Saturday, September 29, 2012

നേതാവിനു വഴങ്ങാത്തതിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയ്‌ക്ക് നിരന്തര പീഡനം‍‍


കോഴിക്കോട്‌: പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിന്റെ പീഡനത്തെതുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു. തൊഴിലാളികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്റെ മകള്‍ക്കാണ്‌ ജയില്‍വാസം അടക്കമുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്‌.

നിരന്തരം ശല്യം ചെയ്യല്‍, അസമയത്തുള്ള ഫോണ്‍വിളി, പാര്‍ട്ടി ഓഫീസ്‌ മുറിയില്‍ അടച്ചിട്ടു മാപ്പുപറയിപ്പിക്കാന്‍ ശ്രമം, വാടക ഗുണ്ടകളെ വിട്ടു വധശ്രമം. ഒന്നിനും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വ്യാജ ചെക്ക്‌ കേസില്‍ കുടുക്കി ജയിലിലടയ്‌ക്കല്‍. പ്രാദേശിക നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, രണ്ടു കുട്ടികളുടെ അമ്മയായയുവതിക്കു നേരിടേണ്ടി വന്നത്‌ ഞെട്ടിക്കുന്ന അനുഭവങ്ങളാണ്‌.

കെ. കരുണാകരനൊപ്പം തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച കൊടുങ്ങല്ലൂരിലെ ടി.കെ. സീതിസാഹിബിന്റെ മകള്‍ സുലൈഖ അഷ്‌റഫിനാണു നേതാവിന്റെയും കൂട്ടരുടെയും പീഡനം കാരണം കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടിവന്നത്‌. പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനാലാണ്‌ സുലൈഖ പൊതുസമൂഹത്തിനുമുമ്പാകെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്‌.

ഐ.എന്‍.ടി.യു.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി. വൈസ്‌ പ്രസിഡന്റുമായിരുന്നു സീതി സാഹിബ്‌. ബാപ്പയുടെ പാതയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ തല്‍പ്പരയായ സുലൈഖ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യു. പ്രവര്‍ത്തകയായിരുന്നു. വിവാഹശേഷം ഭര്‍ത്താവ്‌ കേരളം വിട്ടപ്പോള്‍ സുലൈഖയും ഒപ്പംപോയി.

തൃശൂരില്‍ മടങ്ങിയെത്തിയതോടെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ സജീവമായി. നാലുവര്‍ഷമായി മനുഷ്യാവകാശ സംഘടനയുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിച്ചത്‌. ടി.കെ. സീതിസാഹിബ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ച്‌ അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസം പകര്‍ന്നു.

സംസ്‌ഥാനത്തു 'ജനശ്രീ' തുടങ്ങിയപ്പോള്‍ സുലൈഖ ജനശ്രീയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല മണ്ഡലം ജനശ്രീ പ്രസിഡന്റായി. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊടുങ്ങല്ലൂരില്‍ ജനശ്രീ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. മണ്ഡലത്തില്‍ 150 യൂണിറ്റുകള്‍ രൂപീകരിച്ചതിനു പൊന്നാട ചാര്‍ത്തി ആദരിക്കുകയും ചെയ്‌തു.

ജനശ്രീയിലും മഹിളാ കോണ്‍ഗ്രസിലും സജീവമായപ്പോഴാണ്‌ കൊടുങ്ങല്ലൂരിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവ്‌ പ്രലോഭനവും ഭീഷണിയുമായി വന്നത്‌. സുലൈഖയെ തന്റെ വഴിക്കു കൊണ്ടുവരാന്‍ ഇയാള്‍ പലവിധ ശ്രമങ്ങളും നടത്തി. ഫോണ്‍ കോള്‍, ഇടക്കിടെ യോഗം വിളിച്ചുചേര്‍ക്കല്‍, ഒരുമിച്ചു യാത്രചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയായിരുന്നു രീതി.

ഇതിനെയെല്ലാം സുലൈഖ ചെറുത്തപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊടുങ്ങല്ലൂര്‍ താനാണു ഭരിക്കുന്നതെന്നും പറയുന്നതു കേട്ടെങ്കില്‍ മാത്രമേ പ്രസ്‌ഥാനത്തില്‍ തുടരാന്‍ കഴിയൂവെന്നും ഭീഷണി മുഴക്കി. ജനശ്രീയുടെ അവാര്‍ഡ്‌ തിരിച്ചുവാങ്ങുമെന്നുവരെയായി സ്വരം. യോഗങ്ങളില്‍ സുലൈഖക്കെതിരേ മോശമായി സംസാരിച്ചു. അവഹേളനങ്ങള്‍ നടത്തി.

പിന്നീട്‌ ഇവരെ തളര്‍ത്താനായി നീക്കം. മൂന്നു കേന്ദ്രങ്ങളില്‍ ജനശ്രീയുടെയും രണ്ടിടത്തു മഹിളാ കോണ്‍ഗ്രസിന്റെയും യോഗം ഒന്നിച്ച്‌ ഇയാള്‍ വിളിച്ചു ചേര്‍ത്തു. നാലെണ്ണത്തില്‍ പങ്കെടുത്ത സുലൈഖ അഞ്ചാമത്തേതിന്‌ എത്താന്‍ വൈകി. അവിടെ അവര്‍ എത്തും മുമ്പു യോഗം അവസാനിപ്പിച്ചു. പിറ്റേന്നു കൊടുങ്ങല്ലൂര്‍ ഇന്ദിരാഭവനിലെത്തി മഹിളാ കോണ്‍ഗ്രസ്‌ നേതാവിനോടു മാപ്പുപറയണമെന്ന്‌ ഇയാള്‍ നിര്‍ബന്ധിച്ചു. രാവിലെ പത്തിനു യോഗത്തിനെത്തിയ സുലൈഖയെ ഉച്ചവരെ ഇരിക്കാന്‍ അനുവദിച്ചില്ല. ഓഫീസിന്റെ വാതില്‍ പൂട്ടി. മാപ്പുപറയില്ലെന്ന്‌ ഉറച്ച നിലപാടെടുത്തപ്പോള്‍ ഭീഷണിയായി, കൈയേറ്റമായി. ബോധം കെട്ടു വീണ സുലൈഖയെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭയം കാരണം പോലീസില്‍ പരാതി നല്‍കാന്‍ സുലൈഖ തയാറായില്ല.

