- നായിന്റെ മര്വോനേ, തുപ്പലു വച്ചാണോടാ നിയ്യ് പഞ്ചായത്ത് റോഡ് ഒട്ടിക്കണത്?
ആന്റപ്പനോട് ഞാനലറി.
എന്റെ വീടിന്റെ മുമ്പിലെ പഞ്ചായത്ത് റോഡ് ടാറിട്ട കോൺട്രാക്ടറാണ് ആന്റപ്പൻ.
കാര്യം 2018 ആണ്, നൂറ്റാണ്ടിലെ പ്രളയം കഴിഞ്ഞിട്ട് ഒരു മാസമേ ആയുള്ളു, ആനയും കെട്ടിടവും വിമാനത്താവളവും വരെ ഒഴുകിപ്പോകുന്ന മഴയായിരുന്നു എന്നൊക്കെ എനിക്കറിയാം.
ആന്റപ്പനും അവന്റെ അമ്മായിയപ്പനും മറ്റേ പാർട്ടിക്കാരാണ്, എന്നെ സംഘി നായരേ എന്ന് അവനും, മാടമ്പി നായരേ എന്ന് അവന്റെ അമ്മായിയപ്പനും വിളിച്ച അന്നുമുതൽ ഞാൻ അവനെ നോട്ടമിട്ടു വച്ചിരിക്കുന്നതാണ്. ഇനിയൊരു അവസരം കിട്ടിയെന്നു വരില്ല.
ആന്റപ്പൻ എന്റെ നേരെ നോക്കിയിട്ടു ചോദിച്ചു:
- നിയ്യ് ജഡ്ജിയാണല്ലേ?
എന്റെ അമ്പത്താറ് മില്ലിമീറ്റർ നെഞ്ച് പെരുപ്പിച്ച് ഞാൻ അമറി:
- അതെ. നെനക്കെങ്ങനെ മനസിലായി?
- കേട്ടപ്പത്തോന്നി. ആട്ടെ, നീയേത് കോടതീലാ ജഡ്ജി?
- സബ് കോടതീല്.
- നെനക്ക് പ്രൊമോഷൻ കിട്ടിയാല് നീ എവടം വരെ എത്തും?
- ജില്ലാ കോടതീല്, ഹൈക്കോടതീല്, പിന്നെ ചെലപ്പം സുപ്രീം കോടതീലും.
- ആട്ടെഡാ, ഈ ജില്ലാഗ്ഗോഡതി മൊതല് സുപ്രീം ഗോഡതി വരെയൊള്ള ജഡ്ജിമാരടെ പണി എന്തുവാ?
- അവര് താഴെക്കോടതീടെയൊക്കെ അപ്പീല് കേക്കും, തീരുമാനിക്കും.
- എന്നിട്ട് താഴെഗ്ഗോഡതീടെ വിധി റദ്ദാക്കുവോ?
- സംശയമെന്ത്!
- അതെന്താടാ നെന്റേം ജില്ലാ ജഡ്ജീടേം ഹൈഗ്ഗോഡതീടേം വിധിയൊക്കെ ഇത്ര പെട്ടെന്ന് എളകിപ്പോകാൻ തുപ്പലു തേച്ചാണോടാ അതെല്ലാം ഒറപ്പിച്ചിരിക്കണത്?
- അത്... അത്...
- ഡാ, നിയ്യ് സർവേക്കുറ്റി പറിക്കാമ്പറഞ്ഞ് വടക്കേലെ വിജയഞ്ചേട്ടന്റെ അതിരു കേസില് നീ വിജയഞ്ചേട്ടനെതിരെ ആഞ്ഞടിച്ചെന്നൊക്കെ പത്രത്തേല് കണ്ടല്ലോടാ കൂവേ?
- പിന്നെ, ഞാനെല്ലാ ദെവസോം ആഞ്ഞടിക്കാറൊണ്ട്. പത്രത്തില് എന്നും എന്റെ പേരു വരണം. എനിക്കത് ഹരാ!
- എഡാ പബ്ലിസിറ്റി മാന്യാക്കേ, എന്നിട്ട് നെന്റെയാ ആഞ്ഞടി, ഹൈഗ്ഗോഡതി ഡിവിഷം ബെഞ്ചെടുത്ത് തോട്ടിലെറിഞ്ഞത് നെന്റെ ആഞ്ഞടി തുപ്പലു വച്ച് ഒട്ടിച്ചതോണ്ടാണോഡാ?
- അതിപ്പോ...
- ഉരുളാതെഡാ മോനേ. ആട്ടെ നെന്റെ സബ് ഗോഡതീല് അപ്പീലൊക്കെയൊണ്ടോടാ കൂവേ?
