*ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ - കേരള*
പത്രക്കുറിപ്പ്
എറണാകുളം
31/07/2022
*സഹകരണ ബാങ്കുകൾ ജനകീയം - കുപ്രചരണങ്ങൾ തള്ളിക്കളയുക.*
സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ സംബന്ധിച്ച് നിരവധി കുപ്രചരണങ്ങൾ നടന്ന് വരികയാണ്. തൃശൂർ ജില്ലയിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെ തുടർന്നാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആകെ പ്രശ്നമെന്ന നിലയിലെ വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികളായവർ, അവർ ആരുമായിക്കൊള്ളട്ടെ, കനത്ത ശിക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാൽ അതിൻ്റെ മറവിൽ കേരളത്തിലെ സഹകരണ മേഖലയെയാകെ ഇകഴ്ത്തി ഇല്ലാതാക്കുന്ന നടപടിയാണ് കണ്ടു വരുന്നത്.
സഹകരണ സ്ഥാപനങ്ങളെ പിടിച്ചടക്കാൻ, അവിടത്തെ സാധാരണക്കാരുടെ പണം കുത്തകകളുടെ കൈകളിലെത്തിക്കാൻ, കഴിഞ്ഞ കുറച്ചു നാളുകളായി ആസൂത്രിതമായ ശ്രമങ്ങൾ നടന്നുവരികയാണ്. 2016 ൽ നോട്ടു നിരോധന വേളയിൽ സഹകരണ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് അതിന് ഉത്തമ ഉദാഹരണമാണ്. സഹകരണ നിയമം ഭേദഗതി ചെയ്തതും കേന്ദ്രത്തിൽ ഒരു പുതിയ മന്ത്രാലയം ഉണ്ടാക്കിയതും കേന്ദ്ര ആഭൃന്തര മന്ത്രിക്ക് തന്നെ ചുമതല നൽകിയതുമെല്ലാം ഇതേ ലക്ഷ്യത്തോടെയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം 1969 വരെ രാജ്യത്തെ 774 വാണിജ്യ ബാങ്കുകൾ തകർന്നിട്ടുണ്ട്. 1969 ലെ ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം രാജ്യത്തെ 36 പ്രമുഖ വാണിജ്യ ബാങ്കുകളും തകർന്നു. ദേശസാൽക്കരണത്തിന് മുൻപ് തകർന്ന ബാങ്കുകളിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം നഷ്ട്ടപ്പെട്ടുവെങ്കിൽ ദേശസാൽക്കരണത്തിന് ശേഷം അതൊക്കെ പൊതുമേഖലാ ബാങ്കുകളിലൂടെ സംരക്ഷിക്കപ്പെട്ടു. കേരളത്തിലെ നെടുങ്ങാടി ബാങ്ക്, പറവൂർ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് കൊച്ചിൻ എന്നിവയൊക്കെ 1969 ന് ശേഷം തകർന്ന സ്വകാര്യ ബാങ്കുകളാണ്. അവയെ യഥാക്രമം പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ ഏറ്റെടുത്തു. തകർന്ന ബാങ്കുകളിൽ റിസർവ്വ് ബാങ്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ചില നിബന്ധനകൾ ഏർപ്പെടുത്താറുണ്ട്. ഇടപാടുകാർക്ക് നിശ്ചിത കാലത്തേക്ക് അവരുടെ നിക്ഷേപം പിൻവലിക്കാനാകില്ല. പിന്നീട് തവണകളായി പണം പിൻവലിക്കാൻ അനുവാദം നൽകും. തുടർന്ന് റിസർവ്വ് ബാങ്കിൻ്റെ പരിശോധനകൾക്ക് ശേഷം മറ്റൊരു ബാങ്കിൽ ലയിപ്പിച്ചതിന് ശേഷം മാത്രമേ തകർന്ന ബാങ്കിലെ ഇടപാടുകാർക്ക് അവരുടെ നിക്ഷേപം ആവശ്യാനുസരണം പിൻവലിക്കാൻ അനുവാദം ലഭിക്കുകയുള്ളൂ. കേരളത്തിൽ മേൽപ്പറഞ്ഞ തകർന്ന ബാങ്കുകളിലെ ഇടപാടുകാർക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. റിസർവ്വ് ബാങ്കിൻ്റെ നിയന്ത്രണത്തിലുള്ള മൾട്ടി സ്റ്റേറ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഇത് ബാധകമാണ്. അടുത്തിടെ തകർന്ന പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ആദ്യകാലങ്ങളിൽ തകർന്ന സ്വകാര്യ വാണിജ്യ ബാങ്കുകളെയും അവരുടെ നിക്ഷേപകരെയും ജീവനക്കാരെയും പൊതുമേഖലാ ബാങ്കുകൾ ഏറ്റെടുത്ത് സംരക്ഷിച്ചുവെങ്കിൽ 2020 ൽ റിസർവ്വ് ബാങ്ക് മോറിട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിനെ ഭരണാധികാരികളുടെ ഇടപെടലിൻ്റെ ഭാഗമായി 10,000 കോടി രൂപ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംരക്ഷിക്കുകയാണ് ഉണ്ടായത്. സ്വകാര്യ വാണിജ്യ ബാങ്കുകൾക്ക് പൊതുമേഖലയുടെ സംരക്ഷണമോ കേന്ദ്ര സർക്കാർ സഹായമോ ഇല്ലാതെയായാൽ, ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻ്റ് ക്രഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന പരമാവധി നിക്ഷേപ പരിരക്ഷ അഞ്ച് ലക്ഷം രൂപ മാത്രമാണ്.