വാടകഗുണ്ടയെ ഉപയോഗിച്ചു കൈകാര്യം ചെയ്യാനും ശ്രമം നടന്നുവെന്നു സുലൈഖ പറയുന്നു. കത്തിയുമായെത്തിയ ഗുണ്ടയെ സുലൈഖ നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്തി. ഇതിനു ശേഷമാണു സുലൈഖയുടെ സൃഹൃത്തുക്കളെ സ്വാധീനിച്ചു വ്യാജ ചെക്ക്‌കേസില്‍ പോലീസീനെക്കൊണ്ട്‌ അറസ്‌റ്റ് ചെയ്യിപ്പിച്ചത്‌. അഞ്ചു ദിവസം വിയ്യൂര്‍ ജിയിലില്‍ കഴിഞ്ഞു. 30 സെന്റ്‌ സ്‌ഥലം കോടതി ജപ്‌തി ചെയ്‌തു. സാമൂഹ്യ പ്രവര്‍ത്തനവും ജനശ്രീ പ്രവര്‍ത്തനവും ലക്ഷങ്ങളുടെ ബാധ്യതയാണ്‌ ഇവര്‍ക്കു വരുത്തിവച്ചത്‌. ഒമ്പതു ലക്ഷം രൂപ കടം വന്നു. സ്വര്‍ണം പണയംവക്കേണ്ടിവന്നു. ഭീഷണിയും കേസുകളും ഇതിനു പുറമെ. പൊതുപ്രവര്‍ത്തനരംഗത്തെ ദുരനുഭവങ്ങള്‍ തളര്‍ത്തിയ ഇവര്‍ സമാധാനം തേടിയാണു കോഴിക്കോട്ടെത്തിയത്‌. പ്രതിസന്ധിയിലും ഭര്‍ത്താവ്‌ നല്‍കുന്ന പിന്തുണയാണ്‌ ഇവര്‍ക്കു കരുത്ത്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസനും പരാതി നല്‍കിയിട്ടും ചെവികൊണ്ടില്ലെന്നു സുലൈഖ പറയുന്നു. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു പരാതി നല്‍കി കാത്തിരിക്കുകയാണ്‌.

എം. ജയതിലകന്‍

വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബ വിശേഷം

വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബത്തിന്റെ  മൂല കുടുംബത്തിന്റെ കേന്ദ്രം പുതുപ്പള്ളി ആണ്.പുതുപ്പള്ളി വന്നല , കുളങ്ങര ,കൊണ്ടോടി ,കരിമ്പന്നൂര്‍ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂലകുടുംബം .പുതുപ്പള്ളി കൊണ്ടോടിക്കല്‍  ഈശോയുടെ/മാത്തന്റെ  ദ്വിതീയ പുത്രന്‍ വറുഗീസ് വാഴൂര്‍ സ്ഥിര താമസമാക്കിയതോട് കൂടിയാണ്  വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബത്തിന്റെ ആരംഭം .കൊണ്ടോടിക്കള്‍ വറുഗീസിന്റെ ഭാര്യ ഇളച്ചി കുഴിമറ്റം ചാഴുവേലില്‍ കുടുംബാംഗം .ഇളച്ചിയുടെ ഒരു സഹോദരി തിരുവാര്‍പ്പ് മാളിയേക്കല്‍ കുടുംബത്തിലെ അവറാച്ചന്റെ മാതാവ് ആണ്. മറ്റൊരാളെ പള്ളം ചെറുവള്ളില്‍ കുടുംബത്തിലേക്ക് വിവാഹം കഴിച്ചു അയച്ചു .കുഞ്ഞപ്പന്‍ ,കുഞ്ഞുഞ്ഞു .ഔസെഫ് എന്നിവര്‍ ഇവരുടെ പുത്രന്മാര്‍ ആണ് .കൊണ്ടോടിക്കല്‍ വറുഗീസിന്റെ സഹോദരിയെ  കൊല്ലാട് മുല്ലശേരി കുടുംബത്തിലേക്ക് വിവാഹം കഴിച്ച് അയച്ചു .ഇവരുടെ പുത്രന്‍ ആണ് മുല്ലശേരി വക്കീല്‍ . വാഴൂര്‍ കൊണ്ടോടിക്കല്‍  വറുഗീസിനു മക്കള്‍ അഞ്ചു പേര്‍ .ആണ്‍മക്കള്‍ മൂന്ന് ,പെണ്‍മക്കള്‍ രണ്ട് .പെണ്‍മക്കളില്‍ ഒരാളെ വാകത്താനം ഈഴക്കുന്നു കുടുംബത്തിലേക്കും,രണ്ടമാത്തെതിനെ വാഴൂര്‍ തോട്ടത്തില്‍ കുടുംബത്തിലേക്കും വിവാഹം കഴിച്ചു അയച്ചു.

