Friday, May 22, 2020

മോഹൻലാൽ ഷഷ്ടി പൂർത്തി ആഘോഷം. ഒരു വിയോജനക്കുറിപ്പ്

എഴുത്ത് : കെ.എൻ.ഗണേശ്

അഭിനയ മികവിന് പകരം പ്രകടനപരതക്ക് നൽകുന്ന പ്രാധാന്യം അപകടകരം

ഈ പോസ്റ്റ്‌ ഒരു വിയോജന കുറിപ്പാണ്. 
ഇന്നലെ ഒരു താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് കാലമല്ലായിരുന്നെങ്കിൽ ഈ പിറന്നാൾ പതിനായിരങ്ങൾ കൂടി ആട്ടവും പാട്ടുമായി ആഘോഷിച്ചേനെ. മന്ത്രിമാരും സാംസ്കാരിക നായകന്മാരും താരങ്ങളും എത്തിച്ചേർന്നേനെ. അത് സാധിക്കാത്തതു കൊണ്ട് എല്ലാ മാധ്യമങ്ങളും അവരവർക്കാവുന്ന രീതിയിൽ ആഘോഷിച്ചു.നാം എന്താണ് ആഘോഷിച്ചത്? 

മലയാള സിനിമയിൽ നമുക്കോർക്കാൻ  കഴിയുന്ന നിരവധി നടീനടന്മാരുണ്ട്. ചെമ്മീനിലെയും അനുഭവങ്ങൾ പാളിച്ചകളിലെയും സത്യനും ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീറും നൈർമ്മല്യത്തിലെ പി ജെ ആന്റണിയും അരനാഴിക നേരത്തിലെ കൊട്ടാരക്കര ശ്രീധരൻ നായരും മുതൽ കുമ്മാട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠനും കുമ്പളങ്ങി നെറ്റ്സിലെ  ഷോബിൻ ഷക്കീറും മൺറോ തുരുത്തിലെ ഇന്ദ്രൻസും വരെ നിരവധി നടന്മാരും തുലാഭാരത്തിലെയും സ്വയംവരത്തിലേയും ശാരദ മുതൽ കന്മദം,  കണ്ണെഴുതി പൊട്ടും തൊട്ട് എന്നിവയിലെ മഞ്ജു വാരിയർ വരെ  നിരവധി നടികളും. പക്ഷെ ഇവരുടെ പ്രകടന രീതികളിൽ വന്ന മാറ്റങ്ങളും കാണേണ്ടതാണ്. 

ആദ്യഘട്ടത്തിൽ സിനിമകളുടെ എണ്ണം കുറവായിരുന്നു. ഭൂരിപക്ഷവും നിലവിലുള്ള നാടകങ്ങളെയും നോവലുകളെയും ആധാരമാക്കിയുള്ള തിരക്കഥകളെയാണ് ആശ്രയിച്ചത്. അത്തരം കഥകൾ എഴുത്തുകാരുടെയും സംവിധായകരുടെയും സ്വതന്ത്ര ആവിഷ്കാരങ്ങളായതു കൊണ്ടു അഭിനേതാക്കൾക്ക് സ്ക്രിപ്റ്റുമായി പൊരുത്തപ്പെടേണ്ടിയിരുന്നു അഭിനേതാവിനു കൃത്യമായ സാമൂഹ്യ വീക്ഷണം 
 ആവശ്യമായിരുന്നു  അവരുടെ വ്യക്തിപരമായ നിലപാടുകൾ എന്തായിരുന്നാലും അവയെ മറികടന്നു കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കേണ്ടത് അഭിനേതാക്കളുടെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ഇത്തരം അഭിനേതാക്കളിൽ നിരവധി പേർക്ക് വ്യക്തിഗത രാഷ്ട്രീയമുണ്ടായിരുന്നതിൽ അത്ഭുതപ്പെടാനില്ല. 

