മലയാളം വാരികയിൽ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച എന്റെ ലേഖനം.
നിയമനിർമ്മാണ സഭകൾ, ബ്യുറോക്രസി, നീതിന്യായ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിങ്ങനെ ജനാധിപത്യത്തിന്റെ നാലു തൂണുകളെക്കുറിച്ച് നാം നിർബാധം സംസാരിക്കാറുണ്ടല്ലോ. പക്ഷപാത രഹിതമായിരിക്കണം എന്നുള്ളതാണ് ഈ നാലു തൂണുകളേയും നിയന്ത്രിക്കുന്ന അലിഖിതമായ കല്പന.
നിയമ നിർമ്മാണ സഭകൾ പക്ഷപാത രഹിതമായാണ് ഭരണ നിർവഹണം നടത്തുന്നതെങ്കിലും ഭരണപക്ഷം - പ്രതിപക്ഷം എന്നിങ്ങനെ രണ്ടു പക്ഷങ്ങൾ അവിടെ ദർശിക്കാൻ സാധിക്കും. അദൃശ്യമായ ഒരു ഇരുമ്പു മറയുടെ സാന്നിധ്യം നില നിൽക്കുന്നതിനാൽ ബ്യൂറോക്രസിയും നീതിന്യായ വ്യവസ്ഥയും നിയമനിർമ്മാണ സഭകളെപ്പോലെ പൊതു ബോധത്തിന്റെ സൂക്ഷ്മ പരിശോധനക്ക് അത്രമേൽ വിധേയമല്ല. എന്നാൽ ഈ മൂന്നിൽ നിന്നും വ്യത്യസ്തമായി പൊതുജനങ്ങളോട് ദിനംപ്രതിയെന്നല്ല നിമിഷംപ്രതി സംവദിക്കുന്നവരാണ് നാലാം തൂണായ മാധ്യമങ്ങൾ. അതു കൊണ്ടു തന്നെ ജനാധിപത്യ വളർച്ചയുടെ ചാലക ശക്തിയാകാൻ ഏറ്റവും സാധ്യതയുള്ളതും മാധ്യമങ്ങൾക്കാണ്. അതു മാത്രമല്ല മറ്റു മൂന്നു സംവിധാനങ്ങളിലും ഉണ്ടായ കാലാനുസൃത മാറ്റങ്ങളെക്കാൾ വൈവിധ്യപൂർണ്ണവും സാങ്കേതിക തികവുള്ളതുമായ മാറ്റങ്ങൾക്കു വിധേയമായതും ഒരുപക്ഷേ മാധ്യമങ്ങൾ തന്നെയായിരിക്കും.
എന്നാൽ ഈ വളർച്ചകളെല്ലാം ഗുണപരമാണോ എന്ന ചോദ്യം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ ചോദ്യങ്ങളുമായി നടക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തനത്തിന്റെ മൂന്നു വ്യത്യസ്ത മേഖലകളിലും- അച്ചടി - വാർത്താധിഷ്ഠിത ദൃശ്യമാധ്യമ - നവമാധ്യമ മേഖലകളിൽ- പ്രശംസനീയമായ സംഭാവനകൾ നൽകിയ മൂന്നുപേർ മൂന്നു വ്യത്യസ്ഥരൂപങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാനിടയായത്.
സമീപകാലത്തു വരെ ദേശീയ തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാരികയായിരുന്ന ഔട്ട്ലുക്കിന്റെ മുൻ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് റൂബെൻ ബാനർജി എഴുതിയ മിസ്സിങ് എഡിറ്റർ എന്ന പുസ്തകമാണ് ആദ്യത്തേത്. കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന മാധ്യമ പ്രവർത്തന രീതിയെ സംബന്ധിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ എം. വി നികേഷ് കുമാർ തന്റെ നവമാധ്യമ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് അതിൽ രണ്ടാമത്തേത്. ഫെയ്സ്ബുക്കിന്റെ മാധ്യമ പ്രവർത്തനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചവീശിയ ദി കാരവൻ മാസികയിലെ റിപ്പോർട്ടുകളും, അതിൽ തന്നെ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഇരട്ടത്താപ്പിന്റെ മുഖം അനാവരണം ചെയ്യുന്ന ഫേസ്ബുക്കിന്റെ ഡാറ്റ സയന്റിസ്റ്റായിരുന്ന സോഫി ഴാങ് നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഈ കുറിപ്പിന് ആധാരമായ മൂന്നാമത്തെ കാരണം.