Thursday, September 27, 2012

ഉമ്മന്‍ചാണ്ടിയുടെ "ഹിന്ദു"നിര്‍വചനം



ആരാണ് ഹിന്ദു എന്ന ചോദ്യം ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ വിവാദപരമായി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനുവേണ്ടി ഒരു ഓര്‍ഡിനന്‍സിന് ഭരണഗര്‍ഭഗൃഹത്തില്‍ പിറവി നല്‍കുകയാണ്. നിയമസഭാംഗങ്ങളുടെ പ്രതിനിധിയെ ദേവസ്വംബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരാണ്. നിലവിലുള്ള ഹിന്ദു നിര്‍വചനത്തിന് ഭേദഗതി നിര്‍ദേശിക്കുന്ന, പുറത്തുവരാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ചെറുതാണ്. പക്ഷേ, അത് ഉയര്‍ത്തുന്ന വിപത്ത് വലുതാണ്. ഭേദഗതി നിയമത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമി മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ അഹിന്ദുക്കളാകും. ഹിന്ദുസമുദായത്തില്‍ ജനിച്ചവരാണെങ്കിലും കമ്യൂണിസ്റ്റ്- ഇടതുപക്ഷ- മതനിരപേക്ഷ ആശയഗതിക്കാരാണെങ്കില്‍, അവരെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിയമഭേദഗതി. ദൈവവിശ്വാസിയാണെങ്കിലും മതനിരപേക്ഷ വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ ദൃഢപ്രതിജ്ഞയെടുത്താന്‍ ആ വ്യക്തിയെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്ന ഏറെ അപകടകരമായ വ്യവസ്ഥയും നിര്‍ദേശിക്കുന്നുണ്ട്.

കെ കരുണാകരന്റെ മൂന്നാംമന്ത്രിസഭയുടെ കാലത്ത് ഇത്രത്തോളം വരില്ലെങ്കിലും ഏറെക്കുറെ സമാനമായ ഒരു ദേവസ്വംനിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെ അസാധുവാക്കി തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന (ഭേദഗതി) ബില്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നുവെന്ന സത്യപ്രസ്താവന നല്‍കുന്നവര്‍ക്കേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതിയാണ് കരുണാകരന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് റദ്ദാക്കി, ജന്മംകൊണ്ടോ വിശ്വാസംകൊണ്ടോ ഹിന്ദുവായ എംഎല്‍എമാര്‍ക്കെല്ലാം ദേവസ്വംബോര്‍ഡ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് നായനാര്‍സര്‍ക്കാര്‍ പാസാക്കിയത്. 1950ല്‍ പരവൂര്‍ ടി കെ നാരായണപിള്ളയുടെ ഭരണകാലത്ത് കൊണ്ടുവന്ന മൂലനിയമത്തിന് ബലമേകുന്നതായിരുന്നു നായനാര്‍ സര്‍ക്കാരിന്റെ ഭേദഗതി നിയമം. എന്നാല്‍, അതിനെ കരുണാകരഭരണകാലത്തേക്കാള്‍ മോശമായവിധത്തില്‍ ഭേദഗതിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ പുറപ്പാട്. നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കാണ് ദേവസ്വംബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം. എംഎല്‍എമാരെ സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നത് ആശാസ്യമല്ല. എന്നാല്‍, അതില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നോട്ടം. ""പുതിയ സഭയില്‍ ഹിന്ദു എംഎല്‍എമാരില്‍ 46 പേര്‍ എല്‍ഡിഎഫിലാണ്. യുഡിഎഫിന് 27 പേര്‍മാത്രമാണ്"" എന്ന കണക്കാണ് ഹിന്ദുവിന് പുതിയ നിര്‍വചനം നല്‍കുന്ന സാഹസത്തിന് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ രണ്ട് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്ന് നോമിനേറ്റ് ചെയ്യും. മറ്റൊരാളെ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കും. ആ മൂന്നുപേര്‍ ഒന്നിച്ചിരുന്ന് പ്രസിഡന്റിനെ നിശ്ചയിക്കും. ഇന്നത്തെ സ്ഥിതിയില്‍ പ്രസിഡന്റ്സ്ഥാനം അടക്കം ദേവസ്വംബോര്‍ഡുകളില്‍ ഭൂരിപക്ഷം അംഗങ്ങളും ഭരണപക്ഷത്തിനു ലഭിക്കുമെന്നിരിക്കെ, പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരംഗത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ അധികാരക്കൊതിയാണ് നിയമഭേദഗതിക്ക് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്. അതിനായി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയുടെ ജനാധിപത്യാവകാശത്തെ അസാധുവാക്കാന്‍, ഈശ്വരവിശ്വാസവും ദൈവവിശ്വാസവും ഹിന്ദുമതവിശ്വാസവും ഉണ്ടെന്ന സത്യവാങ്മൂലം എംഎല്‍എമാര്‍ എഴുതിക്കൊടുക്കണമെന്നാണ് നിയമ ഭേദഗതി. മാത്രമല്ല, നിയമസഭാംഗമായി ദൃഢപ്രതിജ്ഞയെടുത്തവരെയും വോട്ടെടുപ്പിനുള്ള അവകാശത്തില്‍നിന്ന് ഒഴിവാക്കുന്നു. അംഗങ്ങളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേവസ്വം നിയമത്തിലെ ഏത് ഭേദഗതിക്കും രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണം. അത്രമാത്രം ശ്രദ്ധേയമായ ഒരു നിയമത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അതിനുവേണ്ടി ഹിന്ദുവിന്റെ അംഗീകൃത നിര്‍വചനംപോലും തിരുത്തുന്നു. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ ദേവസ്വംനിയമംതന്നെ ഭേദഗതിചെയ്യുന്ന അധികാരക്കൊതിയും ജനാധിപത്യക്കുരുതിയും അരുതെന്ന് ഉമ്മന്‍ചാണ്ടിയോട് പറയാന്‍ ആര്‍ജവമുള്ള കോണ്‍ഗ്രസുകാരും യുഡിഎഫ് കക്ഷികളും ഇല്ലേ? മന്ത്രിയും ജനപ്രതിനിധിയും എന്നനിലയില്‍ താന്‍ ചെയ്യുന്ന പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ദൈവത്തില്‍ ഏല്‍പ്പിക്കാതെ തന്നില്‍ത്തന്നെ നിക്ഷിപ്തമാക്കുന്നതിനാണ് താന്‍ ദൃഢപ്രതിജ്ഞയെടുത്തതെന്നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ നിയമം മുന്‍കാലപ്രാബല്യത്തോടെ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ നെഹ്റുവിനുപോലും വോട്ടവകാശം ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ നിയമഭേദഗതിമൂലം അവരും അഹിന്ദുക്കളാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജാതി സങ്കല്‍പ്പം പ്രസിദ്ധമാണ്. ""മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസൈ്യവം ഹ! തത്ത്വം വേത്തി കോപി ന."" അതായത്, പശുക്കള്‍ക്ക് പശുത്വമാണ് ജാതി. അതേപ്രകാരം മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയുള്ളവ ജാതി അല്ല. എന്തു കഷ്ടമാണ്, ഈ തത്വം ആരുമറിയുന്നില്ലല്ലോ എന്നാണ് ഗുരു ആത്മരോഷത്തോടെ ചോദിച്ചത്. "നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും, പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍" എന്ന് കുറിച്ചുകൊണ്ട്, എല്ലാവരും ജനിക്കുന്നത് ഒരൊറ്റ ജാതിയില്‍നിന്നാണെന്നും അപ്പോള്‍പ്പിന്നെ നരജാതിക്കുള്ളില്‍ അന്തരത്തിന് അര്‍ഥമില്ലെന്നുമാണ് ഗുരു ഉപദേശിച്ചത്. "ജാതി ചോദിക്കരുത്, പറയരുത്", "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"- എന്നീ ആഹ്വാനങ്ങളിലൂടെ ശ്രീനാരായണഗുരു വലിയൊരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് കെട്ടഴിച്ചുവിട്ടത്. "പല മതസാരവുമേക"മെന്നായിരുന്നു ഗുരുവിന്റെ സന്ദേശം.