- പിന്നെ! നെറയെ അപ്പീലല്ലേ! ഞാനും അപ്പീല് കേക്കണ ജഡ്ജിയാ!
- എത്ര അപ്പീല് കാണും?
- ഒത്തിരി.
- അതില് അഞ്ച് വർഷത്തില് കൂടുതലായത് എത്ര കാണുവെടാ?
- ഒത്തിരി.
- അതൊക്കെ മുൻസിപ്പ് ഗോഡതീലും അഞ്ചും പത്തും കൊല്ലവൊക്കെ കെടന്നു കാണും അല്ലിയോ?
- ഉവ്വുവ്വ്.
- ഇനി ജില്ലാ കോടതീല് പോകുമ്പം അവിടേം അത്ര തന്നെ കെടക്കുവോ?
- മിനിമം!
- അവിടുന്ന് ഹൈഗ്ഗോഡതീല് അപ്പീല് ചെല്ലുമ്പഴോ?
- പിന്നേം ഒരു പത്തിരുപതു കൊല്ലം കൂടി.
- അതു കഴിഞ്ഞ് സുപ്രീങ്കോഡതീം കഴിയുമ്പം കക്ഷി ചത്തിട്ട് എത്ര കൊല്ലം കഴിയുവെടാ കൂവേ? എത്ര തലമൊറ കഴിയും?
- അത്... പിന്നെ...
- പിന്നേം ഉരുളാതെടാ കൊച്ചനേ. ആട്ടെ, നീ വന്നപ്പം നെന്റെ ഗോഡതീല് എത്ര കേസൊണ്ടാരുന്നു?
- അയ്യായിരത്തിച്ചില്ല്വാനം.
- ഇപ്പഴോ?
- ഒരേഴായിരത്തഞ്ഞൂറ്.
- അതെന്നതാഡാ അങ്ങനെ?
- അത് ആഞ്ഞടിക്കലും ശാഖേല് പോകലും സപ്താഹം ഉദ്ഘാടനം ചെയ്യലും ബാറസോസ്യേഷനില് അണ്ടിപ്പരിപ്പു കഴിക്കലും ഓണം- ക്രിസ്തുമസ് വെക്കേഷനും രണ്ടു മാസം വേനലവധീം ഇരുപത് കാഷ്വൽ ലീവും ബാക്കി കമ്യൂട്ടഡ് ലീവും ഒക്കെ കഴിഞ്ഞ് സമയം കിട്ടണ്ടേ?
- നാണമില്ലേഡാവ്യേ?
- ഇന്ത്യേല് കോടിക്കണക്കിന് കേസല്ലേ ഇങ്ങനെ കെടക്കണത്. അതങ്ങനെ കെടക്കും. എരട്ടിയാവും...
- എന്നാ ശമ്പളവൊണ്ട് നെനക്ക്?
- മാസം ഒന്നര ലക്ഷം. പിന്നെ വീട്ടുവാടക മൊത്തം. അമ്പത് ലിറ്റർ പെട്രോള്. കറന്റ് ചാർജിന്റെ പകുതി. ഇന്ത്യയിലെവിടേം കുടുമ്മ സമേതം വിമാനത്തില് വിനോദയാത്ര, അതിനു പത്തു ദെവസത്തെ ശമ്പളം വേറെ, രണ്ടു കൊല്ലം കൂടുമ്പം ലീവ് സറണ്ടറ്...
- കൂടത്തില്ലിയോ?
- കേന്ദ്ര സർക്കാർ ഡിഎയാ. എല്ലാക്കൊല്ലോം ജനുവരി ഒന്നിനും ജൂലൈ ഒന്നിനും കൃത്യമായിട്ട് കൂടും. പിന്നെ പത്തു കൊല്ലം കൂടുമ്പം റിട്ട.ജഡ്ജിമാരെ ശമ്പളക്കമ്മീഷനായിട്ടു വച്ച് ഞങ്ങളു തന്നെ ശമ്പളോം ബാക്കിയെല്ലാം കൂട്ടും.
- അപ്പം നീ ഹൈഗ്ഗോഡതീല് എത്തുമ്പം ഒരുപാട് കൂടുതലു കിട്ടും, അല്ലേ?
- പിന്നെ!
- ഹൈഗ്ഗോഡതീല് എത്തുമ്പം വെക്കേഷൻ കൂടാതെ ശനീം ഞായറും അവധി കിട്ടും അല്ലിയോ?
- കിട്ടും.
