Thursday, August 16, 2012

ഇതു ക്രൈസ്തവ സഭകള്‍ക്കു അപമാനം


  •  മിനിമം കൂലി എന്ന ഭരണഘടന അവകാശം നേടിയെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ നൂറ്റി പതിനാല് ദിവസങ്ങളായി സമരം ചെയ്ത പാവം നേഴ്സുമാരുടെ സമരത്തോട് കുംഭകര്‍ണ്ണ സമീപനം സ്വീകരിച്ച കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രി മാനേജ്‌മന്റ്‌  നടപടിയോട്  ആര്‍ക്കും യോജിക്കാന്‍ കഴിയില്ല.
  •  ഇന്ത്യന്‍ നിയമത്തിനു കീഴ് വഴങ്ങി മാത്രമേ ഏതൊരു മത സ്ഥാപനത്തിനും ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന ഭരണഘടനാ വ്യവസ്ഥ ഒരു മത സ്ഥപനങ്ങളും മറക്കരുത്. പരമോന്നത നീതി പീഠം ആയ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി ന്യായങ്ങള്‍ നിയമ നിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടണം  എന്നാണ്  നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
  •  മിനിമം വേജു ആക്ട്‌ പ്രകാരം സര്‍ക്കാര്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ മിനിമം കൂലി പ്രഖ്യാപിച്ചാല്‍ മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലി കൊടുക്കുവാന്‍ യാതൊരു സ്ഥാപന ഉടമക്കും ഇന്ത്യയില്‍ അവകാശമില്ല എന്ന നിയമത്തിന്റെ " സുവിശേഷം" ഈ മാനേജുമെന്റിനെ പഠിപ്പിക്കാന്‍ ഇനി ആരാണ് വരേണ്ടത്.
  •  മിനിമം കൂലി കൊടുത്താല്‍ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകും എങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ സുപ്രീം കോടതി പലവട്ടം വിധി പറഞ്ഞിട്ടുണ്ട് എന്നത് ഇവര്‍ മറക്കാതിരിക്കട്ടെ. 
  • നമ്മുടെ രാജ്യത്തിലെ മതന്യൂനപക്ഷ സമൂഹങ്ങള്‍ സുരക്ഷിതരായി കഴിയുന്നത്‌  ഭരണഘടനയുടെ പ്രത്യേക സുരക്ഷാ കവചം ഉപയോഗിച്ചാണ്‌ എന്നത്  ഇന്ത്യയിലെ ഒരു മത ന്യൂനപക്ഷവും മറക്കരുത്. അതെ മത ന്യൂന പക്ഷങ്ങള്‍ തന്നെ ഭരണഘടന ഉറപ്പു നല്‍കുന്ന മിനിമം കൂലി അവകാശം നിഷേധിച്ചു ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതിലെ  യുക്തി  മനസ്സിലാകുന്നില്ല.
  •  മിനിമം കൂലി എന്ന പട്ടിണി കൂലി നിഷേധിച്ചു കൊണ്ട്  കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ആശുപത്രികളോ , വിദ്യാഭ്യാസ സ്ഥാപനങ്ങളോ നടത്തി ഇനിയും യാതൊരു സേവനവും തങ്ങള്‍ക്കു  നല്‍കേണ്ടതില്ല എന്ന് ഒറ്റക്കെട്ടായി  എന്നാണ്    ജനങ്ങള്‍ക്ക്‌    ചൂഷകരോട് പറയാന്‍ കഴിയുക.
  • കോതമംഗലം മോര്‍ ബസ്സേലിയോസ് മാനേജ്‌മന്റ്‌ മാത്രമല്ല ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത് .ഇത്തരം കൊടിയ ചൂഷണം നടത്തുന്നതില്‍ കേരളത്തിലെ ക്രൈസ്തവ സഭകളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം . "നിന്റെ വയലില്‍ പണിയെടുന്നവന്റെ കൂലി സൂര്യാസ്തമനത്തിനു മുന്‍പ് കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കാത്ത കൂലി നിന്റെ അരമനയുടെ മുന്‍പില്‍ നിന്ന് നിലവിളിക്കുമെന്നും ആ നിലവിളി സൈന്യങ്ങളുടെ ദൈവമായ യഹോവ കേള്‍ക്കുമെന്നും അത് നിനക്ക് അനര്‍ത്ഥം ഉണ്ടാക്കും "എന്നും ഉള്ള ബൈബിള്‍ വാക്യം തങ്ങള്‍ നടത്തുന്ന അധര്‍മ്മത്തിനു എതിരായ പ്രവാചക ദൂത് ആയി  ധന ചൂഷണത്തിന്റെ ഈ അപ്പോസ്തലന്മാര്‍ എന്തു കൊണ്ടാണ് മനസിലാക്കാത്തത്  ?
  • തൊഴിലാളികള്‍ സംഘടിക്കുന്നതും കൂട്ടായി വില പേശുന്നതും ക്രിമിനല്‍ കുറ്റമായി കാണുന്ന വലതു പക്ഷ ദൃശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങള്‍ കഴിഞ്ഞ നൂറ്റി പതിനാലു ദിവസങ്ങള്‍ ഈ സമരത്തോട് പുലര്‍ത്തിയ നിസംഗ സമീപനത്തെ കേരള സമൂഹം ഒറ്റക്കെട്ടായി അപലപിക്കേണ്ടതാണ് 

No comments:

Post a Comment