ഡോ.ജോൺ ബ്രിട്ടാസ്.എംപി
വിവാദപരമായ അയോധ്യാ വിധിക്കു ശേഷം, ദില്ലി നഗരത്തിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ അഞ്ച് ജസ്റ്റിസുമാരുടെ തീൻമേശയിൽ പതഞ്ഞു പൊങ്ങിയ വീഞ്ഞിനു പിന്നിലെ രഹസ്യമാണ് ഇപ്പോൾ പുറത്തേക്കു വന്നിരിക്കുന്നത്. മുഖ്യ ന്യായാധിപനായിരുന്ന ഡി.വൈ.ചന്ദ്രചൂഡ് ഒരഭിമുഖത്തിൽ സ്വയം നഗ്നനാകാൻ തീരുമാനിച്ചപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രത്തോളം കളങ്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയ്ക്കാണ് അടിവരയിടപ്പെട്ടത്.
ന്യൂസ് ലോൺഡ്രി എന്ന ബദൽ ഡിജിറ്റൽ മാധ്യമത്തിനു വേണ്ടി മുൻപ് എൻഡിടിവിയിൽ അവതാരകനായിരുന്ന ശ്രീനിവാസൻ ജെയിൻ ജസ്റ്റിസ് ചന്ദ്രചൂഡിനെ അഭിമുഖം ചെയ്തതാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് പത്രപ്രവർത്തനം പോയി മറഞ്ഞിട്ട് കാലം ഏറെയായതു കൊണ്ട് ഇതു പോലുള്ള സമാന്തര ഡിജിറ്റൽ മാധ്യമങ്ങളാണ് ശരാശരി ഇന്ത്യക്കാരന്റെ ഇന്നത്തെ വാർത്താ തുരുത്തുകൾ. അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ 2019-ലെ വിവാദ അയോധ്യാ വിധിയാണ് അഭിമുഖത്തിൽ പ്രധാനമായും പരാമർശിച്ചത്. അന്നത്തെ മുഖ്യ ന്യായാധിപൻ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചിൽ ചന്ദ്രചൂഡും അംഗമായിരുന്നു. ജസ്റ്റിസുമാരായ എസ്.എ.ബോദ്ഡേ, അശോക് ഭൂഷൺ, എസ്.അബ്ദുൾ നാസിർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാബ്റി മസ്ജിദ് തകർത്തത് കൊടും ക്രിമിനൽ കുറ്റമാണെന്നു കണ്ടെത്തിയിട്ടും പള്ളിയിരുന്ന സ്ഥലം തകർത്തവർക്കു തന്നെ കൈമാറുക എന്ന വൈരുധ്യമാണ് വിധിയിൽ പ്രതിഫലിച്ചത്. സാധാരണ ഗതിയിൽ അഞ്ചംഗ ബഞ്ചിനു വേണ്ടി വിധി പ്രസ്താവം തയ്യാറാക്കിയ ജഡ്ജിയുടെ പേര് വിധിയുടെ താഴെ കൊടുക്കാറുണ്ട്. എന്നാൽ, അയോധ്യാ വിധിയിൽ എന്തുകൊണ്ടോ ആ ഭാഗം ശൂന്യമായി കിടന്നു. എങ്കിലും, ഈ വിധിയുടെ സൂത്രധാരൻ ഡി.വൈ.ചന്ദ്രചൂഡ് ആണെന്ന ഊഹാപോഹങ്ങളും അനുമാനങ്ങളും നിയമവൃത്തങ്ങളിൽ കെട്ടിക്കിടന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആയിരിക്കണം ശ്രീനിവാസൻ തന്റെ അഭിമുഖത്തിൽ ഈ വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിച്ചത്.
രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസ് അടിസ്ഥാനപരമായി ഉടമസ്ഥാവകാശം മുൻനിർത്തി ഉള്ളതായിരുന്നു. എന്നാൽ, അത് പിന്നീട് വിശ്വാസ വീഥിയിലേക്ക് വ്യതിചലിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അഭിമുഖത്തിലെ ചോദ്യങ്ങൾ കരുതലോടെ ശ്രീനിവാസൻ മുന്നോട്ടു വച്ചത്. 1949-ൽ ഹിന്ദു വർഗ്ഗീയവാദികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ (അന്ന് ഉത്തർപ്രദേശ് ഭരിച്ചിരുന്നത് കോൺഗ്രസ്സാണ് ) ബാബ്റി മസ്ജിദിലേക്ക് രാമവിഗ്രഹം ഒളിച്ചു കടത്തിയത് ആരാധനാലയത്തിനേറ്റ കളങ്കമല്ലേ എന്നു ചോദിച്ചയുടൻ ചന്ദ്രചൂഡ് തന്റെ വിധിയെ പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രതികരണവുമായി രംഗത്തു വന്നു. ക്ഷേത്രം പൊളിച്ചു പണിതതാണ് ബാബ്റി മസ്ജിദ്, ആ കളങ്കം വിസ്മരിച്ചു കൊണ്ട് തങ്ങൾക്കു വിധി എഴുതാൻ കഴിയില്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1045 പേജ് വരുന്നതാണ് അയോധ്യാ വിധി. അതിൽ എവിടെയാണ് അമ്പലം പൊളിച്ചു പള്ളി പണിതതിനെ കുറിച്ചു പറയുന്നതെന്നായി അഭിമുഖകാരൻ. മാത്രമല്ല, ബാബ്റി പള്ളി നിർമ്മിക്കുന്നതിന് 400 വർഷം മുൻപുണ്ടായിരുന്ന ഏതോ കെട്ടിട്ടത്തിന്റെ അവശിഷ്ടത്തെ കുറിച്ചു മാത്രമല്ലേ പൊതുവായ വിദഗ്ധ അനുമാനങ്ങളെ പരാമർശിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ എന്നു ചോദിച്ചപ്പോൾ മുഖ്യ ന്യായാധിപൻ ആയിരുന്ന ഒരു വ്യക്തിയുടെ പൊയ്മുഖമാണ് അഴിഞ്ഞു വീണത്. രണ്ടു കെട്ടിടങ്ങൾക്ക് ഇടയിലെ ദൂരം 400 വർഷമാണെങ്കിൽ അതിലേക്കു പോകുന്നതിന്റെ നിരർത്ഥകത കൂടി സുപ്രീം കോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു. വസ്തുതകളല്ല വികാരം മാത്രമാണ് വിധിയുടെ ആത്യന്തിക ദിശയെ നിർണ്ണയിച്ചതെന്ന നിയമവൃത്തങ്ങളുടെ വിമർശനങ്ങൾ ശരിയാണെന്ന് ചന്ദ്രചൂഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നതിലേക്കാണ് അഭിമുഖം എത്തി നിന്നത്.
ഉദാര മനസ്ഥിതിക്കാരനെന്ന പുറംമോടിക്കുള്ളിൽ ചന്ദ്രചൂഡ് കടുത്ത വർഗ്ഗീയത ഒളിച്ചു വച്ചിരുന്നു എന്ന വസ്തുത മിഴിവോടെ പുറത്തു വരാൻ അദ്ദേഹത്തിന്റെ മറ്റു ചില പരാമർശങ്ങളും വഴിവച്ചു. ബാബ്റി മസ്ജിദ് തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് 1991-ൽ ആരാധനാലയ സംരക്ഷണ നിയമം പാർലമെന്റ് പാസാക്കുന്നത്. ബാബ്റി മസ്ജിദ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ ആരാധനാലയങ്ങളും 1947 ആഗസ്റ്റ് 15-ന് എങ്ങനെയായിരുന്നോ അതു പോലെ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു ഈ നിയമത്തിന്റെ അകക്കാമ്പ്. എന്നാൽ, ചന്ദ്രചൂഡ് മുഖ്യ ന്യായാധിപൻ ആയിരിക്കേ വാരാണസിയിൽ ഗ്യാൻവാപി സർവ്വേ ചെയ്യണം എന്ന ഹിന്ദു വർഗ്ഗീയ വാദികളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു കൊടുത്തു. 91-ലെ നിയമപ്രകാരം കുടത്തിൽ അടച്ച ഭൂതത്തെ അദ്ദേഹം തുറന്നു വിടുകയായിരുന്നു. “സർവ്വേ നടത്തുന്നത് നിയമത്തിന്റെ ലംഘനമല്ലല്ലോ” എന്നായിരുന്നു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു ആരാധനാലയത്തിന്റെ സ്വഭാവം നിർണ്ണയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അവിടെ മറ്റേതെങ്കിലും വിശ്വാസധാരയുടെ ചരിത്രശേഷിപ്പുകൾ ഉണ്ടോ എന്നതടക്കം നിർണ്ണയിക്കാൻ സർവ്വേ നടത്തുന്നത് എന്ന ചോദ്യത്തിനു മുന്നിൽ ചന്ദ്രചൂഡ് അക്ഷരാർത്ഥത്തിൽ പതറി. യഥാർത്ഥത്തിൽ ഗ്യാൻ വാപിയിൽ സർവ്വേ നടത്താനുള്ള അനുമതിയോടെ ഉത്തരേന്ത്യയിൽ ആകമാനം ഒരിക്കൽക്കൂടി വർഗ്ഗീയ രഥയോട്ടത്തിനുള്ള രാജപാതയാണ് ചന്ദ്രചൂഡ് ഒരുക്കിക്കൊടുത്തത്.
