വ്യവസായവകുപ്പിന്റെ സംരംഭക വർഷം പദ്ധതി പ്രകാരമുള്ള വായ്പ വ്യവസായമന്ത്രി പി രാജീവ് അപേക്ഷകയ്ക്ക് കൈമാറുന്നു
വ്യവസായവകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് നാലു ശതമാനം പലിശയ്‌ക്ക് വായ്‌പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ 13 അപേക്ഷകർക്ക് വായ്‌പ വിതരണംചെയ്ത് വ്യവസായമന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്‌തു.
പുതുതായി ആരംഭിക്കുന്ന എംഎസ്എംഇകൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്‌പ നൽകുന്നതാണ് കേരള സംരംഭക വായ്‌പാ പദ്ധതി. പത്തു ലക്ഷം രൂപവരെയുള്ള വായ്‌പയ്‌ക്കാണ് പലിശയിളവ്. നിർമാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. പ്രത്യേക പോർട്ടൽവഴിയാണ് അപേക്ഷിക്കേണ്ടത്. മൂലധന നിക്ഷേപം, പ്രവർത്തന മൂലധനം സമാഹരിക്കൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അഞ്ചു ലക്ഷംവരെയുള്ള അപേക്ഷ 15 ദിവസത്തിനുള്ളിലും 10 ലക്ഷംവരെയുള്ള അപേക്ഷ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പാക്കും. സംരംഭകർക്ക് ആവശ്യമായ സഹായം നൽകാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റേണുകൾ പ്രവർത്തിക്കുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളിൽ വ്യവസായവകുപ്പ് നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. എസ്എൽബിസി കൺവീനർ പ്രേംകുമാർ, എം ജി രാജമാണിക്കം, എസ് ഹരികിഷോർ, പ്രേംനാഥ് രവീന്ദ്രൻ, എം ഖാലിദ്, ജീമോൻ കോര, എം ഐ സഹദുള്ള, അരുൺനായർ, ജി രാജീവ് എന്നിവർ സംസാരിച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ വായ്‌പാമേളകൾ:
മന്ത്രി പി രാജീവ്
സംരംഭകർക്ക് എല്ലാ തലത്തിലും വ്യക്തിഗത സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആഗസ്‌തിൽ തദ്ദേശസ്ഥാപനങ്ങളിൽ വായ്‌പാ മേളകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്താൻ പദ്ധതി ബാങ്കുകൾക്ക് അവസരമാകും. പദ്ധതിയിൽ ഇതുവരെ 42,699 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്‌തത്. ഇതുവഴി 2749 കോടിയുടെ നിക്ഷേപവും 92,955 തൊഴിലവസരവും ഉണ്ടായതായും മന്ത്രി അറിയിച്ചു
Read more: https://www.deshabhimani.com/news/kerala/loan-scheme-for-entrepreneurs/1033580
No comments:
Post a Comment