്ല പരിക്കേറ്റത് എന്ന് പറഞ്ഞിട്ടില്ല. ആണെന്നും പറഞ്ഞിട്ടില്ല. മലദ്വാരത്തിലൂടെ എന്തോ തുളച്ചുകയറിയെന്ന് പറയുന്നുമുണ്ട്. അങ്ങനെയെങ്കില്‍ വാഹനമോ മറ്റോ ഇടിച്ചുതെറിപ്പിച്ചശേഷം മരക്കുറ്റിയിലേക്കോ ഇരുമ്പ് ദണ്ഡിലേക്കോ കൃത്യമായി വീണിരിക്കണം. എന്നാല്‍ , കൃഷ്ണകുമാര്‍ പരിക്കേറ്റ് കിടന്നിടത്ത് അങ്ങനെയൊരു ലക്ഷണവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ ശരീരമാസകലം മുറിവേറ്റ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തിലൂടെ പറ്റാവുന്ന മുറിവുകളും ചതവുകളുമാണിതെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിക്കുന്നുമില്ല. അക്രമത്തിന് പിന്നില്‍ തീവ്രവാദികളോ പണമിടപപാട് സംബന്ധിച്ച തര്‍ക്കമോ ആകാമെന്നായിരുന്നു ഇതുവരെ പൊലീസ് പ്രചരിപ്പിച്ചത്. തീവ്രവാദികള്‍ ആക്രമിക്കാന്‍ കാരണം സ്ത്രീവിഷയമാണെന്ന് പ്രചരിപ്പിച്ച് മൃതപ്രായനായി കഴിയുന്ന കൃഷ്ണകുമാറിനെ വ്യക്തിഹത്യ ചെയ്യാനും ശ്രമിച്ചു.

No comments:

Post a Comment