Wednesday, July 6, 2022

5 ജി ; അകവും പുറവും

രാജ്യത്ത്‌ അഞ്ചാം തലമുറ (5 ജി) ഇന്റർനെറ്റ്‌ സേവനം മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്ന്‌ ടെലകോം വകുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു. നൂറ്റമ്പതിലേറെ രാജ്യത്തിൽ ഇപ്പോൾത്തന്നെ 5 ജി ഇന്റർനെറ്റ്‌ സുഗമമായി വിതരണം ചെയ്തു വരുന്നുണ്ട്‌. നേരത്തേ തന്നെ ഈ സൗകര്യം ഇന്ത്യയിൽ എത്തിക്കാമായിരുന്നിട്ടും വൈകിയത്‌ എന്തു കൊണ്ട്‌ എന്നതു സംബന്ധിച്ചും ബിസിനസ്‌ വൃത്തങ്ങളിൽ ചർച്ചയുണ്ട്‌. അതായത്‌ സ്വകാര്യ മേഖലയിൽ മാത്രമാകും 5 ജി സേവനദാതാക്കളെന്നത്‌ പരമാർഥമാണല്ലോ. അപ്പോൾ ആർക്ക്‌ കൊടുക്കണം, എന്തു നേട്ടം തുടങ്ങി കാര്യങ്ങളിൽ ഭരിക്കുന്നവർക്ക്‌ കൃത്യമായ ധാരണയും താൽപ്പര്യവും ഉണ്ടാകുമെന്ന്‌ ഉറപ്പ്‌. രാജ്യത്ത്‌ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്ന്‌ നടന്ന മേഖലയാണ്‌ സ്‌പെക്‌ട്രം വിൽപ്പനയെന്നതും ഇത്തരുണത്തിൽ ഓർമിക്കാം.  5 ജി ഇന്റർനെറ്റ്‌ വരുന്നതോടെ എവിടെയെല്ലാം എന്തെന്ത്‌ മാറ്റമുണ്ടാകുമെന്നതു സംബന്ധിച്ച്‌ പലവിധ ചർച്ച  നടക്കുന്നുണ്ട്‌, ആശങ്കകളുമുണ്ട്‌.

ആദ്യം എന്താണ്‌ 5 ജി എന്നുനോക്കാം. സാങ്കേതിക രംഗത്ത്‌ ഏതു വിഭാഗമെടുത്താലും തലമുറ മാറ്റം വരുമ്പോൾ അതിന്റെ സ്വഭാവത്തിലും ശേഷിയിലും പ്രകടമായ മാറ്റമുണ്ടാകും. ഒരു പ്രത്യേക സാങ്കേതിക വിദ്യ ഏതു തലത്തിലേക്ക്‌ വളർന്നാലാണോ കൂടുതൽ നേട്ടം, പ്രത്യേകിച്ചും കച്ചവട രംഗത്തുള്ള നേട്ടം, ആ ദിശയിലേക്കാകും മാറ്റം. നാലാം തലമുറ ഇന്റർനെറ്റാണ്‌ ഇന്ന്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിലവിലുള്ളത്‌. ഇതുവഴി സ്മാർട്ട്‌ ഫോണടക്കം വിവിധ ഉപകരണം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം വേഗക്കുറവ്‌ തന്നെയാണ്‌. കൂടുതൽ ജോലിഭാരം ഏൽപ്പിച്ചാൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ശേഷിക്കനുസരിച്ച്‌ കാര്യക്ഷമമാകാൻ പറ്റുന്നില്ല. പരസ്പരം സഹകരിച്ച്‌ സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ശക്തിയുള്ള ഇന്റർനെറ്റ്‌ (ബാൻഡ്‌വിഡ്‌ത്‌) ഇല്ലാത്തതിന്റെ പ്രതിസന്ധി. ഈ പരിമിതി മറികടക്കുന്നതാണ്‌ 5 ജി. 