എം വി നികേഷ് കുമാർ അക്കമിട്ടു നിരത്തിയ ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയിക്കുന്നതാണ് എഡിറ്റർ മിസ്സിംഗ് എന്ന 237 പേജുള്ള പുസ്തകം. ഇന്ത്യൻ മാധ്യമലോകം പക്ഷപാത രഹിതമായ നിലപാടുകളിൽ നിന്നും പക്ഷം മാത്രം പിടിക്കുന്ന നിലപാടുകളിലേക്ക് എങ്ങനെ മാറിയെന്നുള്ളതിന്റെ വസ്തുനിഷ്ഠമായ വിവരണമാണ് ആ പുസ്‌തകം. 2018 ൽ ഔട്ട്ലുക്കിൽ ജോലിയാരംഭിച്ചതു മുതൽ 2021ൽ അവിടെ നിന്നും തീർത്തും ആചാര രഹിതമായി പുറത്താക്കപ്പെടുന്നതു വരെയുള്ള കാലത്ത് ഇന്ത്യയിൽ നടന്ന ഒട്ടു മിക്ക പ്രശ്നങ്ങളിലും മാധ്യമങ്ങൾ ഇടപെട്ടതെങ്ങനെയെന്ന ചിത്രവും അദ്ദേഹം ഇതിലൂടെ വരച്ചു കാട്ടുന്നുണ്ട്. ഒരുപക്ഷേ കോവിഡിന്റെ രണ്ടാംഘട്ടം ഇന്ത്യയിൽ ആഞ്ഞു വീശിയപ്പോൾ ഔട്ട് ലുക്ക് മാഗസിൻ 2021 മേയ് മാസത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ട് പുറത്തിറക്കിയ ലക്കവും അതിന്റെ ശ്രദ്ധേയമായ പുറംചട്ടയുമാണ് അദ്ദേഹത്തിന്റെ ഔട്ട്ലുക്കിൽ നിന്നുള്ള വിടവാങ്ങലിലേക്കു നയിച്ചത്. ആ പുറംചട്ട ഇപ്രകാരമായിരുന്നു :
MISSING
Name- Goverment of India.
Age- 7 years
Inform- Citizens of India.
ഈ ലക്കം അദ്ദേഹത്തിന് പൂച്ചെണ്ടുകളെക്കാൾ കല്ലേറുകളാണ് നേടിക്കൊടുത്തത്. അതു മൂലം CEO യുടെയും പ്രൊമോട്ടർമാരുടെയും കടുത്ത അപ്രീതിക്കു പാത്രമാവുകയും തുടർന്നുണ്ടായ വാക്പോരുകൾക്ക് അവസാനം സെപ്റ്റംബർ മാസത്തിൽ അദ്ദേഹത്തിന് ഓഫീസിൽ നിന്നും പടിയിറങ്ങേണ്ടി വരികയും ചെയ്തു.
ഈ പുസ്തകത്തിലെ ഓരോ അധ്യായവും , അവസാന അധ്യായങ്ങൾ പ്രത്യേകിച്ചും, ഇന്ത്യൻ മാധ്യമ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വരച്ചുകാട്ടുന്നു.
