Monday, October 31, 2011

ബാലകൃഷ്ണ പിള്ളക്ക് ജയില്‍ മോചനം


തിരു: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയുടെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കിയാണ് പിള്ളയെ തുറന്നുവിടുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉത്തരവിറക്കി. പിള്ളയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി കരാറുകാരന്‍ പി കെ സജീവിനെയും വിട്ടയക്കും. സാധാരണയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചട്ടങ്ങളനുസരിച്ച് തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കാറ്. ഇതുകൂടാതെ, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി, അംബേദ്കര്‍ ജന്മശതാബ്ദി, സഹസ്രാബ്ദ ജൂബിലി എന്നിവയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട് എന്ന വാദമുയര്‍ത്തിയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ , അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചവരെ ഈ അവസരങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിയവേ പിള്ള ഫോണ്‍ ദുരുപയോഗം ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഒരു വര്‍ഷം കഠിനതടവും പിഴയും ശിക്ഷിക്കപ്പെട്ട പിള്ള ഇപ്പോള്‍ നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ കഴിയുകയാണ്. 2011 ഫെബ്രുവരി 18നാണ് പിള്ളയെ ജയിലില്‍ അടച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പിള്ളയെ പരോളില്‍ വിട്ടയച്ചു. ഇതുവരെ 69 ദിവസംമാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളില്‍ കഴിഞ്ഞ പിള്ള ആഗസ്ത് അഞ്ചു മുതല്‍ കിംസ് ആശുപത്രിയിലാണ്. ആശുപത്രിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന പിള്ളയെ വിട്ടയക്കാന്‍ കേരളപ്പിറവി ദിനം മറയാക്കിയിരിക്കുകയാണ്്. ഡിസംബര്‍ 23ന് പിള്ളയുടെ ശിക്ഷാ കാലാവധി കഴിയും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പിള്ളയ്ക്ക് രണ്ടു മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍ പിള്ള ഉടന്‍ ആശുപത്രിവിടാന്‍ ഇടയില്ലെന്ന് അറിയുന്നു. ഭരണഘടനയുടെ 161-ാം അനുഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് നല്‍കാം. 138 തടവുകാര്‍ ഇതുപ്രകാരം മോചിതരാകും. രണ്ടായിരത്തഞ്ഞൂറോളം തടവുകാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് തുരങ്കം നിര്‍മിച്ചതില്‍ അഴിമതി നടത്തിയതിന് പ്രത്യേക കോടതി 1999ല്‍ അഞ്ചു വര്‍ഷം തടവിനാണ് പിള്ളയെയും കരാറുകാരനായ പി കെ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളെയും ശിക്ഷിച്ചത്. ഇത് സുപ്രീംകോടതി ഒരു വര്‍ഷമായി കുറച്ചു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആളെ മറ്റ് സംസ്ഥാനങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല. 65 വയസ്സുകഴിഞ്ഞതിന്റെ പേരില്‍ പിള്ളയെ വിട്ടയക്കാന്‍ ജയില്‍ എഡിജിപി ആഗസ്ത് പത്തിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതരമായ രോഗം പിടിപെട്ടവരെ വിട്ടയക്കണമെന്ന ശുപാര്‍ശയും നല്‍കിയിരുന്നു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് കേരളപ്പിറവിയുടെ പേരില്‍ ഇളവ് അനുവദിച്ച് അതുവഴി പിള്ളയുടെ മോചനത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.
പിള്ളയെ വിടുന്നത് ജയില്‍ച്ചട്ടവും ഭരണഘടനയും മറികടന്ന്

