രോഹിത് വെമുലയുടെ ദാരുണമായ അന്ത്യം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കാലത്താണ് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായി അധികാരമേറ്റത്. വിശ്രുത അമേരിക്കൻ ശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗനെപ്പോലെ ശാസ്‌ത്രരചന നടത്താൻ ആഗ്രഹിച്ച യുവപ്രതിഭയായിരുന്നു വെമുല. സിഎസ്‌ഐആർ ഫെലോഷിപ് നേടി ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഗവേഷകവിദ്യാർഥിയായിരുന്ന വെമുലയെ 2016 ജനുവരി 17ന് ഹോസ്‌റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സർവകലാശാല അധികൃതർ മാസങ്ങളായി ഫെലോഷിപ് തുക തടഞ്ഞുവച്ചതാണ് വെമുലയുടെ ജീവിതത്തെ കുടുക്കിലാക്കിയത്. ഉള്ളുലയ്‌ക്കുന്ന ഭാഷയിൽ കത്ത് എഴുതിവച്ചശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ആത്മഹത്യയിൽ അഭയം പ്രാപിച്ച ദുർബലനായല്ല, ജാതിപ്പിശാചുകളുടെ ആക്രമണത്തിൽ രക്തസാക്ഷിയായ പോരാളിയായാണ് വെമുലയെ ഇന്ന് ലോകം കാണുന്നത്. ഭരണകക്ഷിക്കാരുടെയും അവരുടെ സിൽബന്തികളായ സർവകലാശാല അധികൃതരുടെയും ചെയ്‌തികളാണ് വെമുലയെ മരണത്തിലേക്ക് കൊണ്ടുപോയതെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി സഹപാഠികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഈ സാഹചര്യത്തിൽ ലഖ്‌നൗ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ വെമുല രാജ്യത്തിന്റെ രത്‌നമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. എന്നാൽ, വെമുലയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ വഴിയിൽ കൊണ്ടുവന്നില്ല. ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവും പ്രതിഷേധവും കത്തിനിൽക്കവെയാണ് 2017ൽ രാംനാഥ് കോവിന്ദിനെ ബിജെപി രാഷ്‌ട്രപതിയായി നിയോഗിച്ചത്. രാജ്യത്തെ ദളിത് ശാക്തീകരണത്തിന്റെ പ്രതീകമായാണ് കോവിന്ദിനെ അവതരിപ്പിച്ചത്. അഞ്ച് വർഷം പിന്നിട്ടപ്പോൾ രാജ്യത്ത് ദളിതരുടെയും ഇതര പിന്നാക്കവിഭാഗങ്ങളുടെയും അവസ്ഥ കൂടുതൽ പരിതാപകരമായി മാറുകയാണ് ചെയ്‌തത്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ മറുപടികളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്.
കഴിഞ്ഞവർഷം കേന്ദ്രസർക്കാരിന്റെ 12 ഉന്നത സാങ്കേതിക, മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ദളിത് ഗവേഷക വിദ്യാർഥികളിൽ ഒരാൾക്കുപോലും പ്രവേശനം നൽകിയില്ലെന്ന് രാജ്യസഭയിൽ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ സമ്മതിച്ചു. ഒരു ആദിവാസി ഗവേഷക വിദ്യാർഥിയെപ്പോലും പ്രവേശിപ്പിക്കാതെ 21 സ്ഥാപനമുണ്ട്. ബംഗളൂരു, കൊൽക്കത്ത, ഇൻഡോർ, കോഴിക്കോട്, ലഖ്‌നൗ, കാശിപുർ, റായ്‌പുർ, റാഞ്ചി, റോത്തക്ക്, ട്രിച്ചി, അമൃത്‌സർ, ബോധ്ഗയ, സിർമൗർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐഐഎമ്മുകൾ തിരുപ്പതി, ഭിലായ്, മണ്ഡി, ഗ്വാളിയർ, കുർനൂൽ ഐഐടികൾ, ബെർഹാംപോർ, ഭോപാൽ ഐസറുകൾ എന്നീ സ്ഥാപനങ്ങൾ ആദിവാസി വിഭാഗങ്ങളിൽനിന്ന് ഒറ്റ ഗവേഷക വിദ്യാർഥിയെയും പ്രവേശിപ്പിച്ചിട്ടില്ല. അഹമ്മദാബാദ്, ബംഗളൂരു, ഇൻഡോർ, കാശിപുർ, റാഞ്ചി, റോത്തക്ക്, ട്രിച്ചി, അമൃത്‌സർ, സിർമൗർ, വിശാഖപട്ടണം ഐഐഎമ്മുകൾ, ഗ്വാളിയർ, ഭിലായ് ഐഐടികൾ എന്നിവയാണ് ദളിത് ഗവേഷക വിദ്യാർഥികൾക്ക് പ്രവേശനം നൽകാത്ത സ്ഥാപനങ്ങൾ. അർഹരായ ഒട്ടേറെ അപേക്ഷകർ ഉണ്ടായിരുന്നുവെന്ന് ഡോ. വി ശിവദാസന് മറുപടി വ്യക്തമാക്കുന്നു. അഭിമുഖങ്ങൾ നടത്തി ഇവരെ പരാജയപ്പെടുത്തുകയാണ് പതിവ്. ആത്മവിശ്വാസം തകർത്ത് പരാജിതരാക്കുകയാണ് തന്ത്രം.
