Sunday, July 3, 2022

രാഷ്‌ട്രീയക്കാരുടെ മക്കൾ - എം വി നികേഷ്‌കുമാർ എഴുതുന്നു

ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകനോ മകളോ ജീവിതത്തിൽ സ്വന്തമായ മേഖല തെരഞ്ഞെടുത്ത് മുന്നോട്ടുപോയാൽ ജീവിതവിജയം എളുപ്പമല്ല. സാധാരണക്കാരനു കിട്ടുന്ന ‘ലെവൽ പ്ലെയിങ്‌ ഗ്രൗണ്ട്’ ഇവർക്കന്യമാണ്. പിതാവിന്റെ അഡ്രസ് സൗഭാഗ്യമാണെന്ന് പുറമേക്കാർക്ക് തോന്നുമെങ്കിലും സ്വന്തം ലേബൽ കുറിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അത് കയ്‌പുനീരാണ്. സ്വത്തുകണക്കിൽ അറുപതിനായിരം ഇരട്ടി ഉയർത്തിയവരുടെ കൂട്ടത്തിൽ ഇട്ടുതട്ടാനാണ് ശ്രമമുണ്ടാകുക. ചില ‘മക്കളു'ടെ സംഭാവനകൾ എല്ലാ മക്കളും ഷെയർ ചെയ്യണ്ടിവരും.

നിയമസഭയിലെ ഒരു അടിയന്തരപ്രമേയ ചർച്ചയിൽ മാത്യു കുഴൽനാടൻ ഇങ്ങനെ പ്രസംഗിച്ചു. ‘സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടറിയറ്റിൽ എത്തിയത്? പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് വഴിയാണ്. പിഡബ്ല്യുസി എങ്ങനെയാണ് പുകമറയിൽപ്പെടുന്നത്? വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത്, എനിക്ക് മെന്ററെപ്പോലെ ഞാൻ കാണുന്നയാളാണ് ജെയ്‌ക് ബാലകുമാർ. അതിനുശേഷം ഈ ആരോപണം വന്നതിന് തൊട്ടുപിന്നാലെ വെബ്സൈറ്റ് ഡൗണായി

മേൽപ്പറഞ്ഞ പ്രസംഗത്തിൽ രണ്ട് ആരോപണമുണ്ട്. ഒന്ന്: എക്‌സാലോജിക്കിന്റെ വെബ്സൈറ്റിലൂടെ തന്റെ മെന്ററാണ് ജെയ്ക് ബാലകുമാർ എന്ന് വീണ വിജയൻ പറയുന്നുണ്ട്. രണ്ട്: ആരോപണം വന്നയുടൻ (സ്വർണക്കടത്ത് ആകണം) എക്‌സാലോജിക്കിന്റെ വെബ്സൈറ്റ് ഡൗണായി. ഒന്നാമത്തേത് ആദ്യം പരിശോധിക്കാം.

2020 മെയ് 20 അഞ്ചുമണിക്ക് ആർക്കൈവ്‌സ് ചൂണ്ടിക്കാട്ടി കുഴൽനാടൻ പറയുന്ന കാര്യങ്ങൾ ഇങ്ങനെ. ‘എക്‌സാലോജിക് ഫൗണ്ടേഴ്‌സുമായി ജെയ്ക്കിന്റെ ബന്ധം  വെരി പേഴ്‌സണൽ  ലെവലിലാണ്. ഫൗണ്ടർമാരെ ജെയ്ക് മെന്റർ ചെയ്യുന്നുവെന്നും പറയുന്നുണ്ട്'. വീണ വിജയൻ 2021ൽ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു ‘എക്‌സാലോജിക്കിൽ സഹപ്രവർത്തകനായ ദീപക്കിന്റെ കസിൻ ബ്രദറാണ് ഈ ജെയ്ക് ബാലകുമാർ'. വീണ ഇതു പറയുമ്പോൾ എങ്ങനെയാണ് ഐടി അടക്കമുള്ള പുതിയ ജോലി മേഖല എന്ന് അറിഞ്ഞുപോകണം. ഒരു മുതലാളി, കുറേ തൊഴിലാളികൾ എന്ന നിലയാണെന്ന് തെറ്റിദ്ധരിക്കരുത് എന്നർഥം. കൂട്ടായ്മയാണ്. ലാഭംപോലും ഉടമസ്ഥരുടെ മാത്രം അവകാശമല്ല.