തിരു: സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നത് ഭരണഘടനാവ്യവസ്ഥയും ജയില്‍ച്ചട്ടവും കാറ്റില്‍പ്പറത്തി. സുപ്രീംകോടതി ഒരു വര്‍ഷം തടവിന് വിധിച്ചെങ്കിലും ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ കാലയളവ് പിള്ള ജയിലിന് പുറത്തായിരുന്നു. തലസ്ഥാന നഗരത്തിലെ മുന്തിയ സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിലാണ് കഴിഞ്ഞ മൂന്നുമാസത്തോളമായി പിള്ളയുടെ "ജയില്‍ വാസം". ജയില്‍ച്ചട്ടം ലംഘിച്ചതിന് രണ്ട് തവണ ജയില്‍ എഡിജിപിയുടെ ശാസന ഏറ്റുവാങ്ങിയ പിള്ളയ്ക്ക് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നാല് ദിവസം കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയുടെ മകന്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗമാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിള്ളയുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇളവ് നല്‍കുന്നത്. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ , ലഹരിമരുന്ന് കടത്തുകാര്‍ , തീവ്രവാദികള്‍ , രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ പട്ടികയില്‍പ്പെട്ടവര്‍ ഒരു തരത്തിലുള്ള ഇളവിനും അര്‍ഹരല്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ പൊതുസ്വത്ത് അപഹരിച്ചവര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം ചെയ്തവരുടെ ഗണത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 234/2011 എന്ന നമ്പരില്‍ പുറത്തിറക്കിയ ഉത്തരവില്‍ ഒക്ടോബര്‍ 24 ആണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചതായി രേഖയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ , തിങ്കളാഴ്ച രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രി ടി എം ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരക്കിട്ട് ഉത്തരവിറക്കിയത് ദുരൂഹമാണ്. ജയില്‍വാസത്തിനിടയില്‍ സ്വഭാവദൂഷ്യത്തിന് പിള്ള ശാസന ഏറ്റുവാങ്ങിയത് ജയില്‍ച്ചട്ടത്തിന്റെ ലംഘനമാണ്. മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ചതിന് ജയില്‍ എഡിജിപി നേരിട്ട് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് മൊബൈല്‍ ഫോണ്‍ സംഭാഷണം നടത്തി പിള്ള ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ജയില്‍ച്ചട്ടം ലംഘിച്ചവര്‍ക്ക് പിന്നീട് പരോള്‍പോലും അനുവദിച്ചിട്ടില്ല. തന്നെ വിട്ടയച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് മകനെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് നൂല്‍പ്പാലത്തിലായ സര്‍ക്കാര്‍ പിള്ളയുടെ ഭീഷണി ഒഴിവാക്കാന്‍ തിരക്കിട്ട് ഉത്തരവിറക്കിയതായാണ് കരുതുന്നത്.

Sunday, October 23, 2011

പുതുപ്പള്ളി കല്ലേറ്: അന്വേഷണം നീട്ടാന്‍ മുകളില്‍നിന്ന് നിര്‍ദ്ദേശം


പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയതായി സൂചന. പുതുപ്പള്ളി അങ്ങാടി സ്വദേശികളായ അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായ സൂചന ലഭിച്ചതത്രെ. ഇതില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ യുവാവിനെ അറസ്റ്റുചെയ്താല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ, സിപിഐ എം വിരുദ്ധ പ്രചാരണം പൊളിയുമെന്നതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്ത് അന്വേഷണം നീട്ടാനാണ് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മണംപിടിച്ച പൊലീസ് നായ അങ്ങാടി കൊറ്റക്കാല പ്രദേശത്തേക്ക് പോയിരുന്നു. പുതുപ്പള്ളി പള്ളിയുടെ കുരിശിന്‍തൊട്ടിയുടെ സമീപത്തും നായ എത്തിയിരുന്നു. വീടിനുസമീപത്തുനിന്ന് ശേഖരിച്ച കല്ല് തന്നെയാണ് എറിയാന്‍ ഉപയോഗിച്ചതെന്നും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായി കല്ല് ശേഖരിച്ചുകൊണ്ട് വന്ന് എറിഞ്ഞതല്ലെന്നും അന്വേഷണസംഘത്തിലെ അംഗമായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ദേശാഭിമാനിയോട് പറഞ്ഞു. ഒരുമാസം മുമ്പ് സഭാപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ട് ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദബാദ് ഭദ്രാസനാധിപന്‍ നടത്തിയ പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരായി നടത്തിയ രൂക്ഷമായ വിമര്‍ശനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പുതുപ്പള്ളി പള്ളിയിലെ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ചും നടത്തിയിരുന്നു. ഞായറാഴ്ചകളില്‍ മുടക്കം കൂടാതെ പള്ളിയില്‍ എത്തിയിരുന്ന ഉമ്മന്‍ചാണ്ടി അതിന്ശേഷം പള്ളിയില്‍ സംഘര്‍ഷ സാധ്യത ഭയന്ന് കയറിയിട്ടില്ല. ഇപ്പോള്‍ പൊലീസ് സംശയിക്കുന്ന യുവാവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്സ് സഭാവിശ്വാസിയുമാണ്. പൊലീസ്നായ എത്തിയ അങ്ങാടി കൊറ്റക്കാലാ പ്രദേശം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡുമാണ്. ഊടുവഴികളും പൊട്ടക്കിണറുമുള്ള ഈ പ്രദേശത്ത് പരിചയമില്ലാത്ത ഒരാള്‍ക്ക് രാത്രിയില്‍ എത്താനാവില്ല.

