രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 126 എംഎൽഎമാരും 17 എംപിമാരും കൂറുമാറി വോട്ടുചെയ്‌തിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് എൻഡിഎ ക്യാമ്പിനെ അസ്വസ്ഥമാക്കുന്നു. പ്രതിപക്ഷ വോട്ടുപിളർത്താൻ ആറ് കേന്ദ്രമന്ത്രിമാർ അടക്കം 14 അംഗ ‘മാനേജ്‌മെന്റ’ ടീമിനെ നിയോഗിച്ചിട്ടും രാംനാഥ് കോവിന്ദ് നേടിയ വോട്ടിനൊപ്പം പിടിക്കാൻ ബിജെപിക്കായില്ല. മഹാരാഷ്‌ട്രയിലും ത്രിപുരയിലും പുതുച്ചേരിയിലും എൻഡിഎ വോട്ടുകൾ ചോർന്നു.
കോവിന്ദിന് ലഭിച്ച വോട്ടുമൂല്യം 7.03 ലക്ഷമായിരുന്നു. ആകെ വോട്ടുമൂല്യത്തിന്റെ 65.65 ശതമാനം. എതിർസ്ഥാനാർഥി മീരാകുമാറിന്റെ വോട്ടുമൂല്യം 3.67 ലക്ഷമായിരുന്നു. 34.35 ശതമാനം. ദ്രൗപദി മുർമുവിന്റെ വോട്ടുമൂല്യവും ഏഴ് ലക്ഷം കടത്തുകയെന്ന ലക്ഷ്യം പാളി. എന്നാൽ 6.77 ലക്ഷമാണ് മുർമുവിന് വോട്ടുമൂല്യം നേടാനായത്. ആകെ വോട്ടുമൂല്യത്തിന്റെ 64 ശതമാനമാണ്. രാംനാഥ് കോവിന്ദിനു കിട്ടിയതിനേക്കാൾ വോട്ടുമൂല്യം 1.65 ശതമാനം ഇടിഞ്ഞു.
മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ചതിലും രണ്ട് വോട്ട് എൻഡിഎയ്‌ക്ക് കുറഞ്ഞു. ത്രിപുരയിൽ എൻഡിഎയ്‌ക്ക് 43 എംഎൽഎമാരുണ്ട്. എന്നാൽ മുർമുവിന് കിട്ടിയത് 41 വോട്ട്. പുതുച്ചേരിയിൽ പ്രതിപക്ഷത്തിന്റെ അംഗബലം എട്ട് , എന്നാൽ സിൻഹയ്‌ക്ക് ഒമ്പത് വോട്ട് ലഭിച്ചു.
ചോർന്ന് കോൺഗ്രസ് വോട്ടുകൾ
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് കൂറുമാറി വോട്ടുചെയ്‌തതിൽ ഭൂരിഭാഗവും കോൺഗ്രസ് എംഎൽഎമാർ. അസമിലെ 27 കോൺഗ്രസ് എംഎൽഎമാരിൽ 22 പേരും കൂറുമാറി. അഞ്ചുപേർമാത്രമാണ് പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്‌ക്ക് വോട്ടുചെയ്‌തത്. ഗുജറാത്തിൽ ആറും ജാർഖണ്ഡിൽ ഒമ്പതും ഛത്തീസ്‌ഗഢിൽ രണ്ടും കോൺഗ്രസ് എംഎൽഎമാർ മുർമുവിനെ പിന്തുണച്ചു. ബിഹാറിൽ പ്രതിപക്ഷനിരയിൽനിന്ന് ആറ് വോട്ട് ചോർന്നു. രാജസ്ഥാനിലും ചോർച്ചയുണ്ടായി. അസമിൽ നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്കിൽ ദുർബലാവസ്ഥയിലായ കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നതാണ് വോട്ടുചോർച്ച. രാജസ്ഥാനും ഛത്തീസ്‌ഗഢും നിലവിൽ കോൺഗ്രസ് ഭരണത്തിൽ ശേഷിക്കുന്ന സംസ്ഥാനങ്ങളാണ്. ജാർഖണ്ഡിൽ ജെഎംഎമ്മിനൊപ്പം സഖ്യസർക്കാരുമുണ്ട്.
എന്നാൽ, ഈ മൂന്ന് സംസ്ഥാനത്തും വോട്ടുകൾ ചോർന്നതിലും കോൺഗ്രസ് ആശങ്കയിലാണ്. രാജസ്ഥാനിൽ ബിജെപിയുടെ അംഗബലം എഴുപത് ആണ്. എന്നാൽ, മുർമുവിന് 75 വോട്ട് കിട്ടി. ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് 71 എംഎൽഎമാരുണ്ട്. എന്നാൽ, സിൻഹയ്‌ക്ക് കിട്ടിയത് 69 വോട്ടുമാത്രം. കോൺഗ്രസിന് 18 എംഎൽഎമാരുള്ള ജാർഖണ്ഡിൽ സിൻഹയ്‌ക്ക് ലഭിച്ചത് ഒമ്പത് വോട്ട്. ഗോവ കോൺഗ്രസിലും വോട്ടുകൾ ചോർന്നു. ബിജെപിക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന തൃണമൂലിന്റെ രണ്ട് വോട്ട് ബംഗാളിൽ മുർമുവിന് അനുകൂലമായി ചോർന്നു. യുപിയിൽ പ്രതിപക്ഷത്തിന്റെ 12 വോട്ട് എൻഡിഎയിലേക്ക് പോയി.
Read more: https://www.deshabhimani.com/news/national/indian-presidential-election-nda/1033604
No comments:
Post a Comment