Monday, February 6, 2012

ക്രിസ്തുവിന്റേത് സോഷ്യലിസ്റ്റ് ദര്‍ശനം തന്നെ: മാര്‍ പോളിക്കാര്‍പ്പോസ്



കോട്ടയം: കഷ്ടപ്പെടുന്നവരോട് ചേര്‍ന്നുനിന്ന ക്രിസ്തു സോഷ്യലിസ്റ്റ് ദര്‍ശനത്തിന്റെ വക്താവായിരുന്നെന്ന് യാക്കോബായ സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. കമ്യൂണിസത്തേക്കാള്‍ വലിയ സമത്വഭാവനയാണ് ക്രിസ്തു മുന്നോട്ടുവച്ചത്. നിലനിന്ന വ്യവസ്ഥയുടെ സദാചാരബോധത്തിന് എതിരായ നിലപാടെടുത്ത ക്രിസ്തു അധ്വാനിക്കുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനം ആഗ്രഹിച്ച് അവരോട് തോളോടുതോള്‍ ചേര്‍ന്നു നിന്നു. സാമൂഹ്യ നന്മക്കുവേണ്ടി യോജിക്കാവുന്ന എല്ലാമേഖലകളിലും കമ്യൂണിസ്റ്റുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നിക്കാനാവണം. പിണറായി വിജയന്‍ പറഞ്ഞതിന്റെ നല്ല വശങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍ക്കൊള്ളണം. ഔദ്യോഗികമായി സഭകള്‍ അംഗീകരിച്ചിട്ടില്ലാത്തതാണ് ഡാവിഞ്ചി വരച്ച അന്ത്യ അത്താഴചിത്രം. അതിന്റെ പേരിലാണ് വിവാദം. ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചാല്‍ ദോഷം ചെയ്യും. എന്നാല്‍ അതിനെ ചിത്രകാരന്റെ സ്വാതന്ത്യമായി ദര്‍ശിച്ചാല്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് മതനിന്ദകര്‍ : ജ.കെ ടി തോമസ്



കോട്ടയം: യേശുക്രിസ്തുവിന്റെ ചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് യഥാര്‍ഥ മതനിന്ദകരെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ക്രിസ്തുവിനെ സുരക്ഷിതസ്ഥാനത്ത് ഇരുത്തിയശേഷം നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനുമടക്കം കോഴ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ടി തങ്ങളുടെ ബോര്‍ഡില്‍ ക്രിസ്തുവിനെ ഉപയോഗിച്ചതിനെ മറ്റ് പാര്‍ടികള്‍ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, മത നേതാക്കള്‍ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. അന്ത്യഅത്താഴം മാത്രമല്ല രാമനും സീതയുമെല്ലാം പലതരത്തില്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ച് ക്രിസ്തുവിന്റെ ചിത്രം വച്ചത് യേശു യഥാര്‍ഥ വിപ്ലവകാരിയായത് കൊണ്ടാണ്. ചിത്രം വച്ചതില്‍ തെറ്റില്ലെന്ന് ക്രിസോസ്റ്റം തിരുമേനി പറഞ്ഞിരുന്നു. ധീരമായ അഭിപ്രായമാണത്. അഴീക്കോട് മാഷുണ്ടായിരുന്നെങ്കില്‍ ആ നിലപാടിനൊപ്പം നിന്ന് പോരാടിയേനെയെന്നും അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തു: സിപിഐ എം നിലപാടാണ് ശരി- സക്കറിയ



