Saturday, October 22, 2011

സഭാ തര്‍ക്കം ജനഹിത പരിശോധന മാത്രം പരിഹാരമാര്‍ഗം


ഒരു നൂറ്റാണ്ടില്‍ അധികമായി തുടരുന്ന മലങ്കര സഭാ തര്‍ക്കം വ്യവഹാരങ്ങളിലൂടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല എന്ന കേരള ഹൈക്കോടതി നിരീക്ഷണം തികച്ചും സ്വാഗതാര്‍ഹം ആണ്.ആത്മീയ മേലധികാരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നടത്തുന്ന ശ്രമം ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാവകാശ ലംഘനവും ക്രൈസ്തവ നീതിക്ക് നിരക്കാത്തതും ആണ് എന്ന  ഹൈക്കോടതി പരാമര്‍ശനവും കാലിക പ്രസക്തമാണ്‌ . ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലങ്കര അസ്സോസിയഷനാല്‍ തിരെഞ്ഞെടുക്കപ്പെടാതതിനാല്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും , അയ്മെനികളും മലങ്കര സഭക്ക് ഇതരര്‍ ആണ് എന്ന ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആവശ്യം സുപ്രീം കോടതി 1995- ല്‍ നിരാകരിച്ചു എന്നത് ഓര്‍മ്മിക്കുക.യാക്കോബായ സഭാ 2002-ല്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന അസോസിയേഷനില്‍ പ്രത്യേക ഭരണഘടന ഉണ്ടാക്കിയതിനാല്‍ മലങ്കര സഭയിലെ പള്ളികളില്‍ യാതൊരു അവകാശവും ഇല്ല എന്ന ഓര്‍ത്തഡോക്‍സ്‌പക്ഷ വാദം ,പള്ളികളില്‍ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു അവര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ട് 2006-ല്‍  കേരള ഹൈക്കോടതി തന്നെ തള്ളി കളഞ്ഞതാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ മൂല ഹര്‍ജി സാങ്കേതിക പിഴവ് മൂലം  നിലനില്‍ക്കില്ല എന്നതുകൊണ്ട്‌ സുപ്രീം കോടതി  ഈ വിധി നിരാകരിച്ചു എങ്കിലും കേരള ഹൈക്കോടതിയുടെ  "അസോസിയേഷനില്‍ ചേരാനും , അസോസിയേഷനില്‍ നിന്ന് പിന്‍മാറാനും, പുതിയ അസോസിയേഷന്‍ രൂപീകരിക്കാനും ഉള്ള പള്ളികളുടെ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശം ആണ് " എന്ന നിഗമനത്തിന്.ഇപ്പോഴും പ്രസക്തി ഉണ്ട്.
 പള്ളി പൊതുയോഗം പാസ്സാക്കുന്ന ഭരണ ഘടന, ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടവക പള്ളികളുടെ ഭരണം ആര് നടത്തണം എന്നത് സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങള്‍ ഇടവക അംഗങ്ങളുടെ ജനഹിതം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനെ എന്ത് കൊണ്ടാണ് ഓര്‍ത്തഡോക്‍സ്‌ പക്ഷം എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശ്ശേരി പള്ളിയും , ആലപ്പുഴ പള്ളിയും രാജവിളംബരത്തില്‍ കൂടി തങ്ങള്‍ക്കു ലഭിച്ചിട്ടും ജനഹിതം ബോധ്യപ്പെട്ടു കത്തോലിക്ക സഭക്ക് കൈമാറിയ പഴയകാല ചരിത്രത്തിനു ഇന്നും പ്രസക്തി ഉന്ടു.കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് കത്തോലിക്ക - യാക്കോബായ വിഭാഗങ്ങള്‍ തങ്ങള്‍ ന്യൂനപക്ഷം ആയ ദേവാലയങ്ങളില്‍ നിന്നും വിട്ടു മാറി പുതിയ ദേവാലയങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. എണ്ണത്തില്‍ ശക്തമായ കത്തോലിക്ക വിഭാഗം സംഘ ശക്തിയില്‍ കൂടി ദേവാലയങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഇന്നത്തെ ഓര്‍ത്തഡോക്‍സ്‌പക്ഷത്തെ പോലെ ശ്രമിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു ചരിത്രത്തിന്റെ ഗതി.സഭാ തര്‍ക്കങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മാറിയിരിക്കുന്നതിനാല്‍ "ആരാധനാലയങ്ങള്‍ പബ്ലിക്‌ ട്രസ്റ്റ് ആണ് "എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരുപക്ഷവും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന  പള്ളികളും , ഭദ്രാസന ആസ്ഥാനങ്ങളും നിയമ നിര്‍മ്മാണത്തില്‍   കൂടി താല്‍കാലികമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും  ജനഹിതം പരിശോധിച്ച് അധികാരം കൈമാറുന്നതിന് നടപടി സ്വീകരിക്കുവാന്‍ ഇനി സര്‍ക്കാര്‍ ഒരു നിമിഷം വൈകരുത്.സഹോദര സഭകള്‍ എന്നനിലയില്‍ റോമന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോണ്‍ ആലഞ്ചേരി , മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത എന്നിവര്‍ പ്രകടിപ്പിച്ച സമാന നിര്‍ദ്ദേശങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ കൂടി  ഓര്‍ത്തഡോക്‍സ്‌ സഭാ നേതൃത്വം എന്ത് ക്രൈസ്തവ സന്ദേശം ആണ് കേരളത്തിനു നല്‍കുന്നത് എന്നതാണ് അത്ഭുതകരം.

No comments:

Post a Comment