2010 മുതൽ 2020 വരെയുള്ള പത്ത് വർഷക്കാലത്തിനിടക്ക് രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയ വായ്പ 8,83,168 കോടി രൂപയാണ്. അതിൽ പൊതുമേഖലാ ബാങ്കുകൾ 6,67,345 കോടി, സ്വകാര്യ മേഖലാ ബാങ്കുകൾ 1,93,033 കോടി, വിദേശ ബാങ്കുകൾ 22790 കോടി എന്നതാണ് കണക്ക്. ഇതിൽ 50 വൻകിട കുത്തക മുതലാളിമാരുടേത് മാത്രം 68,607 കോടി രൂപയാണ്. ആകെ എഴുതി തള്ളിയതിൽ 90 ശതമാനവും അഞ്ച് കോടിക്ക് മുകളിൽ നൽകിയ വായ്പകളാണ്. പുതിയ പദപ്രയോഗങ്ങളായ ഹെയർ കട്ട്, എ.യു.സി.എ. (അഡ്വാൻസ് അണ്ടർ ക്രെഡിറ്റ് അക്കൗണ്ട് ) എന്നിവകളിലൂടെയും ലക്ഷം കോടികൾ കുത്തകകൾക്ക് ഇളവ് നൽകുന്നുണ്ട്. 34,000 കോടിയുടെ തിരിമറി നടന്ന ദിവാൻ ഹൗസിങ്ങ് ഫൈനാൻസ്, 13,000 കോടിയുടെ നീരവ് മോദി തട്ടിപ്പ്, 20,000 കോടിയുടെ എ.ബി.ജി. ഷിപ്യാർഡ് അടക്കമുള്ള നിരവധി ബാങ്ക് തട്ടിപ്പുകൾ രാജ്യത്ത് നടന്നിട്ടുണ്ട്. 2021-22 കാലയളവിൽ ഒരു ലക്ഷത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലായി നടന്നിട്ടുള്ളത്. ഇത് 2020-21 വർഷം 2,20,000 കോടിയായിരുന്നു! കേരളത്തിൽ അടുത്തിടെയാണ് പത്തനംതിട്ടയിലെ ഒരു ദേശസാൽകൃത ബാങ്ക് ശാഖയിലെ ജീവനക്കാരൻ എഴുകോടിക്ക്മേൽ നിക്ഷേപ സംഖ്യയിൽ തട്ടിപ്പ് നടത്തിയത്. കേന്ദ്ര സർക്കാരിൻ്റേയും, റിസർവ്വ് ബാങ്കിന്റേയും കർശന നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്. മേൽ സൂചിപ്പിച്ച യാഥാർത്ഥ്യങ്ങൾ പെരുപ്പിച്ച് നിരത്തി വാണിജ്യ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത് എവിടെയും കാണുന്നില്ല, അത് ശരിയായ നടപടിയുമല്ല.
ഇത്തരം വസ്തുതകൾ നിലനിൽക്കെ ചില സംഭവങ്ങൾ പർവ്വതീകരിച്ച് അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിച്ച് കേരളത്തിലെ സഹകരണ മേഖലയെയാകെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമമാണ് നടന്ന് വരുന്നത്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ സഹകരണ വകുപ്പിൻ്റെ കൃത്യമായ ആഡിറ്റുങ്ങുകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല തികച്ചും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ച് പ്രവർത്തിക്കുന്നവയാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ. ഒരു ധനകാര്യ സ്ഥാപനത്തിൻ്റെ നിലനിൽപ്പ് അതിൻ്റെ വിശ്വാസ്യതയിലാണ്. വിശ്വാസ്യത ഇല്ലാതായാൽ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതിന് ഇടയാകും. ഇങ്ങനെയൊരു നീക്കമുണ്ടായാൽ എത്ര വലിയ ധനകാര്യ സ്ഥാപനമാണ് എങ്കിലും പിടിച്ചു നിൽക്കാനാകില്ല. അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇപ്പോഴുള്ള കുപ്രചാരകരുടെ ലക്ഷ്യം. സാധാരണക്കാരുടെ അത്താണിയായ, കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ നിർണായകമായ സ്ഥാനം വഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് കേരളത്തെ സ്നേഹിക്കുന്നവരുടെ കടമയാണ്. കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞ് ജനകീയമായ സഹകരണ മേഖലയെ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
ഷാജു ആൻ്റണി
പ്രസിഡണ്ട്
എൻ.സനിൽ ബാബു
ജനറൽ സെക്രട്ടറി
No comments:
Post a Comment