എഴുപതുകൾക്ക് ശേഷം വാണിജ്യ സിനിമകളുടെ വേലിയേറ്റമാണുണ്ടായത്. ഏറ്റവും പ്രധാനമായി സാങ്കേതിക തൊഴിലാളികൾക്കു പുറമെ കഥാകൃത്തുക്കളും തിരക്കഥ രചയിതാക്കളുമടക്കമുള്ളവർ സ്ഥിരം തൊഴിലാളികളായി. ഉദയായുടെ തിരക്കഥകളെഴുതിയ സാരംഗപാണി ആയിരിക്കും  ഇവരുടെ ആദ്യകാല മാതൃക.  പ്രൊഡക്ഷനിലുള്ള സിനിമകളുടെ എണ്ണം വർധിച്ചതോടെ പ്രൊഡ്യൂസർമാർക്ക് പിടിച്ചു നിൽക്കാനായുള്ള ചേരുവകൾ ഉള്ള പടപ്പുകൾ സർഗാത്മക രചനകൾക്കു പകരം സ്ഥാനം പിടിച്ചു. അതിനനുസരിച്ചു സംവിധായകന്മാരും ആവിഷ്കർത്താക്കളും  രൂപപ്പെട്ടു. സാമൂഹ്യ ബോധത്തോടെയുള്ള ആവിഷ്കാരങ്ങൾക്കു പകരം ജനപ്രിയ സ്വഭാവമുള്ള അവരുടെ കൈയടി പെട്ടെന്ന് സംഘടിപ്പിക്കുന്ന പ്രകടനപരതക്കാണ് പ്രാമുഖ്യം ലഭിച്ചത്.  അഭിനയത്തിന് പകരം അംഗ വിക്ഷേപങ്ങളോടെയുള്ള നടന വൈഭവത്തിനാണ് പ്രാധാന്യം ലഭിച്ചത്. കഥയും കഥാപാത്രങ്ങളും  വിസ്മരിക്കപ്പെട്ടു. അഭിനേതാവ് കഥാപാത്രമായി മാറുന്ന പരകായ പ്രവേശത്തിനു പകരം ആവിഷ്കർത്താവ് ചെയ്യുന്നതെന്തോ അതാണ്‌ കഥാപാത്രം എന്ന നിലയിലേക്ക് വന്നു   ഇത്തരം ആവിഷ്കർത്താക്കൾ  താരങ്ങളായി. കഥകൾക്കും കഥാപാത്രങ്ങൾക്കും താരങ്ങളുടെ അംഗീകാരം വേണമെന്ന സ്ഥിതി വന്നതോടെ ഈ അവസ്ഥ പൂർണമായി. ഇപ്പോൾ നമ്മുടെ മുമ്പിൽ വരുന്നത് അഭിനേതാക്കളല്ല,  പ്രകടന വിസ്മയങ്ങളാണ്. അവരുടെ പ്രകടനത്തിനുള്ള ജനപ്രീതിയാണ് സിനിമയുടെ വാണിജ്യമൂല്യം നിർണയിക്കുന്നത്. സിനിമ അവതരിപ്പിക്കുന്ന ആശയ സംഹിത പോലും ഇതിനനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അത് തീരുമാനിക്കുന്നതിൽ ഇപ്പോൾ പ്രൊഡ്യൂസർമാർക്കും താരങ്ങൾക്കും വ്യക്തമായ പങ്കുണ്ട്  

ഇപ്പോഴത്തെ താരങ്ങൾക്ക് അഭിനയ ശേഷിയില്ല എന്നർത്ഥമില്ല. അഭിനയ ശേഷിയില്ലാത്തവർക്കും ജനപ്രിയ കാട്ടികൂട്ടലുകളിലൂടെ താരമാകാം എന്ന് മാത്രമാണ്. അനുകരണം ഉദാഹരണത്തിന് അഭിനയമല്ല. മിമിക്രി ആർട്ടിസ്റ്റുകൾ താരങ്ങളാകുന്നത് നാം കണ്ടതാണ്. അവിടെ നിന്നു അവർ അഭിനേതാക്കളായി മാറാൻ കഠിനാധ്വാനം വേണ്ടിവരും.കൃത്യമായ മനനവും നിരീക്ഷണവും പരിശീലനവും വേണ്ടിവരും.  അതിനു മുമ്പ് താരമായാൽ പിന്നെ ഒന്നും ആവശ്യമില്ല. അത് തന്നെയാണ് താരമാകുന്ന അഭിനേതാവിന്റെ അവസ്ഥയും. സിനിമാ വ്യവസായത്തിന്റെ ചട്ടക്കൂടു അയാളുടെ ശക്തിയും  പരിമിതിയുമായി മാറുന്നു. നടന വിസ്മയങ്ങൾ വാണിജ്യ വിസ്‌മയങ്ങളായി മാറുന്നു. അവരുടെ നടനം കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന കമ്പോളച്ചരക്കായി മാറുന്നു. അവർ തന്നെ കഥകളും പാത്രങ്ങളുമാകുന്നു.

സർഗ പ്രതിഭകളെ നാം ആദരിക്കുന്നു. കമ്പോള ചരക്കുകൾ ആഘോഷിക്കപ്പെടുന്നു. തിരുവനന്തപുരത്തു കുറെ പേർ ചേർന്ന് ഇന്ദ്രൻസ് എന്ന നടനെ ആദരിച്ചിരുന്നു. മെയ്‌ 21നും അതുപോലെ ആകാമായിരുന്നു  ഒരു അഭിനേതാവിനെ കൃത്യമായി വിലയിരുത്താമായിരുന്നു. അതിനു പകരം നടന്നത് ആഘോഷമാണ്.  വാണിജ്യ സിനിമയുടെ ഉൾകാമ്പില്ലാത്ത ആഘോഷം.
https://m.facebook.com/story.php?story_fbid=1113885742300877&id=100010383849734

No comments:

Post a Comment