Tuesday, June 27, 2023

മാധ്യമസ്വാതന്ത്ര്യത്തെ യഥാർഥത്തിൽ കൂച്ചുവിലങ്ങിടുന്നത്‌ ആര്? സ. എളമരം കരീം എംപി

കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നെന്ന ദുഷ്‌പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഒരുസംഘം മാധ്യമങ്ങൾ. കമ്യൂണിസ്റ്റ് വിരുദ്ധരായ ഏതാനും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും തങ്ങളുടെ വാദത്തിന്‌ ഉപോദ്‌ബലകമായി സംപ്രേഷണം ചെയ്യുകയുണ്ടായി. സിപിഐ എമ്മിനെ എതിർക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഒരുകൂട്ടം ആളുകളെ അണിനിരത്തിയതു കൊണ്ട് എന്തു നേടാനാണ്?
ഭരണകൂട ഭീകരതയ്‌ക്ക്‌ എതിരായും പൗരാവകാശം സംരക്ഷിക്കാനും  ജനപക്ഷത്ത് ഉറച്ചു നിന്ന് ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമാണ് ‘മാധ്യമ സ്വാതന്ത്ര്യം'എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പോലുള്ള ഏകാധിപത്യനടപടികളെ എതിർക്കാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങൾക്ക് വേണ്ടത്. അപ്പോഴേ ജനാധിപത്യവ്യവസ്ഥയുടെ നാലാം തൂണ് എന്ന വിശേഷണം അന്വർഥമാകൂ.

ക്വട്ടേഷൻ സംഘത്തെപ്പോലെ, തങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർടികളെയും നേതാക്കളെയും അപമാനിക്കും വിധം കള്ളക്കഥ വാർത്തെടുക്കലും  അതിനായി ഗൂഢാലോചന നടത്തലും അതെല്ലാം തങ്ങളുടെ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തലുമാണോ മാധ്യമസ്വാതന്ത്ര്യം?

മാധ്യമ സ്വാതന്ത്ര്യത്തെ യഥാർഥത്തിൽ കൂച്ചു വിലങ്ങിടുന്നത്‌ ആര്? 

1975ലെ അടിയന്തരാവസ്ഥയ്‌ക്കു ശേഷം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ തുടർച്ചയായി ഉണ്ടാകുന്നത് മോദി സർക്കാരിൽ നിന്നും സംഘപരിവാറിൽ നിന്നുമാണ്. ഈ സത്യം വിളിച്ചു പറയാൻ നട്ടെല്ലുള്ളവർ സിപിഐ എം വിരുദ്ധ ചക്രവ്യൂഹത്തിലുണ്ടോ?
മോദി ഭരണത്തിൽ നാലാം തൂണിന്റെ പവിത്രതയും സ്വതന്ത്രമായ നിലനിൽപ്പുമെല്ലാം തകർന്നു. ഗുജറാത്ത് കലാപ ശേഷം എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ കരുനീക്കം നടത്തിയ മോദിയുടെ ഭരണത്തിലാണ് മാധ്യമ സ്വാതന്ത്ര്യം തകർക്കപ്പെട്ടത്. 2014നു ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളെ പാടെ അവഗണിച്ചു. വിദേശ യാത്രയിലും മറ്റും  മാധ്യമപ്രവർത്തകരെ ഒപ്പം കൂട്ടുന്ന പതിവ് നിർത്തലാക്കി. മുൻ പ്രധാനമന്ത്രിമാരിൽ നിന്ന് വ്യത്യസ്‌തമായി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കി. ‘മൻ കീ ബാത്ത്' വഴി ജനങ്ങളോട് താൻ നേരിട്ടാണ് സംസാരിക്കുന്നത് എന്നാണ് വാദം. വാർത്താ സമ്മേളനമാകുമ്പോൾ അസുഖകരമായ ചോദ്യങ്ങളെ നേരിടേണ്ടി വരും. മൻ കീ ബാത്ത്, കേൾക്കുകയല്ലാതെ ചോദ്യം ചോദിക്കൽ ഇല്ലല്ലോ? ഇതിലും വലിയ ജനാധിപത്യ ധ്വംസനം മറ്റെന്താണ്.

