KFON-ന് ഇന്റർനെറ്റ് സേവന ദാതാവാകാനുള്ള അനുമതി ലഭിച്ചിരിക്കുന്നു. കേരളമാകെ ഇന്റർനെറ്റ് സേവനം നൽകാനുള്ള പശ്ചാത്തല സൗകര്യം അതിന്റെ മറ്റൊരുഘട്ടത്തിലേക്ക് കടക്കുന്നു. കേരളമാകെ കേബിൾ പാകുന്ന പണി അതിന്റെ അവസാനഘട്ടത്തിലാണ്. ഈ പദ്ധതിക്ക് പല ഘടകങ്ങളുണ്ട്.
1- ഓരോ വീട്ടിലുമെത്തുന്ന ഫൈബർ കേബിൾ . KSEB പോസ്റ്റുകൾ വഴിയാണ് ആ ലൈനുകൾ പോകുന്നത്.
2- അഗ്ഗ്രിഗേഷൻ ലേയർ, പ്രീ-അഗ്ഗ്രിഗേഷൻ ലേയർ എന്നിവയടക്കമുള്ള ഓരോ ജില്ലയിലെയും നെറ്റ്‌വർക്ക് ലേയറുകൾ.
3 - ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോർ ലേയർ
4 - മുകളിൽ പറഞ്ഞ സംവിധാനത്തെ മൊത്തം നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, ഈ സംവിധാനത്തിന്റെ ഹൃദയം എന്നുവിളിക്കാവുന്ന നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (NOC).
സ്വകാര്യ കമ്പനികൾ അടക്കി വാഴുന്ന ഒരിടത്തേക്ക് കേരളമെന്ന കൊച്ചുസംസ്ഥാനം ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിക്കുകയും ആ അവകാശം ഉറപ്പിക്കാനായി ഇന്റർനെറ്റ് സേവനദാതാവായി മാറുകയും ചെയ്യുന്നതിൽ തന്നെ എന്താണ് ഇടതുബദൽ എന്നതിന്റെ ഉത്തരമുണ്ട്. ഒന്നാംതരം ഇന്റർനെറ്റ് സേവനദാതാവായി മാറേണ്ടിയിരുന്ന BSNL എന്ന പൊതുമേഖലാ സ്ഥാപനത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയ നല്ലവരായ ഉണ്ണികൾ നാടുവാഴുമ്പോൾ പ്രത്യേകിച്ചും കെഫോൺ എന്ന സംരംഭത്തിന് വലിയ പ്രാധാന്യമുണ്ട്.
കെഫോൺ എന്ന സംരംഭം അതിന്റെ യഥാർത്ഥ തലത്തിൽ നടപ്പിലാക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ നടപ്പിലാക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മറ്റൊരു തലത്തിൽകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട് ... ഇതൊക്കെചെയ്യാൻ റിലയൻസ് ഇല്ലേ എന്ന സാമാന്യവൽക്കരണത്തിന്റെ ശബ്ദം നാം കുറച്ചുനാളുകൾക്ക് മുൻപ് കേട്ടത് റിലയൻസിന്റെ മുതലാളിയുടെ വായിൽ നിന്നല്ല, കേട്ടത് അവരുടെ ടൗൺ ഹാൾ മീറ്റിങ്ങിലുമല്ല.. നാമത് കേട്ടത് കേരളത്തിന്റെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ വായിൽ നിന്നാണ് .. കേട്ടത് നമ്മുടെ നിയമസഭയുടെ വേദിയിലും ...