അങ്ങനെ ജാതിമേധാവിത്വത്തിനെതിരായ താത്വികവിമര്‍ശവും സമരാഹ്വാനത്തിനുള്ള പ്രായോഗികപ്രേരണയുമാണ് നല്‍കിയത്. അതിനെ നിഷേധിച്ച്, മതത്തെ സങ്കുചിതമാക്കുകയാണ് ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സിലൂടെ യുഡിഎഫ് സര്‍ക്കാര്‍. ശ്രീനാരായണദര്‍ശനവും അതിന്റെ പ്രായോഗികതലവും പരിശോധിച്ചാല്‍ അതിന്റെ പ്രഭവകേന്ദ്രമായി പ്രാചീനഭാരതത്തിലെ ആസ്തിക, നാസ്തിക ദര്‍ശനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏടുകള്‍ തെളിയും. വേദോപനിഷത്താദി പ്രാമാണികഗ്രന്ഥങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നവര്‍ ആസ്തികരും അംഗീകരിക്കാത്തവര്‍ നാസ്തികരുമായി. പക്ഷേ, നാസ്തികരിലും ദൈവവിശ്വാസികള്‍ ഉണ്ടായിരുന്നു. ലോകായതം, ചാര്‍വാകം, ജൈന- ബുദ്ധ സാംഖ്യദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം നാസ്തികദര്‍ശനങ്ങളായിരുന്നു. അവയില്‍തന്നെ ദൈവവിശ്വാസവും ആത്മീയവീക്ഷണവുമുള്ളവരും ഉണ്ടായിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് പില്‍ക്കാല തലമുറയില്‍പ്പെട്ട ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം. അതിനാല്‍, നാസ്തിക ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സ്, ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും അധിക്ഷേപിക്കലാണ്. ഈ വഴിത്താരയില്‍ സഞ്ചരിച്ചാല്‍ ശ്രീബുദ്ധനെയും മഹാവീരനെയും യുഡിഎഫ് സര്‍ക്കാര്‍ കരിതേക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ വേണ്ടി ഇത്രവലിയ പാതകം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, താങ്കള്‍ ചെയ്യണമോ? മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി കേശവന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനും ഇന്ന് വോട്ടവകാശം കിട്ടില്ലായിരുന്നു. കാരണം, ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് ശബരിമല കത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു സി കേശവന്‍. അത് പറയാനുള്ള ദൃഢവിശ്വാസമുണ്ടായത്, ശ്രീനാരായണ ദര്‍ശനം ഗ്രഹിച്ചതിനാലാണ്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പെരുകുന്നതുകണ്ട് ഗുരു പറഞ്ഞത്, അത് മുടി വെട്ടുന്നതുപോലെയാണെന്നാണ്. വെട്ടുംതോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹങ്ങള്‍ പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ധിച്ചതെന്നായിരുന്നു ഗുരു വ്യക്തമാക്കിയത്. അപ്പോള്‍ വിഗ്രഹാരാധനയും അമ്പലവും ഹിന്ദുവിനെ നിര്‍ണയിക്കുന്നതിന് ഘടകമാക്കുന്നത് നമ്മുടെ ഋഷിവര്യന്മാരോടും സദ്പാരമ്പര്യം പുലര്‍ത്തിയ മുന്‍ഭരണാധികാരികളോടും കാണിക്കുന്ന അനീതിയാണ്. സി കേശവന് പുറമെ, സഹോദരന്‍ അയ്യപ്പനും ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അയിത്തത്തിന് ഇരയായേനെ. "ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ശ്രീനാരായണദര്‍ശനത്തെ വളര്‍ത്തിയുപയോഗിച്ച സഹോദരന്‍ അയ്യപ്പന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കൊച്ചിരാജ്യത്ത് മന്ത്രിയായിരുന്ന നേതാവാണ്. ദളിത്വിഭാഗങ്ങളെയടക്കം ഉള്‍പ്പെടുത്തി അവരുടെ മോചനസമരത്തിന്റെ ഭാഗമായി ചെറായിയില്‍ മിശ്രഭോജനം നടത്തിയപ്പോള്‍ സഹോദരന്‍ അയ്യപ്പനെ "പുലയന്‍ അയ്യപ്പനാ"ക്കിയതുപോലെ ഇന്ന് സഹോദരന്‍ അയ്യപ്പനെ ഉമ്മന്‍ചാണ്ടി "അഹിന്ദു അയ്യപ്പനാ"ക്കിയേനെ. ആധുനിക ഇന്ത്യന്‍ചരിത്രത്തെ തിളക്കമുള്ളതാക്കിയ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വോട്ടവകാശം നല്‍കുമായിരുന്നില്ല.

സ്വസമുദായത്തിന്റെ അവശതകള്‍ക്കെതിരെ പോരാടിയതിന്റെ ഭാഗമായി ഹിന്ദുസമുദായത്തിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ അംബേദ്കര്‍ കലാപക്കൊടി ഉയര്‍ത്തി. ദളിതുകള്‍ക്ക് ഹിന്ദുക്കളായി ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ നിവൃത്തികേടുകൊണ്ട് ഒരുഘട്ടത്തില്‍ അംബേദ്കര്‍ നിര്‍ദേശിച്ചു. അങ്ങനെ നിര്‍ദേശിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഭരണഘടനാ ശില്‍പ്പി, ഇന്നു ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനും വോട്ടവകാശം നിഷേധിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ജനാധിപത്യപരമാണോയെന്ന് ഉമ്മന്‍ചാണ്ടി നെഞ്ചില്‍ കൈവച്ച് ആലോചിക്കണം.

രാഷ്ട്രീയ വിശ്വാസങ്ങളിലും രാഷ്ട്രീയ സമ്പര്‍ക്കങ്ങളിലും താന്‍ എവിടെ നില്‍ക്കുന്നുവെന്ന് അടയാളപ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് എന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിന്ദുനിര്‍വചനം അപകടകരമാണെങ്കിലും ഇതേപ്പറ്റി ഇതുവരെ ഒരക്ഷരം സമുദായ ഐക്യപ്രഖ്യാപനം നടത്തിയ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ പറഞ്ഞിട്ടില്ല. രണ്ട് സമുദായസംഘടനകളുടെയും നേതാക്കള്‍ക്ക് നാക്കില്‍തൊടാന്‍ മധുരംതേച്ചുകൊടുത്താല്‍ ഹിന്ദുനിര്‍വചനം പൊളിച്ചെഴുതുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അപചയത്തിനുനേരെ കണ്ണടച്ചുകൊടുക്കും എന്ന ധൈര്യത്തിലാണ് ഭരണക്കാര്‍.
ആര്‍ എസ് ബാബു 

വ്യവസ്ഥ മറികടന്നത് മന്ത്രിയുടെയും സെക്രട്ടറിയുടെയും അറിവോടെ


അഴിമതിയുടെ അഴിഞ്ഞാട്ടം 

 സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മറവില്‍ ബ്ലേഡ് കമ്പനി തുടങ്ങിയ ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതില്‍ കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസും പ്രതിക്കൂട്ടില്‍. രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) പ്രകാരം ഫണ്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് ജനശ്രീ മിഷന്‍ തയ്യാറാക്കി നല്‍കിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് 14.36 കോടി രൂപ അനുവദിച്ചത്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. മെയ് 19ന് ചേര്‍ന്ന സംസ്ഥാനതല അനുമതി കമ്മിറ്റി യോഗത്തിലാണ് ഹസ്സന്റെ അഞ്ച് പദ്ധതിക്കും അംഗീകാരം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ കാര്‍ഷികോല്‍പ്പാദന കമീഷണര്‍ സുബ്രത ബിശ്വാസ് സപ്തംബര്‍ 18ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയും വൈസ്ചെയര്‍മാന്‍ കൃഷിവകുപ്പ് സെക്രട്ടറിയുമാണ്. സാധാരണ നിലയില്‍ ചീഫ് സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുത്താല്‍ത്തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഇടപെടാറില്ല. വകുപ്പുകള്‍ ഇത്തരം പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനുമുമ്പ് വകുപ്പുമന്ത്രിയുടെ അംഗീകാരം വാങ്ങണമെന്നാണ് വ്യവസ്ഥ. വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കൂടി പരിശോധിച്ച് മന്ത്രി ഒപ്പിട്ട ശേഷം മാത്രമേ യോഗത്തില്‍ അജന്‍ഡയായി വയ്ക്കൂ. മന്ത്രിയും വകുപ്പ് സെക്രട്ടറിയും അറിഞ്ഞാണ് ജനശ്രീ മിഷന് വഴിവിട്ട് ഫണ്ട് അനുവദിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജില്ലാതലത്തില്‍ പദ്ധതി തയ്യാറാക്കി അവ തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടപ്പാക്കുന്നതിന് പകരം ബ്ലേഡ് കമ്പനി നടത്തുന്ന സ്ഥാപനമായ ജനശ്രീ മിഷന്‍ തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത് ഉന്നത രാഷ്ട്രീയ ഇടപെടലുകളുടെകൂടി ഭാഗമായാണ്. ജനശ്രീക്ക് ഫണ്ട് അനുവദിച്ച കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂര്‍ണമായും ന്യായീകരിച്ചതോടെ ഈ തട്ടിപ്പില്‍ അദ്ദേഹത്തിനുള്ള പങ്കും പുറത്തുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതൊട്ട് ജനശ്രീ വഴിവിട്ട് സഹായിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്.

Wednesday, September 26, 2012

അമിതമായി ആളെ കയറ്റിയാല്‍ ഇന്‍ഷുറന്‍സും കിട്ടാതാകും അഡ്വ. കെ ആര്‍ ദീപ




  • അനുവദിച്ചതിലേറെ യാത്രക്കാരെ കുത്തിനിറച്ചു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുമോ? ചെറിയ വാഹനങ്ങള്‍മുതല്‍ വലിയ വാഹനങ്ങള്‍വരെ അപകടത്തില്‍പ്പെടുമ്പോള്‍ ഈ തര്‍ക്കം ഉയരും. തര്‍ക്കം മുറുകി കോടതികയറും. എന്നാല്‍ യാത്രക്കാര്‍ക്ക് അനുകൂലമായ തീര്‍പ്പ് പ്രതീക്ഷിക്കേണ്ട. കാരണം സുപ്രീം കോടതി 2007ല്‍ ഈ വിഷയം പരിഗണിച്ച് തീര്‍പ്പാക്കിയിട്ടുണ്ട്. അപകടം ഉണ്ടാകുന്ന ഒരു വാഹനത്തിലെ യാത്രക്കാരുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുമ്പോള്‍ ഇന്‍ഷുര്‍ചെയ്ത അത്രയും എണ്ണം യാത്രക്കാര്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ എന്ന് സുപ്രീം കോടതി അന്ന് വിധിച്ചു.

    വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം കമ്പനിക്കില്ലെന്ന് ജ. എ കെ മാത്തൂറും ജ. പി കെ ബാലസുബ്രഹ്മണ്യനും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. 2007 ആഗസ്ത് 20 നായിരുന്നു വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ഉത്തരവ്. ഹിമാചല്‍പ്രദേശിലെ ഒരു സഹകരണ സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 90 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം 44 പേരെ കയറ്റാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം 26 പേര്‍ അപകടത്തില്‍ മരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവകാശികള്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ പരാതി നല്‍കി. അപകടസമയത്ത് ബസില്‍ അമിതമായി യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ആവശ്യമായ യോഗ്യതയില്ലാത്തയാളായിരുന്നുവെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ലെന്നും വാദമുണ്ടായി. ട്രിബ്യൂണല്‍ ഇതൊന്നും അംഗീകരിക്കാതെ നഷ്ടപരിഹാരം അനുവദിച്ചു. കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിമാചല്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നുകൂടി അവര്‍ വാദിച്ചു. കാരണം ബസ് അമിതമായി ആളെ കയറ്റിയത് തടയാത്തതിന് ഉത്തരവാദി സര്‍ക്കാര്‍കൂടിയാണെന്നാണ് കമ്പനി ഇതിനു പറഞ്ഞ ന്യായം. കൂടുതല്‍ യാത്രക്കാരെ കയറ്റിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ്കമ്പനിയും സര്‍ക്കാരും വാഹന ഉടമയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടും കമ്പനി എടുത്തു. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ അവകാശികളും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികളെല്ലാം കോടതി തള്ളി. സര്‍ക്കാരിനെ കക്ഷിചേര്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഈ വിധിക്കെതിരെയാണ് ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയിലെത്തിയത്. അനുവദനീയമായതില്‍ കൂടുതലായി കയറ്റിയ യാത്രക്കാരുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കമ്പനി വാദിച്ചു. സുപ്രീം കോടതി മോട്ടോര്‍വാഹന നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ പരിഗണിച്ചശേഷമാണ് കേസില്‍ വിധി പറഞ്ഞത്. രജിസ്ട്രേഷന്‍ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥപ്രകാരം വാഹനത്തില്‍ കയറ്റാവുന്ന യാത്രക്കാര്‍ മാത്രമേ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരികയുള്ളൂ. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായും പെര്‍മിറ്റിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചും വാഹനത്തില്‍ കയറ്റുന്ന യാത്രക്കാര്‍ക്ക് അപകടമുണ്ടായാല്‍ അവരുടെ ഇന്‍ഷുറന്‍സ്ബാധ്യത കമ്പനിക്കില്ല. മൂന്നാം കക്ഷി എന്ന നിലയില്‍ യാത്രക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇന്‍ഷുറന്‍സ്വ്യവസ്ഥ എന്ന വാദം കോടതി ശരിവച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍പ്പെടാത്ത കാര്യങ്ങളുടെ ബാധ്യത കമ്പനികളുടെ ചുമലില്‍ വയ്ക്കാനാകില്ല. ഒരു വാഹനത്തിലെ യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നതിനര്‍ഥം നിയമവിധേയമായി ആ വാഹനത്തില്‍ യാത്രചെയ്യാവുന്ന യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നാണ്. കമ്പനിയും ബസ് ഉടമയുമായുള്ള കരാര്‍ അനുസരിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത.് അതുകൊണ്ടുതന്നെ കരാറിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് കമ്പനിക്ക് ബാധ്യതയില്ല. ഈ സാഹചര്യത്തില്‍ 42 യാത്രക്കാര്‍ക്കേ കമ്പനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനാകൂ. അപ്പോള്‍ ഉയരുന്ന പ്രശ്നം ഏതൊക്കെ യാത്രക്കാരാണ് ഇന്‍ഷുറന്‍സിന് അര്‍ഹര്‍ എന്നത് എങ്ങനെ കണ്ടുപിടിക്കും എന്നതാണ്.

    ട്രിബ്യൂണല്‍ ആകെയുള്ള 90 യാത്രക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ തുകയുള്ള 42 പേര്‍ക്ക് അനുവദിച്ച ആകെ തുക കമ്പനി നല്‍കണം. ഈ തുക 90 യാത്രക്കാര്‍ക്കായി ടിബ്യൂണല്‍ വീതിക്കണം. ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം അപകടത്തില്‍പ്പെട്ടവരുടെ അവകാശികള്‍ക്കു കിട്ടേണ്ട ബാക്കി തുക ബസുടമയില്‍നിന്ന് ഈടാക്കാന്‍ അവകാശികളെ അനുവദിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. ഇത്തരം കേസില്‍ അധികമായി കയറ്റുന്ന യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വാഹനം ജപ്തിചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടെയോ വാഹന ഉടമയില്‍നിന്ന് ഈടാക്കണമെന്നും വിധിയില്‍ ട്രിബ്യൂണലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

    advocatekrdeepa@gmail.com

മന്ത്രി ജയലക്ഷ്മിക്കെതിരെ ഹര്‍ജി




കല്‍പ്പറ്റ: നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ ഹര്‍ജി. ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃദ്ദിക്ക് മുഖേന മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജിനല്‍കിയത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പദവികളില്‍ നിന്ന് അയോഗ്യയാക്കപ്പെടത്തക്കവിധമുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കിലും വിവരങ്ങള്‍ മറച്ചു. 3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ല. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറെയും ജയലക്ഷ്മി പഠിച്ച മാനന്തവാടി ഗവ. കോളേജിലെ പ്രിന്‍സിപ്പലിനെയും ഹര്‍ജിയില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
മന്ത്രിയുടെ വ്യാജസത്യവാങ്മൂലം: എസ് ബിഐക്ക് കോടതി നോട്ടീസ്

കല്‍പ്പറ്റ: നാമനിര്‍ദേശ പത്രിക യോടൊപ്പമുള്ള തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ മന്ത്രി പി കെ ജയലക്ഷ്മി തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ മാനാന്തവാടി എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നോട്ടീസയച്ചത്. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കില്‍ വിവരങ്ങള്‍ മറച്ചുവെച്ചതായാണ് ഹര്‍ജിയിലെ ഒരു ആരോപണം.