മാധ്യമങ്ങളെ വരുതിയിലാക്കാൻ പരസ്യം നിഷേധം

2014നു ശേഷം മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ വ്യാപകമായി. ഭരണകൂടം തന്നെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ കേന്ദ്ര സർക്കാർ- പൊതുമേഖലാ പരസ്യങ്ങൾ ആയുധമാക്കി. 2019ലെ തെരഞ്ഞെടുപ്പിനു ശേഷം മൂന്ന് പ്രധാന മാധ്യമ സ്ഥാപനങ്ങക്ക് പരസ്യങ്ങൾ കുറയ്‌ക്കുകയോ, നിഷേധിക്കുകയോ ചെയ്തു. "ടൈംസ് ഓഫ് ഇന്ത്യ, അമൃതബസാർ പത്രിക, ദി ടെലിഗ്രാഫ്’ എന്നീ പത്രങ്ങളാണ് ഈ നടപടി നേരിട്ടത്.

അസ്വസ്ഥജനകമായ റിപ്പോർട്ടിങ്ങിനുള്ള ശിക്ഷ

രണ്ടാമത്തെ നടപടി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡാണ്. സിബിഐ, രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായ പ്രണായ് റോയിയുടെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹം എൻഡിടിവിയുടെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഐസിഐസിഐ ബാങ്കിൽ നിന്നുള്ള വായ്‌പയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിന്‌ മുമ്പു തന്നെ ഈ വായ്‌പ തിരിച്ചടച്ചിരുന്നു. എൻഡിടിവി കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകരായിരുന്നു എന്നതാണ് റെയ്ഡിനുള്ള മുഖ്യകാരണം.

മാധ്യമങ്ങൾക്ക് എതിരേ കേന്ദ്ര ഏജൻസികളുടെ അഴിഞ്ഞാട്ടം 

മറ്റു ചില മാധ്യമങ്ങളും ഇതേ രൂപത്തിലുള്ള റെയ്ഡിന് വിധേയമായി. "ദ ക്വിന്റ്‌’ എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനായ രാഘവ ബാലിന്റെ വീട് ആദായ നികുതി ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ സെർച്ച് നടത്തി. "ഇത്തരം റെയ്ഡുകൾ മാധ്യമസ്വാതന്ത്ര്യം ദുർബലമാക്കും’ എന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന ഇറക്കി.  2020ൽ രണ്ട് മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നിർത്തി വയ്‌ക്കാൻ വാർത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു. ഡൽഹിയിൽ മുസ്ലിം വിരുദ്ധ കലാപം സംബന്ധിച്ച ദൃശ്യങ്ങളും  വാർത്തയും സംപ്രേഷണം ചെയ്തതിനായിരുന്നു ഈ നടപടി. ഡൽഹി പൊലീസിനും ആർഎസ്‌എസിനും എതിരെ വിമർശം ഉന്നയിച്ചതിനുള്ള നടപടിയായിരുന്നു ഇത്.

നിർഭയ മാധ്യമ പ്രവർത്തനം അസാദ്ധ്യമായി

2016ലെ പത്താൻകോട്ട്  ഭീകരാക്രമണം സംബന്ധിച്ച റിപ്പോർട്ടിൽ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്ന്‌ ആരോപിച്ച് എൻഡിടിവിയുടെ സംപ്രേഷണം 24 മണിക്കൂർ തടഞ്ഞു. ഇതേ വാർത്ത നൽകിയ മറ്റു ചാനലുകളെ വെറുതെ വിട്ടു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൽ നിന്ന് പിന്മാറാനുള്ള സമ്മർദമായിരുന്നു ഇത്. മോദി സർക്കാരിന്റെ വിമർശകരായിരുന്ന പല പത്രപ്രവർത്തകർക്കും  സ്ഥാപനങ്ങളിൽ നിന്നും രാജിവയ്‌ക്കേണ്ടി വന്നു. ഏതാനും കേസുകൾക്ക് മാത്രമാണ് വ്യക്തമായ തെളിവുകളുള്ളത്. ‘എബിപി' ചാനലിലെ റിപ്പോർട്ടർ പുണ്യ പ്രസൂൺ ബാജ്പെയ് ആണ് ഒരാൾ. മോദിയെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ പ്രോഗ്രാം "മാസ്റ്റർ സ്ട്രോക്’ ആയിരുന്നു പ്രകോപന കാരണം. മാനേജ്മെന്റ്‌ മോദിയുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു. ബാജ്പെയ് തന്റെ സ്വാതന്ത്ര്യം അടിയറ വയ്‌ക്കാൻ തയ്യാറായില്ല. - തുടർന്ന് ബാബാ രാംദേവ് തന്റെ പരസ്യങ്ങൾ എബിപി ടിവിക്ക് നിർത്തലാക്കി. സാറ്റലൈറ്റ് സേവനം സർക്കാർ ഇടപെട്ട് താറുമാറാക്കി. ചാനലിന് പരസ്യങ്ങൾ കുറഞ്ഞു. ഉടമയുടെ നിർദേശത്തെ തുടർന്ന്, ബാജ്പെയ് രാജിവച്ചു- ഒട്ടും താമസിയാതെ സാറ്റലൈറ്റ് സേവനം, പരസ്യങ്ങൾ എല്ലാം തിരിച്ചു വന്നു. ഇതാണ് ഭരണ ഇടപെടലിന്റെ രീതി.