ഒഴിയാത്ത ‘കറക്കം ’
‘ ലേറ്റൻസി’അഥവാ നിർദേശത്തിനും സ്വീകരണത്തിനും ഇടയിലുള്ള സമയ ദൈർഘ്യമാണ്‌ ഡിജിറ്റൽ ഉപകരണങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നം. ഉദാഹരണത്തിന്‌ ഒരു റോബോട്ടിന്റെ പ്രവർത്തനമെടുക്കാം. ഒരു പ്രവൃത്തി ചെയ്യിക്കുക ലക്ഷ്യമിട്ട്‌ റിമോട്ട്‌ വഴിയോ മറ്റേതെങ്കിലും ഡിജിറ്റൽ ഡിവൈസ്‌ വഴിയോ നിർദേശം നൽകുന്നുവെന്ന്‌ കരുതുക. ഡിവൈസിൽ നിന്ന്‌ റോബോട്ടിലേക്ക്‌ സന്ദേശം എത്തുന്ന സമയവും അതു ലഭിച്ച ശേഷം പ്രവൃത്തിയിലേക്ക്‌ കടക്കാനുള്ള സമയവും കൂടുതലാണ്‌. അതു കൊണ്ടു തന്നെ ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വേണ്ടവിധം ഇന്നത്തെ അവസ്ഥയിൽ നടക്കില്ല. ഈ ലേറ്റൻസി കുറച്ചുകൊണ്ടു വരികയാണ്‌ 5 ജി ചെയ്യുന്നത്‌. നിർദേശം ലഭിച്ച മാത്രയിൽ തന്നെ റോബോട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു, അത്‌ ഇടതടവില്ലാതെ പൂർത്തിയാക്കാനും കഴിയുന്നു. അങ്ങനെ നോക്കുമ്പോൾ, വ്യക്തിഗത ഉപയോഗത്തേക്കാൾ ഉപരിയായി യന്ത്ര രംഗത്തുള്ള നേട്ടമായിരിക്കും ഈ വേഗ ഇന്റർനെറ്റ്‌ നൽകുക. അതു കൊണ്ടു തന്നെ വ്യാവസായിക രംഗത്ത്‌ കുതിച്ചു ചാട്ടത്തിന്‌ സഹായകരമാകും 5 ജി എന്ന അവകാശവാദങ്ങളെയും പരിഗണിക്കേണ്ടിവരും. 5 ജി പിന്തുണയ്ക്കുന്ന സ്മാർട്ട്‌ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമാക്കലും പ്രധാനം.

4 ജിയേക്കാൾ 20 മുതൽ 100 ഇരട്ടിവരെ വേഗതയാണ്‌ 5 ജി വാഗ്ദാനം ചെയ്യുന്നത്‌. അവകാശവാദം ഇങ്ങനെയൊക്കെ ആണെങ്കിലും 3 ജി, 4 ജി വാഗ്ദാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ ശരാശരി ഒരു 30 മടങ്ങു വരെ വേഗത വർധിച്ചേക്കാമെന്നാണ്‌ ഡിജിറ്റൽ രംഗത്തെ വിദഗ്ധരുടെ കാഴ്ചപ്പാട്‌. അത്രയും വേഗം ഇടതടവില്ലാതെ കിട്ടിയാൽ തന്നെ ഡൗൺലോഡ്‌–-അപ്‌ലോഡ്‌ വേഗത്തിലാകും. വീഡിയോ കോളടക്കം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴുള്ള തടസ്സം നീങ്ങും. വിവിധ ബുക്കിങ്‌ ആപ്പുകളുടെയടക്കം പ്രവർത്തനത്തിലുള്ള ‘കറക്കം ’ ഒഴിവാക്കാനാകുമെന്നും കണക്കു കൂട്ടുന്നു.


പാക്കേജുകളിലെ അസമത്വം
ഡിജിറ്റൽ ഉപകരണങ്ങളുടെ നിലവാരക്കുറവു മുതൽ കുറഞ്ഞ ബാൻഡ്‌വിഡ്‌ത്‌ വരെയുള്ള പ്രശ്നങ്ങൾ മൂലം അനാവശ്യമായി നെറ്റ്‌ ഉപയോഗിക്കുന്നു നമ്മൾ. ഇത്‌ ചെലവ്‌ കൂട്ടുകയും ചെയ്യുന്നു. ഇന്ത്യയിൽ ശരാശരി ആളോഹരി ഉപയോഗം 18 ജിബി ആണെങ്കിൽ ലോകനിലവാരം ഇത്‌ 11 ജിബി മാത്രമാണ്‌. കേരളം പോലുള്ള അപൂർവം സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിൽ വൻ നഗരങ്ങളിൽ മാത്രമാണ്‌ പൂർണ തോതിലുള്ള ഇന്റർനെറ്റ്‌ ഉപയോഗമുള്ളൂവെന്നു കൂടി മനസ്സിലാക്കണം.