ഇന്ത്യയിലെ പ്രശസ്തരായ രണ്ടു പുരാവസ്തു വിദഗ്ധരാണ് സുപ്രിയാ വർമ്മയും ജയാ മേനോനും. അവർ ഇരുവരും അയോധ്യയിലെ പര്യവേക്ഷണത്തെ കുറിച്ചുള്ള നിഗമനങ്ങൾ അലഹാബാദ് കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ചിരുന്നു. ഇരു കോടതികളും അവരെ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിരുന്നു. ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലത്തുകണ്ടെത്തിയ കെട്ടിടാവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ ഇസ്ലാമിക വാസ്തുവിദ്യ അനുസരിച്ചുള്ളതാണ് എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ, ഇന്ത്യയിലെ ഏതു സ്ഥാപനത്തെപ്പോലെയും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ആർഎസ്എസ്സിന്റെ പോഷകസംഘടനാരൂപം ആർജിച്ചതോടെ ഇതുപോലുള്ള വിലപ്പെട്ട കണ്ടെത്തലുകളൊക്കെ അധികാരത്തിന്റെ മർക്കടമുഷ്ടിയിലൂടെ തമസ്കരിക്കപ്പെട്ടു.
നമ്മുടെ കോടതികളുടെ അപകടകരമായ വ്യതിചലനവും ജഡ്ജിമാരുടെ പ്രത്യയശാതസ്ത്ര ചേർന്നുനില്ക്കലുകളും ചർച്ച ചെയ്യപ്പെടാനുള്ള അവസരമാണ് ശ്രീനിവാസൻ ജെയിന്റെ അഭിമുഖം നമുക്കു സമ്മാനിക്കുന്നത്. കലുഷിതമായ ഇന്ത്യയിൽ, ഭരണ ഘടനയെ വിശുദ്ധ ഗ്രന്ഥമായി കരുതുന്നവരുടെ ഏക അത്താണി സുപ്രീം കോടതിയാണ്. എന്നാൽ, പരമോന്നത നീതിപീഠം അമിതാധികാര പ്രത്യയ ശാസ്ത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അത് രാജ്യത്തിന് ഏല്പിക്കുന്ന ക്ഷതം വലുതായിരിക്കും. 1993 ജനുവരി 7-ന് സുപ്രിം കോടതി അയോധ്യയ്ക്കുമേൽ നടത്തിയ ചില പരാമർശങ്ങൾ ചന്ദ്രചൂഡുമാരുടെ കാതിൽ പ്രതിധ്വനിക്കേണ്ടിയിരുന്നു. അന്ന് നരസിംഹ റാവു ഗവണ്മെന്റ് ഭരണഘടനയുടെ 143(1) പ്രകാരം അയോധ്യാവിഷയത്തിൽ അഭിപ്രായം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു – രാഷ്ട്രപതിയുടെ റഫറൻസ്. അത് കൈയോടെ സുപ്രിം കോടതി മടക്കി. രാഷ്ട്രപതിയുടെ റഫറൻസ് അനാവശ്യവും അതിരു കടന്നതുമാണെന്നും തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം കോടതികളിൽ വിചാരണയ്ക്കിരിക്കുമ്പോൾ മുൻവിധി സൃഷ്ടിക്കുന്ന രീതിയിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്നുമാണ് റഫറൻസ് തിരിച്ചയച്ചുകൊണ്ട് സുപ്രിം കോടതി അസന്ദിഗ്ധമായി രേഖപ്പെടുത്തിയത്. 1993നും വിവാദ അയോധ്യാവിധി വന്ന 2019നും ഇടയ്ക്കുള്ള രണ്ടര പതിറ്റാണ്ടു കാലത്തിനിടയിൽ എങ്ങനെയാണ് നമ്മുടെ പരമോന്നത നീതിപീഠം ഇതുപോലെ ഗർത്തത്തിലേക്കു പതിച്ചത്?