എന്റെ അനുഭവം പറയാം. 2002ൽ എന്റെ അച്ഛൻ മന്ത്രി ആയിരിക്കവേയാണ് ടെലിവിഷനിലെ സ്റ്റാർട്ടപ്‌ കമ്പനിയായ ഇന്ത്യാവിഷനിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചേരുന്നത്. അതിന്റെ പ്രൊമോട്ടറും മറ്റൊരു മന്ത്രിയായിരുന്നു, ഡോ. എം കെ മുനീർ. ജ്ഞാനപീഠം എം ടി വാസുദേവൻ നായരാണ് ചീഫ് പ്രോഗ്രാം കൺസൾട്ടന്റ്. എം ടിക്കോ എനിക്കോ ഇന്ത്യാവിഷനിൽ ഓഹരിയില്ല. എന്നാൽ, ഇന്ത്യാവിഷനിലെ ആദ്യ ചുവടുമുതൽ ഞങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ മുനീറിനെപ്പോലെ എം ടിയും ഞാനുമൊക്കെ  ഫൗണ്ടേഴ്‌സാണ്. ഞങ്ങൾ മാത്രമല്ല, ഇന്ന് ടെലിവിഷനിൽ തിളങ്ങിനിൽക്കുന്ന രണ്ടു ഡസനോളം പേരെങ്കിലും ഇന്ത്യാവിഷന്റെ സ്ഥാപകരാണ്. ഇന്ത്യാവിഷനിലൂടെ വാർത്താ അവതരണത്തിൽ പുതിയ ശൈലി കൊണ്ടുവന്നതിന് ചിലരെങ്കിലും എന്നെ പരാമർശിക്കാറുണ്ട്. അതുപക്ഷേ ഒരു കൂട്ടായ്മയിൽനിന്ന് ഉയർന്നുവന്ന ഊർജമാണ്. ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാൻ കഴിയില്ല.

ഇന്ത്യാവിഷനിൽ കമ്പനി ഭാഷയിൽ എം കെ മുനീർ മാനേജിങ്‌ ഡയറക്ടർ എന്നനിലയിൽ പ്രൊമോട്ടറാണ്. ഫൗണ്ടർമാരിൽ ഞങ്ങളൊക്കെയുണ്ട്. കമ്പനി നിയമത്തിൽ ഫൗണ്ടർ വിശേഷണപദമാണ്, പ്രൊമോട്ടർ സാങ്കേതികപദവും. ഇന്ത്യാവിഷനിലെ വാർത്താ നിയന്ത്രണത്തിൽ എനിക്ക് പ്രൊമോട്ടറായ എം കെ  മുനീറും മാർഗനിർദേശം നൽകിയ എം ടിയും പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു. അക്കാലത്ത് എനിക്ക് ഏറെ ബഹുമാനമുള്ള ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിനെ കൺസൾട്ടന്റായി ഒപ്പംകൂട്ടാൻ എം ടിയുടെ ആവശ്യപ്രകാരം ഞാൻ ശ്രമിച്ചിരുന്നു. ഒരുഘട്ടത്തിൽ അദ്ദേഹം ഓഫീസിൽ വരികയും ചെയ്തു. ശ്യാമപ്രസാദ് ഇന്ത്യാവിഷനുമായി സഹകരിച്ചത് എന്റെ ഉത്തരവാദിത്വമാണ്. ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പം പ്രൊഫഷണലായ ബന്ധത്തിൽ കലാശിച്ചു. സംഘപരിവാർ നേതാവ്  ഒ രാജഗോപാലിന്റെ മകൻ ശ്യാമപ്രസാദിന് ലീഗുകാരനായ മുനീറിന്റെ ചാനലിൽ എന്തു കാര്യമെന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരവാദിത്വം ഞാനാണ് ഏൽക്കുക. 

