Thursday, October 6, 2011

ജുഡീ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു


തിരു: കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നും മുഖ്യമന്ത്രിയെയടക്കം ഫോണ്‍വിളിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിള്ള ആശുപത്രിയില്‍ സുഖവാസത്തിലാണെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ എട്ടുപേജുള്ള നിവേദനത്തില്‍ പറഞ്ഞു. ഭരണഘടനയ്ക്കുള്ളില്‍നിന്ന് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഗവര്‍ണര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമവാഴ്ച തകര്‍ക്കുന്ന സാഹചര്യം ജനകീയപ്രശ്നമായി ഉയര്‍ത്തി പ്രചാരണം സംഘടിപ്പിക്കാനും എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ കിടന്ന് ഭരണം നിയന്ത്രിക്കുകയാണെന്നും കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 മുതല്‍ 17 വരെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പൊതുയോഗം സംഘടിപ്പിക്കും. 10ന് തിരുവനന്തപുരത്ത് പൊതുസമ്മേളനം നടക്കും. നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിയമജ്ഞരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം ചേരും. 17നുശേഷമായിരിക്കും യോഗങ്ങള്‍ . ദിവസം വന്‍തുക വാടക കൊടുത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള സ്യൂട്ടില്‍ വസിക്കുന്ന പിള്ളയ്ക്ക് ലാന്‍ഡ് ഫോണും മൊബൈല്‍ഫോണും ടെലിവിഷനും അടക്കമുള്ള സൗകര്യം ലഭിക്കുന്നതായി പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. വാളകത്ത് അധ്യാപകന്‍ നിഷ്ഠുരമായി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയില്ല. എല്ലാ നിയമവ്യവസ്ഥയും ലംഘിച്ച് ദീര്‍ഘകാലമായി ജയിലിന് പുറത്തുകഴിയുകയാണ് പിള്ള. ജയില്‍ നിയമം ലംഘിച്ച് 92 ദിവസം പരോള്‍ നല്‍കി. 13 ദിവസത്തേയ്ക്ക് ഉപാധിരഹിത പരോളും അനുവദിച്ചു. പിന്നീട് മകള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പിള്ളയെ പക്ഷനക്ഷത്ര ആശുപത്രിയിലേക്കുമാറ്റി. പിള്ളയ്ക്ക് ഉണ്ടെന്നുപറയുന്ന അസുഖത്തിന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എല്ലാ ആധുനികസൗകര്യവുമുള്ള ചികിത്സയുള്ളപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ ആഡംബര സുഖവാസത്തിന് അവസരമൊരുക്കിയത്. ഇവിടെനിന്ന് സ്വന്തം മൊബൈല്‍ഫോണില്‍ മുഖ്യമന്ത്രിയുടെ ഓഫീസും അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടക്കം ഉന്നത ഭരണസ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടത് ഗുരുതരമായ ചട്ടലംഘനമാണ്. ഇതിനെല്ലാം പിള്ളയുടെ മകനും മന്ത്രിയുമായ കെ ബി ഗണേഷ്കുമാറിന്റെ സമ്മര്‍ദം സര്‍ക്കാരില്‍ ഉണ്ടായി എന്നത് വ്യക്തമാണ്. ഇതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍ , വി പി രാമകൃഷ്ണപിള്ള, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള എന്നിവരടങ്ങിയ സംഘമാണ് ഗവര്‍ണറെ കണ്ടത്.
പിള്ളയുടെ തടവ്: സര്‍ക്കാര്‍ നിലപാട് നിയമലംഘനം- കേളുനമ്പ്യാര്‍

കൊച്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് നഗ്നമായ നിയമലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുമ്പ്യാര്‍ പറഞ്ഞു.ഈ വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം. സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള എത്രദിവസം ജയിലിനുള്ളില്‍ കിടന്നുവെന്ന് പരിശോധിക്കണം.എന്നാല്‍ പിള്ളയുടെ ശിക്ഷ ഇല്ലാതാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ കൊഞ്ഞനം കുത്തുകയാണെന്നും കേളുനമ്പ്യാര്‍  പറഞ്ഞു. സ്വന്തം വീട്ടില്‍ താമസിക്കുന്നതിനേക്കാള്‍ സൗകര്യത്തിലാണ് ഇപ്പോള്‍ പിള്ള കഴിയുന്നത്. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വാളകത്ത് അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ കേസ് സംബന്ധിച്ച എല്ലാ ഫയലുകളും സുപ്രീം കോടതി പരിശോധിക്കണം. സുപ്രീം കോടതി ഒരാളെ ശിക്ഷിച്ചാല്‍ അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. സംസ്ഥാനത്തിനു പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പിള്ളയെ വിശദമായി പരിശോധിപ്പിക്കണം -കേളുനമ്പ്യാര്‍ പറഞ്ഞു.

 

No comments:

Post a Comment