Wednesday, August 1, 2012

നട്ടെല്ലില്ലാത്ത കാക്കിവേഷങ്ങള്‍എംഎല്‍എ എന്നല്ല, ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തരമന്ത്രി ഒരുദിവസം കല്‍പ്പിച്ചാല്‍ യന്ത്രവുംകൊണ്ട് ഫോണ്‍ ചോര്‍ത്താന്‍ പോകുന്ന പൊലീസുകാരന്‍ ചെയ്യുന്നത് സ്വന്തം പണിയല്ല, ക്രിമിനലിന്റെ പണിയാണ്. ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍സംഭാഷണം ടാപ്പ്ചെയ്ത് ഒരു പൊലീസുകാരന്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രസുരക്ഷയ്ക്ക്, അന്യരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകര്‍ക്കപ്പെടുമ്പോള്‍, പൊതുനിയമസംവിധാനം അപകടത്തില്‍പ്പെടുമ്പോള്‍, ഒരു കുറ്റകൃത്യം തടയാന്‍- ഇത്രയും ഘട്ടങ്ങളിലാണ് ടെലിഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് കഴിയുക. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വെറുതെ തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടാകണം. ഏതുതരത്തിലുള്ള ആശയവിനിമയമാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് അതില്‍ വ്യക്തമായി പറയണം. ഈ ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കായിരിക്കും. ഇത്തരമൊരു ഉത്തരവ് വന്നാല്‍ത്തന്നെ, ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍ കമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി കേന്ദ്രത്തിലും തത്തുല്യമായ സമിതി സംസ്ഥാനത്തും ടെലിഫോണ്‍ ചോര്‍ത്തുന്നത് നിയമാനുസൃതവും അത്യന്താപേക്ഷിതവുമാണോ എന്നു വിലയിരുത്തണം. അല്ലെന്നുകണ്ടാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ്.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്‍വലിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡവും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ അതിനുമുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയും ഭരണഘടന വിഭാവനംചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളും തകര്‍ക്കുന്ന നടപടിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

ഇവിടെ ടി വി രാജേഷിന്റെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ ചോര്‍ത്താന്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമം നിര്‍വചിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന് നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. യുഡിഎഫിന് കേസില്‍ കുടുക്കാനുള്ളവരുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വയ്ക്കാന്‍ അനുവാദം കൊടുക്കുന്നത്ര താണ നിലവാരത്തിലുള്ള നടപടിയാണിത്. സര്‍ക്കാരിന് ഈ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല.

പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ഢെ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി, ടെലിഫോണ്‍ ചോര്‍ത്തുന്നതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ നിഷേധമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ടെലിഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ഭരണഘടനയുടെ 19(1എ) അനുസരിച്ച് സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വിനിയോഗിക്കപ്പെടുന്നത്. അത് നിഷേധിക്കുന്നതിനെ സുപ്രീംകോടതി അതീവഗൗരവത്തോടെ കാണുന്നു. 1855ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി അതിനുമുമ്പുതന്നെ ഇത്തരം അനധികൃത ഫോണ്‍ ചോര്‍ത്തലുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുന്നതും മറ്റും അതിന്റെ ഭാഗമായാണ്.

ടി വി രാജേഷിന്റെ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 5(2)ഉം അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അതിനര്‍ഥം ഭരണഘടന പൗരനുനല്‍കുന്ന മൗലികാവകാശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈവച്ചിരിക്കുന്നു എന്നതാണ്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍വച്ച സിപിഐ എം നേതാക്കള്‍ കുറ്റസമ്മതം നടത്തി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം നല്‍കി. സിപിഐ എമ്മിനെ കേസില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് അന്വേഷണസംഘത്തിലെ യുഡിഎഫ് സേവകരായ ചില ഉദ്യോഗസ്ഥര്‍ വാര്‍ത്ത സൃഷ്ടിച്ചതും ചോര്‍ത്തിയതും. അങ്ങനെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകരോട് എത്രവട്ടം സംസാരിച്ചു എന്ന വിവരം ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ വലിയ നിയമലംഘനമായി കൊണ്ടാടാനും കേസെടുത്ത് പീഡിപ്പിക്കാനുമാണ് പൊലീസ് തയ്യാറായത്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ച് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് ഇഷ്ട മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ യജമാനന്മാരില്‍നിന്നും അച്ചാരം വാങ്ങിയതല്ല തെറ്റ്, ആ വിവരം പുറത്തുകൊണ്ടുവന്നതാണ് മഹാ അപരാധം എന്നാണ് മാന്യന്മാര്‍ ഇപ്പോഴും പറയുന്നത്. ഇതേ ആളുകള്‍ ഇപ്പോള്‍ പരസ്യമായി നിയമം ലംഘിച്ച് ഭരണഘടനയെ പുച്ഛിച്ചുതള്ളി വ്യക്തിയുടെ സ്വകാര്യതയില്‍ തള്ളിക്കയറുന്നു. ജനപ്രതിനിധികളുടെപോലും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് തെളിവുണ്ടാക്കാന്‍ നടക്കുന്നു.