കൊച്ചി: യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന സിപിഐ എം നിലപാട് നൂറുശതമാനവും ശരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കൊച്ചിയില്‍ ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സാംസ്കാരികസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണ്. ശരിയായ അര്‍ഥത്തില്‍ യേശു വിമോചനപ്പോരാളിയല്ല. തെരുവ് പോരാളിയെന്നാണ് യേശുവിനെ വിശേഷിപ്പിക്കേണ്ടത്. അനീതിക്കെതിരെ ചാട്ടവാറുമെടുത്ത് തെരുവിലേക്കിറങ്ങിയ യേശു ധാര്‍മികരോഷമുള്ളയാളാണെന്ന വീക്ഷണമാണ് തന്റേത്. സിപിഐ എമ്മുകാര്‍ പറയുന്നതുകൊണ്ട് വിശ്വസിക്കില്ലെന്ന സഭയുടെ നിലപാട് ശരിയല്ല. കോണ്‍ഗ്രസുകാര്‍ക്ക് യേശുവിനെക്കുറിച്ച് ഒരു വിവരവുമില്ല. ചില വിവരമില്ലാത്ത മെത്രാന്‍മാര്‍ പറയുന്നതുകേട്ടാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. "അവസാന അത്താഴം" വിവാദമാക്കുന്നത് വിവരമില്ലാത്ത ചില പുരോഹിതന്‍മാരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ്. "അവസാനത്തെ അത്താഴം" മതചിത്രമല്ല. ഇറ്റലിയിലെ ഒരു മഠത്തിന്റെ ഭിത്തി അലങ്കരിക്കാന്‍വേണ്ടിയാണ് ഡാവിഞ്ചി അത് വരച്ചത്. "അവസാനത്തെ അത്താഴം" ഒരു മതത്തിന്റെയും സ്വകാര്യസ്വത്തല്ല. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ "അവസാനത്തെ അത്താഴം" എന്ന ചിത്രത്തിന് പതിനായിരത്തോളം പാരഡികള്‍ കാണാന്‍ കഴിയും. യേശുവിനെ നടുവിലിരുത്തി അദ്വാനിയെയും മന്‍മോഹന്‍സിങ്ങിനെയും വരച്ചിരുന്നെങ്കില്‍ അത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ സ്ഥാനത്ത് ഒബാമയെയാണ് വച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് യേശുവെന്നുപറഞ്ഞാല്‍ പള്ളീലച്ചന്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ്. എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും സക്കറിയ പറഞ്ഞു.

ദൈവത്തിന്റെ രൂപമോ ചിത്രമോ ഉണ്ടാക്കി ആരാധിക്കുന്നത് ശുദ്ധ വേദവിപരീതം

പതിനഞ്ചാം നൂറ്റാണ്ടില്‍  ഒരു ചിത്രകാരന്റെ ഭാവനയില്‍ നിന്നും രചിക്കപ്പെട്ട ഒരു ചിത്രത്തിന്‍റ പേരില്‍ എന്തിനാണ് നമ്മുടെ മത പുരോഹിതന്മാര്‍ വിശ്വാസികളെ തെരുവിലിറക്കുന്നത്  ?.ഈ വിശ്വവിശ്രുത പെയിന്റിംഗ് ചിത്രം ഉള്‍പ്പെടുന്ന ദേവാലയം രണ്ടാം ലോക മഹാ യുദ്ധകാലത്ത് ക്രൈസ്തവര്‍ക്ക്  മഹാ ഭൂരിപക്ഷം ഉള്ള അമേരിക്കന്‍,ഫ്രെഞ്ച് ,ബ്രിട്ടീഷ് സംയുക്ത സേനയുടെ ബോംബ്‌ ആക്രമണത്തില്‍ തകര്‍ന്നു വീണപ്പോള്‍  മാര്‍ പാപ്പയോ,ഏതെങ്കിലും ക്രൈസ്തവ പുരോഹിതനോ തെരുവിലിറങ്ങി കലാപം സൃഷ്ടിച്ചിരുന്നില്ലല്ലോ?പോര്‍ട്ടുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍  കേരളത്തില്‍  എത്തുന്നത് വരെയും കേരളത്തിലെ പൌരാണിക സുറിയാനി ക്രിസ്ത്യാനികള്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെയോ,മറ്റു പരിശുധന്മാരുടെയോ ചിത്രങ്ങളോ രൂപങ്ങളോ വച്ചിരുന്നില്ല എന്നത് ഓര്മ്മിക്കുക.മാര്‍ പാപ്പയാല്‍ നിയോഗിക്കപ്പെട്ടു കേരളത്തില്‍ എത്തിയ ജസ്യൂട്ട് പുരോഹിതന്മാര്‍ പതിനഞ്ചു നൂറ്റാണ്ടുകളോളം പരിപാവനമായി തങ്ങളുടെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി നശിപ്പിച്ചതിന് നാളിതു വരെ  കേരളത്തിലെ നസ്രാണി സമൂഹത്തോട്  മാപ്പ് ചോദിക്കാത്ത പൌരോഹിത്യ സമൂഹത്തിന്റെ പിന്‍മുറക്കാരനാണ്  ഇപ്പോള്‍ വിശ്വാസികളെ തെരുവിലിറക്കുന്ന കത്തോലിക്ക സഭ നേതൃത്വം എന്നതോര്‍മ്മിക്കുക.ദൈവത്തിന്റെ രൂപമോ,ചിത്രമോ വച്ച് ആരാധിക്കുന്നതോ ,അവയ്ക്ക് പരിപാവനത കല്‍പ്പിക്കുന്നതോ, ശുദ്ധ വേദവിപരീതം ആണെന്നത്  ആദിമ ക്രൈസ്തവ സഭ ഉറച്ചു വിശ്വസിച്ചിരുന്നു എന്നത് ഓര്മ്മിക്കുക.സമാധാനത്തിന്റെ സുവിശേഷകന്റെ നേര്‍ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസികളുടെ മനസ്സില്‍ വൈരത്തിന്റെ വിത്ത്‌ വിതച്ചു തെരുവിലിറക്കി പൂരപ്പാട്ട് പാടിപ്പിക്കുന്നതിനെ എങ്ങിനെ ക്രൈസ്തവ ധര്‍മ്മം എന്ന് വിശേഷിപ്പിക്കും.

