Tuesday, October 4, 2011

വാര്‍ത്താസമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി


  ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിള്ള തന്നെ വിളിച്ചിട്ടില്ലെന്നും താന്‍ പിള്ളയോടു സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് വേറെ വിഷയമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചൊവ്വാഴ്ച നിയമസഭ സ്തംഭിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരെയും മറ്റും പിള്ള ഫോണില്‍ വിളിച്ചതിനെക്കുറിച്ചും ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി എഴുന്നേറ്റുപോയത്. പിള്ള ഫോണ്‍ചെയ്ത 24ന് വൈകിട്ട് പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍ ചെങ്ങന്നൂരിനടുത്ത് മുളക്കുഴ മൊബൈല്‍ ടവറിന്റെ പരിധിയിലായിരുന്നെന്നും താന്‍ കോട്ടയത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാര്‍ 93 സെക്കന്‍ഡ് സംസാരിച്ചു. പ്രൈവറ്റ് സെക്രട്ടറി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. പിള്ള ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങളൊന്നും പുറംവാതില്‍ വഴി ചെയ്യുന്ന ആളല്ല താന്‍ . പിള്ളയെ ബന്ധപ്പെടണമെങ്കില്‍ നിയമപരമായേ ചെയ്യൂ. ജയിലിലും പരോളിലിറങ്ങിയപ്പോള്‍ വാളകത്തെ വീട്ടിലും പിള്ളയെ സന്ദര്‍ശിച്ചിരുന്നു. അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പിള്ളയുടെ കാര്യത്തില്‍ സര്‍ക്കാരിന് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാനാവൂ. പലവിധ അസുഖങ്ങള്‍ കാരണം പിള്ള വിഷമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment