Friday, August 7, 2020

നിങ്ങൾക്ക് കഴിയുമോ സ്നേഹിതാ, നവോദയം പൊന്നുപൂശുമ്പോൾ പുത്തൻ--സംസ്കാരം പാകിപ്പൊക്കാൻ

ജീവിതത്തിന് വേണ്ടി,
സ്വാതന്ത്ര്യത്തന് വേണ്ടി,
ഭാവി സുസ്ഥിതിയുടെ
തറ കെട്ടുവാൻ വേണ്ടി,

 നാട്ടുകാരൊന്നിച്ചൊന്നു
ശബ്ദിച്ചാ,--- ലതിൻ നേർക്കു
നീട്ടുകയില്ലേ കൊല --
ക്കുടുക്കും തോക്കും നീളേ ?

ശരിയാ, ---ണതേ  ശരി---
തന്നെ, പണ്ടത്തേപ്പോലെ
നെറികേടുകളുടെ
കൂത്തരങ്ങായീ ലോകം !

രാജ്യ നീതികളുടെ
കാഞ്ചനത്താക്കോലേന്തും
'രാജ്യരക്ഷകർ' തന്നെ
കുത്തക സംസ്കാരക്കാർ !


മതത്തിൻ പേരിൽ പണ--
ക്കൊഴുപ്പിൻപേരിൽ നാടി--
ന്നതിർത്തിത്തർക്കത്തിന്റെ
നീതികളുടെ പേരിൽ,

സംഘടിച്ചെഴും മർത്യ--
വർഗ്ഗശക്തിതൻ നല്ല
പൊൻകതിരുകൾ വിള--
ഞ്ഞുലയേണ്ടുമീ മണ്ണിൽ

തങ്ങളിൽ കഴുത്തറു--
ത്തിവിടെത്തളംകെട്ടി--
പ്പൊങ്ങുന്നു പശയുള്ള
നാട്ടുകാരുടെ രക്തം !

മാറണം----നമുക്കിതു
മാറ്റണം,--നാടിൻ മീതേ
മാരകരോഗാണുക്കൾ
നീങ്ങുമീ ഞെട്ടും നീക്കം !

നിങ്ങൾ കാത്തിരിക്കയോ
സ്നേഹിതാ വൈദ്യന്മാർതൻ
മംഗളമണിവിള
ക്കെരിയുന്നതും നോക്കി ?

മനുഷ്യൻ നന്നായിട്ടി--
ല്ലിന്നോളം മഹാത്മാക്കൾ
മഹത്താമുപദേശ--
ക്കെട്ടുകളഴിച്ചിട്ടും !

കാരണമെന്തെന്നല്ലേ?---
മനുഷ്യൻ ജീവിക്കുന്ന
കാലഘട്ടത്തിന്നടി--
ത്തട്ടുകൾ കണ്ടില്ലവർ !

ജീർണ്ണിച്ചു നരകത്തീ---
ക്കെട്ടുനാറിയ മണ്ണിൽ
ജീവിതചൈതന്യങ്ങ--
ളെങ്ങനെ മുളവീശും?

ഞാനൊന്നു കൈ ചൂണ്ടട്ടേ---
ശാസ്ത്രത്തിൻവെളിച്ചത്തി--
ലീ നില പഠിപ്പിച്ച 
ശാസ്ത്രകാരൻ തൻ നേരേ!

നാടിന്റെ ചലനങ്ങൾ
വസ്തുനിഷ്ഠമായ്ക്കണ്ട
താടിക്കാരനെപ്പറ്റി,
തത്വശാസ്ത്രത്തെപ്പറ്റി,

ലോകമിന്നറിയുന്നു--
ണ്ടാ മഹാനേതൃത്വത്തിൻ
വ്യാപകവിശ്വോത്തര
സർഗ്ഗശക്തിയെപ്പറ്റി

നീല നെൽക്കതിരുകൾ
ഗോതമ്പിൻ പൊന്നോലകൾ
നീളെനിന്നുലയുന്ന
കൃഷിമേഖലകളിൽ,

ജീവിതഗാനം മൂളും
യന്ത്ര മന്ദിരങ്ങളിൽ
ജീവിതം തുടിക്കുന്ന
വൻകലാകേന്ദ്രങ്ങളിൽ

മനുഷ്യൻ മനുഷ്യന്റെ
ശക്തിയെജ്ജീവിപ്പിക്കും
മനുഷ്യന്റേതായിത്തീർന്ന
നാടുകൾ:---കൈ ചൂണ്ടും ഞാൻ !

നിങ്ങൾക്ക് കഴിയുമോ
സ്നേഹിതാ, നവോദയം
പൊന്നുപൂശുമ്പോൾ പുത്തൻ--
സംസ്കാരം പാകിപ്പൊക്കാൻ

അതിന്റെ പുലർച്ചക്കും
വിതക്കും കൊയ്ത്തിന്നുമായ്
കുതിക്കും നാട്ടാരുടെ
സർഗ്ഗശക്തി തൻ കൂടേ

നിങ്ങൾക്ക് കഴിയുമോ
സ്നേഹിതാ , സംഗീതവും
സംഗരായുധവുമായ്
നീങ്ങുവാൻ നിവരുവാൻ ?


വയലാർ രാമവർമ്മ 
സെപ്തംബർ 1951







No comments:

Post a Comment