ദൈവത്തിന്റെ രൂപമോ ചിത്രമോ വച്ച് ആരാധിക്കുന്നത് ശുദ്ധ വേദവിപരീതം.

പതിനഞ്ചാം നൂറ്റാണ്ടില്‍  ഒരു ചിത്രകാരന്റെ ഭാവനയില്‍ നിന്നും രചിക്കപ്പെട്ട ഒരു ചിത്രത്തിന്‍റെ പേരില്‍ എന്തിനാണ് നമ്മുടെ മത പുരോഹിതന്മാര്‍ വിശ്വാസികളെ തെരുവിളിരക്കുന്നത് ?.ഈ വിശ്വവിശ്രുത പെയിന്റിംഗ് ചിത്രം ഉള്‍പ്പെടുന്ന ദേവാലയം രണ്ടാം ലോക മഹാ യുദ്ധകാലത്ത് ക്രൈസ്തവര്‍ക്ക്  മഹാ ഭൂരിപക്ഷം ഉള്ള അമേരിക്കന്‍,ഫ്രെഞ്ച് ,ബ്രിട്ടീഷ് സംയുക്ത സേനയുടെ ബോംബ്‌ ആക്രമണത്തില്‍ തകര്‍ന്നു വീണപ്പോള്‍  മാര്‍ പാപ്പയോ,ഏതെങ്കിലും ക്രൈസ്തവ പുരോഹിതനോ തെരുവിലിറങ്ങി കലാപം സൃഷ്ടിച്ചിരുന്നില്ലല്ലോ?പോര്‍ട്ടുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍  കേരളത്തില്‍  എത്തുന്നത് വരെയും കേരളത്തിലെ പൌരാണിക സുറിയാനി ക്രിസ്ത്യാനികള്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെയോ,മറ്റു പരിശുധന്മാരുടെയോ ചിത്രങ്ങളോ രൂപങ്ങളോ വച്ചിരുന്നില്ല എന്നത് ഓര്മ്മിക്കുക.മാര്‍ പാപ്പയാല്‍ നിയോഗിക്കപ്പെട്ടു കേരളത്തില്‍ എത്തിയ ജസ്യൂട്ട് പുരോഹിതന്മാര്‍ പതിനഞ്ചു നൂറ്റാണ്ടുകളോളം പരിപാവനമായി തങ്ങളുടെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി നശിപ്പിച്ചതിന് നാളിതു വരെ  കേരളത്തിലെ നസ്രാണി സമൂഹത്തോട്  മാപ്പ് ചോദിക്കാത്ത പൌരോഹിത്യ സമൂഹത്തിന്റെ പിന്‍മുറക്കാരനാണ്  ഇപ്പോള്‍ വിശ്വാസികളെ തെരുവിലിറക്കുന്ന കത്തോലിക്ക സഭ നേതൃത്വം എന്നതോര്‍മ്മിക്കുക.ദൈവത്തിന്റെ രൂപമോ,ചിത്രമോ വച്ച് ആരാധിക്കുന്നതോ ,അവയ്ക്ക് പരിപാവനത കല്‍പ്പിക്കുന്നതോ, ശുദ്ധ വേദവിപരീതം ആണെന്നത്  ആദിമ ക്രൈസ്തവ സഭ ഉറച്ചു വിശ്വസിച്ചിരുന്നു എന്നത് ഓര്മ്മിക്കുക.സമാധാനത്തിന്റെ സുവിശേഷകന്റെ നേര്‍ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസികളുടെ മനസ്സില്‍ വൈരത്തിന്റെ വിത്ത്‌ വിതച്ചു തെരുവിലിറക്കി പൂരപ്പാട്ട് പാടിപ്പിക്കുന്നതിനെ എങ്ങിനെ ക്രൈസ്തവ ധര്‍മ്മം എന്ന് വിശേഷിപ്പിക്കും.