ഇന്ത്യൻ അച്ചടി മാധ്യമങ്ങൾക്ക് ഒരു വലിയ ചരിത്രമാണുള്ളത്. സ്വാതന്ത്ര്യ സമര കാലത്ത് മാധ്യമ മേഖലയിൽ കൊളോണിയൽ ശബ്ദങ്ങൾ മാത്രം മുഴങ്ങി കേട്ടിരുന്നപ്പോൾ ഇന്ത്യൻ ജനതയുടെ ശബ്ദമാകാൻ വേണ്ടിയാണ് "ദി ഹിന്ദു "എന്ന പത്രം സ്ഥാപിതമാകുന്നത്. ഇതേ ആശയത്തോടെ തന്നെയാണ് ഘനശ്യാം ദാസ് ബിർള "ഹിന്ദുസ്ഥാൻ ടൈംസ് "മേടിക്കുന്നതും. മാധ്യമ പ്രവർത്തനത്തോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ടാണത്രെ രാംനാഥ് ഗോയങ്ക "ദി ഇന്ത്യൻ എക്സ്പ്രസ് "പത്രം തുടങ്ങുന്നത്. പഞ്ചാബിൽ ഇപ്പോഴും നല്ല പ്രചാരമുള്ള "ദി ട്രിബ്യൂൻ", ഒരു കാലത്ത് ബംഗാളികളുടെ ആവേശവുമായിരുന്ന, ഇപ്പോൾ പ്രവർത്തന രഹിതമായ "അമൃത് ബസാർ പത്രിക"യുടേയും സ്ഥാപിത ലക്‌ഷ്യം ഇതു തന്നെയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ അച്ചടിമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മൂല്യവത്തായ അത്തരം ലക്ഷ്യങ്ങളല്ലയെന്നും മറിച്ച് കോർപറേറ്റ് താൽപര്യങ്ങളും നഗ്നമായ പക്ഷം പിടിക്കലുകളുമാണെന്നും റുബെൻ ബാനർജി അനേകം ദൃഷ്ടാന്തങ്ങളിലൂടെ ഈ പുസ്തകത്തിൽ പറഞ്ഞു വെക്കുന്നുണ്ട്. ഈ കോർപ്പറേറ്റ് വൽക്കരണത്തിന്റെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നല്ല മാധ്യമ പ്രവർത്തനത്തോട് കൂറ് പുലർത്തുക എന്നതല്ല മറിച്ച് യജമാനനോട് കൂറുപുലർത്തി തങ്ങളുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കുന്നു.
അതിനുദാഹരണമാണ് ഹിന്ദുസ്ഥാൻ ടൈംസ് . ഇപ്പോഴത്തെ ഉടമസ്ഥയായ ശോഭന ഭർട്ടിയയുടെ അനേകം ബിസിനസ് സംരംഭങ്ങളിൽ ഒന്നുമാത്രമാണ് ഈ പത്രം. ശോഭനയുടെ ഭർത്താവായ എസ് .എസ് . ഭർട്ടിയയും അനേകം ബിസിനസുകൾ ഉള്ള ഒരാളാണ്. അതു കൊണ്ടു തന്നെ ഈ രണ്ട് കുടുംബങ്ങളുടേയും ,ബിർളമാരുടെയും ഭർട്ടിയമാരുടെയും, ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ ഹിന്ദുസ്ഥാൻ ടൈംസിന് ബാധ്യതയുള്ളതായി അദ്ദേഹം പറയുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന ഔട്ട്‌ലുക്കിന്റെ ഉടമസ്ഥരായ റാഹേജമാർക്കും മാധ്യമപ്രവർത്തനം മാത്രമായിരുന്നില്ല ബിസിനസ് താല്പര്യങ്ങൾ. പുസ്തകത്തിന്റെ രണ്ടാമത്തെ അധ്യായത്തിന്റെ പേര് തന്നെ 50 Crores Versus 50000 Crores എന്നാണ്. കൂടുതൽ മൂല്യമുള്ള മറ്റു ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മുതലാളിമാർ തീർച്ചയായും ശ്രമിക്കുക. ബലികൊടുക്കുക മൂല്യം കുറഞ്ഞ മാധ്യമത്തിന്റെ താൽപര്യങ്ങളും.
പത്ര സ്ഥാപനങ്ങൾക്ക് വരിക്കാരുടെ എണ്ണം കൊണ്ട് മാത്രം ലാഭം നേടാൻ സാധിക്കില്ല എന്നത് ഒരു വസ്തുതയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുകയും മാധ്യമപ്രവർത്തനത്തെ കുരുതി കൊടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും ലളിതമായ പോംവഴി. നല്ല മാധ്യമ പ്രവർത്തനമല്ല പ്രഥമ ലക്ഷ്യം മറിച്ച് കമ്പനിയുടെ ബാലൻസ് ഷീറ്റ് ലാഭത്തിൽ ആക്കുക എന്നതു തന്നെയാണ്. പത്രപ്രവർത്തനം ഈ മുതലാളിമാർക്ക് ഭരണകൂടത്തോട് അടുക്കാനുള്ള ഒരു എളുപ്പ വഴി മാത്രമാണ്.