പഴയ തൊഴിലിട സ്വഭാവമായിരുന്നില്ല ടെലിവിഷൻ എന്ന ന്യൂ മീഡിയയിൽ എന്നുള്ളതുകൊണ്ടാണ് ഞാൻ അടക്കമുള്ളവർക്ക് മുഴുവൻ കഴിവും പുറത്തെടുക്കാൻ കഴിഞ്ഞത്. അവിടെ മുതലാളിക്കളി നടക്കില്ല. ഞാൻ എല്ലാം നിശ്ചയിച്ചോളാമെന്ന് ആരും പറയില്ല. ശമ്പളക്കാരനും ഓണർഷിപ് നൽകിയാലേ കാര്യങ്ങൾ നീങ്ങൂ. എക്‌സാലോജിക്കിലും വീണ വിശദീകരിക്കുന്നത് മറ്റൊന്നല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിൽ  ഫൗണ്ടേഴ്‌സ്‌ എന്ന ബഹുവചനം വന്നത് .

രണ്ട്: വെബ്‌സൈറ്റ് വീണ ഡേറ്റും സ്വർണക്കടത്തും തമ്മിലെ ബന്ധവും ആലോചിച്ച് പലരും ഇതിനകം തലകറങ്ങി വീണിട്ടുണ്ട്. എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ഡൗണാകുന്നത് 2020 മെയ് 20ന് വൈകിട്ട്‌ അഞ്ചിന്‌. പുനരുജ്ജീവിപ്പിക്കുന്നത് ജൂൺ 20ന്. സ്വർണക്കടത്ത് ആരോപണം വരുന്നത് ജൂലൈ അഞ്ചിന്.

അസംബന്ധമാണോ കുഴൽനാടൻ പറഞ്ഞത്? അതും നോക്കാം. ഒരു രാഷ്ട്രീയ ആരോപണത്തിനുവേണ്ടി സ്വപ്ന സുരേഷിനെയും വീണ വിജയനെയും ജെയ്ക് ബാലകുമാറിനെയും കുഴൽനാടൻ കണക്ട്‌ ചെയ്യുന്നുണ്ട്. ആദ്യത്തെയും മൂന്നാമത്തെയും ആളുകൾക്ക് പരസ്പരം ബന്ധമില്ല. ആരോപണത്തിനുവേണ്ടി ബലമായി ചേർത്തുവച്ചതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ആളുകളെ കണക്ട്‌ ചെയ്യാൻ പുറത്തുവിട്ട ഫോട്ടോ ആളുമാറിയതുകൊണ്ട് പിൻവലിക്കേണ്ടിവന്നു. ജെയ്ക്കിന്റെ സ്വാധീനം കാരണമാണ് സ്വപ്നയ്ക്ക് ജോലി കിട്ടിയതെന്ന് ആരോപണം തന്നെയില്ല. മൂന്നാമത്തെയാളെ രണ്ടാമത്തെയാൾ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടുമില്ല. അസംബന്ധം അതുകൊണ്ടുതന്നെ കുറഞ്ഞ വാക്കാണ്.  ഇതിനേക്കാൾ നന്നാകുക ‘കമല' ഒരു സംഘപരിവാർ പേരാണ് എന്നൊക്കെയുള്ള എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ്.

ആരാണ് ഈ ജെയ്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊഫഷനൽ സർവീസ് കമ്പനിയുടെ 19,400 ഡയറക്ടർമാരിൽ ഒരാളാണ് ജെയ്ക്. പിഡബ്ല്യുസി 157 രാജ്യത്തിൽ 742 ലൊക്കേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഒരു പ്രോജക്ടാണ് സ്‌പേസ് പാർക്ക്. പിഡബ്ല്യുസി അതിന്റെ കൺസൽട്ടന്റാണ്. സ്‌പേസ് പാർക്ക് അഭിമാനപദ്ധതിയാണ്. മുടക്കരുത്.

ഇന്ത്യയോ ഏഷ്യയോ ജെയ്ക്കിന്റെ ബിസിനസ് പരിധിയിൽ വരുന്ന മേഖലയല്ല. ഇയാൾക്ക് കേരള സർക്കാരുമായുള്ള കരാറിൽ ഒരു കണക്‌ഷനുമില്ല. പിണറായി വിജയൻ പറയുന്നു–- ‘മാത്യു കുഴൽനാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. എന്താണ് നിങ്ങൾ വിചാരിച്ചത്. മകളെപ്പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങിപ്പോകും എന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്'.