Sunday, February 5, 2012

പുരോഹിതരെ ഊരിയ വാള്‍ ഉറയിലിടൂ!

യേശു  ക്രിസ്തു വിപ്ലവകാരി ആയിരുന്നു എന്ന സി പി ഐ ( എം ) പ്രസ്താവനക്ക് എതിരായി ഒരു സംഘം ക്രൈസ്തവ മത പുരോഹിതന്മാരും കൂട്ടാളികളും ഉയര്‍ത്തുന്ന വിമര്‍ശനം തികച്ചും ഖേദകരം ആണ്.സി.പി ഐ.(എം)-നു സംഭവിച്ച അപചയത്തില്‍ നിന്നും രക്ഷ പെടുവാന്‍ അവര്‍ സൃഷ്ടിച്ച പുതിയ നയം മാറ്റം ആയും ചിലര്‍ ഇതിനെ കാണുന്നു.കുരുടര്‍ ആനയെ കാണുന്നത് പോലെ ആണ്  ഈ പ്രശ്നത്തെ വിമര്‍ശകര്‍ കാണുന്നത് എന്നതാണ് യഥാര്‍ത്ഥ്യം. അരനൂറ്റാണ്ട് മുന്‍പ്  പ്രസിദ്ധ മാര്‍ക്സിസ്റ്റ്‌  ചിന്തകനായ കെ ദാമോദരന്‍ രചിച്ച ,പ്രഭാത്‌ ബുക്ക്‌ പ്രസിദ്ധീകരണം ആയ "ക്രിസ്തുമതവും കമ്മ്യൂണിസവും"എന്ന ലഘു ഗ്രന്ഥത്തില്‍ ആദിമ ക്രൈസ്തവ സഭയും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും ആയുള്ള സാദൃശ്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള യൂരോപ്പിലാണ് കമ്മ്യൂണിസ്റ്റ്  പ്രത്യയശാസ്ത്രം പിറന്നു വീണത്‌ എന്നത് നാം  മറക്കരുത്.എന്തു കൊണ്ടാണ്   റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ലാറ്റിന്‍ അമേരിക്കന്‍  രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിനു കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നതും, ഒന്നിന് പുറകെ ഒന്നായി മാര്‍ക്സിസ്റ്റ്‌ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുന്നതും എന്നതിന് ഈ വിമര്‍ശകര്‍ മറുപടി പറയുമോ?   ക്രിസ്തു ദൈവപുത്രന്‍ എന്ന് അവകാശപ്പെട്ടിരുന്നത് പോലെ തന്നെ താന്‍ മനുഷ്യപുത്രന്‍ ആകുന്നു എന്ന്  എത്രയോ പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം വിസ്മരിക്കരുത്.മനുഷ്യപുത്രന്‍ എന്നനിലയിലുള്ള ക്രിസ്തുവിന്റെ സന്ദേശങ്ങളെ സംബോധന ചെയ്യുവാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്ന ആത്മീയ വാദികളുടെ നിലപാട്  ശുദ്ധ ഫാസിസം ആണ്.ക്രിസ്തു ആരുടേയും സ്വകാര്യ സ്വത്തല്ല  എന്നത് ആരും മറക്കരുത്. ആദ്യത്തെ മൂന്നു പൊതു സുന്നഹദോസുകള്‍ തൊട്ടു ഇങ്ങോട്ട് ക്രിസ്തുവിന്റെ സ്വഭാവവും, സന്ദേശങ്ങളും സംബന്ധിച്ച് എത്രയോ വ്യത്യസ്തമായ ചിന്താധാരകളാണ്  ക്രൈസ്തവരുടെ ഇടയില്‍ നിലനില്‍ക്കുന്നത് എന്നത്  നാം മറക്കരുത്. വിശ്വ വിശ്രുതനായ ഡോ: പൗലോസ്‌ മോര്‍ ഗ്രീഗോറിയോസ്,തൃശൂര്‍ കല്‍ദായ സഭയുടെ ബിഷപ്പ്   പൗലോസ്‌ മോര്‍ പൗലോസ്‌, മുന്‍ ലോക ക്രൈസ്തവ സഭ കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ :എം എം തോമസ്‌  എന്നിവര്‍ ക്രൈസ്തവ ദൈവശാസ്ത്രം സംബന്ധിച്ച്  പരമ്പരാഗത ചിന്തകളില്‍ നിന്നും വേറിട്ട ചിന്തകളുടെ ഉടമകള്‍ ആയിരുന്നു എന്നത്  എങ്ങിനെ മറക്കാന്‍ കഴിയും.ഇവര്‍ മാര്‍ക്സിസ്റ്റ്‌  ചിന്തകരോടോത്തു   വേദികള്‍ പങ്കിടുവനും അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങളില്‍ കൂടി .യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തിയവരും ആയിരുന്നു.ഇന്ത്യയില്‍ ജനാധിപത്യം കശാപ്പു ചെയ്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഈ പുരോഹിത ശ്രേഷ്ടര്‍ ധീരതയോടു കൂടി ചെറുത്തു നിന്നപ്പോള്‍ ഔദ്യോദിക  മത നേതൃത്വങ്ങള്‍ കുംഭകര്‍ണ്ണനെ പോലെ ഉറങ്ങുക ആയിരുന്നു എന്നതല്ലേ ശരി.അക്കാമ്മ ചെറിയാനും ടി എം വര്‍ഗീസും ,കെ സി ജോര്‍ജും പി ടി പുന്നൂസും ഒക്കെ ദേശീയ സ്വാതന്ത്ര്യ വേദികളില്‍ ജ്വലിച്ചു നിന്നപ്പോള്‍ അന്നത്തെ ക്രൈസ്തവ മത പുരോഹിതന്മാര്‍ സര്‍ സി പി ക്ക്  സ്വര്‍ണ്ണ കാസെറ്റില്‍ മംഗല പത്രം സമര്‍പ്പിക്കുക ആയിരുന്നു. എന്ന ചരിത്ര സത്യം ആരും വിസ്മരിക്കരുത്. ഊരിയ വാള്‍ ഉറയിലിടുന്നതാണ് അഭിവന്ന്യ പുരോഹിത ശ്രേഷ്ടര്‍ക്ക് നല്ലത്