5 ജി നൽകുന്ന ആശങ്കകളിൽ പ്രധാനം പണം കൂടുതൽ അടയ്ക്കുന്നവർക്ക്‌ മികച്ച സേവനമെന്ന നയമാണ്‌. വിവിധ പാക്കേജായി ഡാറ്റാ നിരക്ക്‌ നിശ്ചയിക്കുകയും മുന്തിയ നിരക്ക്‌ നൽകുന്നവർക്ക്‌ മികച്ച സേവനം നൽകുകയും ചെയ്യുന്നു. ഇതിൽ ഏറ്റവും വാലറ്റക്കാരന്‌ 5 ജി കണക്‌ഷനെന്ന പേരും 4 ജി പോലും കിട്ടാത്ത അവസ്ഥയുമുണ്ടാകുമോ? കണ്ടറിയണം. ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം സേവനം എടുക്കാൻ ശേഷിയുള്ളവരെ 5 ജി പരിഗണിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

ബിഎസ്‌എൻഎലിന്‌ ഇപ്പോഴാണ്‌ 4 ജിക്കുള്ള അനുമതി നൽകിയത്‌. കാരണം, സ്വകാര്യ കളിക്കാരെല്ലാം 5 ജിയിലേക്ക്‌ കടക്കുകയാണ്‌. അപ്പോൾ പൊതുമേഖലാ ഇന്റർനെറ്റിന്‌ പഴയ തലമുറ സംവിധാനം അനുവദിക്കുന്നതിൽ സ്വകാര്യ കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങളുമുണ്ടെന്ന്‌ ടെലകോം രംഗത്തെ വിദഗ്ധർ പറയുന്നു. പഴകിയ 4 ജി സേവന വിതരണ ഉപകരണങ്ങൾ നല്ല വിലയ്ക്ക്‌ പൊതു മേഖലയെ ഏൽപ്പിക്കാനാകും. സൈബർ ആക്രമണങ്ങളിൽ നിന്ന്‌ സുരക്ഷ നേടിത്തരുന്ന ഉറച്ച സംവിധാനമാണ്‌ 5 ജിയെന്നാണ്‌ ഈ  രംഗത്ത്‌ പ്രതീക്ഷ വയ്ക്കുന്നവർ പറയുന്നത്‌.
എന്നാൽ, ദശലക്ഷക്കണക്കിന്‌ ഉപകരണങ്ങൾ 5 ജിയിലേക്ക്‌ മാറുന്നതോടെ ആക്രമണ റിസ്‌ക്‌ കൂടുമെന്നു തന്നെയാണ്‌ കരുതുന്നത്‌.
കെവൈസിക്ക്‌ നൽകിയ വ്യക്തിത്വ തിരിച്ചറിയൽ രേഖപ്രകാരമുള്ള വിവരങ്ങൾ ഫോണിൽ നമ്പരിനൊപ്പം തെളിഞ്ഞു വരുമെന്നതിനാൽ ഫോൺ വഴിയുള്ള തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ 5 ജി സഹായിക്കും.