ടി വി രാജേഷ് ഫോണിലൂടെ എന്തെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതായല്ല പൊലീസ് കണ്ടെത്തിയത്. പാര്‍ടിയുടെ പ്രാദേശികതലത്തിലുള്ള ഒരു പ്രവര്‍ത്തകനുമായി സംസാരിച്ച ചില കാര്യങ്ങള്‍ റെക്കോഡുചെയ്ത് കേള്‍പ്പിച്ച് അതിനെ ഷുക്കൂര്‍ വധക്കേസുമായി ബന്ധിപ്പിക്കാനുള്ള ദുര്‍ബലശ്രമമാണ് നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധപ്രവൃത്തിയാണെന്ന സംശയംപോലും അന്വേഷണസംഘത്തിന് ഉണ്ടായില്ല. യുഡിഎഫിന് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ നിയമവും അന്തസ്സും അഭിമാനവും വിവേകവും യുക്തിയും മറന്നുപോകുന്നു. ജനനേതാക്കളെ പലകുറി വിളിച്ചുവരുത്തി വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. പൊലീസിനെതിരെ ആര് എന്ത് വിമര്‍ശം ഉന്നയിച്ചാലും കേസെടുത്ത് പേടിപ്പിക്കുന്നു. ഏതാനും മാധ്യമങ്ങളുടെ സഹായവും ലഭിക്കുന്നു എന്നുവരുമ്പോള്‍ കാക്കി യൂണിഫോമിനുമേല്‍ അഹന്തയുടെയും അവിവേകത്തിന്റെയും തൊപ്പിയാണ് എടുത്തണിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തോടെ കേരളം അറബിക്കടലിലേക്ക് തിരിച്ചുപോകും എന്നാണ് പൊലീസിലെ യുഡിഎഫ് സേവാദളത്തിന്റെ മനോഗതം. അതിന്റെ പുളപ്പാണ് ജനനേതാക്കളുടെ സ്വകാര്യസംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വലിയ മിടുക്കായി കൊണ്ടുനടക്കുമ്പോള്‍ തെളിയുന്നത്. ഇക്കണക്കിന് ഇവര്‍ നാളെ എന്തെല്ലാം ചെയ്യും എന്നാണ് ആലോചിക്കേണ്ടത്. നാട്ടില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ ചെയ്യുന്ന ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛത അളക്കാനാകാത്തതാണ്. അനധികൃത ഫോണ്‍ ചോര്‍ത്തല്‍ നടത്തിയവരെ നിയമപരമായി കൈകാര്യംചെയ്തേ തീരൂ. അതിന് പ്രേരിപ്പിച്ചവരെയും വെറുതെവിടാന്‍ പാടില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ആ ചുമതല ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. അങ്ങനെ വരുമ്പോള്‍ കേസിന്റെയും പൊലീസ് ഭീകരതയുടെയും ഭീഷണിയുടെയും ആയുധങ്ങളൊന്നും പോരാതെ വരും.

ടി വി രാജേഷിന്റേതുമാത്രമല്ല, സിപിഐ എമ്മിന്റെ പ്രമുഖരായ പല നേതാക്കളുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ക്യാമ്പിലേക്ക് എംഎല്‍എമാര്‍ ചെന്നപ്പോള്‍ "നിങ്ങള്‍ വരുന്ന വിവരം മൂന്നുമണിക്കൂര്‍ മുമ്പേ എനിക്കറിയാമായിരുന്നു" എന്നാണ് ഒരു ഐപിഎസ് മിടുക്കന്‍ പറഞ്ഞുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറാണത്രേ പുതിയ അന്വേഷണയന്ത്രം. അങ്ങനെയെങ്കില്‍ വടകര പൊലീസ് ക്യാമ്പിന്റെ ടവര്‍ പരിധിയില്‍നിന്ന് ഏതൊക്കെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകള്‍ പോയി എന്നും ആരില്‍നിന്നെല്ലാം തിരിച്ചുവന്നു എന്നും അന്വേഷിക്കാന്‍ എളുപ്പമാണ്. അതില്‍ തെളിയും ആരാണ് കാക്കിക്കുള്ളിലെ അച്ചാരംവാങ്ങികളും ചാരന്മാരും ചെരുപ്പുനക്കികളുമെന്ന്.

യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് സേനയെ തറയോളം താഴ്ത്തിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിസ്ഥാനവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും ഒഴിയുമ്പോള്‍ പൊലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. അഭിമാനവും കഴിവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇല്ലാത്ത ഒരു സേന നാടിനുതന്നെ ഭാരമാകും. നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയാകെ കേസുകളില്‍ പ്രതിചേര്‍ത്തും പ്രസംഗത്തിന്റെ പേരില്‍ കേസുകളുടെ അതിസാരം സൃഷ്ടിച്ചും യുഡിഎഫിന് വിടുവേല ചെയ്യുന്ന അതേ തെമ്മാടിത്തം മറ്റൊരു രീതിയിലും പൊലീസ് നിര്‍വഹിക്കുന്നുണ്ട്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ് ആവിയാക്കിയും മറ്റുമാണത്. പൊലീസിലെ നട്ടെല്ലുള്ളവര്‍ക്കുമാത്രമല്ല, നാടിനാകെ അപമാനമാണ് ഈ സ്ഥിതി. ലജ്ജാകരം എന്നു പറഞ്ഞാലും മതിയാകില്ല.

No comments:

Post a Comment