- പിന്നെ ക്രിക്കറ്റ് വരുമ്പം സ്വയം അവധി പ്രഖ്യാപിക്കാം, അല്ലിയോ?
- അതും ചെയ്യാം, ചെയ്തിട്ടൊണ്ട്.
- എടാ കൊച്ചനേ, നീയൊക്കെ ഞങ്ങടെ നികുതിപ്പണോം വാങ്ങി അവധീം വെക്കേഷനും ഒക്കെ വാങ്ങി കറങ്ങി നടന്ന് ക്രിക്കറ്റും കണ്ട് സപ്താഹോം ഉദ്ഘാടനം ചെയ്ത്, ചുമ്മാ ആഞ്ഞടിച്ചിട്ട്, അതൊക്കെ അപ്പീലില് എളകിപ്പോണത് അതൊക്കെ തുപ്പലു തേച്ച് ഒറപ്പിച്ചിട്ടു തന്നാണെന്ന് ഇപ്പം മനസിലായോ?
- അത്... പിന്നെ...
- എഡാ, ആദ്യം വെക്കേഷനും സപ്താഹോം സർക്കാരു വണ്ടീല് അണ്ടിപ്പരിപ്പു തിന്നാൻ പാഞ്ഞു നടക്കലുമൊക്കെ നിർത്തീട്ട് സ്വന്തം പണി മര്യാദയ്ക്കു ചെയ്യ്. എന്നിട്ട് നാട്ടുകാരടെ നെഞ്ഞത്തോട്ടു കേറ്.
- അത്... ചേട്ടാ...
- ഉരുളാതെടാ. നീയൊക്കെ കെടന്ന് ഉരുണ്ടു മറിഞ്ഞാ ഈ ടാറൊക്കെ പിന്നേം എളകിപ്പോരും!
രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ ഞാൻ എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചു:
- ഭ്രാന്തൻ! ഭ്രാന്തൻ! ആന്റപ്പന് വട്ടായേ...
ഷാ വക്കീലും ദാമോദരമ്മാമനും അസ്മാദികളും ഓടി വന്നു. ഞാൻ അലറി:
- ഞാൻ ചന്ദ്രനാ ചന്ദ്രൻ! ഈ നായിന്റെ മരുമോൻ എന്നെ നോക്കി കൊരയ്ക്കണു. മാന്യന്മാരെ എന്തും പറയാമെന്നായിരിക്കണു. ഇവന്റെ നാവു പിഴുതു കളയണം എന്റെ ദാമോദരമ്മാമാ...
അന്നേരം ആന്റപ്പൻ ചിരിച്ചു കൊണ്ടു പറഞ്ഞു:
- കൊച്ചനേ, സോക്രട്ടീസിനു ഭ്രാന്താണെന്നു പറഞ്ഞ അധികാരിവർഗം ഇവിടെയൊണ്ടാരുന്നു. സോക്രട്ടീസിനു വെഷം കൊടുത്തു കൊന്നവന്റെ പേര് ലോകം മറന്നു പോയി. പക്ഷേ സോക്രട്ടീസിന്റെ പേര് ലോകം മറന്നിട്ടില്ല. സോക്രട്ടീസിനും ഗലീലിയോയ്ക്കും കർത്താവിനും ഗാന്ധിക്കുമൊക്കെ ഭ്രാന്താണെന്നു വിധിച്ചവരൊക്കെ ചരിത്രത്തിന്റെ തെമ്മാടിക്കുഴീലാ കെടക്കണത്...
ആന്റപ്പൻ ചിരിച്ചു:
- ഞാൻ പൊളിഞ്ഞ റോഡുകളെങ്കിലും ചരിത്രത്തില് ശേഷിപ്പിക്കും. നീയോ? ഉദ്ഘാടനങ്ങൾക്കു കൊളുത്തിയ തിരികളോ? അതോ ഓസിനു തിന്നു തീർത്ത അണ്ടിപ്പരിപ്പിന്റെ കൂടുകളോ? അതോ ശമ്പളം വാങ്ങിയ കവറുകളോ...?
ഞാൻ കാതു രണ്ടും മുറുകെ പൊത്തി ഓടുമ്പോഴും പിന്നിൽ നിന്ന് ആന്റപ്പന്റെ ശബ്ദം കേൾക്കാമായിരുന്നു:
- ഞാൻ ഞാൻ എന്നഹങ്കരിച്ചിരുന്ന രാജാക്കന്മാരും മാടമ്പിമാരും (പൂർണ്ണ)ചന്ദ്രന്മാരും മറ്റും എവിടെ?
(കഥ)
No comments:
Post a Comment