"ഹിന്ദുസ്ഥാൻ ടൈംസ്’ എഡിറ്റർ ഇൻ ചീഫ് ‘ബോബി ഘോഷി'ന് സ്ഥാപനം വിടേണ്ടി വന്നതും സമാനമായ സംഭവമാണ്. 2016ൽ ആണ് ഇദ്ദേഹം "ഹിന്ദുസ്ഥാൻ ടൈംസിൽ’ ചേർന്നത്. അദ്ദേഹം "മുസ്ലിങ്ങൾക്കെതിരായ ആക്രമണം’ എന്ന ഒരു പ്രത്യേക പരമ്പര- "നമുക്ക് വെറുപ്പിനെക്കുറിച്ച് സംസാരിക്കാം’ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബിജെപി നേതൃത്വത്തിന് ഇത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന് ജോലി രാജിവച്ച് പുറത്തുപോകേണ്ടി വന്നു. ഈ പരമ്പര ഹിന്ദുസ്ഥാൻ ടൈംസ് നിർത്തിവയ്‌ക്കുകയും ചെയ്തു.-
https://scroll.in/latest/850287/hindustan-times-editor-in-chief-bobby-ghosh-resigns
മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആകാർ പട്ടേലിനുണ്ടായ അനുഭവം സമാന സ്വഭാവത്തിലുള്ളതാണ്. അമേരിക്കയിൽ കറുത്ത വംശജനായ ജോർജ്‌ ഫ്ലോയിഡിനെ കൊലപ്പെടുത്തിയ സംഭവം സംബന്ധിച്ച പ്രതിഷേധ സമരത്തെക്കുറിച്ചുള്ള ഒരു ട്വീറ്റ്, തന്റെ കമന്റോടെ ട്വീറ്റ് ചെയ്തതാണ് ഇദ്ദേഹം ചെയ്ത തെറ്റ്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്ന്‌ ആരോപിച്ച് പൊലീസ് പട്ടേലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മറ്റൊരു മാധ്യമ പ്രവർത്തകനായ വിനോദ് ദുവ, "മോദി വോട്ടിനായി ഭീകരാക്രമണങ്ങളെ ഉപയോഗിക്കുന്നു’എന്ന് പറഞ്ഞതിനായിരുന്നു കേസ്. വിനോദ് ദുവ സുപ്രീംകോടതിയെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ല. അടച്ചിടലിനെക്കുറിച്ചും കോവിഡ് വ്യാപനത്തെക്കുറിച്ചും  ജനങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും വാർത്തകൾ എഴുതിയതിന് യുപിയിൽ 55 മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെട്ടു. കേസുകൾ, ശാരീരിക  ആക്രമണങ്ങൾ, സ്വത്ത് നശിപ്പിക്കൽ, ഭീഷണി മുതലായവ നേരിട്ടു. ഒരു മാവോയിസ്റ്റ് "ഏറ്റുമുട്ടൽ കൊലയിൽ’ മരണപ്പെട്ട വാർത്ത നൽകിയതിന് ഒരു പത്രപ്രവർത്തകൻ 17 മാസം ജയിലിൽ കിടക്കേണ്ടി വന്നു. അന്വേഷണാത്മക പത്രപ്രവർത്തക വിദഗ്‌ധൻ ജോസി ജോസഫ് ഇത്തരം നിലപാടിൽ പ്രതിഷേധിച്ച് പത്രപ്രവർത്തനം നിർത്തി. 2017ൽ "വൈസ് ഇന്ത്യ’ എന്ന മാധ്യമ സ്ഥാപനത്തിന്റെ സിഇഒ ജേർണലിസ്റ്റുകളോട് പറഞ്ഞത്, "അമിത് ഷായിൽനിന്ന് ഒരു ഫോൺ കോൾ കിട്ടാൻ ഇടയാക്കരുത്’ എന്നാണ്.

