Tuesday, October 4, 2011

ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു; മൊഴി മാറ്റിക്കാനും ശ്രമിച്ചെന്ന് യുവതികള്‍


 മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന നിലയില്‍ പ്രത്യേകാന്വേഷണസംഘം മുമ്പാകെ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഐസ്ക്രീം കേസിലെ ഇരകളായ ബിന്ദു, റോസ്ലിന്‍ എന്നിവര്‍ വീണ്ടും മൊഴി നല്‍കി. ഇടയ്ക്ക് മൊഴിമാറ്റേണ്ടി വന്നത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ഷെരീഫിന്റെ ഭീഷണി മൂലമാണെന്നും ഡിവൈഎസ്പിമാരായ വേണുഗോപാല്‍ , ജെയ്സണ്‍ കെ എബ്രഹാം എന്നിവരോട് യുവതികള്‍ പറഞ്ഞു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തോട്, ചുമതല ഏറ്റെടുത്ത ഉടനെ കുഞ്ഞാലിക്കുട്ടിക്കെതിരെ യുവതികള്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം ഷെരീഫ് ഇവരെ ഫോണില്‍ വിളിച്ച് ഡിവൈഎസ്പി വേണുഗോപാല്‍ അടുത്ത ദിവസം നിങ്ങളെ വിളിക്കുമെന്നും ചോദ്യങ്ങള്‍ ഇന്നവയായിരിക്കുമെന്നും അതിന് ഇന്നവ്വിധം മറുപടി നല്‍കണമെന്നും പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഭരണം തങ്ങള്‍ക്കാണെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് വിളിച്ച പ്രകാരം ചെന്ന് നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറയേണ്ടി വന്നു. പൊലീസ് ചോദിച്ചത് ഷെരീഫ് പഠിപ്പിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു. മൊഴിമാറ്റിയത് ഭീഷണിമൂലമാണെന്ന് യുവതികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ത്രേട്ട് (ഒന്ന്) കോടതിയെയും മുഖ്യമന്ത്രിയെയും മറ്റും കത്ത് വഴി അറിയിച്ചിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് പൊലീസ് സംഘം മൂന്നാംതവണയും യുവതികളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കത്തില്‍ പറഞ്ഞ വിവരങ്ങള്‍ യുവതികള്‍ പൊലീസിനോടും തിങ്കളാഴ്ച ആവര്‍ത്തിച്ചു.

No comments:

Post a Comment