3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. എന്നാല്‍ നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചത്. കേസ് വീണ്ടും ഒക്ടോബര്‍ 15 നു പരിഗണിക്കും.

ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃത്വിക്ക് മുഖേന ഹര്‍ജി നല്‍കിയത്. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളി. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.



Monday, September 17, 2012

ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ വേണ്ട, സുരക്ഷാകാര്യത്തില്‍ സന്ധിയില്ല പ്രകാശ് കാരാട്ട്



വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി വന്‍തോതില്‍ വിദേശറിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറിന് നീതീകരണമായാണ് ഈ നടപടി. 10,000 മെഗാവാട്ടിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് കരാര്‍ വേളയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തന്നെ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. ആണവ ഇടപാട് തരപ്പെടുത്താനുള്ള മധുരമിടലായിരുന്നു അത്.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍, ഗുജറാത്തിലെ ഭാവനഗറിലുള്ള ഛായമിധി വിര്‍ധി, ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവാഡ, തമിഴ്നാട്ടിലെ കൂടംകുളം എന്നിവിടങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഒന്നിലധികം റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ഈ ആണവനിലയങ്ങള്‍ ഒരേസ്ഥലത്തുതന്നെ നിര്‍മിക്കുന്നത് സാങ്കേതിക- സാമ്പത്തിക- സുരക്ഷാപരിഗണന വച്ച് എതിര്‍ക്കപ്പെടേണ്ടതാണ്. ആണവകരാറിനുശേഷം ആദ്യ കരാര്‍ ഒപ്പുവച്ചത് ഫ്രഞ്ച് കമ്പനിയായ "അറീവ"യുമായാണ്. ജെയ്താപുരില്‍ 1650 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ളതാണ് ഈ കരാര്‍. പിന്നീട് ആറ് റിയാക്ടറുകളുടെ നിലയമാക്കുകയാണ് ലക്ഷ്യം. ഈ യൂറോപ്യന്‍ റിയാക്ടര്‍ (ഇപിആര്‍) മറ്റ് ഇറക്കുമതി റിയാക്ടറുകളേക്കാള്‍ വിലകൂടിയതാണ്. ലോകത്തിലൊരിടത്തും, ഫ്രാന്‍സില്‍ പോലും ഈ റിയാക്ടര്‍ കമീഷന്‍ ചെയ്തിട്ടില്ല. സര്‍ക്കാരാകട്ടെ റിയാക്ടറിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തിയിട്ടുമില്ല. ഫിന്‍ലാന്‍ഡിലെ ഇപിആര്‍ റിയാക്ടറുടെ വില കണക്കാക്കിയാല്‍ ആറ് ഫ്രഞ്ച് റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എവിടെയും പരീക്ഷിക്കപ്പെടാത്ത ഈ സാങ്കേതികവിദ്യ ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന പക്ഷം വൈദ്യുതിവിലയും വര്‍ധിക്കും. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 20 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. അതായത് അവിടെ നിര്‍മിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ്- എട്ട് രൂപ വില വരും. ഇന്ത്യന്‍ നിര്‍മിത സമ്മര്‍ദിത ഘനജല റിയാക്ടര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മെഗാവാട്ടിന് എട്ടോ ഒമ്പതോ കോടി രൂപ മാത്രം മതിയാകും.

ഇറക്കുമതി അനാവശ്യം ഗുജറാത്തിലും ആന്ധ്രപ്രദേശിലും അമേരിക്കന്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള വന്‍ ആണവപാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വലിയവില നല്‍കേണ്ടിവരും. ആണവ റിയാക്ടറുകള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുക എന്ന ആശയം ലാഭകരമല്ലെന്നു മാത്രമല്ല ഊര്‍ജസുരക്ഷ സംബന്ധിച്ച തെറ്റായ ആസൂത്രണവുമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. അത് ചെലവേറിയതാണ്; നിലനില്‍പ്പില്ലാത്തതാണ്. ഇന്ത്യയില്‍ത്തന്നെ തദ്ദേശീയമായി സമ്മര്‍ദിത ഘനജല റിയാക്ടര്‍ നിര്‍മിക്കുമ്പോള്‍ ഫ്രാന്‍സില്‍നിന്ന് ഇപിആറും ലഘുജല റിയാക്ടറുകളും വാങ്ങുന്നത് തീര്‍ത്തും അനാവശ്യമാണ്. വന്‍കിട ആണവപാര്‍ക്കുകള്‍ നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെല്ലാംതന്നെ ജനങ്ങളെ ഭൂമിയില്‍നിന്നും ജീവിതമാര്‍ഗങ്ങളില്‍നിന്നുതന്നെയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളുടെ സുരക്ഷയും പ്രധാന പ്രശ്നമായി. ഫുക്കുഷിമയിലേതുപോലെ ഒരു പ്രദേശത്ത് ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ഭീതിദവും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.

