തെങ്ങുംതറയിലെ കിടപ്പുമുറിക്കുള്ളിൽ പകൽവെട്ടം കയറിയിട്ടും സജി ചെറിയാൻ ഉറക്കമുണർന്നിരുന്നില്ല. തലേന്നത്തെ ക്ഷീണം. പാതിരാത്രി കഴിഞ്ഞും സഖാക്കളുടെയും നാട്ടുകാരുടെയും തിരക്ക് ഒഴിഞ്ഞിരുന്നില്ല. രണ്ടു ദിവസമായി നിർത്താതെ ചിലച്ച ഫോൺ രാവിലെ മുതൽ വീണ്ടും ഒച്ച ഇട്ടുതുടങ്ങിയിരുന്നു. ചാർജ് ചെയ്യാനായി ഊൺമുറിയിലായിരുന്നു ഫോൺ. സജി കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി ക്രിസ്റ്റീന അടുക്കളയിലെ തിരക്കിൽ തന്നെ മുഴുകി. പക്ഷെ ഇടയ്ക്കൊന്ന് പാളിനോക്കിയപ്പോൾ പതിവില്ലാതെ ഫോണിൽ കണ്ടത്- 'അൺനോൺ നമ്പർ'. ക്രിസ്റ്റീന ഒന്ന് അമ്പരന്നു. സംഗതി ചില്ലറയല്ലെന്ന് തോന്നി അവർ കിടപ്പുമുറിയിലേക്ക് ഓടി സജിയെ കുലുക്കി ഉണർത്തി, ഫോൺ കയ്യിൽ കൊടുത്തു. 'ആരാ'? പാതി ഉറക്കത്തിൽ സജി മുരണ്ടു. തലേന്നത്തെ അവസാനിക്കാത്ത സംസാരം മൂലം സജിയുടെ തൊണ്ട അടച്ചിരുന്നു.
'സഖാവേ, ഞാൻ ഇ.എം ആണ്' മറുവശത്ത് അൽപ്പം വിക്കുള്ള സ്വരം. മുൻപ് എവിടെയോ കേട്ടിട്ടുള്ളതെന്ന് സജിയ്ക്ക് തോന്നിയെങ്കിലും തനിക്കറിയാവുന്നവരുടെയൊന്നുമല്ല. ക്ഷീണം കാരണം സജിക്ക് ഒന്നും മിണ്ടാനും തോന്നിയില്ല. ' മനസ്സിലായില്ലേ, സജി? ഞാൻ ഇ.എം.എസ്.
'സജിയുടെ ഉറക്കമൊക്കെ പമ്പ കടന്നു. പക്ഷേ ഏതോ മിമിക്രിക്കാരൻ രാവിലെ കളിപ്പിക്കുകയാണെന്ന് ആയിരുന്നു അപ്പോഴും സജിയുടെ തോന്നൽ. 'സജി, നിങ്ങൾ ഉണർന്നതേ ഉള്ളോ? ഞാൻ പിന്നെ വിളിക്കണോ, സഖാവേ?'പക്ഷെ അപ്പോഴേക്കും സജിക്ക് ഏതാനും സെക്കന്റ് നേരത്തേക്ക് ശബ്ദം നഷ്ടമായിരുന്നു. പിന്നെ കഷ്ടപ്പെട്ട് വീണ്ടെടുത്ത് വിശ്വാസമില്ലാതെ ചോദിച്ചു; ' ഇത് ഒള്ളതാന്നോ സഖാവേ, എനിക്ക് വിശ്വസിക്കാൻ മേല, ഇത് എങ്ങനാ പറ്റുന്നെ!'. അപ്പുറത്ത് നിന്ന് വന്ന സ്വരത്തിനു ഒരു അസാധാരണ ശാന്തിയുണ്ടായിരുന്നു. 'അതെല്ലാം മറന്നുകളയു, സഖാവേ.. ഒരു പ്രധാന കാര്യം പറയാനാണ് ഞാൻ വിളിക്കുന്നത്'. എല്ലാം സ്വപ്നം പോലെ തോന്നിയ സജിയ്ക്ക് പിന്നെയും വിശ്വാസം വന്നില്ലെങ്കിലും ആചാര്യനെ ഇനി അനുസരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
ഇ.എം.എസ്: സഖാവേ, എന്തിനാണ് ആ അബദ്ധങ്ങളൊക്കെ എഴുന്നള്ളിച്ചത്?
സജി: സഖാവേ, എന്റെ പ്രസംഗം വളച്ച് ഒടിച്ചതാണ്. ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് ഞാൻ വിമർശിച്ചത്.