പത്തിലധികം ടെലികോം കമ്പനികൾ ഉണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്നത് പ്രധാനമായി നാലുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആ നാലിൽ തന്നെ രണ്ടുപേർ (വോഡഫോൺ, എയർടെൽ) എന്നിവർ നഷ്ടത്തിലോ അല്ലെങ്കിൽ നിലനിൽക്കാനുള്ള കഷ്ടപ്പാടിലോ ആണ്. പൊതുമേഖലാ സ്ഥാപനമായ BSNL ന്റെ കാര്യം പറയേണ്ടതുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ മൂന്നുപേരും അവരുടെ അവസാനം ഒരുപക്ഷെ കണ്ടുതുടങ്ങുന്നുണ്ടാകണം. അവിടെ റിലയൻസ് കളിക്കുന്ന കളിയുണ്ട്. സൗജന്യസേവനമെന്ന വിപണന തന്ത്രത്തിലൂടെ ജിയോ പിടിമുറുക്കാൻ നോക്കിയപ്പോഴാണ് ഇന്ത്യയിലെ ടെലിനോർ, എയർസെൽ, ഡോക്കോമോ അടക്കമുള്ള ഒട്ടനവധി സേവനദാതാക്കൾ തകർന്നതും വെറും നാലുപേരിലേക്ക് സേവനദാതാക്കളുടെ എണ്ണം ചുരുങ്ങിയതും. ആ നാലിനിയും ചുരുങ്ങും എന്നതാണ് വോഡഫോൺ, എയർടെൽ അടക്കമുള്ളവരുടെ ബാലൻസ് ഷീറ്റുകൾ കാണിക്കുന്നതും.
ഒരു മാർക്കറ്റ് ഏകസേവനദാതാവിലേക്ക് ചുരുങ്ങിയാലുണ്ടാകുന്ന അവസ്ഥ അതിഭീകരമാണ്. ഈയടുത്ത് എയർടെൽ മേധാവി ആ അവസ്ഥയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. സൗജന്യ സേവനമായി തുടങ്ങിയ ജിയോ ഇപ്പോൾ ഈടാക്കുന്ന ചാർജ് നോക്കിയാൽ അറിയാം എങ്ങോട്ടേക്കാണ് അവർ വിപണിയെ നയിക്കാൻ ഉദ്ദേശിക്കുന്നതെന്ന്.
ആ പരിതസ്ഥിയിൽ കൂടിവേണം KFON എന്ന ഉദ്യമത്തെ നാം വിലയിരുത്താൻ. ഏകാധിപത്യമുള്ള വിപണിയിൽ ജിയോ അടക്കമുള്ളവരോട് മത്സരിക്കാൻ ഇന്റർനെറ്റ് സേവനദാതാവായി KFON ഉണ്ടാകുന്നതിന്റെ പ്രാധാന്യം മുൻകൂട്ടി നാം കാണേണ്ടതുമുണ്ട്.
അതുകൊണ്ടുതന്നെ ഈ പദ്ധതിയോട് അതിന്റെ തുടക്കം മുതലേ അനുകൂലനിലപാടാണ്. ഇതൊക്കെചെയ്യാൻ റിലയൻസില്ലേ എന്ന കുനിഷ്ട്ടിനോട് ആകർഷകത്വം തോന്നാത്തതും ഇതുകൊണ്ടൊക്കെത്തന്നെയാണ്
പദ്ധതിയുടെ സാധ്യതകളെപ്പറ്റി പറയുമ്പോൾത്തന്നെ അത്രമേൽ സ്ട്രാറ്റജിക് ആയി ഈ പദ്ധതിയെ കാണേണ്ടതുണ്ട് . ഇതിലെ ലോങ്ങ് ടെം സാധ്യതകളും പ്രാധാന്യവും ഇതിന്റെ എക്സിക്യൂഷൻ നടത്തുന്നവർ തിരിച്ചറിയുന്നുണ്ടോ ഇല്ലെങ്കിൽ ആ നിലയിൽ ഈ പദ്ധതിയെ മോണിറ്റൈസ് ചെയ്യാനുള്ള സ്ട്രാറ്റജിക് തീരുമാനങ്ങൾ അതിന്റെഭാഗമായി വരുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട് .
1. KFON ഇന്റർനെറ്റ് സേവനദാതാവായി മാറുമ്പോൾ അതിനായി ബാൻഡ്‌വിഡ്ത് സോഴ്സ് ചെയ്യുന്നത് BSNL ആണ് എന്നാണ് മനസിലാക്കുന്നത് BPL കുടുംബങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്റർനെറ്റ് സേവനം നൽകുന്ന ഒന്നാം ഘട്ടത്തിൽ പ്രൊവൈഡർ കരാർ നേടിയത് BSNL ആണ്. എനിക്കതിൽ പരാതിയില്ല. പൊതുമേഖലയോടുള്ള ഇടതുപക്ഷത്തിന്റെ സമീപനമെന്താണ് എന്നതിനെ ഭാഗമായി അതിനെ കാണാം.