വർണ രാജിയുടെ വ്യാപ്തി
അന്തരീക്ഷത്തിലുള്ള സ്‌പെക്ട്രം അഥവാ വർണ രാജി എന്നു വിളിക്കുന്ന വൈദ്യുത കാന്തിക റേഡിയോ തരംഗം വഴിയാണ്‌ ഇന്റർനെറ്റ്‌ സഞ്ചരിക്കുന്നതെന്നു പറയാം. പരിമിതമായ അളവിൽ മാത്രമുള്ള ഈ തരംഗത്തിന്റെ (സ്‌പെക്ട്രം) ഉടമ സർക്കാരാണ്‌. സ്‌പെക്ട്രം ആരൊക്കെ ഏതൊക്കെ അളവിലുള്ളത്‌ ഉപയോഗിക്കണമെന്നും അതിന്‌ എത്ര വില ഇടണമെന്നും നിശ്ചയിക്കുന്നത്‌ കേന്ദ്ര സർക്കാരാണ്‌. നിശ്ചിത അളവുവരെ ഇത്‌ ഉപയോഗിക്കുന്നതിന്‌ സർക്കാർ ഫീസ്‌ ഈടാക്കുന്നില്ല. റിമോട്ടുകൾ, വൈഫൈ തുടങ്ങി ഒട്ടനവധി ഉപകരണം പ്രവർത്തിക്കുന്നത്‌ ഈ പരിധിയിൽ നിന്നാണ്‌. എന്നാൽ, പുതു തലമുറ ഇന്റനെറ്റ്‌ സേവനത്തിന്‌ വലിയ തുകയാണ്‌ സർക്കാർ ഈടാക്കുക. സർക്കാരുകളുടെ വൻകിട വരുമാന മാർഗങ്ങളിൽ ഒന്നാണ്‌ സ്‌പെക്ട്രം ലേലം.  3.3 മുതൽ 3.67 ഗിഗാ ഹെർട്‌സ്‌ അളവിലുള്ള സ്‌പെക്ട്രമാണ്‌ 5 ജിക്ക്‌ ആവശ്യമായി വരുന്നത്‌.

ഇന്ത്യയിൽ നിരക്ക്‌ പരമാവധി കുറയ്ക്കണമെന്ന സ്വകാര്യ കുത്തക കമ്പനികളുടെ ആവശ്യം പടിപടിയായി കേന്ദ്ര സർക്കാർ അംഗീകരിച്ചു വരുന്നതാണ്‌ ലേലം അടുക്കുന്ന ഘട്ടത്തിൽ തെളിഞ്ഞു വരുന്നത്‌. കഴിഞ്ഞ വർഷം നടന്ന ലേലം പൊളിഞ്ഞതിനു പിന്നിലും നിരക്ക്‌ സംബന്ധിച്ച നീക്കു പോക്ക്‌ ലക്ഷ്യമുണ്ടായിരുന്നു. രണ്ടാംഘട്ടം വിൽപ്പനയ്ക്ക്‌ ഒരുങ്ങുമ്പോൾ ഒരു യൂണിറ്റ്‌ സ്‌പെക്ട്രത്തിന്‌ 492 കോടിയാണ്‌ ആദ്യം നിശ്ചയിച്ചത്‌. പിന്നീട്‌ കേന്ദ്രം അത്‌ 317 ആയി കുറച്ചു. ഇനിയും കുറയ്ക്കണമെന്ന്‌ വൻ സമ്മർദമുണ്ടെന്നാണ്‌ ടെലികോം മന്ത്രിയുടെയും മറ്റും വാദം. വെറും സമ്മർദമാണോ കമീഷൻ സമ്മർദമാണോ എന്നതും പിന്നീട്‌ പുറത്തു വരിക തന്നെ ചെയ്യും. കഴിഞ്ഞവർഷം 37 ശതമാനം വിൽപ്പന നടത്തിയതു വഴി 77,814 കോടി സർക്കാരിന്‌ ലഭിച്ചിരുന്നു. ഈ മാസം ലേലം നടക്കുമ്പോഴേ അന്തിമനിരക്ക്‌ അറിയാനാകൂ. (അവസാനിക്കുന്നില്ല)


ഫിജിറ്റലും കെ ഫോണും - 5 ജി അകവും പുറവും ഭാഗം 2

5 ജി വഴി കുതിപ്പുണ്ടാക്കാൻ പറ്റുന്ന ഒരു മേഖല ഡിജിറ്റൽ സർവകലാശാലകളാണ്‌. പഠനരീതികളിലും ഗവേഷണ പ്രവർത്തനങ്ങളിലും ലോകത്തെ ഉന്നതഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ലാസുകളും ഉപദേശങ്ങളും പ്രവർത്തനങ്ങളും തത്സമയം ലഭ്യമാക്കുന്നതിനും ഉപകരിക്കും. പഠനത്തോടൊപ്പം ഉൽപ്പാദനമെന്ന പ്രക്രിയയും എളുപ്പമാകും.