ഇനി മക്കളുടെ കാര്യത്തിലേക്ക് തിരികെപ്പോകാം. വിദ്യാഭ്യാസകാലത്ത് തോന്നുന്ന താൽപ്പര്യമനുസരിച്ചാണ് നമ്മളൊക്കെ ഓരോ പ്രൊഫൈൽ തെരഞ്ഞെടുക്കുന്നത്. പ്രത്യേക മേഖലയോടുള്ള താൽപ്പര്യം മുതൽ കണ്ടു വളരുന്ന സംഘർഷ ഭരിതമായ ജീവിതത്തിൽ നിന്നുള്ള അയവു വരെ ഈ തെരഞ്ഞെടുപ്പുകൾക്ക് കാരണമാകാം. എന്റെ കാര്യത്തിൽ ടെലിവിഷൻ മേഖല, ഇന്ത്യയിൽ ചുവടുറപ്പിക്കുന്ന ഘട്ടത്തിലാണ് കരിയർ തീരുമാനിക്കേണ്ടി വന്നത്. മൈക്ക് പിടിച്ച് സംസാരിക്കുന്ന റിപ്പോർട്ടർ ആകണമെന്ന് ആഗ്രഹിച്ചു. ഈ കാലഘട്ടത്തിൽ തന്നെയാണ് അച്ഛൻ മന്ത്രിയായതും. ഏറ്റുമുട്ടേണ്ട മേഖലയിലാണ് ഞാൻ ഇടം കണ്ടെത്തിയത്. 10 വർഷം മന്ത്രിയായിരുന്നപ്പോൾ മൂന്നു തവണയാണ് അച്ഛന്റെ സെക്രട്ടറിയറ്റിലെ ഓഫീസിൽ പോയിട്ടുള്ളത്. നാലാമത്തെ തവണ പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. മൂന്നാം വട്ടം പോയപ്പോൾ വാതിലിനിടയിലൂടെ നോക്കിയ നോട്ടം നാലാമത്തെ തവണ പോകാൻ തോന്നിപ്പിച്ചില്ല. കമ്യൂണിസ്റ്റുകാർ അങ്ങനെയാണ്. പിണറായി 17 വർഷം സിപിഐ എം സംസ്ഥാന സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ ആറുവർഷം മുഖ്യമന്ത്രിയും ഐടി മന്ത്രിയുമാണ്. വീണ വിജയനു കിട്ടുന്ന കരാർ, അതിലൂടെയുള്ള ആസ്തി വളർച്ച പരിശോധിക്കാമല്ലോ. വ്യത്യാസം കണ്ടു പിടിച്ച് വന്നാൽ ഞാനുമുണ്ട് കൂടെ.

മക്കൾക്ക് ഇമ്യൂണിറ്റി ഒന്നുമില്ല കേട്ടോ. എങ്ങനെയും തട്ടാം എന്നാണെങ്കിൽ വെറുതെയിരിക്കുന്ന മക്കളെയും തട്ടാം. പക്ഷേ, പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ലൂസിഫർ സിനിമയിലെ ഡയലോഗ് ഓർമിപ്പിക്കേണ്ടി വരും. സായികുമാർ അവതരിപ്പിച്ച വർമ സാർ പറയുന്നുണ്ട്. ‘നമ്മളേക്കാൾ ശക്തിയുള്ള ഒരാൾ നമ്മളോട് കൊരുക്കാൻ വന്നാൽ നമ്മൾ അയാളെ നേരിടുന്നതിന്‌ ഒരു തഞ്ചമൊക്കെ വേണം'. സ്റ്റീഫൻ നെടുംപള്ളി എന്ന മോഹൻലാൽ കഥാപാത്രം അതിനു നൽകുന്ന മറുപടി വൈറലാണ്. ഓർമിപ്പിച്ചുവെന്നു മാത്രം.

Read more: https://www.deshabhimani.com/articles/m-v-nikesh-kumar-article/1029791

No comments:

Post a Comment