Monday, July 4, 2022

സ്റ്റാൻ സ്വാമിയെ അവർ കൊന്ന ദിവസം ഞാൻ മോണ്ടിക്രിസ്റ്റോ വായിക്കുകയായിരുന്നു. എസ്; സുധീപ് എഴുത്ത്

സ്റ്റാൻ സ്വാമിയെ അവർ കൊന്ന ദിവസം ഞാൻ മോണ്ടിക്രിസ്റ്റോ വായിക്കുകയായിരുന്നു.

നിരപരാധിയായ ഡാന്റിസിനെ അവർ പതിനാലു കൊല്ലമാണ് തടവിലിട്ടത്.

തടവുചാടി മോണ്ടിക്രിസ്റ്റോ പ്രഭുവായി മാറിയ ഡാന്റിസ് വർഷങ്ങൾക്കു ശേഷം ആ തടവറയിൽ ഒരു സന്ദർശകനായി എത്തുന്നുണ്ട്.

അദ്ദേഹം തന്റെ മുറി മുഴുവനും വ്യക്തമായി കണ്ടു.

എന്നിട്ടു പറഞ്ഞു:

"ഞാൻ ഇരിക്കുക പതിവുള്ള കല്ലാണിത്. ഞാൻ ചാരിയിരുന്നിട്ടുള്ള എന്റെ തോളടയാളമാണ് ഈ ചുമരിന്മേൽ കാണുന്നത്. തല ചുമരിന്മേൽ അടിച്ചു പൊട്ടിച്ച ദിവസം ചോര തെറിച്ച അടയാളം! ഓ! ഈ അക്കങ്ങൾ! എനിക്കെന്തോർമ്മയാണിവ! മടങ്ങിച്ചെല്ലുമ്പോൾ അപ്പച്ചനെ കാണാൻ പറ്റുമോ എന്നറിയാൻ ഞാനൊരിക്കൽ അപ്പച്ചന്റെ വയസു കണക്കാക്കി നോക്കി. ഞാൻ മടങ്ങിച്ചെല്ലുമ്പോൾ എന്റെ മെഴ്സിയെ സ്വതന്ത്രമായി കാണുവാൻ സാധിക്കുമോ എന്നറിയുവാൻ ഞാനവളുടെ വയസു കണക്കാക്കി നോക്കി..."

പിതാവിന്റെ ശവസംസ്കാരം, മേഴ്സിയുടെ വിവാഹം - ഒക്കെയും മോണ്ടിക്രിസ്റ്റോ പ്രഭുവിന്റെ മനസിലെത്തി.

ജയിലിലെ ഗുഹയുടെ ഒരു ചുമരിൽ താൻ അന്നെഴുതിയത് അദ്ദേഹം വീണ്ടും വായിച്ചു:

- ഓ! ദൈവമേ! എന്റെ സ്മൃതികളെ സംരക്ഷിച്ചു തരേണമേ...

മോണ്ടിക്രിസ്റ്റോ പ്രഭു പറഞ്ഞു:

"എന്റെ അവസാനത്തെ പ്രാർത്ഥന അതു മാത്രമായിരുന്നു. ഞാൻ ഒടുവിലായപ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല, ഓർമ്മശക്തിക്കു വേണ്ടി മാത്രമാണ് യാചിച്ചിരുന്നത്. ഭ്രാന്തുപിടിക്കുകയോ ഓർമ്മശക്തി ഇല്ലാതാവുകയോ ചെയ്യുന്ന ആ സ്ഥിതി, ഭയാനകമാണത്..."

ഞാനും നിങ്ങളും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തടവിലാണ്.

ഓർമ്മ നഷ്ടപ്പെടാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കുക.

സ്റ്റാൻ സ്വാമിയുടെ,
ഭീമാ കൊറേഗാവിന്റെ,
സഞ്ജീവ് ഭട്ടിന്റെ,
നജീബിന്റെ,
എഹ്സാൻ ജാഫ്രിയുടെ,
ഗുജറാത്തിന്റെ,
ദൽഹിയുടെ,
മുഹമ്മദ് അക്ലാഖിന്റെ,
സിദ്ദിഖ് കാപ്പന്റെ,
ടീസ്റ്റയുടെ,
ശ്രീകുമാറിന്റെ,
മുഹമ്മദ് സുബൈറിന്റെ,
ഗൗരി ലങ്കേഷിന്റെ,
പൻസാരെയുടെ,
കൽബുർഗിയുടെ,
ധാബോൽക്കറുടെ,
ചരിത്രം പേരുകൾ രേഖപ്പെടുത്താതെ പോയവരുടെ...

അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടു ചോര നൽകി ഇവിടം വിട്ടു പോയ ആ രക്തസാക്ഷികളുടെ...

ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ...

മറക്കരുത്,
നമുക്കു വേണ്ടിയാണവരൊക്കെയും ജീവിതം ഹോമിച്ചത്.

അവർ കൊണ്ട വെയിലിന്റെ തണൽ നാം നടക്കും വഴികളിലെവിടെയൊ ക്കെയോ കാണുന്നില്ലേ...?

സൂക്ഷിച്ചു നോക്ക്...

അങ്ങു ദൂരെ എവിടെയോ...

ഓർമ്മകളുണ്ടായിരിക്കണം!

No comments:

Post a Comment