അതുപോലെ തന്നെ പത്രപ്രവർത്തന രീതിയിലുമുണ്ടായ മാറ്റങ്ങളും അദ്ദേഹം എടുത്തു പറയുന്നുണ്ട്. നേരത്തെ ഒരു നിശ്ചിത ശമ്പളം നൽകി രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള സ്ട്രിങ്കേഴ്സിൽ നിന്നായിരുന്നു വാർത്ത ശേഖരിച്ചു കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അത് സ്രോതസ്സുകളിൽ (Sources) നിന്നാണ്. അവരുടെ ജോലി വാർത്തകൾ കണ്ടെത്തുക എന്നതു മാത്രമല്ല മറിച്ച് കമ്മീഷൻ വ്യവസ്ഥയിൽ പരസ്യങ്ങൾ നേടിയെടുക്കുകയെന്നത് കൂടിയാണ്. ഇത് ഇവർ തമ്മിലുള്ള കിടമത്സരങ്ങളിലേക്ക് നയിക്കാറുമുണ്ട്.
മാധ്യമങ്ങളുടെ തനതു സ്വഭാവം തന്നെ നിലനിൽക്കുന്ന വ്യവസ്ഥക്കെതിരെ സംസാരിക്കുക എന്നതായിരിക്കെ വ്യവസ്ഥകളോടുള്ള പ്രതിരോധ രഹിതമായ കീഴടങ്ങൾ എങ്ങനെ മാധ്യമപ്രവർത്തനമാകും?
സാമ്പത്തിക പരാധീനത മൂലം പല മാധ്യമങ്ങളും അടച്ചു പൂട്ടുകയും ജോലി ചെയ്യുന്നവർക്ക് വേതനം സമയാസമയം കൊടുക്കാൻ കഴിയാതെ വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതു കൊണ്ടു തന്നെ സർക്കാരിന്റെ പരസ്യങ്ങൾക്ക് വേണ്ടിയുള്ള കിടമത്സരം വളരെ ശക്തവുമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഔട്ട്‌ലുക്കിനെ ഉലച്ചിരുന്ന കാലത്ത് യു.പി മുഖ്യമന്ത്രിയെ കണ്ടു ഒരു മാസം 70 ലക്ഷം രൂപയുടെ പരസ്യം സംഘടിപ്പിച്ച സംഭവം അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രത്യുപകാരമായി മുഖ്യമന്ത്രി ഔട്ട് ലുക്ക് ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളിൽ പലതവണ മുഖചിത്രമായി വരികയും ചെയ്തു.
ഒറീസ മുഖ്യമന്ത്രിയായിരുന്ന നവീൻ പട്നായികിനെ കുറിച്ച് പുസ്തകമെഴുതിയ വ്യക്തിയാണ് റൂബെൻ ബാനർജി. അദ്ദേഹം ഔട്ട് ലുക്ക് എഡിറ്ററായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ ഔട്ട്‌ലുക്ക് 2017ൽ നവീൻ പട്നായിക്കിനെ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. നവീൻ പട്നായിക്കുമായുള്ള അടുത്ത ബന്ധം മൂലം താനായിരിക്കും ഇതിന് പിന്നിൽ എന്ന് തെറ്റിദ്ധരിച്ച് ഒറീസ മുഖ്യമന്ത്രിപദം കാംക്ഷിച്ചിരുന്ന ഒരു കേന്ദ്രമന്ത്രി സ്വന്തം മന്ത്രാലയത്തിന്റെ പരസ്യങ്ങൾ നിഷേധിച്ചതും റൂബെൻ പ്രതിപാദിക്കുന്നുണ്ട്.