കൂടംകുളം ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള നിര്‍ദിഷ്ട ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂടംകുളം ആണവനിലയത്തെക്കുറിച്ച് പാര്‍ടിയുടെ സമീപനമെന്താണെന്ന ചോദ്യം ഉയരുകയാണ്. റഷ്യയില്‍നിന്ന് വാങ്ങി കമീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തെ പാര്‍ടി എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഉയരുകയുണ്ടായി. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍ പെട്ടതാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ രണ്ട് യൂണിറ്റുകള്‍ അടച്ചിടണമെന്ന് പറയുന്നത് പ്രായോഗികമോ രാജ്യതാല്‍പ്പര്യ സംരക്ഷണത്തിന്് ഉതകുന്നതോ അല്ല. ജെയ്താപുരിലും മറ്റ് ആണവ പാര്‍ക്കുകളുടെ കാര്യത്തിലും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സിപിഐ എമ്മിന്റെ നയത്തിനെതിരെ വിമര്‍ശമുയരുന്നുണ്ട്. സിവിലിയന്‍ ആണവ വൈദ്യതി തന്നെയും, ആണവനിലയങ്ങളും രാജ്യത്ത് വേണ്ട എന്ന പക്ഷക്കാരാണ് ഈ വിമര്‍ശമുയര്‍ത്തുന്നത്. സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണമാണ് പ്രാദേശികജനത പ്രധാനമായും ആണവനിലയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്ക് വന്നത്. പ്രത്യേകിച്ചും ഫുക്കുഷിമ ദുരന്തത്തിനുശേഷം. പ്രദേശത്തെ ആണവനിലയത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ഭയംതന്നെയുണ്ട്. അവരുടെ ഈ ഉല്‍ക്കണ്ഠകള്‍ ഗൗരവത്തിലെടുക്കണം. കഴിഞ്ഞവര്‍ഷം പ്രക്ഷോഭം തുടങ്ങിയ വേളയില്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കാതെയും ആണവനിലയം കമീഷന്‍ ചെയ്യരുതെന്നാണ് സിപിഐ എം പറഞ്ഞത്. സ്വതന്ത്രമായ സുരക്ഷാപരിശോധന വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരോ ആണവോര്‍ജ വിഭാഗമോ ഇതിന് തയ്യാറായിട്ടില്ല. ആണവോര്‍ജ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയോ എന്ന കാര്യവും ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധം വിശ്വസനീയമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതുവരെയും ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത് ചെയ്യുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയം കമീഷന്‍ ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനെയും സിപിഐ എം അപലപിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് കൂടംകുളത്തും ബാധകമാണെന്നര്‍ഥം. ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതും പ്രധാന വിഷയമാണ്. ബാധ്യതയില്‍നിന്ന് വിദേശ ആണവദാതാക്കളെ ഒഴിവാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സിവില്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്. ഈ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. നിയമത്തിലെ പരിമിതമായ ബാധ്യത നിശ്ചയിക്കുന്ന വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാക്ടര്‍ നല്‍കുന്ന വിദേശദാതാക്കള്‍ ആണവബാധ്യതാ നിയമം അവര്‍ക്ക് ബാധകമാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. വിദേശ റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് പറയുന്നതിന് ഒരുകാരണമിതാണ്. വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ശ്രമമുണ്ടാകും. കൂടംകുളത്ത് തന്നെ കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്ന പക്ഷം റഷ്യന്‍ കമ്പനി ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തിലെ വകുപ്പ് അംഗീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് കൂടംകുളത്ത് കൂടുതല്‍ റഷ്യന്‍ റിയാക്ടറുകള്‍ വേണ്ടെന്ന് പറയുന്നത്. സിപിഐ എമ്മിന്റെ എതിര്‍പ്പ് പേരിന് മാത്രം ആണവ ഊര്‍ജത്തെ എതിര്‍ക്കുക സിപിഐ എമ്മിന്റെ നയമല്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണം; ആണവോര്‍ജത്തിന്റെ സാങ്കേതിക-സാമ്പത്തികവശം അനുകൂലവുമായിരിക്കണം. ഇന്ത്യ തദ്ദേശീയമായ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ആണവോര്‍ജം സംബന്ധിച്ച അന്താരാഷ്ട്ര അനുഭവത്തിന്റെ, പ്രത്യേകിച്ചും ഫുക്കുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാവിലയരുത്തലും അനിവാര്യമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാനിലവാരത്തെകുറിച്ച് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ട്. 1960 ല്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച താരാപുര്‍ ആണവനിലയത്തെക്കുറിച്ച് ഗൗരവമായ ഉല്‍ക്കണ്ഠ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫുക്കുഷിമയിലെ ജനറല്‍ ഇലക്ട്രിക്കല്‍ റിയാക്ടറിനേക്കാള്‍ പഴക്കമുള്ളതാണിത്. നിലവിലുള്ള ആണവനിലയങ്ങളെക്കുറിച്ച് സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റിങ് ആവശ്യമാണ്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം സുരക്ഷാ ഓഡിറ്റ് നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടിരുന്നു. പക്ഷേ, ഇത് ചെയ്തത് സ്വതന്ത്രസമിതിയല്ല; മറിച്ച് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്.

സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ആണവസുരക്ഷാ നിയന്ത്രണ ഏജന്‍സിക്ക് രൂപം നല്‍കണം. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതല്ല. നിലവിലുള്ള ആണവനിലയങ്ങളിലെ സുരക്ഷാനടപടികളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതുവരെ പുതിയ ആണവനിലയങ്ങളൊന്നും സ്ഥാപിക്കരുത്. കൂടുതല്‍ കടുത്ത പരിസ്ഥിതി മാനദണ്ഡവും സുരക്ഷാനടപടികളും വേണം. ആണവ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ ഊര്‍ജപദ്ധതിയെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.

ഇന്ത്യയുടെ വര്‍ധിക്കുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി സുഭിക്ഷമായി ലഭിക്കുന്ന കല്‍ക്കരിശേഖരം വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയും പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുകയും സൗരോര്‍ജം പോലുള്ള പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും വേണം. ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മതിഭ്രമവും ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ നിറച്ചുള്ള ആണവപാര്‍ക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടണം. ഇറക്കുമതി ചെയ്യുന്ന ആണവനിലയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളെ ദേശീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.