ഓൺലൈൻ ധനകാര്യ രംഗവും വലിയ മാറ്റത്തിനു വിധേയമാകും. ‘വൺ ടാപ്‌ ’ പേമെന്റ്‌ സർവ സാധാരണമാകും. കാഷ്യർ തസ്തികതന്നെ ആവശ്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ  ഭാവിയിൽ വന്നേക്കാമെന്നത്‌ ഒരുഭാഗത്ത്‌ ആശങ്കയും ഉണ്ടാക്കുന്നതാണ്‌.  ആരോഗ്യ രംഗത്ത്‌ വരുന്ന മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്‌ ക്ലിനിക്കുകളിൽ ഉണ്ടാകുന്ന സൗകര്യമാണ്‌. ഒരു ഡോക്ടറും അത്യാവശ്യം നഴ്‌സുമാരും മാത്രമുള്ള ചെറുകിട ക്ലിനിക്കുകളിൽ പോലും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാനാകും. കാരണം, എത്ര ദൂരത്തിരുന്നും സ്‌പെഷ്യലിസ്റ്റുകൾക്കും മറ്റും സേവനം നൽകാനാകും.ഒരു ആംബുലൻസ്‌ തന്നെ കണക്ടഡ്‌ ആയാലുള്ള സൗകര്യം ആലോചിച്ചു നോക്കൂ. ഏത് ഉന്നതനായ ഡോക്ടർക്കും ചികിത്സാ നിർദേശങ്ങൾ ലൈവായി നൽകാൻ കഴിയും.

ഡിജിറ്റൽ എന്നതുമായി ബന്ധിപ്പിച്ച്‌ പുതിയ പദാവലികളുടെ വരവാണ്‌ മാറ്റങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുക. തൊഴിൽരംഗം ‘ഫിജിറ്റൽ’ ആകുന്നുവെന്നാണ്‌ സങ്കൽപ്പം. അതായത്‌ ശാരീരിക അധ്വാനത്തോടൊപ്പം ഡിജിറ്റൽ ഉപകരണങ്ങൾ കൂടി അധ്വാനത്തെ സഹായിക്കുന്നു. ഇത്‌ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതോടൊപ്പം തൊഴിലിനെ ഫാക്ടറിയിൽ നിന്ന്‌ പുറത്തു ചാടിക്കുകയും ചെയ്യുന്നു. നിങ്ങൾ എവിടെയാണോ ഉള്ളത്‌ അവിടെ തൊഴിലെടുത്ത്‌ വരുമാനം ഉണ്ടാക്കാമെന്ന സ്ഥിതി. ഇത്‌ സ്‌ത്രീകളുടെ തൊഴിൽ സാധ്യത വൻ തോതിൽ വർധിപ്പിക്കും. ഇതു കൂടി മുൻ കൂട്ടി കണ്ടാണ്‌ കേരള സർക്കാർ അത്തരം പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്‌. കെ–-ഫോൺ വഴി 5 ജിയടക്കം ഇനിവരുന്ന തലമുറകളും നൽകാമെന്നതിനാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. ഏറ്റവും ഉൾപ്രദേശത്തടക്കം മികച്ച ഇന്റർനെറ്റ്‌ എത്തിക്കുന്ന സംവിധാനമാണ്‌ കെ–- ഫോൺ. മറ്റു പല സംസ്ഥാനത്തും മഹാനഗരങ്ങൾ വിട്ട്‌ പുറത്തു പോയാൽ വേഗതയുള്ള ഇന്റർനെറ്റ്‌ ലഭ്യമല്ല. എന്നാൽ, കേന്ദ്രം ഇപ്പോൾ 5 ജി നൽകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള 25 നഗരത്തിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടിട്ടില്ല. അതേസമയം, ഗുജറാത്തിലെ ജാംനഗർ അടക്കം മൂന്ന്‌ നഗരം ഉൾപ്പെടുത്തിയിട്ടുണ്ട്‌. മൊബൈൽ സാന്ദ്രത, കണക്ടിവിറ്റി, ജനസംഖ്യാനുപാതിക ടെക്കികളുടെ ശരാശരി എണ്ണം എന്നിങ്ങനെ ഏതു രംഗമെടുത്താലും മാറ്റിനിർത്തേണ്ട പ്രദേശമല്ല കേരളം.