2. പക്ഷെ എനിക്ക് ആശങ്കയുള്ളത് BSNL എന്ന ഒറ്റ പ്രൊവൈഡറിലേക്ക് ചുരുങ്ങുന്നതാണ്. BCP/DR എന്ന ഏറ്റവും മിനിമം കാര്യം ആലോചിച്ചാൽ ഇതിലെ അപകടം മനസിലാകും. അതായത് BSNL പണിമുടക്കിയാൽ KFON എന്ന ഇന്റർനെറ്റ് സേവനദാതാവ് ഡൌൺ ആകും. പൊതുമേഖലയോടുള്ള ബഹുമാനമെല്ലാം നിലനിർത്തിതന്നെ പറയട്ടെ , BSNL ന്റെ മികവിനോടും അവർ നല്കാൻ പോകുന്ന RTO / RPO അടക്കമുള്ള കാര്യങ്ങളോടും എനിക്ക് വലിയ ആശങ്കയുണ്ട്.
3. കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സിനെ ഇപ്പോഴും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല എന്നതിനെ വിമർശനത്തോടെയാണ് ഞാൻ കാണുന്നത്. ഈ പശ്ചാത്തല സൗകര്യത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി സേവനം നല്കാൻ സാധിക്കുന്ന ഒരുകൂട്ടർ അവരാണ് ..
4. ലോകമാകെ വ്യാപിച്ചുകിടക്കുന്ന സബ്മറൈൻ കേബിൾ ശൃംഖല ഉണ്ടാക്കിയെടുക്കാൻ ജിയോയും ഗൂഗിളും അടക്കമുള്ള ഒരു കൺസോർഷ്യം പണിയെടുക്കുന്നുണ്ട്. ഇന്ത്യയെ കേന്ദ്രീകരിച്ച് രണ്ടു സബ്മറൈൻ കേബിൾ ശൃംഖലകൾ റിലയൻസ് (ഒന്ന് ഏഷ്യയെയും മറ്റൊന്ന് യൂറോപ്പിനെയും ബന്ധിപ്പിക്കുന്നത്) ഉണ്ടാക്കുന്നുണ്ട്. ഞാൻ മനസിലാക്കിയടുത്തോളം അതിന്റെ ലാൻഡിംഗ് സ്റ്റേഷൻ ചെന്നൈയിലും മുംബൈയിലുമാണ്. ഒരുപാട് മലയാളികൾ ടെലികോം മേഖലയിലെ ഉന്നതപദവികളിൽ ഇരിക്കുന്നുണ്ട് ... ഉദാഹരണത്തിന് സബ്മറൈൻ കേബിൾ പാകുന്ന റിലയൻസിന്റെ ടെക് മേധാവി മാത്യു ഉമ്മൻ അടക്കമുള്ളവർ ...റിലയൻസിന്റെ ഒരു ലാൻഡിംഗ് സ്റ്റേഷൻ കേരളത്തിലേക്ക് മാറ്റിക്കാനുള്ള സ്നേഹപ്പൂർണ്ണമായ ഇടപെടലുകൾ നടത്തിയാൽ സംഗതി കേരളത്തിലേക്ക് പോരും എന്നാണ് എന്റെ വിശ്വാസം .. :)
അവരെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ട്, സർവതലങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതിയായി ഇതിനെ മാറ്റണം .. ഭാവികേരളത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയെടുക്കാൻ ശേഷിയുള്ള ഈ പദ്ധതിയോട് അവരൊക്കെയും പോസിറ്റീവായി തന്നെയേ പ്രതികരിക്കാൻ സാധ്യതയുള്ളൂ .. അതുണ്ടാക്കുന്ന സ്ഫോടനാത്മകമായ വേഗതയും മികവും KFON എന്ന സേവനദാതാവിന് നൽകുന്ന മേന്മ ചെറുതായിരിക്കില്ല. കേവലം BSNL എന്ന പരിധിക്കപ്പുറം മികവില്ലാത്ത ഒരു പ്രൊവൈഡറിലേക്ക് മാത്രമായി ചുരുങ്ങേണ്ട ഒന്നല്ല KFON സംവിധാനം .. ടെൻഡർ വിജയിക്കാനുള്ള ഏകമാനദണ്ഡം ലോ കോസ്റ് മാത്രമാണ് എന്നനിലയിലേക്ക് മാറരുത്. അതിനപ്പുറം കമ്പനിയുടെ കരുത്ത്, ഭാവി, സ്കെയിൽ അപ്പ് ചെയ്യാനുള്ള ശേഷി, SLA ഒക്കെയും മാനദണ്ഡമാക്കേണ്ടതുണ്ട്.