സ്വകാര്യമൂലധന ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ നയങ്ങളുടെ പ്രചാരകരായി മാറി. ചങ്ങാത്ത മുതലാളിത്തമെന്ന പ്രതിഭാസമാണ്‌ ഇത്. തെരഞ്ഞെടുപ്പു കാലത്ത് മാത്രമല്ല, എല്ലായ്‌‌പ്പോഴും കുത്തകമാധ്യമങ്ങൾ ഭരണ നേതൃത്വത്തിന്റെ ആശയപരമായ മുന്നണിപ്പടയായി മാറി. നല്ല ഉദാഹരണമാണ് റിപ്പബ്ലിക് ടിവി. 2017ൽ ഈ ടിവി ചാനലിന് പ്രദർശനം ആരംഭിക്കാൻ ഫ്രീ ഡിഷ് ലഭ്യമായി. ഒരു പൈസയും നൽകാതെ സംപ്രേഷണം ആരംഭിച്ചു. ചാനൽ ആങ്കർ അർണബ് ഗോസ്വാമി മോദി സർക്കാരുമായി നല്ല അടുപ്പമുള്ള ആളാണ്.  2017 മെയ് ഒന്നുമുതൽ  2020 ഏപ്രിൽ ഒന്നു വരെ  സംപ്രേഷണം ചെയ്ത 1136 ഡിബേറ്റുകളിൽ 63.8 ശതമാനവും പ്രതിപക്ഷത്തിന്‌ എതിരെയായിരുന്നു. മുസ്ലിംവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന ആരോപണത്തിന് വിധേയരായവരാണ് റിപ്പബ്ലിക് ടിവി, സീ- ന്യൂസ്, ഇന്ത്യാ ടിവി, ആജ്തക്, എബിപി, ടൈംസ് നൗ തുടങ്ങിയവ. കേന്ദ്ര സർക്കാർ ഇവരെയെല്ലാം സംരക്ഷിക്കുകയാണ്.

2014നു ശേഷം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യ ഇൻഡക്സ് താഴോട്ടു പോകുകയാണ്. 2020ൽ 186 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 142 ആണ്. മാധ്യമങ്ങൾക്കുള്ള ഇന്റർനെറ്റ് സൗകര്യം പലപ്പോഴും നിരോധിക്കപ്പെട്ടു.- ലോകത്ത് ഇതിനു സമാനമായ ഉദാഹരണങ്ങളില്ല.

മേൽപ്പറഞ്ഞ വസ്തുതകളോട് ഉപമിക്കാവുന്ന ഒരു സംഭവവും കേരളത്തിൽ ഉണ്ടായിട്ടില്ല. 2021നു ശേഷം എൽഡിഎഫ് സർക്കാരിനെയും വിശിഷ്യാ മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്നതും വസ്തുതാ വിരുദ്ധമായ എന്തെല്ലാം കഥകളാണ് മാധ്യമങ്ങൾ ചമച്ചത്. മാന്യതയുടെ എല്ലാ സീമയും ലംഘിക്കുന്ന കാർട്ടൂണുകളും ഹാസ്യ ചാനൽ പരിപാടികളും അരങ്ങേറി. മുഖ്യമന്ത്രിയുടെ  കുടുംബാംഗങ്ങളെ വരെ കടന്നാക്രമിച്ചു. അതിന്റെയൊന്നും പേരിൽ ഒരു പത്രപ്രവർത്തകനും ഒരു കേസിലും പ്രതിയായിട്ടില്ല. ക്രിമിനൽ ഗൂഢാലോചനകളിൽ പങ്കാളികളാകുന്നത് ആരായാലും കുറ്റകരമാണ്. "മോദിയുടെ ഇന്ത്യയയി’ലെ അവസ്ഥ ഗൗരവമായി കാണാതെയാണ് ഏതാനും ചിലർ ‘പ്രതികരണ' ചൂണ്ടയിൽ കുടുങ്ങുന്നത്.

സ. എളമരം കരീം എംപി 
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

No comments:

Post a Comment