മാറാം മാധ്യമമേഖലയ്ക്കും
പ്രതീതി യാഥാർഥ്യവും (ഓഗ്‌മെന്റഡ്‌ റിയാലിറ്റി–- എആർ) കംപ്യൂട്ടർ ഭാവനയും (വെർച്വൽ റിയാലിറ്റി–-വിആർ) കൊണ്ട്‌ സമൃദ്ധമായ മൊബൈൽ ഗെയിമുകളും ഫോർ കെ വീഡിയോകളും മൊബൈൽ ഫോണിൽ ലഭ്യമാകുമെന്നതാണ്‌ അഞ്ചാം തലമുറ കൊണ്ടു വരുന്ന മറ്റൊരു പുതുമ. വൈദ്യുത വാഹനങ്ങളും ചാർജിങ്‌ സ്‌റ്റേഷനുകളും തമ്മിലുള്ള കണക്ടിവിറ്റി, വാഹനഗതാഗത നിയന്ത്രണത്തിന്‌ കൂടുതൽ എളുപ്പമാർഗം എന്നിങ്ങനെ സാധ്യതകളുടെ വലിയ ലോകം തുറക്കാനാകുമെന്ന്‌ 5 ജി പ്രാവർത്തികമായ ദേശങ്ങളിൽ അനുഭവമുണ്ട്‌. സ്വന്തമായി 5 ജി ലൈൻ വാങ്ങിക്കാൻ അവസരമുണ്ടാകുമെന്നത്‌ വാർത്താ ചാനൽ, ഓൺലൈൻ മാധ്യമരംഗങ്ങളിൽ വലിയ വിപ്ലവമുണ്ടാക്കും. വാർത്താ ചാനലുകൾക്ക്  വൻകിട ഉപകരണ സംവിധാനത്തിലൂടെയാണ്‌ ഇപ്പോൾ ലൈവുകളും  മറ്റും സാധിക്കുകയുള്ളൂ.

നമുക്കറിയാം ഒരു സംഭവമുണ്ടായാൽ അവിടേക്ക്‌ ഭീമൻകുടകൾ നിരത്തിയുള്ള ഒബി വാനുകളുടെ പ്രവാഹം. പാർക്ക്‌ ചെയ്യാൻപോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയും റോഡുകൾ അനന്തമായി ബ്ലോക്കാകുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്‌. സിമ്മും വൈഫൈ സംവിധാനവുമുള്ള കാമറകൾ ഇപ്പോൾത്തന്നെ ലഭ്യമാണെങ്കിലും നെറ്റ്‌വേഗം ഇല്ലാത്തതും ബാൻഡ്‌ വിഡ്‌ത്‌ ഇല്ലാത്തതുമായ പ്രശ്നംമൂലം അവ ഇന്ത്യയിൽ വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല. ഒന്നിലധികം സിം ഉപയോഗിച്ച്‌ കേരളത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ചാനലുകൾ ഇതുപയോഗിക്കുന്നുണ്ട്‌. 5 ജി വരുന്നതോടെ ലൈവ്‌ സംപ്രേഷണത്തിന്റെ മാനം തന്നെ മാറുമെന്നാണ്‌ ഈ രംഗത്ത്‌ വൈദഗ്ധ്യമുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ്‌ എഡിറ്റർ എസ്‌ ബിജു (5 ജിയും മാധ്യമലോകവും –- മീഡിയ, ഏപ്രിൽ–-മെയ്‌ 2022 ) പറഞ്ഞത്‌. വ്യത്യസ്ത പരിപാടിയുള്ള ഒരുകൂട്ടം വേദിയിൽനിന്ന്‌ എല്ലാ പരിപാടിയും ഒരേസമയം ലൈവ്‌ ചെയ്യാനുള്ള സാങ്കേതികവിദ്യ 5 ജിയിൽ പ്രവർത്തിപ്പിക്കാം. ചാനലുകൾ അതിനു തയ്യാറായാൽ പ്രേക്ഷകന്‌ ഇഷ്ടമുള്ളത്‌, ഇഷ്ടമുള്ള ആംഗിളിൽ കാണാനുള്ള അവസരം ലഭിക്കും. ക്രിക്കറ്റ്‌, കലോത്സവങ്ങൾ തുടങ്ങിയവ ഉദാഹരണം. ഇപ്പോൾ ചാനൽ നിശ്ചയിക്കുന്നതാണ്‌ നമ്മൾ കാണുക. എന്നാൽ, ഒരു കലോത്സവവേദിയിൽ നിന്ന്‌ ഒരേസമയം എല്ലാ സ്‌റ്റേജും ലൈവ്‌ ചെയ്യുന്ന ‘പൂൾ’ ഉണ്ടെങ്കിൽ അവരവരുടെ ജില്ലയോ സ്കൂളോ തെരഞ്ഞെടുത്ത്‌ കാണാം. പ്രേക്ഷകരുടെ അഭിപ്രായം അപ്പപ്പോൾത്തന്നെ ലൈവായി ലഭ്യമാക്കാനും അവസരം ഉണ്ടാകുമെന്നതിനാൽ ഓൺലൈൻ  ചാനലുകൾക്കടക്കം ആശയവിനിമയ സാധ്യതയേറുകയാണ്‌ ഇതുവഴി.