Saturday, October 22, 2011

സഭാ തര്‍ക്കം ജനഹിത പരിശോധന മാത്രം പരിഹാരമാര്‍ഗം


ഒരു നൂറ്റാണ്ടില്‍ അധികമായി തുടരുന്ന മലങ്കര സഭാ തര്‍ക്കം വ്യവഹാരങ്ങളിലൂടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല എന്ന കേരള ഹൈക്കോടതി നിരീക്ഷണം തികച്ചും സ്വാഗതാര്‍ഹം ആണ്.ആത്മീയ മേലധികാരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നടത്തുന്ന ശ്രമം ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാവകാശ ലംഘനവും ക്രൈസ്തവ നീതിക്ക് നിരക്കാത്തതും ആണ് എന്ന  ഹൈക്കോടതി പരാമര്‍ശനവും കാലിക പ്രസക്തമാണ്‌ . ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലങ്കര അസ്സോസിയഷനാല്‍ തിരെഞ്ഞെടുക്കപ്പെടാതതിനാല്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും , അയ്മെനികളും മലങ്കര സഭക്ക് ഇതരര്‍ ആണ് എന്ന ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആവശ്യം സുപ്രീം കോടതി 1995- ല്‍ നിരാകരിച്ചു എന്നത് ഓര്‍മ്മിക്കുക.യാക്കോബായ സഭാ 2002-ല്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന അസോസിയേഷനില്‍ പ്രത്യേക ഭരണഘടന ഉണ്ടാക്കിയതിനാല്‍ മലങ്കര സഭയിലെ പള്ളികളില്‍ യാതൊരു അവകാശവും ഇല്ല എന്ന ഓര്‍ത്തഡോക്‍സ്‌പക്ഷ വാദം ,പള്ളികളില്‍ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു അവര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ട് 2006-ല്‍  കേരള ഹൈക്കോടതി തന്നെ തള്ളി കളഞ്ഞതാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ മൂല ഹര്‍ജി സാങ്കേതിക പിഴവ് മൂലം  നിലനില്‍ക്കില്ല എന്നതുകൊണ്ട്‌ സുപ്രീം കോടതി  ഈ വിധി നിരാകരിച്ചു എങ്കിലും കേരള ഹൈക്കോടതിയുടെ  "അസോസിയേഷനില്‍ ചേരാനും , അസോസിയേഷനില്‍ നിന്ന് പിന്‍മാറാനും, പുതിയ അസോസിയേഷന്‍ രൂപീകരിക്കാനും ഉള്ള പള്ളികളുടെ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശം ആണ് " എന്ന നിഗമനത്തിന്.ഇപ്പോഴും പ്രസക്തി ഉണ്ട്.
 പള്ളി പൊതുയോഗം പാസ്സാക്കുന്ന ഭരണ ഘടന, ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടവക പള്ളികളുടെ ഭരണം ആര് നടത്തണം എന്നത് സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങള്‍ ഇടവക അംഗങ്ങളുടെ ജനഹിതം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനെ എന്ത് കൊണ്ടാണ് ഓര്‍ത്തഡോക്‍സ്‌ പക്ഷം എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശ്ശേരി പള്ളിയും , ആലപ്പുഴ പള്ളിയും രാജവിളംബരത്തില്‍ കൂടി തങ്ങള്‍ക്കു ലഭിച്ചിട്ടും ജനഹിതം ബോധ്യപ്പെട്ടു കത്തോലിക്ക സഭക്ക് കൈമാറിയ പഴയകാല ചരിത്രത്തിനു ഇന്നും പ്രസക്തി ഉന്ടു.കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് കത്തോലിക്ക - യാക്കോബായ വിഭാഗങ്ങള്‍ തങ്ങള്‍ ന്യൂനപക്ഷം ആയ ദേവാലയങ്ങളില്‍ നിന്നും വിട്ടു മാറി പുതിയ ദേവാലയങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. എണ്ണത്തില്‍ ശക്തമായ കത്തോലിക്ക വിഭാഗം സംഘ ശക്തിയില്‍ കൂടി ദേവാലയങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഇന്നത്തെ ഓര്‍ത്തഡോക്‍സ്‌പക്ഷത്തെ പോലെ ശ്രമിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു ചരിത്രത്തിന്റെ ഗതി.സഭാ തര്‍ക്കങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മാറിയിരിക്കുന്നതിനാല്‍ "ആരാധനാലയങ്ങള്‍ പബ്ലിക്‌ ട്രസ്റ്റ് ആണ് "എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരുപക്ഷവും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന  പള്ളികളും , ഭദ്രാസന ആസ്ഥാനങ്ങളും നിയമ നിര്‍മ്മാണത്തില്‍   കൂടി താല്‍കാലികമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും  ജനഹിതം പരിശോധിച്ച് അധികാരം കൈമാറുന്നതിന് നടപടി സ്വീകരിക്കുവാന്‍ ഇനി സര്‍ക്കാര്‍ ഒരു നിമിഷം വൈകരുത്.സഹോദര സഭകള്‍ എന്നനിലയില്‍ റോമന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോണ്‍ ആലഞ്ചേരി , മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത എന്നിവര്‍ പ്രകടിപ്പിച്ച സമാന നിര്‍ദ്ദേശങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ കൂടി  ഓര്‍ത്തഡോക്‍സ്‌ സഭാ നേതൃത്വം എന്ത് ക്രൈസ്തവ സന്ദേശം ആണ് കേരളത്തിനു നല്‍കുന്നത് എന്നതാണ് അത്ഭുതകരം.