ജിയോയെ കുറ്റം പറഞ്ഞിട്ട് പിന്നെന്തിനാ റിലയൻസ് അടക്കമുള്ള സ്വകാര്യ കമ്പനികളോടും അവരുടെ സ്ഥാപനത്തിലെ മലയാളികളോടും സഹകരിക്കാൻ പറയുന്നത് എന്ന കുനിഷ്ട് ചോദ്യം വരാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ പറയട്ടെ. സ്വകാര്യമേഖല അസ്പൃശ്യരാണെന്ന ധാരണയൊന്നും എനിക്കില്ല. സഹകരിക്കേണ്ടിടത്ത് സഹകരിക്കണം... അവർക്ക് കീഴടങ്ങി, എല്ലാം വിപണിക്ക് വിട്ടുകൊടുക്കരുത് എന്നതാണ് പോയിന്റ് . സർക്കാർ മാർക്കറ്റിൽ ഇടപെടുന്ന രീതി ഇവിടെയും വേണം എന്ന് ചുരുക്കം.
ചുരുക്കിപ്പറഞ്ഞാൽ ഭാവികേരളത്തിന്റെ ഭാഗധേയം നിർണ്ണയിക്കാൻ ശക്തിയും ശേഷിയുമുള്ള പദ്ധതിയാണ് ഇത്. Knowledge Economy എന്നതിൽ ഊന്നിയുള്ള വികസനസാധ്യതകളെ അത്രമേൽ ഉത്തേജിപ്പിക്കാനും കരുത്തോടെ നയിക്കാനും സാധിക്കുന്ന കരുത്തുറ്റ പശ്ചാത്തല സൗകര്യമാണ് KFON നൽകുന്നത്. Infrastructure Service Provider എന്നതിൽ നിന്നും Internet Service Provider എന്ന നിലയിലേക്ക് കൂടി പദ്ധതി മാറുമ്പോൾ അതിന്റെ സാദ്ധ്യതകൾ മാത്രമല്ല ഉത്തരവാദിത്തവും പ്രതീക്ഷകളും കൂടുന്നുണ്ട് .. അതുകൊണ്ടുതന്നെ ആ പദ്ധതിയെ അതിന്റെ പൂർണ്ണാർത്ഥത്തിലും കപ്പാസിറ്റിയിലും ഒരു മുപ്പതുകൊല്ലമെങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള വിഷനോടെ നടപ്പിലാക്കാൻ കഴിയണം .. അതിനു ശേഷിയും ഇച്ഛാശക്തിയുമുള്ളൊരു സർക്കാർ തലപ്പത്തുള്ളപ്പോൾ ഇതൊക്കെ സാധ്യമാകും .. ഇടതുപക്ഷത്തിനേ അത് നടപ്പിലാക്കിയെടുക്കാൻ കഴിയൂ ... ഇടതു ബദൽ എന്നത് വെറും വാക്കല്ല ... സാർത്ഥക സഫലീകരണമുള്ള ഉറപ്പുകളാണ് ...
#KFON #LeftAlternative
https://www.facebook.com/709468262/posts/pfbid0JrHuesLcT2KGPmXEp68Y4qCohvCJpZZZCz94K9MBfJywhiNEi7Np6qHUoVgg1iZol/
No comments:
Post a Comment