Sunday, January 15, 2012

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി അശ്വിനികുമാര്‍ . കാലപ്പഴക്കവും ഭൂചലനങ്ങളും കൊണ്ട് ദുര്‍ബലമായ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കേരളമൊന്നാകെ ആവശ്യപ്പെടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന, സുപ്രീംകോടതിയുടെ മുന്നിലുള്ള പ്രശ്നത്തില്‍ കേന്ദ്രമന്ത്രി പക്ഷപാതപരമായ അഭിപ്രായപ്രകടനം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അണക്കെട്ട് സുരക്ഷിതമാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചെന്നാണ് ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ അശ്വിനികുമാര്‍ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നും സുരക്ഷ ഉറപ്പുവരുത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, തമിഴ്നാട്ടുകാരനും കോണ്‍ഗ്രസ് നേതാവുമായ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും സമാന പ്രസ്താവന നടത്തി. സുപ്രീകോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്നു വരെ ചിദംബരം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പ്രതിരോധമന്ത്രി എ കെ ആന്റണി ഇടപെട്ട് പിന്‍വലിപ്പിക്കണമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി ജെ ജോസഫ് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാലും ആന്റണിയുമെല്ലാം ഇടപെട്ടിരിക്കെ സഹമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്ന് ജോസഫ് പറഞ്ഞു. അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി സുര്‍ക്കി സാമ്പിള്‍ ശേഖരിക്കാന്‍ നടക്കുന്ന ഡ്രില്ലിങ്ങില്‍ മതിയായ സുര്‍ക്കി കോറുകള്‍ ലഭിച്ചിട്ടില്ല. ഇതോടെ അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ വാദങ്ങള്‍ക്കുപോലും തിരിച്ചടിയുണ്ടായി. മാത്രമല്ല, 40 ലക്ഷം ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതിയും അനുകൂലമായി പരിഗണിക്കുകയാണ്.

