Friday, July 29, 2022

ഐടിയിൽ 5 വര്‍ഷത്തിനകം 67,000 തൊഴിലവസരം ; കൊല്ലത്തും കണ്ണൂരിലും 
ഐടി പാർക്കുകൾ

അഞ്ചുവർഷത്തിനുള്ളിൽ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ പുതിയ ഐടി സ്പേസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 63 ലക്ഷം ചതുരശ്രയടി ഐടി ഇടങ്ങളിലായി 67,000 തൊഴിലവസരം സൃഷ്ടിക്കും. 2016 മുതൽ 2021 വരെ 46 ലക്ഷം ചതുരശ്രയടിയിൽ ഐടി ഇടങ്ങളും 45,869 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണ് ഐടി. മികച്ച മാനവവിഭവശേഷി, ഉന്നത വിദ്യാഭ്യാസം നേടിയ ജനത, ശാന്തമായ സാമൂഹികാന്തരീക്ഷം എന്നിവ അനുകൂല ഘടകങ്ങളാണ്.

കെ–-ഫോണിന്റെ ഭാഗമായി 30,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നിലവിൽ വരും. 1611 കോടി രൂപയാണ്‌ പദ്ധതിക്കായി നീക്കിവച്ചത്. 74 ശതമാനം ജോലി പൂർത്തിയായി. ആവശ്യമായ സർട്ടിഫിക്കറ്റുകളും ലൈസൻസും ലഭ്യമായി. ആരോഗ്യ പരിപാലനം, ശുചിത്വം, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയിൽ കേരളം മുന്നിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപവും ക്രമേണ കേരളത്തിലെമ്പാടും സയൻസ് പാർക്ക്‌ സ്ഥാപിക്കും.

കൊച്ചി–--കോയമ്പത്തൂർ വ്യവസായ ഇടനാഴിയും ഒരുങ്ങുകയാണ്. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സ്ഥാപിക്കും. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇടനാഴികൾ ആരംഭിക്കുക. 15 മുതൽ 25 ഏക്കർ വരെയാണ് ഏറ്റെടുക്കുന്നത്. 50,000 മുതൽ രണ്ടുലക്ഷം വരെ ചതുരശ്രയടിയുള്ള 20 ചെറിയ ഐടി പാർക്കുകൾ ആരംഭിക്കും. കെ–-ഫോണിന്റെ അതിവേഗ ഒപ്റ്റിക് ഫൈബർ വഴി പാർക്കുകൾ ബന്ധിപ്പിക്കും. ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ് നടപ്പാക്കും. കെ–-ഫോണിന്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി 5ജി വിപ്ലവത്തിന്റെ ഗുണഫലം നാട്ടിലാകെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി.

കൊല്ലത്തും കണ്ണൂരിലും 
ഐടി പാർക്കുകൾ
കൊല്ലത്തും കണ്ണൂരിലും ഐടി പാർക്കുകൾ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടി ഐടി ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും.  ഇതിനായി 100 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ ബിരുദധാരികൾക്ക് ഐടി കമ്പനികളിൽ ഐടി ഇന്റേൺഷിപ് നൽകും. 1200 പേർക്ക് അനുവദിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. മൂന്ന്‌ സർക്കാർ പാർക്കുകളിലെ 1,21,000 ജീവനക്കാർക്കായി ക്ഷേമനിധി ഏർപ്പെടുത്തി. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കാനും കമ്പനികളുമായി കരാറുണ്ട്. വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു.

സംരംഭക പ്രോത്സാഹന നയമാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. 2016ൽ 300 സംരംഭങ്ങളായിരുന്നത്‌ 2021ൽ 3900 ആയി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടെക്നോളജി സെന്ററിനായി സ്ഥലം അനുവദിച്ചു. ഗ്രാഫൈൻ രംഗത്തെ വികസനത്തിന്‌ ഇന്ത്യ ഇന്നൊവേഷൻ സെന്ററും കൊച്ചിയിൽ സ്ഥാപിച്ചു. പരമ്പരാഗത ചിന്തകളെ "തിങ്ക് ബിഗ്' ചിന്തകൾ കൊണ്ട് പകരം വയ്ക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/it-parks-in-kerala/1034949

ഐടി മേഖല കുതിക്കും ; കൂടുതൽ ഇടമൊരുക്കി 
ഇൻഫോപാർക്ക്‌

ഐടി മേഖലയുടെ കുതിപ്പിന്‌ ഇൻഫോപാർക്കിൽ ആധുനിക സൗകര്യങ്ങളോടെ കൂടുതൽ ഇടമൊരുങ്ങി. കൊച്ചി ഇൻഫോപാർക്ക്‌ ഫേസ്‌ രണ്ടിൽ ജ്യോതിർമയയിലെ ഒമ്പതാം നിലയും മൂന്നു നിലകളിലുള്ള കൊഗ്നിസെന്റ് ടെക്‌നോളജീസ്‌ കെട്ടിടത്തിൽ 1,00,998 ചതുരശ്രയടിയും തൃശൂർ ഇൻഫോപാർക്കിൽ ഇന്ദീവരത്തിലെ രണ്ടാം നിലയുമാണ്‌ പ്രവർത്തന സജ്ജമായത്‌. ഇൻഫോപാർക്ക് ഫേസ് രണ്ടിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഐടി ഇടങ്ങൾ ഉദ്‌ഘാടനം ചെയ്തു. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. കോഗ്നിസെന്റിലേക്കുള്ള പ്രവേശനം മുഖ്യമന്ത്രിയും ജ്യോതിര്‍മയയിൽ ഒമ്പതാം നിലയിലേക്കുള്ള പ്രവേശനം പി രാജീവും ഉദ്‌ഘാടനം ചെയ്തു.

മൂന്നിടങ്ങളിലായി 1,61,000 ചതുരശ്രയടിയിൽ 18 കമ്പനികൾ ചേർന്ന്‌ രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജ്യോതിർമയയിൽ 35,000 ചതുരശ്രയടിയിൽ 10 ഓഫീസുകൾക്ക്‌ സൗകര്യമുണ്ട്‌. ഒമ്പതാം നിലയിൽ രണ്ട്‌ വിഭാഗങ്ങളിലായി 1800 മുതൽ 5600 ചതുരശ്രയടി വരെയാണ്‌ കമ്പനികൾക്ക്‌ അനുവദിച്ചത്‌. 21 മുതൽ 95 പേർക്കു വരെ ജോലി ചെയ്യാവുന്ന ഓഫീസുകളുണ്ട്‌. 5604 ചതുരശ്രയടിയിൽ 95 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച എയർപേ പേമെന്റ്‌ സർവീസാണ്‌ ഏറ്റവും വലിയ കമ്പനി. ഫെതർ സോഫ്റ്റ്‌ (5127 ചതുരശ്രയടി–-79 സീറ്റ്‌), അകാമ്പസ്‌ ഇന്റർനാഷണൽ (4711–-58), ക്വസ്റ്റ്‌ ഗ്ലോബൽ (3667–-44), സർവേ സ്പാരോ (3197–-44), നോംഡ്‌ ടെക്‌നോളജി (2190–-32) തുടങ്ങിയവയാണ്‌ മറ്റു കമ്പനികൾ.


Read more: https://www.deshabhimani.com/news/kerala/it-parks-in-kerala-kochi-infopark/1034958

No comments:

Post a Comment