ലക്ഷ്യം പ്രീമിയം കസ്റ്റമേഴ്‌സ്‌
പ്രീമിയം കസ്റ്റമേഴ്‌സാണ്‌ ഇന്ത്യയിൽ കമ്പനികൾ ആദ്യം ലക്ഷ്യമിടുന്നത്‌. ആ നിലയ്ക്കാണ്‌ കേന്ദ്ര സർക്കാർ ടെലികോം നയവും രൂപീകരിച്ചിരിക്കുന്നത്‌. വിവിധ കമ്പനി  നടത്തിയ ഉപഭോക്തൃ സർവേയിൽ കണ്ടത്‌ അവർക്ക്‌ അനുകൂല നിലപാടും. ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ 50 ശതമാനംകൂടി തുക അധികം നൽകി 5 ജി സ്വീകരിക്കാൻ നാലുകോടിയിലധികം പേർ സന്നദ്ധരാണ്‌. ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെ 100 കോടി കണക്‌ഷനാണ്‌ കമ്പനികൾ ലക്ഷ്യമിടുന്നത്‌. എഐ, ഇന്റർനെറ്റ്‌ തിങ്‌സ്‌ എന്നിവ ഉപയോഗിച്ചുള്ള എല്ലാ പ്രവർത്തനത്തിനും ശക്തമായ പിന്തുണയാണ്‌ 5 ജി നൽകുക. ആരോഗ്യ സംരക്ഷണ മേഖല, കൃഷി, വിദ്യാഭ്യാസം, ഫാക്ടറികൾ എന്നീ രംഗത്തെല്ലാം ഈ പുതുതലമുറ ഇന്റർനെറ്റ്‌ ചടുലമായ മാറ്റമുണ്ടാക്കുമെന്നാണ്‌ നിലവിൽ ഉപയോഗമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിവരം. ഇത്‌ കച്ചവട മേഖലയിൽ വൻ ലാഭമുണ്ടാക്കാനും അവസരം നൽകുന്നു. വ്യാവസായിക രംഗത്ത്‌ 40 ശതമാനം വരെ ഉൽപ്പാദനക്ഷമത വർധിക്കുമെന്ന്‌ കണക്കാക്കുന്നു.

‘അതൊക്കെ കുറെ കേട്ടിട്ടുണ്ട്‌’
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ മുന്നോട്ടു വയ്ക്കുമ്പോൾ അത്‌ വിൽക്കുന്നവർ നൽകുന്ന വാഗ്ദാനങ്ങളിൽ പൂർണമായും വിശ്വാസമർപ്പിക്കുന്നതും മൗഢ്യമാണ്‌. നാളിതു വരെയുള്ള ഡിജിറ്റൽ അനുഭവങ്ങളും അതാണ്‌. വൻകിട വാഗ്ദാനങ്ങളുമായി എത്തിയ 4 ജിയും അതുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങളും ഇപ്പോൾ നൽകുന്ന സേവനം എന്താണ്‌? 5 ജിയുമായി വരുന്നവർ തന്നെ പറയുന്നു 4 ജി മോശമാണെന്ന്‌. വിചാരിച്ചതു പോലുള്ള വേഗമോ വികാസമോ കിട്ടിയില്ല. അപ്പോൾ അന്ന്‌ ഇവർ തന്നെ പറഞ്ഞ വാഗ്ദാനങ്ങൾ കബളിപ്പിക്കലായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്‌. കമ്പനികൾ നിരത്തുന്ന 5 ജി വാഗ്ദാനങ്ങൾ കേട്ടാൽ ‘അതൊക്കെ കൊറെ  കേട്ടിട്ടുണ്ട്‌ ’ എന്ന ഡയലോഗേ ഓർമ  വരൂ.