ഗവേഷക വിദ്യാർഥികളോട് മാത്രമല്ല ഈ അനീതിയും വിവേചനവും. കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ദളിത്, ആദിവാസി, ദുർബല വിഭാഗങ്ങളെ അകറ്റി നിർത്തുകയാണ്. ദളിതർക്ക് സംവരണം ചെയ്‌ത 988 തസ്‌തികയും ആദിവാസികൾക്ക് സംവരണം ചെയ്‌ത 576 തസ്‌തികയും ഒഴിഞ്ഞു കിടക്കുകയാണെന്ന് രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി നൽകി. ഒബിസി–-1761, സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ–-628, ഭിന്നശേഷിക്കാർ–-344 എന്നിങ്ങനെയാണ് നിയമനം നടക്കാനുള്ള തസ്‌തികകളുടെ എണ്ണം. 43 കേന്ദ്ര സർവകലാശാലയിലായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. രാംനാഥ് കോവിന്ദിനെയും ദ്രൗപതി മുർമുവിനെയും രാഷ്‌ട്രപതിമാരാക്കിയെന്ന പേരിൽ രാഷ്‌ട്രീയ പ്രചാരണം നടത്തുന്ന ബിജെപിയുടെ തനിനിറം ബോധ്യപ്പെടുത്തുന്ന കണക്കാണിത്.
കാസർകോട് ആസ്ഥാനമായ കേന്ദ്ര സർവകലാശാലയിൽ മാത്രം 13 ദളിത്‌സംവരണ തസ്‌തികയും ഏഴ് പട്ടികവർഗ തസ്‌തികയും ഒഴിഞ്ഞു കിടക്കുന്നു. ഒബിസി വിഭാഗത്തിന്റെ 18 ഒഴിവിലും നിയമനം നടത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ യഥാക്രമം 16, 11, ആറ് വീതമാണ് ഈ ഒഴിവുകളെന്ന് എ എ റഹിമിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. നിയമനത്തിനായി ശ്രമിച്ചിട്ടും ദുർബല വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താനാകുന്നില്ലെന്നുള്ള അവിശ്വസനീയ വിശദീകരണവും മറുപടിയിൽ മുന്നോട്ടു വച്ചു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ 22 ദളിത്, 10 ആദിവാസി, 33 ഒബിസി ഒഴിവ് ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്നു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ 74 ദളിത്, 66 ആദിവാസി, 14 ഒബിസി ഒഴിവാണ് തുടരുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സംവരണ തത്വം ബോധപൂർവം അട്ടിമറിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദളിത്, ആദിവാസി, ഒബിസി വിഭാഗക്കാർക്ക് ഓരോ ടീച്ചിങ് കേഡറിലും യഥാക്രമം 15, 7.5, 27 ശതമാനം സംവരണം അനുവദിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർവകലാശാലകളിൽ അധ്യാപകരും വിദ്യാർഥികളും വ്യാപകമായി വംശീയ വിവേചനങ്ങൾക്ക് ഇരയാകുന്നുവെന്ന പരാതികൾക്കിടെയാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. കഴിഞ്ഞവർഷവും കേന്ദ്ര സർവകലാശാലകളിലെ സംവരണ ഒഴിവുകൾ നികത്താത്തതിന്റെ കണക്ക് രാജ്യസഭയിൽ ഡോ. വി ശിവദാസനു ലഭിച്ച മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ദളിത്, ആദിവാസി വിഭാഗക്കാരായ വിദ്യാർഥികൾക്കായുള്ള പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ എണ്ണം 2017ൽ 554 ആയിരുന്നെങ്കിൽ 2021ൽ അത് 332 ആയി കുറച്ചു. വിദ്യാർഥിനികൾക്കുള്ള പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്പ് 2017ൽ 642 ആയിരുന്നത് 2021ൽ 434 ആയി ചുരുക്കി. രാഷ്‌ട്രപതിയായിരിക്കെ കേന്ദ്ര സർവകലാശാലകളുടെ വിസിറ്റർ എന്ന നിലയിൽ രാംനാഥ് കോവിന്ദ് ഇതിനോട് പ്രതികരിച്ചില്ല.
പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്താൻ ഇടയാക്കുന്ന വിധി 2018 മാർച്ച് 20ന് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ദളിത് സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും അക്കൊല്ലം ഏപ്രിൽ രണ്ടിന് ആഹ്വാനം ചെയ്‌ത ബന്ദിനെ പല സംസ്ഥാനത്തും പൊലീസ് നിഷ്‌ഠുരമായി നേരിട്ടു. പൊലീസ് നടപടികളിൽ 16 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. വീടുകളും വസ്‌തുവകകളും തകർക്കപ്പെട്ടു. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും ഹീനമായ പൊലീസ് അതിക്രമം ഉണ്ടായത്. ഈ സം1ഭവങ്ങളോടും അന്ന് രാഷ്‌ട്രപതിഭവൻ നിസ്സംഗത പുലർത്തി. വിവാദങ്ങൾക്ക് ഇടം നൽകാത്ത രാഷ്‌ട്രപതിയെന്ന് രാംനാഥ് കോവിന്ദിനെ വിലയിരുത്തുന്നവർ ഈ വസ്‌തുതകൾ കണ്ടില്ലെന്ന് നടിക്കുകയാണ്
Read more: https://www.deshabhimani.com/articles/ramnath-kovind/1034304
No comments:
Post a Comment