Tuesday, November 6, 2012

പണാധിപത്യത്തിന്‍റെ തടവിലായ മത- ജാതി പ്രസ്ഥാനങ്ങള്‍.

പണാധിപത്യം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എന്നതു പോലെ മതങ്ങളെ പ്രത്യേകിച്ച്‌ ക്രൈസ്തവ സഭകളെ കീഴടക്കുന്നു എന്ന യാക്കോബായ സഭയിലെ ഡോ : ഗീവറുഗീസ് മോര്‍ കൂറീലോസ് മെത്രാപ്പോലീത്തയുടെ  വിമര്‍ശനം അക്ഷരാര്‍ഥത്തില്‍ ശരിയാണ്.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ആത്മീയ - അല്‍മായ നേതൃ  സ്ഥാനങ്ങളിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നവരുടെ പൊതു സാമൂഹ്യ ഘടന പരിശോധിച്ചാല്‍ ലഭിക്കുന്ന ചിത്രം അഭി:മെത്രാപ്പോലീത്തായുടെ അഭിപ്രായം പൂര്‍ണ്ണമായും ശരി വെക്കുന്നതാണ് . പദവികള്‍ നേടുന്നതിനു  വേണ്ടി കോടികള്‍ സഭാ നേതൃത്വങ്ങള്‍ക്ക്‌ നല്‍കേണ്ടി വരുന്നു എന്നതും , സഭാ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പണം വാരി എറിയുന്നതും എതിരാളികളുടെ സ്വഭാവഹത്യ  ഉറപ്പാക്കുന്നതിനു .വന്‍തോതില്‍ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതും എല്ലാം ഏതു ക്രൈസ്തവ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ന്യായീകരിക്കപ്പെടുന്നത്‌ ? കേരളത്തിലെ അപ്പോസ്തോലിക ക്രൈസ്തവ സഭകള്‍ പൊതുവേ അംഗീകരിക്കുന്ന നിയമാവലി ആണ് സഭാ ചരിത്രകാരന്‍ മോര്‍ ഗീവറുഗീസ് ബാര്‍ എബ്രായ രചിച്ച ഹൂദായ കാനോന്‍. ഈ നിയമാവലിയില്‍ ഇങ്ങിനെ പറയുന്നു "സമ്പത്തിനാല്‍ സ്ഥാനം കൈവശപ്പെടുത്തുന്ന എപ്പിസ്കോപ്പായെയും അയാള്‍ക്ക് സ്ഥാനം കൊടുക്കുന്ന ആളെയും മുടക്കണം. പത്രോസ് ആയ എന്നില്‍ നിന്നും ശീമോന്‍ എന്ന പ്രകാരം തന്നെ".
മുകളില്‍ ഉദ്ധരിക്കപ്പെട്ട ക്രൈസ്തവ സഭകളുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ അല്ലെ ഇന്നു കേരളത്തിലെ ക്രൈസ്തവ സഭകളിലും ,ദേവാലയങ്ങളിലും ,സഭകള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളിലും എല്ലാം നടക്കുന്നത് ? അധ്യാപക നിയമനത്തിന് കണക്കു പറഞ്ഞു ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതും , സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി നിഷേധിച്ചു ജീവനക്കാരെ ചൂഷണം ചെയ്യുന്നതും.നിയമ ലംഘനം മറച്ചു വയ്ക്കാന്‍ ,വ്യാജ റിക്കാര്‍ഡുകള്‍ ഉണ്ടാക്കുന്നതും ,കോടതികളില്‍ കേസ് ജയിക്കാന്‍ വ്യാജ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതും എല്ലാം ഏതു ക്രൈസ്തവ വിശ്വാസ പ്രമാണത്തിന്റെ പിന്‍ബലത്തില്‍ ആണ് ന്യായീകരിക്കപ്പെടുക ചോദ്യം ആണ് ഇന്ന്‍ സമൂഹത്തില്‍ നിന്നും ഉയരുന്നത് .ഇതിനു ഫലപ്രദമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സഭാ പിതാക്കന്മാരോടും ,നേതാക്കന്മാരോടും ഭാവി തലമുറ ഒരിക്കലും ക്ഷമിക്കില്ല .
കേരളത്തിലെ ക്രൈസ്തവ സഭകളില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും രൂപം കൊടുത്ത ഉദയംപേരൂര്‍ സുന്നഹദോസിലെ എതിരില്ലാതെ എല്ലാ സഭകളും അംഗീകരിക്കുന്ന ചില തീരുമാനങ്ങള്‍ ഇപ്പോള്‍ വളരെ പ്രസക്തമായതിനാല്‍ പരാമര്‍ശിക്കട്ടെ .നൂറ്റുക്ക്  വര്‍ഷം പന്ത്രണ്ടില്‍ അധികം പലിശ വാങ്ങുന്നവരെ അരുത് എന്ന് സഭ വിലക്കണമെന്നും ,അംഗീകരിക്കാത്ത സഭാംഗങ്ങളെ മഹറോന്‍ ചൊല്ലി പുറത്താക്കണം എന്നാണ് സുന്നഹദോസ് തീരുമാനം .( എഴാം കാനോന ).ഇതു നടപ്പിലാക്കാന്‍ സഭ തയ്യാറായാല്‍ കേരളത്തിലെ ക്രൈസ്തവ സഭകളിലെ മുന്‍നിര നേതാക്കളെല്ലാം സഭയ്ക്ക് പുറത്താകും എന്നതല്ലേ ശരി .
നിഷ്പക്ഷമായ സര്‍വേ നടത്തിയാല്‍ റിയല്‍ എസ്റ്റേറ്റ്‌ , ഫൈനാന്‍സ് ,മണല്‍ , വനം മാഫിയകള്‍ സമൂഹത്തില്‍ മാന്യതയുടെ പരിവേഷം ലഭിക്കാന്‍ ക്രൈസ്തവ സഭകളുടെയും ആരാധനാലയങ്ങളുടെയും ,ധ്യാന കേന്ദ്രങ്ങളുടെയും നിയന്ത്രണം തന്നെ കയ്യടക്കുന്ന പ്രവണത വ്യാപകമായി കഴിഞ്ഞിരിക്കുന്നു .അന്യായമായി സമൂഹത്തെ കൊള്ളയടിച്ചും .നികുതി വെട്ടിച്ചും സമ്പാദിച്ചിട്ടുള്ള സമ്പത്തില്‍ ചെറിയ അംശം മാത്രം സംഭാവനകളായി ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയാണ്‌ സ്ഥാപനങ്ങളുടെ തന്നെ നിയന്ത്രണാധികാരം കയ്യടക്കുന്നത് എന്നത് ആരും തിരിച്ചറിയുന്നില്ല .യഥാര്‍ത്ഥ ഭക്തിയെക്കാള്‍ ഉപരിയായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ചൂഷണം തുടര്‍ന്ന് നടത്തുവാനുള്ള സാമൂഹ്യ പശ്ചാത്തലം വിപുലമാക്കുകയാണ് ഇവരുടെ ലക്ഷ്യം .ധ്യാനകേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു മദ്യപാനം ഉപേക്ഷിച്ചു വിശുദ്ധിയുടെ നിറകുടങ്ങളായി എന്നു പരസ്യ പ്രഖ്യാപനം നടത്തുന്നവര്‍ തന്നെ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിപുലമായ മദ്യ സല്‍ക്കാരങ്ങള്‍ക്കായി വന്‍തോതില്‍ പണം ചിലവഴിക്കാന്‍ ഒരു മടിയും കാണിക്കാറില്ല എന്നതാണ് വിരോധാഭാസം.  

No comments:

Post a Comment