കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവയ്പ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച്് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍ . കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു. സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. ഉപ്പുസത്യഗ്രഹത്തിന്റെ മണ്ണില്‍നിന്ന് പാര്‍ടി ചരിത്രം അറിയാത്ത വിവരദോഷി പറഞ്ഞത് താന്‍ പ്രസിഡന്റായതിനുശേഷമാണ് പാര്‍ടി രക്ഷപ്പെട്ടതെന്നാണ്്. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല. സുധാകരന്‍ അന്നൊക്കെ സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ , കമലം ജനതകളിലും ഊരുചുറ്റുകയായിരുന്നു. പിന്നീട്, കോണ്‍ഗ്രസിലേക്ക് ഏറ്റുവാങ്ങിയത് മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ രാമകൃഷ്ണനാണ്്. മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രധാന ചുമതലക്കാരനായ സുധാകരന്‍ രണ്ടാഴ്ച വിദേശത്തായിരുന്നു. മുല്ലപ്പള്ളിയുടെ വാട്ടര്‍ലൂ ആയ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാന ഉത്തരവാദി സുധാകരനാണ്. പക്ഷേ, കെപിസിസി അന്വേഷിച്ചില്ല. എന്തും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യമാണ് സുധാകരന്. എം വി രാഘവന്റെ സംരക്ഷണം കരുണാകരന്‍ ഏല്‍പിച്ചുവെന്നാണ് പറയുന്നത്്. ഗൗരിയമ്മയെ കൊണ്ടുവന്നതും സുധാകരനാണുപോലും. രാഘവന് അഴീക്കോട് സീറ്റ് കൊടുത്തത് ലീഗാണെന്ന് ഓര്‍ക്കണം. സംരക്ഷിക്കാന്‍ പോയതിന്റെ ഫലം മുഴുവന്‍ അനുഭവിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. സുധാകരന്‍ പ്രസിഡന്റായപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍പോലും കോണ്‍ഗ്രസ് ഇല്ലാതായെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.
No comments:
Post a Comment