ഇ.എം.എസ്: അല്ല, സജി. ഞങ്ങൾക്ക് ഇവിടെ മലയാളം ചാനലുകളൊക്കെ കിട്ടും. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് അത് കണ്ടത്. എ.കെ.ജി., അച്യുത മേനോൻ, നായനാർ ഒക്കെ ഉണ്ടായിരുന്നു. ഭരണഘടനയെ കുറിച്ചായതിനാലാകാം അൽപ്പം അകലെ ഇരുന്ന് ബാബാസാഹേബും പണ്ഡിറ്റ്ജിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്താണ് വിഷയമെന്ന അവർക്ക് വിശദീകരിച്ച് കൊടുക്കേണ്ട ദുര്യോഗവും എനിക്കുണ്ടായി, കേട്ടോ. മിക്കപ്പോഴും ഈ ചാനലുകൾ അസഹ്യമാണ്. പക്ഷെ നിങ്ങളുടെ വരികൾ കൃത്യമായി തന്നെ കൊടുത്തിരുന്നു. ഞാൻ അപ്പോൾ തന്നെ സീതാറാമിനെ വിളിച്ച് നിങ്ങളുടെ രാജി ഉടൻ വാങ്ങാനും പറഞ്ഞു. ഈയ്യിടെ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ തൊഴിലാളിവർഗ്ഗവും നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കും മാത്രമല്ല ഭരണഘടനയും നേരിടുന്ന വെല്ലുവിളികൾക്കെതിരെ ഇടതുപക്ഷം ഒന്നിച്ചുനിൽക്കണമെന്ന സീതാറാമിന്റെ പ്രസംഗം ഞാൻ അയാളെ തന്നെ വീണ്ടും ഓർമ്മിപ്പിച്ചു.
സജി: എന്റെ ഓണാട്ടുകരഭാഷ തെറ്റിദ്ധരിക്കപ്പെട്ടതാകാം, സഖാവെ. മറ്റേ കുന്തവും കൊടച്ചക്രവുമൊക്കെ..
ഇ.എം.എസ്.: ഏയ് അല്ല, സജി. എനിക്ക് ആ ഭാഷ നന്നായി പരിചയമുണ്ട്. ശങ്കരനാരായണൻ തമ്പി, കെ.സി. ജോർജ്ജ്, പുന്നൂസ്, എം.എൻ., ടി.വി. തുടങ്ങിയ സഖാക്കളെല്ലാവരും നിങ്ങളുടെ നാട്ടുകാരാണ്. എല്ലാവരും എന്റെ ആദ്യകാലം മുതലുള്ള സഖാക്കൾ. ഞാൻ തന്നെ എന്റെ നാട്ടുശൈലിയിലല്ലേ സംസാരിക്കാറുള്ളത്? ഏറനാടൻ ഭാഷ. പക്ഷെ എങ്ങിനെയാണ് ഇത്ര മോശമായി ഭരണഘടനയെപ്പറ്റി ആർക്കെങ്കിലും സംസാരിക്കാനാവുക?
സജി: പക്ഷെ മാർക്സിസ്റ്റുകാരായ നമ്മൾ ഭരണഘടനയെയും വിമർശനപരമായി കാണേണ്ടതല്ലേ, സഖാവേ?
ഇ.എം.എസ്.: തീർച്ചയായും സജി. പക്ഷെ നിങ്ങൾ ഉപയോഗിച്ച തരം ഭാഷ ഭരണഘടനയുടെ വിശ്വാസ്യതയ്ക്ക് തന്നെ നേരെയല്ലേ? പ്രത്യേകിച്ച് ബി.ജെ. പിയിൽനിന്ന് ഭരണഘടന വലിയ ആക്രമണം നേരിടുന്ന സമയം? നമ്മൾ ഇന്ന് അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും നാം കടപ്പെട്ടിരിക്കുന്നത് ഭരണഘടനയോടാണെന്ന് അറിയില്ലേ? ഭരണഘടനാ ബ്രിട്ടീഷ് സന്തതിയാണെന്ന ഹിന്ദുതീവ്രവാദി ഗോൾവാൾക്കറുടെയും സവർക്കറുടെയുമൊക്കെ അതേ ഭാഷയല്ലേ സജിയും പ്രയോഗിച്ചത്? ഇന്നത്തെ കോൺഗ്രസുകാർക്കറിയാത്ത ഒരു തമാശയുണ്ട്. അവരുടെ മുൻഗാമി കെ. ഹനുമന്തയ്യയ്ക്കും അതേ ഭാഷയായിരുന്നു. വീണയുടെയും സിതാറിന്റെയും സംഗീതം കേൾക്കാൻ ആഗ്രഹിച്ച താൻ, ഭരണഘടനയിൽ നിന്നും കേട്ടത് ഇംഗ്ലീഷ് ബാൻഡ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സജി: പക്ഷെ സഖാവേ, പിന്നെ എങ്ങിനെയാ നമ്മൾ വിമർശിക്കുക?
No comments:
Post a Comment