പുതിയ അണക്കെട്ടിന്റെ ഉടമസ്ഥതയും ജലനിയന്ത്രണവും സംബന്ധിച്ച വിശദാംശങ്ങള്‍ വരെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശത്തെതുടര്‍ന്ന് കേരളം സമര്‍പ്പിച്ചിരുന്നു. പുതിയ അണക്കെട്ടിനെപ്പറ്റിയുള്ള അഭിപ്രായം സമര്‍പ്പിക്കാന്‍ തമിഴ്നാടിനോടും ഉന്നതാധികാരസമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് നിര്‍മിക്കേണ്ട ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്റെ വാദം. ഉന്നതാധികാരസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് തമിഴ്നാടിന്റെ വാദവുമായി കേന്ദ്രമന്ത്രി എത്തിയത്. പ്രശ്നപരിഹാരത്തിന് ചര്‍ച്ചകളിലൂടെ ഇടപെടാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കഴിഞ്ഞമാസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് നല്‍കി ഒരുമാസം പുര്‍ത്തിയായിട്ടും ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഏകപക്ഷീയമായ പ്രസ്താവന. ഇതിനിടെ, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും തേനി എംപിയുമായ ജെ എം ആറൂണ്‍ ഞായറാഴ്ച തമിഴ്പത്രങ്ങളില്‍ പരസ്യം നല്‍കി.
ഇടുക്കി തമിഴ്നാടിനോടു ചേര്‍ക്കാന്‍ കോണ്‍ . എംപിയുടെ പത്രപരസ്യം

കുമളി: ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി വീണ്ടും രംഗത്ത്.കോണ്‍ഗ്രസ് നേതാവും തേനി പാര്‍ലമെന്റ് അംഗവുമായ ജെ എം ആറൂണ്‍ ആണ് തമിഴ്പത്രങ്ങളില്‍ പരസ്യം നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ബ്രിട്ടീഷ് മിലിട്ടറി എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നീക്വിക്കിന്റെ 170-ാം ജന്മദിനത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടിലെ പത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം വന്നത്. "ഇണൈപ്പോം, ഇണൈപ്പോം, ഇടുക്കിയെ തമിഴ്നാട്ടുടന്‍ ഇണൈപ്പോം (ചേര്‍ക്കാം, ചേര്‍ക്കാം, ഇടുക്കിയെ തമിഴ്നാടിനൊപ്പം ചേര്‍ക്കാം) എന്ന തലവാചകത്തിന് ചുവടെ ഇടുക്കിയിലെ ചില താലൂക്കുകളുടെ പേരും ചേര്‍ത്തിട്ടുണ്ട്. "പെന്നീക്വിക്കിന്റെ ജന്മദിനമായ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംരക്ഷിക്കാനും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ഇടുക്കിയുടെ ഭാഗമായ ദേവികുളം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളെ വീണ്ടും തമിഴ്നാടിനോടൊപ്പം ചേര്‍ക്കാനും തേനി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളായ നമ്മള്‍ പ്രതിജ്ഞയെടുക്കാം" എന്ന് പരസ്യത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും പെന്നീക്വിക്ക്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, തമിഴ്നാട് പിസിസി പ്രസിഡന്റ് എന്നിവരുടെയും ചിത്രങ്ങള്‍ പരസ്യത്തിലുണ്ട്. ആറൂണിന്റെ പുത്രനും തമിഴ്നാട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ തമിഴ്നാട് മാണവര്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെഎംഎച്ച് അസന്‍ ആറൂണുമുണ്ട് പരസ്യത്തില്‍ . എംപിയുടെ തേനി പിസി പട്ടിയിലെ മേല്‍വിലാസവും 265699, 264567 എന്നീ ഫോണ്‍ നമ്പരുകളും ചേര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പ് ആറൂണ്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ദേവികുളവും പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.