Wednesday, October 19, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: സ്വത്തു വേണ്ട; പള്ളി മതിയെന്നു യാക്കോബായ സഭ

കൊച്ചി: കോലഞ്ചേരിയിലെ പ്രധാന പള്ളിയും ചേര്‍ന്നുള്ള വസ്‌തുവകകളും ലഭിച്ചാല്‍ പള്ളിയുടെ കീഴിലുള്ള മറ്റു സ്‌ഥാപനങ്ങളും വസ്‌തുവകകളും വിട്ടുകൊടുക്കാന്‍ തയാറാണെന്നു യാക്കോബായ സഭ. കോലഞ്ചേരി പള്ളി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അവസാന പോംവഴി എന്ന നിലയിലാണു യാക്കോബായ സഭ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്‌.
മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ സഭ നേരത്തേ മറ്റു ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. താല്‍ക്കാലിക ക്രമീകരണം, ശാശ്വത നിര്‍ദേശങ്ങള്‍, ശാശ്വത പരിഹാരത്തിലേക്കുള്ള ആദ്യപടി എന്നിങ്ങനെയാണ്‌ ഈ നിര്‍ദേശങ്ങള്‍. ഇവ പ്രശ്‌നപരിഹാരത്തിന്‌ ഉതകുന്നില്ലെങ്കില്‍ അവസാന പോംവഴിയെന്ന നിലയിലാണു 'സ്വത്തു വേണ്ട, പള്ളി മതി'യെന്ന പുതിയ നിലപാടു യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്‌.
സഭ മുമ്പു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇവയാണ്‌. താല്‍ക്കാലിക ക്രമീകരണം: 1. വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും ഒന്നിടവിട്ടുള്ള ആഴ്‌ചകളില്‍ കുര്‍ബാനയും ആത്മീയാവശ്യങ്ങളും നിറവേറ്റുന്നതിന്‌ ഇരുവിഭാഗത്തിനും സൗകര്യമൊരുക്കുക. 2. സമയക്രമീകരണം നടത്തി ഇരുവിഭാഗത്തിനും വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും കുര്‍ബാനയ്‌ക്ക് സൗകര്യമൊരുക്കുക. (6,8,9,11) 3. സെമിത്തേരി പൊതുവായി ഉപയോഗിക്കാം.
ശാശ്വത നിര്‍ദേശങ്ങള്‍: 1. സര്‍ക്കാര്‍ പ്രതിനിധിയുടെയോ കോടതി നിശ്‌ചയിക്കുന്ന അധികാരിയുടെയോ മേല്‍നോട്ടത്തില്‍ ഇടവകയില്‍ ഹിതപരിശോധന നടത്തി പള്ളിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെ ഭാഗധേയം തീരുമാനിക്കുക.
2. കോലഞ്ചേരി പള്ളിയും പള്ളിവക സ്വത്തുക്കളും അനുബന്ധ സ്‌ഥാപനങ്ങളും ഇടവകയിലെ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ അനുപാതമനുസരിച്ചു നല്‍കാന്‍ തീരുമാനമുണ്ടാവുക.
ശാശ്വത പരിഹാരത്തിനുള്ള ആദ്യപടി: 1. റഫറണ്ടം നടത്തി വലിയ പള്ളിയും പള്ളി സ്‌ഥിതിചെയ്യുന്ന സ്‌ഥലവും ഭൂരിപക്ഷത്തിനും പള്ളിയുടെ വടക്കുവശത്തുള്ള (ഉദ്ദേശ്യം 80 സെന്റ്‌) ഭൂമിയും പള്ളി പണിയാനുള്ള അഞ്ചുകോടി രൂപയും മറുഭാഗത്തിനുമായി നല്‍കുക. പള്ളിയുടെ കീഴിലുള്ള മറ്റു സ്വത്തുക്കള്‍ (കോട്ടൂര്‍ ചാപ്പലും കുരിശിന്‍ തൊട്ടികളും അടക്കം) പിന്നീടു ചര്‍ച്ചയിലൂടെ ഇരുവിഭാഗത്തിനുമായി വീതവച്ചു നല്‍കുക.
കോലഞ്ചേരി പള്ളിയുടെ വസ്‌തുവകകളില്‍ ചിലത്‌ ഇവയാണ്‌:

