Saturday, October 1, 2011

ഓര്‍ത്തഡോക്‍സ്‌ പക്ഷം കടുത്ത ആശങ്കയില്‍

 കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള 15 ദിവസത്തെ കാലാവധി തീരാറായിട്ടും സര്‍ക്കാരിനു മൗനം. 15 ദിവസത്തെ മധ്യസ്‌ഥശ്രമത്തിനു ശേഷവും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു രേഖാമൂലം നല്‍കിയ ഉറപ്പ്‌. എന്നാല്‍ 30 ന്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കേ സമവായത്തിന്‌ സര്‍ക...്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെ ഓര്‍ത്തഡോക്‌സ് പക്ഷം ആശങ്കയോടെയാണു കാണുന്നത്‌.10 ദിവസം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ കേസ്‌ പരിഗണിക്കുന്നതിന്‌ രണ്ടുനാള്‍ മുമ്പു മാത്രം എന്തെങ്കിലും ശ്രമം നടത്തി പരാജയപ്പെട്ടുവെന്ന്‌ കോടതിയെ അറിയിച്ച്‌ തടിരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകക്കാരനായ ഉമ്മന്‍ചാണ്ടി എന്തെങ്കിലും നടപടിയെടുത്താല്‍ അത്‌ പ്രതിഷേധമുണ്ടാകും. തൃക്കുന്നത്തു സെമിനാരി സമരത്തില്‍ പോലീസ്‌ ലാത്തി ചാര്‍ജില്‍ യാക്കോബായക്കാരെ തല്ലിച്ചതച്ചത്‌ 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌. പിറ്റേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ദയനീയ പരാജയം യു.ഡി.എഫ്‌. നേതൃത്വം മറന്നിട്ടില്ല. അതുകൊണ്ട് ഹൈക്കോടതിയെക്കൊണ്ട്‌ തീരുമാനമെടുപ്പിച്ച്‌ തലയൂരാനാണ്‌ സര്‍ക്കാരിന്റെ നീക്കം . അഡീ. ജില്ലാ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട 15 ദിവസം കഴിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നാണ്‌ അഡീ. ജില്ലാ കോടതി വിധി. എന്നാല്‍ ഈ വിധി കോലഞ്ചേരി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച അനിശ്‌ചിതത്വം നിലനില്‍ക്കുകയാണ്‌. സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധിയനുസരിച്ച്‌ 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണ്‌ ബാധകം; ഇടവക പള്ളികള്‍ക്കല്ല. ഇടവകകള്‍ കേസില്‍ കക്ഷികളല്ലാത്തതിനാല്‍ അവയുടെ അവകാശങ്ങളെ ബാധിക്കത്തക്കവിധം ഒരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 34 ലെ ഭരണഘടന പള്ളികള്‍ക്ക്‌ ബാധകമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാതോലിക്കാ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. മാത്രമല്ല 95 ലെ വിധിയുടെ വിധിനടത്തിപ്പ്‌ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. 95 ലെ വിധിയെ അടിസ്‌ഥാനമാക്കിയുള്ള കീഴ്‌ക്കോടതി വിധികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ആശയക്കുഴപ്പമുണ്ട്‌. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതിവിധി ധൃതിപിടിച്ച്‌ നടപ്പാക്കാനുള്ള സാധ്യത കുറവാണ്‌. 95 ലെ വിധിയും 1934 ലെ ഭരണഘടനയും പൂര്‍ണ്ണമായി ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കുന്നില്ല. 1934 ലെ ഭരണഘടനപ്രകാരം കാതോലിക്ക വാഴ്‌ചയ്‌ക്ക് പാത്രിയര്‍ക്കീസിനെ ക്ഷണിക്കേണ്ടതാണ്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 1974 നുശേഷം നടന്ന നാല്‌ കാതോലിക്ക വാഴ്‌ചയ്‌ക്കും പാത്രിയര്‍ക്കീസിനെ ക്ഷണിച്ചില്ല. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായെ ഇരുവിഭാഗവും അംഗീകരിക്കണമെന്നും, അദ്ദേഹം ആത്മീയശ്രേണിയില്‍ കതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 95 ലെ വിധി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്‌തമായ വിധി നടത്തിപ്പ്‌ നിര്‍ദേശം ലഭ്യമല്ല. മാത്രവുമല്ല, അഡി. ജില്ലാ കോടതി വിധിയില്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തിരക്കുപിടിച്ചു പോലീസ്‌ സഹായത്തോടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധിയില്‍ ഇടവകാംഗങ്ങള്‍ക്ക്‌ സംശയമുണ്ട്‌. കോലഞ്ചേരി പള്ളിയില്‍ ഏതുവിധേനയും പുതിയ കീഴ്‌വഴക്കത്തിന്‌ തുടക്കമിട്ട്‌ പള്ളി പിടിച്ചെടുക്കാന്‍ മറുവിഭാഗത്തെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന്‌ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആരോപിച്ചിരുന്നു. സ്വാഭാവിക സിവില്‍ കേസില്‍ സ്‌റ്റേപോലും കിട്ടാതിരുന്നത്‌ എല്ലാവരിലും സംശയം ഉളവാക്കിയിരുന്നു . ഏതുവിധേനയും അനുകൂലവിധി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഭാവിയില്‍ മറ്റു യാക്കോബായ പള്ളികളിലും വിഷയങ്ങള്‍ ഉണ്ടാക്കി നേട്ടമുണ്ടാക്കാനാവില്ലെന്നതാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തെ കുഴക്കുന്നത്‌.

No comments:

Post a Comment