മാർക്കറ്റിൽ ഏറ്റവും സജീവമായി നിലനിൽക്കുന്ന ഫോൺ–-ഡാറ്റ കമ്പനികളെ നിഷ്കാസനം ചെയ്യുകകൂടി ലക്ഷ്യമിട്ടാണ്‌  റിലയൻസ്‌ സൗജന്യ സിമ്മുമായി രംഗത്തു വന്നത്‌. ഒന്നും രണ്ടും മൂന്നും സിമ്മുമായി എല്ലാവരും നന്നായി  ‘സേവിച്ചു’. അതി ഭയങ്കരമായ വേഗമുള്ള ഇന്റർനെറ്റാണ്‌ ഞങ്ങൾ നൽകുന്നതെന്ന്‌ എല്ലാവരെയും വിശ്വസിപ്പിച്ച്‌ വൻകൊള്ള നടത്താൻ അവസരമുണ്ടാക്കി. 0.50 ജിബിയുടെ പോലും ആവശ്യമില്ലാത്ത ഭൂരിപക്ഷം പേരും പ്രതിദിനം രണ്ട്‌ ജിബി ‘വാരിക്കോരി’ തരുന്ന പാക്കേജുകളിലേക്ക്‌ കടക്കാൻ നിർബന്ധിതമായി. ചെറിയ പാക്കേജ്‌ എടുക്കുന്നവരെ ഞെക്കിപ്പഴുപ്പിച്ച്‌, കറക്കി അടുത്ത പാക്കേജിലേക്ക്‌ തള്ളിവിടുകയാണ്‌. ഈമാസം എടുത്ത പാക്കേജ്‌ അടുത്ത മാസമാകുമ്പോഴേക്കും ഇതേ വ്യവസ്ഥകളോടെ 100 മുതൽ 200 രൂപ വരെ വർധന വരുത്തും. ഉപയോഗിച്ച പാക്കേജിൽ നിന്ന്‌ പിന്നോട്ടു പോകാൻ പലരും തയ്യാറാകുകയില്ല. പാക്കേജ്‌ ആവർത്തിച്ചു കൊണ്ടിരിക്കും. അതായത്‌ നമുക്ക്‌ ഉപയോഗമില്ലാത്തത്ര അളവ്‌ ഡാറ്റ പ്രലോഭിപ്പിച്ച്‌ എടുപ്പിച്ച ശേഷം അത്‌ നമ്മളിൽനിന്ന്‌ ഊറ്റിക്കൊണ്ടു പോകുകയാണ്‌ ചെയ്യുന്നത്‌. മത്സരിക്കാൻ പൊതുമേഖല പോയിട്ട്‌ സ്വകാര്യമേഖലയിൽ തന്നെ ആരുമില്ലാത്ത സ്ഥിതിയിലേക്ക്‌ ഡാറ്റ കോർപറേറ്റുകൾ  വളർന്നു കഴിഞ്ഞു. ഈ വളർച്ചയ്ക്കു പിന്നിലുള്ള താങ്ങാണ്‌ കേന്ദ്ര ബിജെപി സർക്കാർ. ലേലമെടുക്കാൻ സാധ്യത കാണുന്ന കോർപറേറ്റ്‌ കമ്പനിക്ക്‌ അനുകൂലമായാണ്‌ സർക്കാരിന്റെ നയവും നിയമവും തീരുമാനവും. അത്‌ വെറുതെയെടുത്ത ‘തീരുമാനം’ അല്ലെന്ന്‌ മനസ്സിലാക്കാൻ സാമാന്യബോധം മതി. ‘5 ജി തലമുറ’ അതൊന്നും അന്വേഷിക്കാൻ മെനക്കെടില്ലെങ്കിലും അത്‌ പുറത്തു കൊണ്ടുവരാൻ ശേഷിയുള്ള മാധ്യമങ്ങൾ ഇന്ത്യയിലുണ്ട്‌ എന്നതുമാത്രമാണ്‌ ആശ്വാസം.
(അവസാനിച്ചു)
Read more: https://www.deshabhimani.com/articles/kfone-5g-in-india-augmented-reality/1030370


No comments:

Post a Comment