1. വലിയ പള്ളിയും പള്ളി സ്‌ഥിതി ചെയ്യുന്ന ഒരേക്കര്‍ സ്‌ഥലവും സെമിത്തേരിയും.

2. പള്ളിയുടെ തെക്കുവശത്തുള്ള ഒരേക്കര്‍ തേക്കിന്‍ തോട്ടം.

3. വടക്കുവശത്തുള്ള 80 സെന്റ്‌

4. മുന്‍വശത്തുള്ള 2 ഏക്കര്‍ പള്ളിപ്പറമ്പ്‌.

5. കോടതി പ്രവര്‍ത്തിക്കുന്ന ഒരേക്കറും കെട്ടിടവും

6. ടി.ടി.സിയും 70 സെന്റ്‌

7. ഹൈസ്‌കൂളും ബി.എഡ്‌ കോളജും നില്‍ക്കുന്ന അഞ്ചേക്കര്‍

8. കോട്ടൂര്‍ പള്ളിയും ഏകദേശം രണ്ടേക്കര്‍

9. കോട്ടൂര്‍ പള്ളിയുടെ മൂന്ന്‌ കുരിശിന്‍ തൊട്ടികളും സ്‌ഥലവും

10. വലിയ പള്ളിയുടെ മൂന്ന്‌ കുരിശിന്‍ തൊട്ടികളും സ്‌ഥലവും

11. വിവിധ ബാങ്കുകളിലുള്ള മൂന്നരക്കോടിയോളം രൂപ

12. റിസീവര്‍ പള്ളി കൈമാറുമ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ള ഏകദേശം നാല്‌ കിലോ സ്വര്‍ണം, 8 കിലോ വെള്ളി, സ്വര്‍ണ കുരിശുകള്‍ (101 പവന്‍), വെള്ളി കുരിശുകള്‍, മറ്റ്‌ സ്വര്‍ണ ഉരുപ്പടികള്‍, വെള്ളി ഉരുപ്പടികള്‍.
കൂടാതെ 27 ഏക്കര്‍ സ്‌ഥലത്തുള്ള സെന്റ്‌ പീറ്റേഴ്‌സ് കോളജും 25 ഏക്കറിലുള്ള മെഡിക്കല്‍ കോളജും കോലഞ്ചേരി പള്ളിയുടെ നേതൃത്വത്തിലാണ്‌ പണികഴിപ്പിച്ചിട്ടുള്ളത്‌. എല്ലാംചേര്‍ന്ന്‌ 500 കോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌.

Thursday, October 13, 2011

ഭൂരിപക്ഷത്തിനു ആരാധന നിഷേധിക്കുന്നത് ക്രൈസ്തവ ധര്‍മ്മമോ?

ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം






കൊച്ചി: ആരാധനയ്‌ക്കുള്ള സമയം ക്രമീകരിച്ചു കോലഞ്ചേരി പള്ളി പശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന്‌ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.

ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം. ക്രൈസ്‌തവസാക്ഷ്യം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇരുവിഭാഗങ്ങളും വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.

മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാ താരക'യുടെ പുതിയ ലക്കത്തിലാണ്‌ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലുള്ള നിലപാട്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്‌തമാക്കിയത്‌.

