Sunday, July 8, 2012

ബലാത്സംഗ ആരോപണം രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ നിഷേധിച്ചു



ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ താനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംഎല്‍എ കിഷോര്‍ സമ്രിതെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബലിറാം സിങ്ങിന്റെ മകള്‍ സുകന്യ സിങ്ങിനെ 2006 ഡിസംബര്‍ മൂന്നിന് രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും കൂട്ടബലാത്സംഗംചെയ്തെന്നാണ് കേസ്. സംഭവം മൂടിവയ്ക്കുന്നതിന് സുകന്യയെയും അമ്മയെയും തട്ടിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, ചന്ദ്രമൗലി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞു. വെബ്സൈറ്റില്‍മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ആക്ഷേപങ്ങളാണിത്. ഉത്തരവാദിത്തപ്പെട്ട ആര്‍ക്കും ഇതിന്റെ പേരില്‍ കേസെടുക്കാനാകില്ല- രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഹൈക്കോടതി കേസ് തള്ളിയതിനുശേഷം തനിക്ക് നിരന്തരം പൊലീസിന്റെ പീഡനമാണെന്ന് കിഷോര്‍ സമ്രിതെ പറഞ്ഞു. തനിക്കെതിരെ ജപ്തിനടപടികള്‍പോലും ആരംഭിച്ചുകഴിഞ്ഞു. തനിക്കെതിരായ എല്ലാ കോടതി നടപടിയും നിര്‍ത്തിവയ്ക്കണം- സമ്രിതെ പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

No comments:

Post a Comment