ഇതു കോടതികൾക്കു മാത്രം സംഭവിച്ച വ്യതിയാനമല്ല. നോം ചോംസ്കിയുടെ ‘സമ്മതിയുടെ നിർമ്മിതി’ ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളെയും ബാധിച്ചിട്ടുണ്ട്. ബാബ്റി പള്ളിയുടെ തകർക്കലിനെ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമെന്ന് മുഖപ്രസംഗമെഴുതിയ അതേ പത്രങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞ് വിവാദ അയോധ്യാ വിധിയെ ജനാധിപത്യത്തിന്റെ വിജയഭേരിയായി ചിത്രീകരിച്ചത് ഈ വേളയിൽ സ്മരിക്കട്ടെ.
ചന്ദ്രചൂഡ് തന്റെ പക്ഷപാതത്തിന്റെ നഗ്നത ഇതിനു മുൻപും പ്രദർശിപ്പിച്ചിട്ടുണ്ട്. അയോധ്യാ വിധി പറയും മുൻപ്, മാർഗ്ഗനിർദ്ദേശത്തിന് താൻ ദൈവത്തിന്റെ സഹായമാണ് തേടിയതെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏതൊരു ന്യായാധിപനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത് ഭരണഘടന മുൻനിർത്തിയാണ്. ആ ഭരണഘടനമാത്രമാണ് ന്യായാധിപന് ദിശാബോധം പകരേണ്ടതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയായ നിയമജ്ഞർ അന്ന് ഓർമ്മപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയിൽ മുഖ്യ ന്യായാധിപനായിരിക്കുമ്പോഴാണ് സ്വന്തം വസതിയിലെ ഗണേശപൂജയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആനയിച്ചത്. ഗവണ്മെന്റിനും ജ്യുഡീഷ്യറിക്കും ഇടയിലുള്ള അന്തരം എന്നു കുറയുന്നോ അന്ന് സ്വതന്ത്ര ജ്യുഡീഷ്യറി എന്ന ആപ്തവാക്യം അസ്തമിക്കുമെന്ന സ്വന്തം പിതാവിന്റെ വാക്കുകൾപോലും അദ്ദേഹം വിസ്മരിച്ച വേളയായിരുന്നു അത്. ആചാര വിശ്വാസങ്ങളിൽ ഏർപ്പെടാൻ ഏതൊരു വ്യക്തിക്കും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. തന്റെ വസതിയിലെ സ്വകാര്യ പൂജാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിനു ചോദിക്കാം. വേണമെങ്കിൽ, തർക്കത്തിനായി അതു സമ്മതിച്ചുകൊടുക്കുകയും ചെയ്യാം. എന്നാൽ, എന്തിനാണ് ഇത് ക്യാമറയിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ പ്രധാനമന്ത്രി കാര്യാലയത്തിന് അനുമതി നല്കിയത് എന്ന ചോദ്യത്തോട് എങ്ങനെ അദ്ദേഹം പ്രതികരിക്കും?
ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി അഞ്ചു നൂറ്റാണ്ട് തലയുയർത്തിനിന്നിരുന്ന ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങൾ അന്തരീക്ഷത്തിൽ ധൂളികളായി ലയിച്ചതിന് 33 വർഷംമുൻപ് ഈ ലേഖകൻ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ദേശാഭിമാനിയിൽ എഴുതിയ വാർത്തയുടെ ശകലം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. മതനിരപേക്ഷ ഇന്ത്യയുടെ ചരമക്കുറിപ്പെഴുതാൻവേണ്ടിയാണ് ഡിസംബറിന്റെ ശൈത്യത്തിലെ ഒരു പുലർവേളയിൽ അയോധ്യയിലേക്ക് യാത്രചെയ്യുന്നതെന്ന് ഞങ്ങളാരും നിനച്ചില്ല എന്നതായിരുന്നു അതിലെ ഒരു വരി. എന്നാൽ, അതിലേറെ ആഘാതം സൃഷ്ടിക്കുന്ന വിധ്യിന്യായങ്ങളാണ് ചന്ദ്രചൂഡുമാരുടെ പതഞ്ഞുപൊങ്ങുന്ന വീഞ്ഞിനുപിന്നിൽ പതിയിരിക്കുന്നതെന്ന് രാജ്യം ഇന്നു തിരിച്ചറിയുന്നു.
https://www.deshabhimani.com/articles-periodicals/dy-chandrachud-ayodhya-interview-revelations-92120
No comments:
Post a Comment