മലങ്കര സഭയ്‌ക്ക് അതിപ്രധാന ദിവസമായിരുന്നു കാതോലിക്കേറ്റ്‌ സ്‌ഥാപിച്ചിട്ട്‌ നൂറു വര്‍ഷം തികഞ്ഞ സെപ്‌റ്റംബര്‍ 13. മലങ്കരസഭാ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ആ ദിവസം അറിയപ്പെടാതെ പോയത്‌ നിര്‍ഭാഗ്യകരമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ കോലഞ്ചേരിയിലുണ്ടായ നടപടികളും തുടര്‍ന്നുണ്ടായ സംഘര്‍ഷാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു നിര്‍ഭാഗ്യകരമായ ഈ അവസ്‌ഥയിലേക്ക്‌ എത്തിച്ചത്‌. ഇത്‌ ആകമാന ക്രൈസ്‌തവ സഭകള്‍ക്കുണ്ടാക്കിയ ആഘാതം പരിഹരിക്കാവുന്നതല്ലെന്നും മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു

സഭ നിലകൊള്ളുന്നത് സമാധാനത്തിന് വേണ്ടി - ശ്രേഷ്ഠ ബാവ


പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭ എന്നും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്നത് സഭയ്ക്ക് അംഗീകരിക്കാനാവില്ല. സഭ പടുത്തുയര്‍ത്തിയ ദേവാലയങ്ങള്‍ അനധികൃതമായി കൈയേറാന്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ലെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
കേസുകള്‍ അവസാനിപ്പിച്ച് ക്രിസ്തീയ മാര്‍ഗത്തിലേക്ക് മറുവിഭാഗം വരുമ്പോള്‍ അവരെ സഹോദരങ്ങളായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഇടവകയുടെ പൊതുയോഗം വിളിച്ചുചേര്‍ത്ത് ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തര്‍ക്കങ്ങളുള്ള ദേവാലയങ്ങളില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സഭ എന്നും തയ്യാറാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.

പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും: ശ്രേഷ്‌ഠ ബാവ

കൊച്ചി: പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു.
പള്ളിക്കെതിരേ ഓര്‍ത്തഡോക്‌ഡ്സ്‌ പക്ഷം നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയ സാഹചര്യത്തിലാണിത്‌. കേസുകള്‍ അവസാനിപ്പിച്ച്‌ ക്രൈസ്‌തവ മാര്‍ഗത്തിലേക്ക്‌ വരാന്‍ മറുഭാഗം തയാറായാല്‍ അവരെ സഹോദരങ്ങളായി കരുതി പ്രവര്‍ത്തിക്കാന്‍ യാക്കോബായ സഭ പ്രതിജ്‌ഞാബദ്ധമാണെന്നും ബാവ വ്യക്‌തമാക്കി. തര്‍ക്കങ്ങളുള്ള പള്ളികളില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സഭ എന്നും തയാറാണ്‌.


വ്യവഹാരങ്ങള്‍ സഭാ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമല്ലെന്നും കോടതിക്ക്‌ വെളിയില്‍ മധ്യസ്‌ഥന്മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തണമെന്നും കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. വ്യവഹാരങ്ങള്‍ ക്രിസ്‌തീയതയ്‌ക്ക് ചേര്‍ന്നതല്ല. കോടതിയുടെ നിര്‍ദേശത്തെ സഭ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായി ശ്രേഷ്‌ഠ ബാവ പറഞ്ഞു.
പരിശുദ്ധ പത്രോസ്‌ ശ്ലീഹ സ്‌ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയിലൂടെ മാത്രം ആത്മീയ നല്‍വരങ്ങള്‍ ലഭിക്കുന്നുവെന്നത്‌ സഭയുടെ അടിസ്‌ഥാന വിശ്വാസമാണ്‌. ഈ വിശ്വാസത്തിന്‌ വിരുദ്ധമായ മെത്രാന്‍ കക്ഷികളുടെ നിലപാടുകളാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണം. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്‌ഥാപനങ്ങളും മറുവിഭാഗം അനധികൃതമായി കൈയേറിയിരിക്കുന്നു.
വിശ്വാസികളുടെ നേരേയുള്ള അതിക്രമങ്ങള്‍ കണ്ടിരിക്കാന്‍ സഭയ്‌ക്കാവില്ല. സമ്പത്തിനുവേണ്ടി സഭ ഒരിക്കലും നിലകൊണ്ടില്ല. പള്ളികള്‍ ഏതു വിശ്വാസത്തില്‍ സ്‌ഥാപിതമായോ ആ വിശ്വാസത്തില്‍ അവയെ നിലനിര്‍ത്താന്‍ സഭയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.