ചെറുതും വലുതുമായ എഡിറ്റോറിയൽ തീരുമാനങ്ങൾ മാറ്റിമറിക്കാൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ശ്രമിക്കുന്ന കാഴ്ചകളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
അച്ചടിമാധ്യമങ്ങൾക്ക് നഷ്ട സാധ്യതകൾ കൂടുതലുള്ള ഈ കാലഘട്ടത്തിൽ അവയിൽ പലതും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന് സാധ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ലാഭത്തോടൊപ്പം TRP യുമാണ് അവിടെ നയിക്കുന്നത്. ഉദാഹരണത്തിന് പല പരസ്യ സ്ഥാപനങ്ങളും ഇപ്പോൾ കൂടുതൽ തുക ചെലവഴിക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാണ്. 2022 അവസാനത്തോടു കൂടി പരസ്യ വ്യവസായം ഏകദേശം 70,000 കോടി രൂപയുടെ മൂല്യം ഉള്ളതാകുമ്പോൾ അതിൽ ഏകദേശം 24000 കോടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മാത്രമായി ചിലവഴിക്കപ്പെടുമെന്നാണ് കരുതുന്നത്. അതിൽ തന്നെ നല്ലൊരു ശതമാനവും നവമാധ്യമ ഭീമൻമാരായ ഗൂഗിളും ഫേസ്ബുക്കും തട്ടിയെടുക്കുകയും ചെയ്യുന്നു. പിന്നെ തങ്ങളുടെ മേധാവിത്വം നിലനിർത്താനായി കാഴ്ചക്കാരെ ആകർഷിക്കുക മാത്രമാണ് ഈ ഡിജിറ്റൽ മാധ്യമങ്ങൾക്കു മുൻപിലുള്ള പോംവഴി. അതിനു വേണ്ടത് പക്ഷപാത രഹിതമായ നല്ല മാധ്യമപ്രവർത്തനമല്ല. മറിച്ച് വൈകാരികത ഉണർത്തുന്ന വാർത്തകളാണ്.കാരണം ഇത്തരം വാർത്തകൾക്ക് നല്ല റീച്ച് കിട്ടുകയും കൂടുതൽ പരസ്യം ലഭിക്കുകയും വ്യാജ ആഖ്യാനം ചമയ്ക്കുന്നവർക്ക് സന്തോഷിക്കാൻ അവസരം ലഭിക്കുകയും ചെയുന്നു. ഇങ്ങനെ നമ്മുടെ അച്ചടി ദൃശ്യ മാധ്യമ മാധ്യമങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടും ആശാസകരമല്ലാത്ത പ്രവണതകൾ എണ്ണമിട്ട് വിവരിക്കുകയാണ് ഈ പുസ്തകം.
കേരളത്തിലെ വാർത്താധിഷ്ഠിത ദൃശ്യമാധ്യമ ചരിത്രത്തിലെ പ്രധാനികളിൽ ഒരാളായ എം. വി .നികേഷ് കുമാറിന്റെ നവമാധ്യമ കുറിപ്പിലെ ഓരോ വരികളും ശരിയായിരുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പ്രതേകിച്ചും കേരളത്തിന്റെ സാഹചര്യത്തിൽ.
എന്നാൽ മുമ്പ് കരുതിയിരുന്നതിനെക്കാൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് നവമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്. ഇതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്. CAA സമരകാലത്തും ഡൽഹി, ബംഗാൾ തിരഞ്ഞെടുപ്പുകളുടെ കാലത്തും ഫെയ്സ്ബുക്ക് സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടുകൾ ദി കാരവൻ മാഗസിൻ പുറത്തു കൊണ്ടു വന്നിരുന്നു. ആ ലക്കത്തിൽ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്കിലെ മുൻ ഡാറ്റ സയന്റിസ്റ്റ് ആയിരുന്ന സോഫി ഴങ്ങിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പുലർത്തേണ്ട ചില നിയമങ്ങളും ചട്ടങ്ങളും ചില രാഷ്ട്രീയ അധികാരികൾക്ക് വേണ്ടി അട്ടിമറിച്ചതിന്റെ തെളിവുകൾ 2020ൽ തന്നെ അവർ പുറത്തു വിട്ടിരുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ വെളിപ്പെടുത്തലുകളുടെ പ്രസക്തി ഏറെയാണ്. രാഷ്ട്രീയപാർട്ടികൾ ആധികാരിത ഇല്ലാത്ത അക്കൗണ്ടുകൾ ( inauthentic accounts) അഥവാ ബോട്ടുകളുടെ (bots) നെറ്റ്‌വർക്കുകൾ തന്നെ ഉണ്ടാക്കി ലൈക്കുകളും ഷെയറുകളും എങ്ങനെ നേടുന്നുവെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു രാഷ്ട്രീയ റാലിയിൽ പതിനായിരം ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ പതിനായിരം ആളുകളെ അണിചേർക്കുക തന്നെ വേണം. പക്ഷെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പതിനായിരം ആളുകളെ അണിനിരത്താൻ ഇത്തരം വിരലിലെണ്ണാവുന്ന ബോട്ടുകളുടെ നെറ്റ് വർക്ക് കൊണ്ട് സാധിക്കും . ഇത് ജനാധിപത്യ പ്രക്രിയയിൽ അഭിപ്രായ രൂപികരണത്തെ സ്വാധീനിക്കും. ഇവ വഴി വ്യാജ വാർത്തകൾക്കു സത്യത്തിന്റെ ആവരണം ലഭിക്കുകയും ചെയ്യും. ചില ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഇത്തരത്തിലുള്ള 5 ബോട്ട് നെറ്റ്‌വർക്കുകളെ കുറിച്ച് ഴാങ് ഫെയ്സ്ബുക്കിന് അറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് വിവേചനപരമായാണ് ഇതിൽ നടപടിയെടുത്തത്. നാലു ബോട്ട് നെറ്റ് വർക്കുകൾക്കു എതിരെ നടപടിയെടുത്തപ്പോൾ അഞ്ചാമത്തെ നെറ്റ് വർക്കിനെതിരെ യാതൊരു നടപടിയുമുണ്ടായില്ല. കാരണം ആ ബോട്ട് നെറ്റവർക്ക് ഭരണ കക്ഷിയുമായി ബന്ധമുള്ള ഒരു എം.പി യുടേതായിരുന്നു. ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ഫേസ്ബുക്ക് 64,000 ഡോളറിന്റെ വമ്പൻ വിടവാങ്ങൽ പദ്ധതിയാണത്രെ ഴങ്ങിന് ഓഫർ ചെയ്തത് . ഫെയ്സ്ബുക്കിന് ഇത്തരം ബോട്ടുകളെ നിയന്ത്രിക്കാൻ പര്യാപ്തമായ നിയമങ്ങൾ ഉള്ളപ്പോഴാണ് ഈ വിവേചനം. ഇക്കാര്യം ഇന്ത്യൻ പാർലമെൻററി IT സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബോധിപ്പിക്കാൻ പലപ്രാവശ്യം അപേക്ഷ നൽകിയിരുന്നെങ്കിലും ഈ മാസം അതും നിരസിക്കപ്പെട്ടു. ഒരു വിദേശിക്ക് ഇന്ത്യൻ പാർലമെൻറ് കമ്മിറ്റിയിൽ ബോധിപ്പിക്കാൻ തക്കവിധം ഗൗരവം ഇക്കാര്യത്തിലില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിക്കപ്പെട്ടത്. പക്ഷേ പല വിദേശികളും ഇതിനു മുമ്പും പാർലമെൻററി കമ്മിറ്റികളിൽ ഹാജരായിട്ടുണ്ട് എന്നതാണ് വസ്തുത. എന്തിനധികം ഫേസ്ബുക് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ സെനറ്റ് കമ്മിറ്റിയുടെ മുമ്പിൽ ഫേസ്ബുക് സ്ഥാപകൻ തന്നെ ഹാജരായിട്ടുള്ളതാണ്.
അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും പക്ഷം പിടിക്കുന്നതിനേക്കാൾ ഗൗരവമാണ് ഫെയ്സ്ബുക്കിന്റെ ഈ പക്ഷം പിടിക്കൽ. കാരണം ഇപ്പോൾ തന്നെ ഏകദേശം 400 ദശലക്ഷം ഇന്ത്യക്കാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും ഏകദേശം 970 ദശ ലക്ഷം ആയിത്തീരും ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉപയോഗ്ത്താക്കൾ എന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. അപ്പോൾ ഊഹിക്കാമല്ലോ ഈ നിഷ്പക്ഷമല്ലാത്ത നിലപാട് ഉണ്ടാക്കാവുന്ന ജനാധിപത്യ ധ്വംസനം?
എല്ലാ മാധ്യമങ്ങളും പക്ഷം പിടിക്കുന്നവരായി മാറി എന്നർത്ഥമില്ല.പക്ഷേ പക്ഷം പിടിക്കുന്നവരുടെ എണ്ണം ഭയാനകമായി കൂടി വരുന്നു. നിഷ്പക്ഷരാവട്ടെ വരിക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയുന്നു.
ജനങ്ങൾക്ക് മുൻപിൽ ഒരു പരിധി വരെയെങ്കിലും തുറന്നു തന്നെ ഇരിക്കുന്ന ഈ നാലാംതൂണിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഇരുമ്പുമറക്കുള്ളിലുള്ള ജുഡീഷ്യറിയുടെയും ബ്യൂറോക്രസിയുടെയും അവസ്ഥ ആശങ്കയോടെ ഊഹിക്കാൻ മാത്രമേ തരമുള്ളൂ.
https://www.facebook.com/108183908556014/posts/pfbid02unUW4Sq7rEqscfRH3TMmZcishXnh3vjcfFAPndSgagS6Zpn2a1UqVDX247RDeW8al/
No comments:
Post a Comment